Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷണം കിടുവായാൽ ഗോവയ്‌ക്കൊരു പ്ലഷർ ട്രിപ്; യാത്രയ്ക്കിടെ കാണുന്ന ഇഷ്ടവാഹനങ്ങളും അടിച്ചുമാറ്റും; ഫ്ളിപ്പ് കാർട്ട്, ആമസോൺ ഹബ്ബുകളും കൊറിയർ സർവ്വീസ് ഓഫീസുകളും സ്ഥിരം മോഷണ കേന്ദ്രങ്ങൾ; ശിക്ഷയുണ്ടാകില്ലെന്ന് വിശ്വസിപ്പിച്ച് കുട്ടികളെയും കൂട്ടും; കോഴിക്കോട് നഗരത്തിൽ നിരവധി കവർച്ചകൾ നടത്തി വിലസിയ കൗമാരക്കാർ പിടിയിൽ

മോഷണം കിടുവായാൽ ഗോവയ്‌ക്കൊരു പ്ലഷർ ട്രിപ്; യാത്രയ്ക്കിടെ കാണുന്ന ഇഷ്ടവാഹനങ്ങളും അടിച്ചുമാറ്റും;  ഫ്ളിപ്പ് കാർട്ട്, ആമസോൺ ഹബ്ബുകളും കൊറിയർ സർവ്വീസ് ഓഫീസുകളും സ്ഥിരം മോഷണ കേന്ദ്രങ്ങൾ; ശിക്ഷയുണ്ടാകില്ലെന്ന് വിശ്വസിപ്പിച്ച് കുട്ടികളെയും കൂട്ടും;  കോഴിക്കോട് നഗരത്തിൽ നിരവധി കവർച്ചകൾ നടത്തി വിലസിയ കൗമാരക്കാർ പിടിയിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയ കൗമാരക്കാർ പിടിയിൽ. കുറ്റിച്ചിറ തലനാർ തൊടിക വീട്ടിൽ പുള്ളി എന്ന അറഫാൻ (18),മുഖദാർ സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ (18), നടുവട്ടം,മുഖദാർ സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലായി നാൽപതോളം മോഷണക്കേസുകളാണ് ഈ സംഘം നടത്തിയിട്ടുള്ളത്.

ഫ്ളിപ്പ്കാർ്ട്ട്, ആമസോൺ എന്നിവയുടെ ഹബ്ബുകൾ, വിവിധ കൊറിയർ ഓഫീസുകൾ എന്നിവിടങ്ങളിൽ ഈ സംഘം മോഷണം നടത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ ബൈക്കിലെത്തി മാല പിടിച്ചു പറിക്കുകയും വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട് ഈ സംഘം. അറഫാനാണ് സംഘത്തിന്റെ തലവൻ. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ശിക്ഷയുണ്ടാകില്ലെന്ന് വിശ്വസിപ്പിച്ച് സുഹൃത്തുക്കളായ നിരവധി കുട്ടികളെ അറഫാൻ മോഷണത്തിന് പ്രേരിപ്പിക്കുകയും അവരെ ഉപയോഗിച്ച് മോഷണം നടത്തുകയും ചെയ്തിട്ടുണ്ട്.

മോഷണം നടന്ന വിവിധയിടങ്ങളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യം സംഘത്തലവനായ അറഫാനെ പന്നിയങ്കര പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറഫാനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. ശേഷം അജ്മലിനെയും പ്രായപൂർത്തായാകാത്ത രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ വിളിച്ചു വരുത്തുകയാണ് ചെയ്തത്.

നിയമത്തിന്റെ പരിരക്ഷയോ ഇളവോ ലഭിക്കുമെന്ന് കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് അറഫാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് മോഷണം നടത്തിച്ചിരുന്നത്. ഇവരുടെ അറസ്റ്റോടു കൂടി കഴിഞ്ഞ കുറെ മാസങ്ങളായി കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന നാൽപതിലധികം മോഷണങ്ങൾക്ക് തുമ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റിയിലെ കസബ, പന്നിയങ്കര,ടൗൺ, മെഡിക്കൽ കോളേജ്, ചേവായൂർ,വെള്ളയിൽ, ചെമ്മങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി വാഹനമോഷണ കേസുകൾ ഉൾപ്പെടെ നാല്പതിലേറെ കേസുകൾക്ക് പ്രതികളെ കണ്ടെത്താൻ ഈ അറസ്റ്റിലൂടെ പൊലീസിന് കഴിഞ്ഞെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ്ജ് പറഞ്ഞു.

മോഷണത്തിന് ശേഷം ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി. മോഷണത്തിന് ശേഷം ആഡംബര വാഹനങ്ങൾ ഡ്രൈവർ സഹിതം വാടകക്കെടുത്ത് ഗോവയടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്ര നടത്തുകയും വിവിധ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇതിനായി കൂട്ടുകാരെയും കൂടെ കൂട്ടും. യാത്രയിൽ കാണുന്ന ഇഷ്ടപ്പെട്ട വാഹനങ്ങൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തിയും നമ്പർ മാറ്റിയും സുഹൃത്തുക്കൾക്ക് വിൽപന നടത്തുന്നതും ഈ സംഘത്തിന്റെ രീതിയാണ്. ആർഎക്സ് 100 ബൈക്കുകളാണ് ഇവർ മോഷ്ടിച്ച വാഹനങ്ങളിൽ അധികവും. ഗോവയിലും മറ്റും പോയി മോഷണത്തിലൂടെ സമ്പാദിച്ച പണം തീരാറാകുമ്പോൾ നാട്ടിലെത്തി വീണ്ടും മോഷണം നടത്തും. രണ്ട് ദിവസം കൊണ്ട് നാല് ലക്ഷം രൂപ വരെ ഈ സംഘം ഇത്തരത്തിൽ ചിലവഴിച്ചിട്ടുണ്ടെന്ന് പ്രതികൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മദിച്ചിട്ടുണ്ട്.

വളരെ നേരത്തെ തന്നെ വീട്ടിൽ കയറുന്ന ഈ സംഘം രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവിട്ടിറങ്ങുന്നത്. രാത്രിയിൽ വാഹനങ്ങളിൽ കറങ്ങി ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും അസഭ്യവാക്കുകൾ വിളിച്ചു പറഞ്ഞു പിടിച്ചുപറിയും മോഷണവും നടത്തും. പൊലീസ് വാഹനം കണ്ടാൽ അമിത വേഗതയിൽ ഓടിച്ചു പോകുകയോ അല്ലെങ്കിൽ ഇടവഴികളിലൂടെ രക്ഷപ്പെടുകയോ ചെയ്യും. വർഷങ്ങളായി മോഷ്ടിക്കുന്ന പല ബൈക്കുകളും ആവശ്യമായ പാട്സുകൾ എടുത്തശേഷം പുഴയിൽ ഉപേക്ഷിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ പണവും മൊബൈലും കളവ് നടത്തിയും,വീടുകളിലും മറ്റും നിർത്തിയിട്ട വാഹനങ്ങളിലെ പെട്രോളും ഡീസലും മോഷ്ടിക്കുകയും ചെയ്താണ് ഇവർ ഈ മേഖലയിൽ ചുവടുറപ്പിച്ചത്.പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ പന്നിയങ്കര പൊലീസ് സ്റ്റേഷനുകളിലെ ഫ്ലിപ്പ് കാർട്ട്, ആമസോൺ ഉൾപ്പെടെ നാലോളം സ്ഥാപനങ്ങളിലും കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാളൂർ റോഡിലുള്ള ക്വറിയർ സ്ഥാപനത്തിൽ നിന്നും നാലു ലക്ഷം രൂപയും കൂടാതെ രണ്ട് ആർ എക്സ് 100 ബൈക്കുകൾ, ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആർ എക്സ് 100 ബൈക്കുകൾ ഉൾപ്പെടെ മൂന്നോളം ബൈക്കുകൾ, ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വറിയർ സ്ഥാപനം, മെഡിക്കൽ കോളേജ് പരിധിയിൽ നിന്നും നിരവധി ബൈക്കുകൾ, ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ബൈക്കുകൾ എന്നിവയും മോഷ്ടിച്ചിട്ടുണ്ടെന്ന് മനസ്സിലായി.

നിരവധി ക്രൈം കേസ് അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഒ.മോഹൻദാസ്, എം ഷാലു,ഹാദിൽ കുന്നുമ്മൽ,എ പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,എ വി സുമേഷ് എന്നിവർ ഉൾപ്പെടുന്ന പുതിയ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങൾ മോഷണങ്ങൾ നടന്ന സ്ഥലങ്ങൾ പരിശോധിച്ച് പരമാവധി തെളിവുകൾ ശേഖരിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ക്രൈം സ്‌ക്വാഡ് അംഗങ്ങളെ കൂടാതെ പന്നിയങ്കര പൊലീസ് സബ്ബ് ഇൻസ്പെക്ടർമാരായ കെ.എം സന്തോഷ് മോൻ, ശശീന്ദ്രൻ നായർ,സീനിയർ സി.പി.ഒ കെ എം രാജേഷ് കുമാർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ അറഫാനെയും അജ്മൽ ബിലാലിനേയും റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP