Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളുടെ വിവാഹത്തിന് മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഉപയോഗിച്ച് സ്വർണാഭരണം വാങ്ങുന്നവരുടെ രേഖകളും ഇഡിക്ക് മുമ്പിലെത്തും; റിയൽ എസ്റ്റേറ്റിൽ പോലുമില്ലാത്ത പരിഷ്‌കാരത്തിൽ പാവപ്പെട്ടവരും വലയും; സ്വർണ്ണത്തിൽ ഇഡിക്കുള്ള പരമാധികാരം; ജൂവലിറികളും സമ്പൂർണ്ണ നിരീക്ഷണത്തിലാകും; ഇനി സ്വർണ്ണത്തിന് മാറ്റ് കുറയാൻ സാധ്യത

മകളുടെ വിവാഹത്തിന് മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഉപയോഗിച്ച് സ്വർണാഭരണം വാങ്ങുന്നവരുടെ രേഖകളും ഇഡിക്ക് മുമ്പിലെത്തും; റിയൽ എസ്റ്റേറ്റിൽ പോലുമില്ലാത്ത പരിഷ്‌കാരത്തിൽ പാവപ്പെട്ടവരും വലയും; സ്വർണ്ണത്തിൽ ഇഡിക്കുള്ള പരമാധികാരം; ജൂവലിറികളും സമ്പൂർണ്ണ നിരീക്ഷണത്തിലാകും; ഇനി സ്വർണ്ണത്തിന് മാറ്റ് കുറയാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കേന്ദ്രം നൽകുന്നത് വിപുലമായ അധികാരങ്ങൾ. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിലയിരുത്തുന്നു. സ്മാർട്ട്ഫോൺ, ടി.വി., കാർ, റിയൽ എസ്റ്റേറ്റ് മേഖലകളിലെങ്ങുമില്ലാത്ത നടപടികൾ ജൂവലറി മേഖലയിൽ കൊണ്ടുവരുന്നതാണ് വിമർശന വിധേയമാകുന്നത്. എന്നാൽ നിക്ഷേപമെന്ന നിലയിൽ സ്വർണം ഉപയോഗിക്കുന്നതിനാലാണ് ഇതെന്ന് കേന്ദ്രവും വിശദീകരിക്കുന്നു. ഏതായാലും പുതിയ തീരുമാനം സ്വർണ്ണത്തിന്റെ മാറ്റ് കുറയ്ക്കുമെന്ന ആശങ്ക കച്ചവടക്കാർക്കുണ്ട്.

ആദായനികുതി, ജി.എസ്.ടി. വകുപ്പുകൾ ജൂവലറികളിൽ മാസം 10 ലക്ഷത്തിനുമുകളിൽ ഇടപാടുകൾ നടന്നതായി കണ്ടെത്തുകയോ രേഖകളില്ലാത്ത സ്വർണമോ പണമോ കണ്ടെടുക്കുകയോ ചെയ്താൽ കേന്ദ്ര ധനകാര്യ ഇന്റലിജൻസ് യൂണിറ്റിന് റിപ്പോർട്ടുചെയ്യും. പ്രഥമദൃഷ്ട്യാ സംശയാസ്പദമാണെന്നുതോന്നിയാൽ ഇത്തരം കേസുകൾ ഇന്റലിജൻസ് വിഭാഗം ഇ.ഡി.ക്കു കൈമാറും. ജൂവലറികളുമായി ബന്ധപ്പെട്ട് സ്വർണമോ പണമോ ആയി യാത്രചെയ്യുമ്പോഴും രേഖകൾ നിർബന്ധമാണ്. ഈ രണ്ട് കേസിലും ഇഡിക്ക് ഏത് പരിധിവരേയും കടന്ന് അന്വേഷണം നടത്താം.

ഇതോടെ, ജൂവലറികളിൽ നിലവിലുള്ള ആഭരണശേഖരത്തിന്റെയും ഇടപാടുകളുടെയും കൃത്യമായ രേഖകൾ സൂക്ഷിക്കേണ്ടിവരും. ഇടപാടുകൾ നടക്കുമ്പോൾ ഉപഭോക്താക്കളുടെ പാൻ, ആധാർ നമ്പർ പോലുള്ള കെ.വൈ.സി. രേഖകൾ ജൂവലറി ഉടമകൾ ശേഖരിക്കണം. ഇതെല്ലാം എപ്പോൾ വേണമെങ്കിലും പരിശോധിക്കപ്പെടും. തന്റെ മകളുടെ വിവാഹത്തിന് ഒരു മനുഷ്യായുസ്സ് മുഴുവൻ പണിപ്പെട്ട് സ്വരുക്കൂട്ടിയ സമ്പത്ത് ഉപയോഗിച്ച് സ്വർണാഭരണം വാങ്ങുന്നവരുടെ രേഖകൾ ഇ.ഡി.ക്കു കൈമാറണമെന്നതും അവരെ കള്ളപ്പണക്കാരായി ചിത്രീകരിക്കാനുള്ള നീക്കവും സമൂഹത്തെ അരക്ഷിതാവസ്ഥയിലെത്തിക്കമെന്ന വിലയിരുത്തൽ സജീവാണ്.

വലിയതോതിലുള്ള ഇടപാടുകളിൽ ധനകാര്യ ഇന്റലിജൻസ് യൂണിറ്റിനുള്ള (എഫ്.ഐ.യു.) റിപ്പോർട്ട് ബാങ്കുകളിൽനിന്നുൾപ്പെടെ പോകുന്നുണ്ട്. ഇതിൽ യൂണിറ്റ് തന്നെ അന്വേഷണം നടത്തുകയായിരുന്നു രീതി. പി.എംഎ‍ൽഎ.യുടെ പരിധിയിൽ ജൂവലറി ഇടപാടുകൾ വന്നതോടെ ഇനി സംശയാസ്പദമായ ഇടപാടുകളെല്ലാം ഇ.ഡി. അന്വേഷിക്കും. ധനകാര്യ ഇന്റലിജൻസ് യൂണിറ്റ് ഇത്തരം കേസുകൾ ഇ.ഡി.ക്കു കൈമാറും. അങ്ങനെ കള്ളപ്പണത്തിന്റെ പരിധിയിലേക്ക് കാര്യങ്ങളെത്തും. ഇതാണ് സാധാരണക്കാർക്കു പോലും വിനയായി മാറുന്നത്. വിവാഹ ആവശ്യത്തിന് കടം വാങ്ങിയും മറ്റും സ്വർണം വാങ്ങുന്നവരും ഇഡി വലയിലേക്ക് വരും.

കേരളത്തിൽ സഹകരണ സംഘങ്ങളും സ്വർണ്ണവുമാണ് കള്ളപ്പണക്കാരുടെ ആശ്രയം. രണ്ടിലും നിക്ഷേപം നടത്തി അവർ സർക്കാരിനെ പറ്റിക്കുന്നു. ഇത് മനസ്സിലാക്കി സഹകരണ സംഘങ്ങളെ ആർബിഐയ്ക്ക് കീഴിൽ കൊണ്ടു വരികയാണ് സർക്കാർ. ഇതിനൊപ്പം സ്വർണാഭരണമേഖലയുൾപ്പടെ ജൂവലറി ഇടപാടുകളിലും കേന്ദ്രം പിടിമുറുക്കുന്നു. ഇതോടെ സ്വർണ്ണവും സഹകരണവും സർക്കാരിന്റെ നിയന്ത്രണത്തിലാകും. ഫലത്തിൽ സ്വർണ്ണത്തിന്റെ കച്ചവടത്തേയും ഇത് സ്വാധീനിക്കും. പഴയ ഗ്ലാമർ സ്വർണ്ണത്തിന് നഷ്ടമാകാനും സാധ്യതയുണ്ട്. നിക്ഷേപമായി സ്വർണം വാങ്ങുന്നവരും പിന്നോട്ട് പോകും.

രാജ്യത്തെ ജൂവലറി വ്യവസായത്തെ മുഴുവൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലാക്കുന്നത് നികുതി വെട്ടിപ്പ് തിരിച്ചറിഞ്ഞാണ്.. ജൂവലറി ഇടപാടുകൾ 2020 ഡിസംബർ 28 മുതൽ പി.എംഎൽഎ. നിയമത്തിന്റെ പരിധിയിലാണെന്നു ചൂണ്ടിക്കാട്ടി ധനമന്ത്രാലയം ഉത്തരവിറക്കി. കൃത്യമായ രേഖകളില്ലാതെ സ്വർണമോ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) വിശദാന്വേഷണം നടത്താൻ അധികാരമുണ്ടാകും. അതായാത് സ്വർണം വാങ്ങുന്ന പണം എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണം. കേരളത്തിൽ അടക്കം കള്ളക്കളികൾ കണ്ടെത്താൻ ഇഡി സജീവമാണ്.

സ്വർണ്ണത്തിലെ കള്ളപ്പണത്തിലെ പുതിയ തീരുമാനം ചൂണ്ടിക്കാട്ടി ജൂവലറി ഉടമകൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സർക്കുലർ അയച്ചുതുടങ്ങി. ഉപഭോക്താവുമായി ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപയ്ക്കോ അതിനുമുകളിലോ ജൂവലറി ഇടപാടു നടത്തിയാൽ രേഖകൾ സൂക്ഷിക്കണം. ഇ.ഡി. ആവശ്യപ്പെട്ടാൽ ഹാജരാക്കണം. ഫലത്തിൽ എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കാൻ ജൂവലറി ഉടമകൾ ബാധ്യസ്ഥരാകും. അല്ലാത്ത പക്ഷം നടപടികൾ എടുക്കും. വിചാരണയിലൂടെ ശിക്ഷിക്കുകയും ചെയ്യും.

അമിത അളവിൽ സ്വർണം വാങ്ങുമ്പോൾ കൃത്യമായ രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ സ്വത്തു കണ്ടുകെട്ടലിനുപുറമേ മൂന്നുമുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാം. കൃത്യമായ രേഖകളില്ലാതെ പണമോ സ്വർണമോ അധികൃതർ പിടിച്ചെടുത്താൽ മൂല്യത്തിന്റെ 82.50 ശതമാനം സർക്കാരിലേക്കു കണ്ടുകെട്ടുകയാണ് ഇപ്പോഴത്തെ രീതി. പി.എംഎൽഎ. നിയമം ബാധകമാക്കിയതോടെ കണ്ടുകെട്ടലിനുപുറമേ അന്വേഷണവും നേരിടേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP