Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എഴുപതിന്റെ നിറപുഞ്ചിരിയുമായി ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക്; കുടുംബത്തിനൊപ്പം ലളിതമായ സപ്തതി ആഘോഷം; മലയാള സിനിമയുടെ അമ്പിളിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ രംഗത്തെ പ്രമുഖർ; നടന വിസ്മയം വെള്ളിത്തിരയിലെത്തുന്നതും കാത്ത് ആരാധകർ

എഴുപതിന്റെ നിറപുഞ്ചിരിയുമായി ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക്; കുടുംബത്തിനൊപ്പം ലളിതമായ സപ്തതി ആഘോഷം; മലയാള സിനിമയുടെ അമ്പിളിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ രംഗത്തെ പ്രമുഖർ; നടന വിസ്മയം വെള്ളിത്തിരയിലെത്തുന്നതും കാത്ത് ആരാധകർ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയുടെ ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാറിന് ഇന്ന് ഏഴുപതാം പിറന്നാൾ. സാധാരണ ഗതിയിൽ ആയിരുന്നെങ്കിൽ ജഗതി ശ്രീകുമാറിന്റെ സപ്തതി ആഘോഷം ഉത്സവ സമാനമായി കൊണ്ടാടേണ്ടതായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പേയാടുള്ള വീട്ടിൽ കുടുംബത്തോടൊപ്പമാണ് പിറന്നാൾ ആഘോഷം.

അടുത്ത ബന്ധുക്കൾ മാത്രം ഉള്ള ഒരു സപ്തതി ആഘോഷമാണ് നടക്കുന്നത്. വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുക്കുന്ന ചെറിയൊരു ആഘോഷം. സിനിമാ രംഗത്തെ പ്രമുഖരും ആരാധകരുമുൾപ്പടെ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. 

പിറന്നാൾ ദിനത്തിൽ അച്ഛന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് മകളും നടിയുമായ ശ്രീലക്ഷ്മിയും രംഗത്തെത്തി്. പിതാവിനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രീലക്ഷ്മി ആശംസയുമായെത്തിയിരിക്കുന്നത്. 'പിറന്നാളാശംസകൾ പപ്പാ, ഐ ലവ് യൂ...മിസ് യൂ എന്ന അടിക്കുറിപ്പോടെയാണ് താരപുത്രി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

1951 ജനുവരി 5 ന് ആയിരുന്നു ജഗതി എൻകെ ആചാരിയുടേയും പൊന്നമ്മാളിന്റേയും മൂത്ത മകനായിട്ടായിരുന്നു ശ്രീകുമാറിന്റെ ജനനം. രണ്ട് അനിയന്മാരും ഒരു അനിയത്തിയും ആണ് ജഗതി ശ്രീകുമാറിന്റെ കൂടെപ്പിറപ്പുകൾ. 1956ൽ അച്ഛൻ ജഗതി എൻ.കെ ആചാരി എഴുതി സംവിധാനം ചെയ്ത 'അച്ഛനും മകനും' എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു ജഗതി ശ്രീകുമാറിന്റെ തുടക്കം. എന്നും ചിരിക്കാൻ കഴിയുന്ന ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ജഗതിയുടേതായിട്ടുണ്ട്.

അറുപത് വർഷം നീണ്ട അഭിജയജീവിതമാണ് ജഗതി ശ്രീകുമാറിന്റേത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഭിനയിച്ച ആദ്യ നാടകം മുതൽ തുടങ്ങുന്നു ജഗതി എന്ന് വിളിക്കപ്പെടുന്ന ശ്രീകുമാറിന്റെ നടനജീവിതം. ആയിരത്തി അഞ്ഞൂറോളം സിനിമകളിലാണ് ജഗതി ശ്രീകുമാർ വേഷമിട്ടിട്ടുള്ളത്. അച്ഛനും മകനും എന്ന സിനിമയിലെ ബാലതാരത്തെ മാറ്റി നിർത്തിയാൽ, 1975 ൽ പുറത്തിറങ്ങിയ ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലെ അടൂർ ഭാസിയുടെ ശിങ്കിടി മുതൽ ഇങ്ങോട്ടുള്ള വർഷങ്ങളിൽ ജഗതി ശ്രീകുമാറിന്റെ തേരോട്ടമായിരുന്നു. മലയാള സിനിമയിൽ എന്നല്ല, ലോക സിനിമയിൽ തന്നെ ഇത്തരം ഭാഗ്യം ലഭിച്ചിട്ടുള്ളവർ അപൂർവ്വമായിരിക്കും.

മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു ജഗതി ശ്രീകുമാർ. ഏത് സിനിമയിലും ഒരു വേഷം, ജഗതിക്കുള്ളതായിരുന്നു. അത് മികവുറ്റതാക്കുന്നതിൽ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ഓരോ സിനിമയിലും വ്യത്യസ്തങ്ങളായ അഭിനയ രീതികൾ അവലംബിച്ച് മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ജഗതി ശ്രീകുമാർ. സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം കൊളുത്തിയ ചിരിയുടെ മാലപ്പടക്കങ്ങൾ മലയാളികൾ ഉള്ളകാലത്തോളം പൊട്ടിക്കൊണ്ടേയിരിക്കും. എന്നാൽ ഒരു ഹാസ്യ നടൻ മാത്രമായിരുന്നില്ല ജഗതി ശ്രീകുമാർ. സ്വഭാവ നടനായും വില്ലനായും എല്ലാം അദ്ദേഹം സ്‌ക്രീനിൽ തിളങ്ങി.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. ജഗതി ശ്രീകുമാർ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ മകൻ രാജ് കുമാർ ഒരുക്കുന്ന സിനിമയിലൂടെയാണ് അദ്ദേഹം വീണ്ടും വെള്ളിത്തിരയിലെത്തുക. ജഗതിയുടെ ആരോഗ്യസ്ഥിതിക്കു യോജിച്ച രീതിയിലുള്ള കഥാപാത്രമാണ് നൽകുക. 2012 മാർച്ചിൽ തേഞ്ഞിപ്പാലത്ത് നടന്ന കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തിനെ ഇത്രയും നാൾ മലയാള സിനിമയ്ക്ക് നഷ്ടമായത്. മറ്റ് ചില ചിത്രങ്ങളിലെ വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ ജഗതി ശ്രീകുമാർ എന്റർടെയ്ന്മെന്റ്സിന്റെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.കഴിഞ്ഞ ഓണത്തിന് അദ്ദേഹം സദ്യ ഉണ്ണുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭാര്യ ശോഭയാണ് അദ്ദേഹത്തിന് ഇലയിൽ വിളമ്പിയ സദ്യ വായിൽ വച്ചുകൊടുത്തത്.

2012 മാർച്ച് 10 എന്ന ദിനം മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. മലപ്പുറം ജില്ലയിൽ, കാലിക്കറ്റ് സർവ്വകലാശാലയ്ക്കടത്തുള്ള പാണമ്പ്രയിൽ വച്ചാണ് ജഗതി ശ്രീകുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. വളവിലെ ഡിവൈഡറിൽ കാർ ഇടിച്ചുകയറുകയായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ആയിരുന്നു ആദ്യം ജഗതിയെ പ്രവേശിപ്പിച്ചത്. ഒരുമാസത്തോളം മിംസിലെ ചികിത്സ. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് നീങ്ങി. ഉദ്യോഗഭരിതമായ ദിനങ്ങൾ... ഒടുവിൽ ജഗതി ശ്രീകുമാറിനെ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സകൾക്കായി മാറ്റുകയായിരുന്നു.

നീണ്ട പന്ത്രണ്ട് മാസങ്ങൾ ആയിരുന്നു അദ്ദേഹം ആശുപത്രിക്കിടക്കയിൽ ചെലവഴിച്ചത്. അതിനിടെ അനവധി ശസ്ത്രക്രിയകളിലൂടേയും കടന്നുപോയി. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ജഗതി ശ്രീകുമാർ സംസാരിക്കാൻ പോലുമാകാതെ വീൽ ചെയറിൽ ജീവിക്കുന്നതും ലോകം കണ്ടു. എന്നാൽ പതിയെ പതിയെ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ എട്ട് വർഷത്തിനിടെ അപൂർവ്വമായി മാത്രമാണ് ജഗതി ശ്രീകുമാർ പൊതുപരിപാടികളിലും ക്യാമറയ്ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇക്കാലത്തിനിടയിൽ മലയാളി സിനിമ ലോകത്തിന്റെ സമ്പൂർണ പിന്തുണ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. സൂപ്പർ താരങ്ങൾ അടക്കമുള്ളവർ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചു. ജഗതി ശ്രീകുമാറിന്റെ ചിരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കണ്ട് മലയാളികൾ ആശ്വസിച്ചുരുന്നു. ആരാധകരുടെ പ്രതീക്ഷകളും പ്രാർത്ഥനകളും ഒടുവിൽ ഫലം കാണുകയാണ്. ജഗതി ശ്രീകുമാറിനെ വൈകാതെ നമുക്ക് വെള്ളിത്തിരയിൽ വീണ്ടും കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP