Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ 827 അംഗീകൃത പാമ്പുരക്ഷകർ; പക്ഷേ ആ ലിസ്റ്റിൽ പാമ്പുകളുടെ തോഴൻ വാവ സുരേഷ് ഇല്ല! സ്‌നേക് മാസ്റ്ററുടെ ടിവി പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയതും പ്രതികാരമെന്ന വാദം ശക്തം; നാട്ടുകാരുടെ ഭീതിയകറ്റാൻ പണം വാങ്ങാതെ പാമ്പു പിടിക്കുന്ന വാവ സുരേഷിന് വനം വകുപ്പ് പണി കൊടുക്കുമ്പോൾ

ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ 827 അംഗീകൃത പാമ്പുരക്ഷകർ; പക്ഷേ ആ ലിസ്റ്റിൽ പാമ്പുകളുടെ തോഴൻ വാവ സുരേഷ് ഇല്ല! സ്‌നേക് മാസ്റ്ററുടെ ടിവി പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയതും പ്രതികാരമെന്ന വാദം ശക്തം; നാട്ടുകാരുടെ ഭീതിയകറ്റാൻ പണം വാങ്ങാതെ പാമ്പു പിടിക്കുന്ന വാവ സുരേഷിന് വനം വകുപ്പ് പണി കൊടുക്കുമ്പോൾ

ആർ പീയൂഷ്

കൊച്ചി: ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ കേരളത്തിൽ ഇനി 827 അംഗീകൃത പാമ്പുരക്ഷകർ. പക്ഷേ ഇതിൽ വാവ സുരേഷ് ഇല്ല. മലയാളികളുടെ സാമാന്യ ബോധത്തെ കളിയാക്കുന്ന വനം വകുപ്പിന്റെ ഈ പട്ടികയിൽ തിരുവനന്തപുരത്ത് 35 പാമ്പു പിടിത്തക്കാരാണുള്ളത്. സർട്ടിഫൈഡ് പാമ്പു പിടിത്തക്കാരെന്നാണ് ഇവർക്ക് വനം വകുപ്പ് നൽകുന്ന വിളിപ്പേര്. ഇതിലാണ് പാമ്പുകളുടെ തോഴനായി മലയാളികൾ കാണുന്ന വാവ സുരേഷിന്റെ പേരില്ലാത്തത്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് വാവ സുരേഷിന്റെ പ്രവർത്തനം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് സ്വാഭാവികമായി വരേണ്ട പേരാണ് വാവയുടേത്.

വനം വകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമാണ് പട്ടികയിലുള്ളത്. ഈ പട്ടികയിലുള്ളവർക്ക് പരിശീലനം കൊടുത്തവരിൽ പ്രധാനിയാണ് വാവ സുരേഷ്. എന്നാൽ വാവയ്ക്ക് കേരളത്തിൽ പാമ്പു പിടിക്കാനുള്ള സർട്ടിഫിക്കറ്റ് സർക്കാർ നൽകുന്നില്ലെന്നതാണ് വിചിത്രം. ഈ പട്ടികയ്ക്ക് പുറത്തുള്ളവർ പാമ്പു പിടിച്ചാൽ നിയമ നടപടി നേരിടേണ്ടി വരുമോ എന്ന് ആർക്കും വ്യക്തയില്ല. അതിനിടെ ഇത്തരമൊരു സർട്ടിഫിക്കറ്റോ ലൈസൻസോ കൊടുക്കാനുള്ള അധികാരം വനംവകുപ്പിനില്ലെന്നും സൂചനയുണ്ട്. വാവ സുരേഷിന് പണികൊടുക്കാനാണ് ഈ പട്ടിക തയ്യാറാക്കിയതെന്ന ആരോപണവും സജീവമാണ്. കേരളത്തിലെ പതിനാല് ജില്ലകളിലെ പേരുകളിലും വാവ സുരേഷിനെ ഉൾപ്പെടുത്തിയിട്ടില്ല.

മനുഷ്യവാസകേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക മാത്രമല്ല, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുകകൂടി ഇവരുടെ ഉത്തരവാദിത്വമാണ്. വനംവകുപ്പിനുകീഴിൽ പരിശീലനം സിദ്ധിച്ച ഇവരിൽ വനംവകുപ്പ് ജീവനക്കാരും അതത് പ്രദേശങ്ങളിലെ സന്നദ്ധപ്രവർത്തകരുമുണ്ട്. സ്ത്രീകളടക്കമാണ് ഓരോ ജില്ലയിലും നിശ്ചിത എണ്ണം പാമ്പുരക്ഷകരുള്ളത്. ഏറ്റവുംകൂടുതൽപേർ മലപ്പുറത്തും (134) കുറവ് ആലപ്പുഴയിലുമാണ് (15). ഇതിൽ 280 പേർ വനംവകുപ്പ് ജീവനക്കാരാണ്. ബാക്കിയുള്ളവർ സന്നദ്ധ പ്രവർത്തകരും. ഇവർക്ക് പരിശീലനം കൊടുത്ത അദ്ധ്യാപകൻ കൂടിയാണ് വാവ സുരേഷ്.

പാമ്പുപിടിക്കാൻ സർക്കാരിന്റെ ലൈസൻസുള്ളവരിൽ എല്ലാ ജില്ലകളിലുമായി 547 സന്നദ്ധപ്രവർത്തകരുണ്ട്. എന്നിട്ടും വാവ സുരേഷ് ഇല്ലെന്നതാണ് വസ്തു. അതിനിടെ കേന്ദ്ര സർക്കാരിന് മാത്രമേ ഇത്തരത്തിൽ ലൈസൻസും മറ്റും കൊടുക്കാനാകൂവെന്ന വാദവും സജീവമാണ്. കേന്ദ്ര നിയമം അല്ലാത്ത പക്ഷം കേരളത്തിൽ ഓർഡിനൻസ് എങ്കിലും കൊണ്ടു വരണം. അതല്ലാതെ നിയമത്തിൽ ഇല്ലാത്ത ലൈസൻസും സർട്ടിഫിക്കറ്റും വനം വകുപ്പ് എങ്ങനെ കൊടുത്തുവെന്ന ചോദ്യവും വ്യക്തമാണ്.

അശാസ്ത്രീയ പാമ്പുപിടിത്തത്തിനെതിരേ നടപടിയെടുക്കാനാണ് വനംവകുപ്പ് തീരുമാനം. സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ ഇനി പാമ്പു പിടിക്കാൻ അനുമതി കൊടുക്കൂവെന്നാണ് നിലപാട്. അശാസ്ത്രീയമായ പാമ്പുപിടിത്തത്തിനും പാമ്പുകളെ ചിത്രീകരിക്കുന്നതിനുമെതിരേയും വനംവകുപ്പ് രംഗത്തെത്തി. പാമ്പുപിടിത്തവുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്യുന്ന രണ്ട് മലയാളം ചാനലുകൾക്ക് പരിപാടി നിർത്തിവെക്കാൻ ആവശ്യപ്പെട്ട് വനംവകുപ്പ് നോട്ടീസ് നൽകി. ഇതും വാവ സുരേഷിനെ ലക്ഷ്യമിട്ടായിരുന്നു.

കൈരളി ടിവിയിലെ വാവ സുരേഷിന്റെ അഭിമുഖവും കേരള കൗമുദിയിലെ സ്‌നേക് മാസ്റ്ററും തടയാനായിരുന്നു ഈ നീക്കം. പാമ്പുകളെ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് നോട്ടീസിൽ പറയുന്നു. അന്താരാഷ്ട്ര ചാനലുകളായ ഡിസ്‌കവറി, നാഷണൽ ജിയോഗ്രാഫിക്, ആനിമൽ പ്ലാനറ്റ് എന്നിവയ്ക്ക് ഇത് ബാധകമാണോ എന്നതിൽ വ്യക്തതയില്ല. ഈ ചാനലുകൾ മുഴുവൻ പാമ്പു പിടിത്തമാണ് കാണിക്കുന്നത്,

പാമ്പുകളെ പിടികൂടി പ്രശസ്തിക്കുവേണ്ടി ആളുകൾക്കുമുന്നിൽ പ്രദർശിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവർക്കെതിരേ നിയമനടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് വനംവകുപ്പിന്റെ ഉത്തരവ്. പാമ്പുകളെ പിടികൂടുന്നതും ദൃശ്യമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നതും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് നോട്ടീസിൽ പറയുന്നു. ഇതും വാവാ സുരേഷിന്റെ പരിപാടികളെ കോടതി കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണമുണ്ട്.

പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കൂടിയതായി വനംവകുപ്പ് അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP