Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിച്ചുകൊണ്ട് സർക്കാർ എല്ലാ തടസ്സങ്ങളും മറികടന്നു; കേരളത്തിന്റെ സർവതോന്മുഖ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു; ഗെയിലിൽ നിറവേറ്റിയത് സർക്കാരിന്റെ പ്രധാന വാഗാദാനമെന്ന് മുഖ്യമന്ത്രി

ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിച്ചുകൊണ്ട് സർക്കാർ എല്ലാ തടസ്സങ്ങളും മറികടന്നു; കേരളത്തിന്റെ സർവതോന്മുഖ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു; ഗെയിലിൽ നിറവേറ്റിയത് സർക്കാരിന്റെ പ്രധാന വാഗാദാനമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥന സർക്കാർ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനമാണ് ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ യാഥാർത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി-മംഗളൂരു പൈപ്പ് ലൈൻ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിച്ചുകൊണ്ടാണ് സർക്കാർ എല്ലാ തടസ്സങ്ങളും മറികടന്നത്. പ്രശ്‌നങ്ങൾ കാരണം 2014-ൽ പൈപ്പ് ലൈനിന്റെ എല്ലാ പ്രവൃത്തിയും ഗെയിൽ നിർത്തിവെച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 450 കി.മീറ്റർ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനിന്റെ 414 കി.മീറ്ററും കേരളത്തിലാണ്. വലിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് ചെറിയ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രയാസങ്ങൾ അവഗണിച്ചുകൊണ്ട് ജനങ്ങൾ പദ്ധതിയുമായി സഹകരിച്ചു. കാരണം, കേരളത്തിന്റെ സർവതോന്മുഖമായ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു.

നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്താണ് ഈ പദ്ധതി പൂർത്തിയാക്കിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൂടെയും മലയോര മേഖലയിലൂടെയും നദികൾക്കടിയിലൂടെയും പൈപ്പിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഗെയിൽ ഉദ്യോഗസ്ഥർ നിശ്ചയദാർഢ്യത്തോടെ പദ്ധതി പൂർത്തിയാക്കാൻ പ്രവർത്തിച്ചു. ഗെയിൽ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ജില്ലാ ഭരണാധികാരികളും പൊലീസും വിവിധ സർക്കാർ വകുപ്പുകളും തടസ്സങ്ങൾ മറികടക്കാൻ ഒരുമിച്ചു പ്രവർത്തിച്ചു. പ്രളയവും നിപ്പയും കോവിഡ് മഹാമാരിയും പോലുള്ള വെല്ലുവിളികൾക്കിടയിലും തൊഴിലാളികൾ പദ്ധതി പൂർത്തിയാക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ചു. അവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

സിറ്റി ഗ്യാസ് വിതരണ ശ്രൃംഖല വ്യാപകമാക്കാൻ പൈപ്പ്‌ലൈൻ പൂർത്തീകരണം സഹായിക്കും. അതുവഴി, വീട്ടാവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്റെ ലഭ്യത വർധിക്കും. ഫാക്ടിന്റെ വികസനത്തിനും നിർദിഷ്ട പെട്രോകെമിക്കൽസ് പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഊർജരംഗത്തും ഇതു വലിയ വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ

ഗെയിൽ പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നൽകിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ വൻകിട പദ്ധതി പൂർത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയാണ് ഗെയിൽ പദ്ധതി പൂർത്തിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് നടത്തിയ പ്രവർത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈനിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത് 2010-ലാണ്. കൊച്ചി എൽഎൻജി ടെർമിനലിൽ നിന്നുള്ള പ്രകൃതിവാതകം പൈപ്പ് വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ളതാണ് പദ്ധതി. 2010-ൽ അനുമതി ലഭിച്ച പദ്ധതിയാണെങ്കിലും 2016-വരെ 48 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് പൈപ്പിടാനായത്. ജനങ്ങളുടെ പ്രതിഷേധം വന്നപ്പോൾ അന്നത്തെ സർക്കാർ പിൻവാങ്ങി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ അവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനോ മുൻ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. ഗത്യന്തരമില്ലാതെ മുഴുവൻ പ്രവൃത്തികളും ഗെയിൽ അവസാനിപ്പിച്ചു. 4,500 കോടി രൂപ മുതൽ മുടക്കിൽ പുതുവൈപ്പിനിൽ സ്ഥാപിച്ച എൽഎൻജി ടെർമിനൽ കേന്ദ്ര സർക്കാരിന് വലിയ ബാധ്യതയായി മാറി.

2016-ൽ പിണറായി വിജയൻ സർക്കാർ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനർജീവൻ കിട്ടിയത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്ററാണ് പൈപ്പിടാൻ ഏറ്റെടുക്കുന്നത്. ഇവിടെ അതു 20 മീറ്ററായി ചുരുക്കി. പിന്നീട് അതു 10 മീറ്ററായി പരിമിതപ്പെടുത്തി. 10 സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് അതിൽ വീട് വെയ്ക്കാൻ സൗകര്യം നൽകി. അവർക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപയും നൽകി. വിളകൾക്ക് നഷ്ടപരിഹാരം ഉയർത്തി.

സ്ഥലമേറ്റെടുക്കൽ, നഷ്ടപരിഹാരം, സുരക്ഷ എന്നിവ സംബന്ധിച്ച് നാട്ടുകാർക്കുണ്ടായിരുന്ന ആശങ്കയും പരാതികളും പരിഹരിക്കാൻ സർക്കാർ നിരന്തരമായി ഇടപെട്ടു. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് നിരന്തരമായി വിലയിരുത്തി. തടസ്സങ്ങൾ നീക്കാൻ അദ്ദേഹം തന്നെ ഇടപെട്ടുകൊണ്ടിരുന്നു. ഇതിന്റെയൊക്കെ ഫലമായി സർക്കാരിന്റെ ആദ്യ ആയിരം ദിവസങ്ങൾക്കകം 330 കിലോമീറ്റർ പൈപ്പ് ലൈനിടാൻ കഴിഞ്ഞു. വിജയകരമായ കേരള മാതൃകയിൽ പ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയാണ് മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ ഈ സർക്കാരിന്റെ കാലത്ത് ലഭിച്ചതുപോലുള്ള സഹകരണവും പിന്തുണയും മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ലെന്ന് ഗെയിലിന്റെ പ്രധാന ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പദ്ധതി പൂർത്തിയാക്കിയതിന് കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും സാമ്പത്തിക വികസനത്തിന് ഈ പദ്ധതി വലിയ സംഭാവനയാകും. ഒന്നിച്ചു നിന്നാൽ ഒന്നും അസാധ്യമല്ലെന്നാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജുഭായ് വാല, കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങിയവരും വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പരിപാടിയിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP