Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിം ലീഗ്- വെൽഫെയർ ബന്ധത്തിൽ കോൺഗ്രസ്സിൽ ആശയക്കുഴപ്പം; നേതൃത്വം നിലപാട് വ്യക്തമാക്കണം; എൻസിപി ഇടത് മുന്നണിയുടെ ഭാഗം; പാലാ സീറ്റിലടക്കം ചർച്ച തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെന്നും എ. വിജരാഘവൻ

മുസ്ലിം ലീഗ്- വെൽഫെയർ ബന്ധത്തിൽ കോൺഗ്രസ്സിൽ ആശയക്കുഴപ്പം; നേതൃത്വം നിലപാട് വ്യക്തമാക്കണം;  എൻസിപി ഇടത് മുന്നണിയുടെ ഭാഗം; പാലാ സീറ്റിലടക്കം ചർച്ച  തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെന്നും എ. വിജരാഘവൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം : വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് ബന്ധത്തിൽ കോൺഗ്രസ്സ് വലിയ ആശയക്കുഴപ്പത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷനേതാവിന്റെയും പ്രസ്താവന അതാണ് വ്യക്തമാകുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

'വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം തുടരില്ല എന്നാണ് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയത്. എന്നാൽ പൂർണ്ണമായും ലീഗിനെ ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ഇന്ന് ചെയ്തത്. ലീഗും വെൽഫയർ പാർട്ടിയുമായുള്ള ബന്ധം തുടരുമെന്നാണ് ലീഗ് പറയുന്നത്. കോൺഗ്രസ്സിന്റെ പൊതു നയങ്ങൾക്ക് എതിരായ രാഷ്ട്രീയ നിലപാടാണത്. ലീഗ് ആ നിലപാടിൽ തുടരുമ്പോൾ അതിനോടുള്ള കോൺഗ്രസ്സ് നിലപാട് കേരളീയ സമൂഹത്തിനു മുന്നിൽ വ്യക്തമാക്കണം.

ലീഗ് വെൽഫെയർ ബന്ധം തുടരുമ്പോൾ അതിന്റെ പിന്തുടർച്ചക്കാരായി കോൺഗ്രസ്സ് മുന്നോട്ടു പോകുമോ. അത് വ്യക്തമാക്കേണ്ടതുണ്ട്. പരസ്പര വിരുദ്ധമായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിച്ച് പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയത്തിൽ ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനകൾ നടത്തരുത്. ജനങ്ങളുടെ മുമ്പിൽ നിലപാട് കൃത്യമായും വ്യക്തമാക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ അതിനു കഴിയാത്ത വലിയ ആശയക്കുഴപ്പത്തിൽ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം ചെന്നു ചാടി എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവനകളെന്നും എ. വിജയരാഘവൻ പറഞ്ഞു.

ലീഗാണ് നയം തീരുമാനിച്ചതും ലീഗാണ് വെൽഫെയർ പാർട്ടിയുമായി സഖ്യുണ്ടാക്കി ഇത് രാഷ്ട്രീയ നിലപാടാണെന്ന് പ്രഖ്യാപിച്ചതും. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം കോൺഗ്രസ്സ് അംഗീകരിക്കുന്നതുപോലെയായി ഈ പ്രസ്താവനകൾ. ഇത്തരമൊരു മുന്നണിയെ സഹായിക്കുക ബിജെപിയുടെ ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നൽകാനാണ്. ന്യൂനപക്ഷ വർഗ്ഗീയത ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് സഹായകരമാകുന്നത് ആ നിലയിലാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. ലീഗ് വെൽഫെയർ ബന്ധത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയും എ. വിജയരാഘവൻ സ്വാഗതം ചെയ്തു

'ബിജെപിക്കെതിരായ പൊതു മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നതാണ് ന്യൂനപക്ഷ വർഗ്ഗീയ കൂട്ടായ്മകൾ. അതിനാലാണ് മുഖ്യമന്ത്രി കൃത്യമായും വിമർശിച്ചത്. നമ്മുടെ സമൂഹം വർഗ്ഗീയമായി ചേരിതിരിക്കപ്പെടാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ സ്വന്തം തെറ്റ് തിരുത്താൻ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം തയ്യാറാവുന്നില്ല. ലീഗിനെയും വെൽഫെയറിനെയും ന്യായീകരിക്കുകയാണ് അവർ ചെയ്യുന്നത്. ശരിയായ നിലപാടെടുത്ത മുഖ്യമന്ത്രിയെയാണ് അവർ വിമർശിക്കുന്നത്.അത് തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കൊണ്ടാണ്', വിജയരാഘവൻ പറഞ്ഞു.

പാർലമെന്റലേക്ക് പോയവർ നിയമസഭയിൽ വരുന്നതിനെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വിമർശിച്ചു. എന്നാൽ എംപി സ്ഥാനം രാജിവെച്ച് നിയമസഭയിൽ മത്സരിക്കുമെന്ന പ്രഖ്യാപനം ലീഗ് ഇതിനോടകം നടത്തിക്കഴിഞ്ഞു. വ്യക്തതയുള്ള രാഷ്ട്രീയത്തിന്റെ കുറവ് യുഡിഎഫിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.

'ലീഗിനെ ഭയക്കുന്നതുകൊണ്ട് ലീഗ് നടത്തുന്ന കൊലപാതക രാഷ്ട്രീയത്തെ വിമർശിക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. എല്ലാ നിരാശയുടെയും പരിഹാരം മുഖ്യമന്ത്രിക്കുനേരെ ആക്ഷേപം ഉന്നയിക്കലാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രവർത്തന ശൈലി കേരളം അംഗീകരിക്കുന്നില്ല എന്ന് തിരഞ്ഞെടുപ്പിൽ ബോധ്യപ്പെട്ടതാണ്.

നിലവിലെ കോൺഗ്രസ്സ് നിലപാട് ബിജെപിയുടെ രാഷ്ട്രീയ നിലപാടിന് സാധൂകരണം നൽകുന്നതാണ്. ബിജെപി വർഗ്ഗീയമായി ആളുകളെ സംഘടിപ്പിച്ച് തീവ്ര ഹിന്ദുത്വവും അതിന്റെ നയങ്ങളും വിദ്വേഷത്തിന്റെ രാഷ്ട്രീയവും പ്രചരിപ്പിക്കുന്നതിനെ ന്യായീകരിക്കുന്നതാണ് ഇസ്ലാമിക മതമൗലികവാദം. അതിനോടാണ് കോൺഗ്രസ്സ് സന്ധി ചെയ്തിരിക്കുന്നത്. മലപ്പുറത്തെ 20 ഇടങ്ങളിൽ ബിജെപി ജമാഅത്തെ ലീഗ് എന്നിവർ ചേർന്ന് വോട്ടുകച്ചവടം നടത്തിയെന്നും വിജരാഘവൻ കുറ്റപ്പെടുത്തി. എൻസിപിയുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ച തിരഞ്ഞെടുപ്പടുക്കുമ്പോഴേ തീരുമാനമെടുക്കൂവെന്നും വിജയരാഘവൻ അറിയിച്ചു.

എൻസിപി ഇടതുപക്ഷ മുന്നണിയുടെ ഭാഗമാണ്. പ്രതിസന്ധി കോൺഗ്രസ്സിലാണ്. ലീഗ് അവിടെ കൂടുതൽ സീറ്റ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ പ്രധാന മുന്നണി പ്രശ്നമാണിതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP