Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർവ്വതി തിരുവോത്ത് നായികയായ 'വർത്തമാനം' ദേശവിരുദ്ധയെന്ന് പറഞ്ഞ് ആദ്യം അനുമതി നഷേധിച്ചു; മലബാറിൽ നിന്നുള്ള പെൺകുട്ടിയുടെ കഥ പറയുന്ന സിനിമക്ക് അവസാനം പ്രദർശനാനുമതി; ബിജെപി നേതാവായ സെൻസർ ബോർഡ് അംഗത്തെ പുറത്താക്കണമെന്ന് സിദ്ധാർത്ഥ് ശിവയും ആര്യാടൻ ഷൗക്കത്തും

പാർവ്വതി തിരുവോത്ത് നായികയായ 'വർത്തമാനം' ദേശവിരുദ്ധയെന്ന് പറഞ്ഞ് ആദ്യം അനുമതി നഷേധിച്ചു; മലബാറിൽ നിന്നുള്ള പെൺകുട്ടിയുടെ കഥ പറയുന്ന സിനിമക്ക് അവസാനം പ്രദർശനാനുമതി; ബിജെപി നേതാവായ സെൻസർ ബോർഡ് അംഗത്തെ പുറത്താക്കണമെന്ന് സിദ്ധാർത്ഥ് ശിവയും ആര്യാടൻ ഷൗക്കത്തും

ജംഷാദ് മലപ്പുറം

കൊച്ചി: തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്തായതുകൊണ്ടാണ് പാർവ്വതി തിരുവോത്ത് നായികയായ വർത്തമാനം സിനിമക്ക് കേന്ദ്ര സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി പ്രവർത്തനാനുമതി നിഷേധിച്ചതെന്ന ബിജെപി നേതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സിനിമക്ക് കേന്ദ്ര സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിയുടെ പ്രദർശനാനുമതി നൽകി. സിനിമക്ക് അനുമതി നിഷേധിച്ചെന്നു വെളിപ്പെടുത്തിയ ബിജെപി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിനെ സെൻസർ ബോർഡ് അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് സംവിധായകൻ സിദ്ധാർത്ഥ് ശിവയും ആര്യാടൻ ഷൗക്കത്തും ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ച് ഗവേഷണം നടത്താനായി ഡൽഹിയിലേക്കു പോയ മലബാറിൽ നിന്നുള്ള പെൺകുട്ടി സമകാലീന ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിൽ നേരിടേണ്ടി വന്ന പ്രയാസങ്ങളും പ്രതിസന്ധികളും പങ്കുവെക്കുന്ന വർത്തമാനം എന്ന സിനിമയെ ദേശവിരുദ്ധ സിനിമയാക്കി ചാപ്പകുത്തി പ്രദർശനാനുമതി നിഷേധിക്കാനുള്ള സെൻസർ ബോർഡ് മെമ്പറുടെ ശ്രമത്തെ അതിജീവിച്ചത് സിനിമയെ സ്നേഹിക്കുന്നവരുടെയും മതേതര മനസുകളുടെ വിജയമാണെന്നും ഇരുവരും വ്യക്തമാക്കി.

ഒരു സീൻപോലും നീക്കം ചെയ്യാതെയാണ് മുംബൈയിലെ കേന്ദ്ര സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി സിനിമക്ക് പ്രദർശനാനുമതി നൽകിയത്. വർഗീയതയും മതാന്ധതയും ബാധിച്ചവർക്ക് പകരം സിനിമയെക്കുറിച്ച് വിലയിരുത്താൻ കഴിവുള്ളവരെയാണ് സെൻസർ ബോർഡിൽ നിയമിക്കേണ്ടത്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കലാസൃഷ്ടി ഇവിടെവേണ്ട എന്ന കാഴ്ചപ്പാട് സാംസ്കാരിക ഫാസിസമാണ്.ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക. മലയാള സിനിമാരംഗത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് സെൻസർബോർഡ് സിനിമക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത്. സിനിമയെടുക്കുന്നവരുടെ കുലവും ഗോത്രവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൂടി ഹാജരാക്കേണ്ടി വരുമോ എന്ന് സെൻസർ ബോർഡ് വ്യക്തമാക്കണം.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറും ആര്യാടൻ ഷൗക്കത്തും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ദേശീയ അവാർഡ് ജേതാക്കൾ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതകൂടിയുണ്ട് വർത്തമാനത്തിന്. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ സിദ്ധാർത്ഥ് ശിവയാണ് സംവിധായകൻ.

പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകളിലൂടെ മികച്ച കഥക്കും സിനിമക്കുമുള്ള സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ ആര്യാടൻ ഷൗക്കത്താണ് കഥയും തിരക്കഥയും എഴുതിയത്. മികച്ച നടിക്കുള്ള സംസ്ഥാന, ദേശീയ അവാർഡ് നേടിയ പാർവ്വതി തെരുവോത്താണ്് നായിക.

റോഷൻ മാത്യു. സിദ്ദിഖ് അടക്കമുള്ളവരാണ് മറ്റ് അഭിനേതാക്കൾ. ബിജി പാലാണ് സംഗീതം. അളഗപ്പനാണ് ഛായാഗ്രാഹകൻ. സിനിമ ഫെബ്രുവരി മാസത്തോടെ പ്രദർശനത്തിനെത്തുമെന്നും സംവിധായകൻ സിദ്ധാർത്ഥ് ശിവയും തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്തും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP