Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണത്തിനായി ഷെർലിൻ ബ്ലാക്‌മെയ്ൽ ചെയ്തു; നഗ്നത വിറ്റു ജീവിക്കുന്ന പെണ്ണിനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കാൻ ഭാവനാശൂന്യനല്ല ഞാൻ: കാമസൂത്ര വിവാദത്തിൽ രൂപേഷ് പോൾ മറുനാടനോട് സംസാരിക്കുന്നു

പണത്തിനായി ഷെർലിൻ ബ്ലാക്‌മെയ്ൽ ചെയ്തു; നഗ്നത വിറ്റു ജീവിക്കുന്ന പെണ്ണിനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കാൻ ഭാവനാശൂന്യനല്ല  ഞാൻ: കാമസൂത്ര വിവാദത്തിൽ രൂപേഷ് പോൾ മറുനാടനോട് സംസാരിക്കുന്നു

സിനിമാ ലോകത്ത് ഇതിനോടകം തന്നെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് കാമസൂത്ര ത്രി ഡി. പ്ലേ ബോയ് കവർ ഗേൾ എന്ന പേരിൽ പ്രശസ്തയായ ഷെർലിൻ ചോപ്രയാണ്, മലയാളി സംവിധായകൻ രൂപേഷ് പോളിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയാകുന്നത്. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിലെ നായികയും സംവിധാനയും തമ്മിലുള്ള വാക്‌പോര് ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞതോടെ താൻ ഈ സിനിമയിൽ നിന്നു പിന്മാറുന്നു എന്ന വാദവുമായി നായിക ഷെർലിൻ രംഗത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്. പിന്നീട് സംവിധായനെ ഇകഴ്‌ത്തി നായികയും നായികയെ ഇകഴ്‌ത്തി സംവിധായകനും രംഗത്തെത്തി.

ഇതിനിടെ ട്വിറ്ററിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ച നായികയ്‌ക്കെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രൂപേഷ് പോൾ രംഗത്തെത്തി. തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിനും നായിക വരുത്തിവച്ച അധിക ചെലവുകൾക്കുമായി അഞ്ചുകോടി രൂപ നഷ്ടപരിഹാരം നൽകാൻ രൂപേഷ് നോട്ടീസ് അയച്ചു. ഇതിനു പിന്നാലെ തന്നെ ലൈംഗിക ബന്ധത്തിനു സംവിധായകൻ പ്രേരിപ്പിച്ചെന്നാരോപിച്ച് ഷെർലിൻ ചോപ്ര രംഗത്തെത്തി. താൻ പരാതി നൽകിയിട്ടുണ്ടെന്നും ആകെ അഞ്ചുദിവസം മാത്രമാണ് സിനിമയിൽ അഭിനയിച്ചതെന്നും നായിക പറഞ്ഞു.

ഈ സിനിമയിൽ നിന്നു പിന്മാറിയിട്ടും സംവിധായകൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നാണ് ഷെർലിൻ ചോപ്ര വാദിക്കുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ കാമസൂത്ര സംവിധായകൻ രൂപേഷ് പോൾ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു.

  • കാമസൂത്ര ത്രിഡി എന്ന ചിത്രത്തിലേക്ക് രൂപേഷ് പോൾ എന്ന സംവിധായകൻ ഇറങ്ങിയത് എന്നാണ്? എങ്ങനെയാണ് ചിത്രം എടുത്തു തുടങ്ങിയത്?

രണ്ടുവർഷം മുൻപ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറായതാണ്. അതിനുവേണ്ടി ഇന്ത്യയിലെ പ്രശസ്തരായ പല പ്രൊഡ്യൂസർമാരുടെയും അടുത്ത് ചെന്നതാണ്. ഒരു 'പോൺന' സിനിമയാണെന്ന് ധരിച്ച് ആരും ഈ ചിത്രം നിർമ്മിക്കാനായി മുന്നോട്ട് വന്നില്ല.

ഞാൻ സ്വന്തമായി സ്വരൂപിച്ച കുറച്ച് പണം കൊണ്ട് സിനിമയുടെ പ്രാരംഭ പരിപാടികൾ തുടങ്ങി. പിന്നീട് ഷെർലിൻ ചോപ്ര അതിൽ സൈൻ ചെയ്തു. അതിനു ശേഷം ഞാൻ കാൻ ഫിലിം ഫെസ്റ്റിവൽ അമേരിക്കൻ ഫിലിം മാർക്കറ്റ് പോലുള്ള സ്ഥലങ്ങളിൽ പോയി അതിന് വലിയ പ്രമോഷൻസ് കൊടുത്തു. അപ്പോൾ വേണ്ട എന്ന് പറഞ്ഞിരുന്ന പല നിർമ്മാതാക്കളും സിനിമ ചെയ്യാനായി മുന്നോട്ടു വന്നു.

കാര്യത്തോടടുക്കുമ്പോൾ, ഇവരുടെ നിറം വേറെയാണ്. അവരിൽ പലരുടെയും ഉദ്ദേശ്യം സിനിമയിലെ മറ്റു പല ഘടകങ്ങളിലും ആയിരുന്നു. ചിത്രത്തിൽ എത്ര പെൺകുട്ടികളുണ്ട്, അതിൽ എത്രപേർ യങ് ആണ്, ന'അത്തരംന' കാര്യങ്ങളൊക്കെ നടക്കുമോ, ഇത്തരത്തിലുള്ള റോങ് ആയിട്ടുള്ള പല ആവശ്യങ്ങൾ വന്നപ്പോൾ സിനിമ എടുക്കാൻ കഴിയാത്ത അവസ്ഥയായി. പക്ഷെ വളരെ പ്രൊഫഷണൽ ആയ വളരെ റെപ്യൂട്ടഡ് ആയ നിർമ്മതാക്കളെയാണ് അനേ്വഷിച്ചത്. അങ്ങനെയാണ് സോഹൻ റോയ്, ഡോ.ജോർജ്ജ് ജോൺ എന്നിവരെ കണ്ടെത്തുന്നത്.


സോഹൻ റോയ് എന്റെ പഴയ ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു. ഡോ.ജോർജ്ജ് ജോൺ മറിയ ഷറപ്പോവാ, ഡേവിഡ് ബെക്കാം, ടോം ക്രൂയിസ് തുടങ്ങിയവരുടെയൊക്കെ പേഴ്‌സണൽ ഓർത്തോ ഡോക്ടർ ആണ്. ഇവർ രണ്ടുപേരും മുന്നോട്ടു വന്നപ്പോൾ ഇതൊരു വലിയ പ്രോജക്ട് ആയി. ബജറ്റിനേക്കാൾ അഞ്ചിരട്ടി പ്രൊഡക്ഷൻ വാല്യു ഉള്ള, ഹോളിവുഡിലെ ഏതൊരു ആക്ഷൻ ത്രില്ലറിനോടും കിടപിടിക്കുന്ന വളരെ മികച്ച ഒരു സിനിമയായി ഇത് മാറി.

  • ഷെർലിൻ ചോപ്രയെ ആയിരുന്നോ ആദ്യം മുതലേ സിനിമയിൽ നായികയായി കണ്ടിരുന്നത്?

ഇന്ത്യയിലെ പല പ്രശസ്ത നായികമാരുമായും ഞാൻ സംസാരിച്ചിരുന്നു. അവരൊക്കെ തന്നെയും സ്‌ക്രിപ്റ്റിൽ ഇന്ററസ്റ്റഡ് ആയിരുന്നു. ന്യൂഡിറ്റി സംബന്ധിച്ച ചില കാര്യങ്ങളൊഴിച്ചാൽ വളരെ ആവേശപൂർവ്വമാണ് മുൻനിര നായികമാരൊക്കെയും സ്‌ക്രിപ്റ്റിനോട് പ്രതികരിച്ചത്. എന്നാൽ ബജറ്റിനുസരിച്ചുള്ള തുക കണ്ടെത്തുന്നതിൽ അന്ന് പ്രതിസന്ധി ഉണ്ടായിരുന്നു. അവർ മുന്നോട്ട് വച്ച പ്രതിഫലവുമായി മുന്നോട്ടു പോകാൻ കഴിയാതെ വന്നതും ഒരു പ്രധാന ഘടകമാണ്.

സത്യം പറഞ്ഞാൽ ഒരു നല്ല സിനിമ ചെയ്യാൻ വേണ്ടി ആരും ഷെർലിൻ ചോപ്രയെ ക്ഷണിക്കില്ല. എന്നാൽ കാമസൂത്രയിലെ ചില ഘടകങ്ങൾ ചെയ്യാൻ ഷെർലിൻ ചോപ്ര തന്നെ വേണ്ടിവരുമായിരുന്നു. അവരാവട്ടെ, സ്‌ക്രിപ്റ്റിൽ ഒരുതിരുത്തലുമില്ലാതെ തന്നെ അഭിനയിക്കാൻ തയ്യാറാകുകയായിരുന്നു. അതിൽ അവർ പരിപൂർണ്ണമായ ആത്മാർത്ഥത കാണിച്ചിട്ടുമുണ്ട്.

സിനിമയ്ക്കുവേണ്ടി ഞാൻ ഷെർലിനെ സമീപിക്കുമ്പോൾ അവർ വലിയ പ്രതിസന്ധിയിലായിരുന്നു. പ്ലേബോയ് മാസികയുടെ ലോസ് ആഞ്ചലസ് പതിപ്പിന്റെ കവർ ഗേൾ ആയി ഫോട്ടോ ഷൂട്ട് നടത്തി. അത് റിലീസ് ആകുന്നതിനു മുമ്പ് ആ കമ്പനിയെ ഒന്നടങ്കം വഞ്ചിച്ചുകൊണ്ട് അവരുടെ ഫോട്ടോ ഷൂട്ടിന്റെ സമയത്ത് ഷെർലിൻ തന്റെ ബ്ലാക്ക്‌ബെറി ഫോണിൽ പകർത്തിയ തീരെ നിലവാരമില്ലാത്ത ചിത്രങ്ങൾ സ്വന്തം ഇഷ്ടത്തിന് ഇന്റർനെറ്റിൽ ലീക്ക് ചെയ്തു. അവരുടെ മുഴുവൻ ക്രഡിബിലിറ്റിയും അത്തരത്തിൽ നശിപ്പിച്ചതിന് അവർ ആ കവർ കാൻസൽ ചെയ്തു. അതോടെ പ്രതിസന്ധിയിലായിപ്പോയ സമയത്താണ് ഞാൻ ഈ പ്രോജക്ടുമായി അവർ താമസിക്കുന്ന ഹോട്ടലിലെ കോൺഫറൻസ് റൂമിലിരുന്ന് സംസാരിക്കുന്നത്.

ഈ സിനിമയെക്കുറിച്ച് കേട്ട ഉടനെ, 'അതിൽ സൈൻ ചെയ്യണം, അല്ലെങ്കിൽ നാളെ നിങ്ങളിത് മറ്റൊരു നടിക്കു കൊടുത്താൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാകും, അത് ' എന്നു പറഞ്ഞു. അന്ന് എന്റെ കയ്യിൽ എഗ്രിമെന്റ് നടത്താൻ ചെക്ക് ലീഫോ, മുദ്രപ്പത്രമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ എവിടെ നിന്നെങ്കിലും ഒരു സ്റ്റാമ്പ് പേപ്പർ സംഘടിപ്പിച്ച് അതിൽ അന്ന് തന്നെ ഒപ്പുവെക്കണമെന്ന് അവർ വാശിപിടിച്ചു. അങ്ങനെ എന്റെയൊപ്പമുണ്ടായിരുന്നവർ എവിടെ നിന്നോ സ്റ്റാമ്പ് പേപ്പർ ഒക്കെ കൊണ്ടുവന്ന് അന്ന് അവിടെ വച്ച് തന്നെ കരാറിലൊപ്പുവെക്കുകയായിരുന്നു ഷെർലിൻ.

  • ഷെർലിൻ ചോപ്രയുമായുള്ള എഗ്രിമെന്റ് എന്തായിരുന്നു?

24 പേജടങ്ങുന്ന ഹോളിവുഡിലൊക്കെയുളള ഒരു ഇന്റർനാഷണൽ എഗ്രിമെന്റ് ഷെർലിൻ ചോപ്ര സൈൻ ചെയ്ത് തന്നിട്ടുണ്ട്. അതിൽ സാധാരണ ന്യൂഡിറ്റി മാത്രമല്ല. പരിപൂർണ്ണമായി ഏതു സീനുകളിലും എങ്ങനെയും അഭിനയിക്കാം എന്നവർ പറഞ്ഞിട്ടുണ്ട്. 20 ദിവസത്തെ അഭിനയമാണ് അവർ കരാർ ചെയ്തിരുന്നത്. സിനിമ പൂർണ്ണമായും എടുത്തും കഴിഞ്ഞു. 125 മണിക്കൂറുകൾ വരുന്ന ഷെർലിൻ ചോപ്രയുടെ മാത്രം റഷസ് എന്റെ കയ്യിലുണ്ട്. എന്നിട്ടവർ വെറും അഞ്ച് ദിവസം മാത്രമാണ് അഭിനയിച്ചതെന്ന് കള്ളം പറയുകയാണ്. അത് ശുദ്ധമണ്ടത്തരമാണ്.

ഇത്തരം മണ്ടൻ ആശയങ്ങൾ ഉപദേശിച്ചു കൊടുക്കുന്നത് ഇപ്പോൾ അവരുടെ പിറകെ കൂടിയിരിക്കുന്ന ഒരു മണ്ടനാണ്. അയാൾ താമസിയാതെ പോകും, കാരണം ഷെർലിൻ ആരെയും മൂന്നുമാസത്തിലധികം സുഹൃത്തായി വയ്ക്കില്ല. അതിനുള്ളിൽ അവളുടെ വൃത്തികെട്ട സ്വാഭാവം പുറത്തെടുത്തിരിക്കും. ഇപ്പോൾ പക്ഷെ, അയാൾ പറയുന്നതിനനുസരിച്ചാണ് അവൾ ഈ കഥകളൊക്കെ ഉണ്ടാക്കുന്നത്.

  • എവിടെ നിന്നാണ് ഷെർലിൻ ചോപ്രയും രൂപേഷ് പോളുമായി പ്രശ്‌നങ്ങൾ ആരംഭിച്ചത്?

ഷെർലിൻ ചോപ്രയുമായി രണ്ട് കാര്യങ്ങൾക്കാണ് ഒത്തുപോകാൻ കഴിയാതെ വന്നത്. ഒന്ന്, ഷെർലിൻ ചോപ്രാസ് കാമസൂത്ര ത്രിഡി എന്ന് ചിത്രത്തിനെ പരസ്യപ്പെടുത്തണമെന്ന അവരുടെ ആവശ്യം. ചിത്രം തുടങ്ങിയപ്പോൾ മുതൽ അത് നടക്കില്ല എന്ന് വ്യക്തമായി അവരെ ബോധ്യപ്പെടുത്തിയതാണ്. ബോളിവുഡ്താരം ഷാരൂഖ് ഖാൻ പോലും ന'ഷാരൂഖ് ഖാൻസ് ചെന്നൈ എക്‌സ്പ്രസ് ന' എന്ന് ചിത്രത്തിന് പേര് നൽകാൻ വാശി പിടിക്കില്ല. അങ്ങനെ അഭിനേതാവിന്റെ പേര് വച്ച് ആരും ചിത്രത്തിന് പേര് നൽകാറുമില്ല. പക്ഷേ, പറഞ്ഞത് വകവെക്കാതെ അവരുടെ പിആർഒ വഴി നടത്തിയ മുഴുവൻ പ്രൊമോഷനുകളിലും ഷെർലിൻ ചോപ്രാസ് കാമസൂത്ര എന്ന് പബ്ലിസിറ്റി ചെയ്തു. ഒന്നുകിൽ ഡയറക്ടർ അല്ലെങ്കിൽ പ്രൊഡ്യൂസറുടെ പേരാണ് വയ്ക്കുക. പിന്നീട് ഞങ്ങൾ ചെയ്യുന്ന പ്രമോഷനുകളിലും വാർത്തകളിലും അത്തരത്തിൽ ഷെർലിൻ ചോപ്രാസ് കാമസൂത്ര എന്ന പേര് വേണമെന്ന് വാശി പിടിച്ചു. അത് നടക്കില്ല എന്ന ഘട്ടത്തിൽ, ആദ്യം കഴിഞ്ഞ ഡിസംബറിൽ ഞങ്ങൾ തമ്മിൽ ഒരു വാക്ക് തർക്കം ഉണ്ടായി. പിറ്റേ ദിവസം അവർ എന്നെ വിളിച്ച് മാപ്പ് പറയുകയും ചെയ്തു.


ഭയങ്കര വിചിത്രമായാണ് അവർ പലപ്പോഴും പെരുമാറിയിരുന്നത്. കാൻസ് ഫിലിം ഫെസ്റ്റിവലിലെ ഏഴ് ദിവസത്തെ പരിപാടിക്കായി ഏഴ് വിവിധ വസ്ത്രങ്ങൾ അവതരിപ്പിക്കാൻ പോയി. അവിടെ ചെന്നപ്പോൾ നല്ല തണുപ്പാണ്. അത് അവരെ മുൻകൂട്ടി അറിയിച്ചില്ല എന്ന് പറഞ്ഞ് അവർക്ക് ഉടൻ തന്നെ ജാക്കറ്റ് വേണമെന്ന് നിർബന്ധം പിടിച്ചു. ഇല്ലെങ്കിൽ അവരന്ന് പരിപാടിക്കായി പുറത്തേക്കിറങ്ങില്ല എന്നു പറഞ്ഞു.

അപ്പോൾ തന്നെ എന്റെ അസ്സോസിയേറ്റ് പ്രൊഡ്യൂസറിന്റെ ക്രഡിറ്റ് കാർഡ് കൊടുത്തു. അവർ വാങ്ങാനും പോയി. ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് അസ്സോസിയേറ്റ് പ്രൊഡ്യൂസർ നെഞ്ചത്തടിച്ച് കൊണ്ട് ഒരു എസ്എംഎസ് കാണിച്ചു. 950 യൂറോയാണ് അവർ ജാക്കറ്റിനായി പിൻവലിച്ചിരിക്കുന്നത്. അതാണെങ്കിൽ കാശിന് കൊള്ളാത്ത ഒന്നും.

പിന്നീട് നിരവധി തവണ ഞങ്ങളെ പണത്തിന്റെ പേരിൽ അവർ ബ്ലാക്ക്‌മെയിൽ ചെയ്തു. ഗ്ലെൻസ് അഡിച്ച് എന്ന ഒരു വിലപിടിപ്പുള്ള മദ്യം വേണമെന്ന് പറഞ്ഞു. പഴകും തോറും വില കൂടുന്ന ആ മദ്യത്തിന്റെ 20 വർഷം പഴക്കമുള്ള ഒരു ബോട്ടിൽ വേണമെന്ന് പറഞ്ഞു. കാൻസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബാറിൽ അതിനായി ടേബിൾ ബുക്ക് ചെയ്ത് ഒരു കുപ്പി മദ്യവും പറഞ്ഞപ്പോൾ ഓൾഡ് ഫാഷൻ ഗ്ലാസ് ഇല്ലെങ്കിൽ അത് കുടിക്കില്ല എന്നവർ ഒരു നാണവുമില്ലാതെ വാശി പിടിച്ചു. ആ ഹോട്ടലിൽ അതില്ലാതിരുന്നതിനാൽ അവർ ആ മദ്യമുപേക്ഷിച്ച് പുറത്തേക്ക് പോയി.

അങ്ങനെ പല തരത്തിൽ അവർ ടീമിനെ മുഴുവൻ ഫിനാൻഷ്യലി ബുദ്ധിമുട്ടിച്ചു. ലക്ഷങ്ങളുടെ അധിക കടം അവർ വരുത്തി വച്ചു. ഇന്നേവരെ ആരോടും ഞാനിതൊന്നും പറയാതിരുന്നത് ഈ സിനിമ എന്റെയും ഷെർലിൻ ചോപ്രയുടെയും ആവശ്യമായിരുന്നു എന്നതിനാലാണ്. മാത്രമല്ല, ഒരു വ്യക്തിബന്ധം ഉണ്ടല്ലോ.

ഇത്തരം ആവശ്യങ്ങൾ നിരന്തരമായി വച്ചിട്ടും സിനിമ പൂർത്തിയാകുന്നത് വരെ ഒരക്ഷരം പറഞ്ഞില്ല. എന്നിട്ടും ഇത് തുടർന്നപ്പോൾ ആവശ്യമില്ലാത്ത ഓരോ വിവാദങ്ങളുമായി അവർ മുന്നോട്ട് വരികയായിരുന്നു.

ഞാൻ സെക്ഷ്വൽ ഡിമാന്റ്‌സ് കൂടി ആവശ്യപ്പെട്ടു എന്ന പേരിലാണ് പുതിയ വിവാദം. ശരീരം വിറ്റു ജീവിക്കുന്ന, നഗ്നത വിറ്റു ജീവിക്കുന്ന, ഒരു സ്ത്രീക്ക് ഇത്തരത്തിൽ വിവാദമുണ്ടാക്കാൻ തന്നെ ലജ്ജയില്ലേ? അവരെ പോലെ ഇങ്ങനെ നഗ്നത വിറ്റു മാത്രം ജീവിക്കുന്ന ഒരു പെണ്ണിനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കാനും മാത്രം അത്ര ഭാവനാശൂന്യനല്ല ഞാൻ. അവരെ അറിയുന്ന ആരും അവരുടെ പരാമർശങ്ങൾ ശരിവയ്ക്കില്ല. ഒരു ദിവസം അദ്ധ്വാനിച്ച് ജീവിക്കട്ടെ. എന്നിട്ട് പറയട്ടെ.

  • അപ്പോൾ അവർ എഫ് ഐ ആർ ഫയൽ ചെയ്തു എന്ന് പറയുന്നതോ?

എഫ് ഐ ആർ ഒരു സ്റ്റേഷനിലും ഫയൽ ചെയ്തിട്ടില്ല. അത് വെറുതെ മാദ്ധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതാണ്. ഇന്ത്യൻ മീഡിയായുടെ ഒരു പ്രശ്‌നം, ആരെങ്കിലും എന്തെങ്കിലും വാർത്ത ഇറക്കിയാൽ പൊലീസ് സ്റ്റേഷനിൽ പോലും വിളിച്ച് ചോദിക്കാതെ അത് കോപ്പി ചെയ്യുകയാണ്. അവർ പരാതിപ്പെട്ടു എന്നു പറയുന്നത് ശരിയാണ്. കേസ് ഫയൽ ചെയ്തിട്ടില്ല. ഞാൻ ട്വിറ്റർ അബ്യൂസിന്റെ പേരിൽ 5 കോടി നഷ്ടപരിഹാരത്തിന് ശക്തമായ തെളിവുകളുമായി കേസ് ഫയൽ ചെയ്തു. അത് നൽകേണ്ടി വരും എന്ന ഭയമാണ് അവർ പുതിയ വിവാദങ്ങളും കുത്തിപ്പൊക്കി മുന്നോട്ട് വരാൻ ഇടയായത് എന്നെനെിക്കറിയാം.

അവർ പറയുന്നത് മുഴുവൻ കള്ളമാണെന്ന് അവരെ അറിയാവുന്നവർക്കറിയാം. ഒരാളു പോലും അതൊന്നും വിശ്വസിക്കാൻ പോകുന്നില്ല. 12,00,000 വരുന്ന അവരുടെ ട്വിറ്റർ പേജ് ലൈക്കുകളിൽ 90% വിലകൊടുത്ത് വാങ്ങിയ ഫെയ്ക്ക് ഐഡികളാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ അനേ്വഷിച്ചപ്പോൾ ഇവ ബോംബെയിലെ ഒരു ഓഫീസിലെ നാല് കംപ്യൂട്ടറിൽ നിന്ന് നാല് ഐപികളിൽ നിന്നും പ്രവർത്തിക്കുന്നതാണെന്ന് ബോദ്ധ്യപ്പെട്ടു.

'വയാ കോം' എന്ന വമ്പൻ കമ്പനി ബാഡ് ഗേൾ എന്ന വീഡിയോ എടുത്തിട്ട് അത് അവർ അവരുടെ പേരും പോലും വയ്ക്കാതെ പുറത്തിറക്കിയിട്ടുണ്ടെങ്കിൽ ആ കമ്പനിയെ എത്രത്തോളം വെറുപ്പിച്ചിട്ടുണ്ടാകും എന്നാണ് തെളിയിക്കുന്നത്. അവൾക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട്. അല്ലെങ്കിൽ ഒരു ശാപം പോലെ അസ്സോസിയേറ്റ് ചെയ്യുന്നവരെ ഇത്തരത്തിൽ പിണക്കി പിരിക്കേണ്ട കാര്യമെന്താണ്.

  • ഏത് പെരുമാറ്റമാണ് നിങ്ങളിൽ നിന്ന് അവരെ പ്രകോപിതയാക്കിയത്?

ഒരു ദിവസം അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ അധിക ചെലവാണ് അവർ മാത്രം അനാവശ്യമായി വരുത്തിവച്ചത്. വിദേശ രാജ്യങ്ങളിൽ ഞാൻ എക്കണോമി ക്ലാസ്സുകളിൽ മാത്രം സഞ്ചരിച്ചപ്പോൾ അവർ ലക്ഷ്വറി ക്ലാസ്സിലാണ് സഞ്ചരിച്ചത്. മറ്റെന്തെങ്കിലും താൽപ്പര്യമുണ്ടായിരുന്നെങ്കിൽ ഞാനവർക്കൊപ്പം ലക്ഷ്വറി ക്ലാസ്സിൽ സഞ്ചരിക്കുമല്ലോ.

മാത്രമല്ല അവർക്ക് ഒരു ദൈവിക പരിവേഷം ഞാൻ നൽകണം. ഒരു സംവിധായകനെ സംബന്ധിച്ചെടുത്തോളം ഒരു ആക്ടർ എന്ന് പറയുന്നത് ഒരു ടൂൾ മാത്രമാണ്. ആ ടൂളിനെ സിനിമയ്ക്കനുസരിച്ച് നന്നായി ഉപയോഗിക്കുക എന്നതിനപ്പുറം ദൈവികമായി നമിക്കേണ്ട ആവശ്യമില്ലല്ലോ. മാത്രമല്ല സിനിമ ഷൂട്ടിങ് പൂർത്തിയാക്കുന്നത് വരെ ഒരെതിർപ്പും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഒരു ബെയ്‌സ് ഉണ്ടാക്കിത്തന്നത് ഷെർലിൻ ചോപ്രയാണ് എന്ന കാര്യത്തിൽ സംശയമില്ല. മറ്റുള്ളവർ പലരും അവരുടെ ഈ സ്വഭാവത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോഴും ഞാൻ കാര്യമാക്കിയില്ല. തുടക്കത്തിൽ ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ടായിരുന്നു.

  • ഈ വിവാദമുണ്ടായതിന് ശേഷം നിങ്ങൾ തമ്മിൽ കമ്മ്യൂണിക്കേഷൻ ഉണ്ടായിട്ടില്ലേ?

ആര് വിളിച്ചാലും കോൾ എടുക്കാതെ ടെക്സ്റ്റ് അയക്കുന്ന ഷെർലിൻ എന്റെ ഒറ്റ റിങ്ങിൽ കോൾ എടുത്തിരുന്നു. ഇങ്ങോട്ട് പിന്നീട് വിളിച്ചില്ല. ഞാനും ഒരിക്കൽ പോലും അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചില്ല.

  • അഞ്ച് കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് നൽകിയല്ലോ? ഏറ്റവും ഒടുവിൽ രൂപേഷ് പോളിന്റെ നിലപാടെന്താണ്?

ഞാൻ ആ കേസ് പൂർണ്ണമായി മറന്നു എന്നു മാത്രമല്ല അടുത്ത ഒരു പ്രോജക്ട് തുടങ്ങി കഴിഞ്ഞു. ഇനി ഈ വിവാദത്തിന്റെ പേരിൽ അത് എത്ര മോശപ്പെട്ടതാണെങ്കിൽ പോലും ഒരാൾ എങ്കിലും കൂടുതൽ കയറി കണ്ടാൽ ഞാൻ കൃതാർത്ഥനായി. എന്തൊക്കെ ഇല്ലാക്കഥകൾ പ്രചരിച്ചാലും അത് ഷെർലിൻ ചോപ്രയ്ക്ക് ഗുണമാകില്ല. ഗുണമായാലും എനിക്ക് വിരോധമില്ല. എന്നെ സംബന്ധിച്ചടിത്തോളം ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളേ അല്ല! സിനിമ മെയ് 25 ന് റിലീസാകും.

  • ഏറ്റവും പുതിയ പ്രോജക്ട് ആയ 'നമോ' എന്ന ചിത്രത്തെക്കുറിച്ച്?

നമോ ഒരു ഇന്റർനാഷണൽ മൂവി ആണ്. അത് തുടങ്ങിക്കഴിഞ്ഞു. സ്‌ക്രിപ്റ്റിന്റെ ജോലികൾ പുരോഗമിക്കുകയാണ്.

  • 'നമോ' നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണന്ന് കേട്ടല്ലോ?

നരേന്ദ്ര മോദി എന്ന ഒരു വ്യക്തിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ആ ചിത്രത്തിന്റെ ക്യാരക്ടറൈസേഷൻ. എന്നാൽ ഇതൊരു ന'മോദിന' ചിത്രമല്ല. നരേന്ദ്ര മോദി എന്ന പേരോ, ഗുജറാത്ത് എന്ന പേരോ, ഇന്ത്യയോ ഒന്നും ഈ ചിത്രത്തിൽ വിഷയമാകില്ല. ഇതൊരിക്കലും ഒരു ബിജെപി ചിത്രമല്ല. ബിജെപിയെയോ മറ്റൊരു രാഷ്ട്രീയ പാർട്ടിയേയോ വെള്ള പൂശാനോ കരിവാരിത്തേക്കാനോ ഉള്ള ചിത്രമാകില്ല ഇത്. ഞാൻ ഒരു ബിജെപിക്കാരനല്ല. ഒരു നല്ല നേതാവ് എന്ന നിലയിൽ എന്നെയും ഈ കഥയെയും മോദി സ്വാധീനിച്ചിട്ടുണ്ട്. ഒരു നല്ല നേതാവിന്റെ ജീവിതം അത് രാഷ്ട്രങ്ങൾക്കപ്പുറം വ്യാപിക്കുന്ന ആശയമാകും അവതരിപ്പിക്കുക.


ഒരു വലിയ പ്രോജക്ട് ആണ് ഇത്. ഫോർ ഡി ചിത്രമായിരിക്കും. മറ്റൊന്നും ഇപ്പോൾ പറയാൻ കഴിയില്ല. എന്നാൽ ഇതൊരിക്കലും ഒരു പ്രൊപ്പഗന്റ അല്ല. മോദി എന്ന വ്യക്തിയുമായി ഇതിലെ പ്രധാന ക്യാരക്ടറിന് സാമ്യമുണ്ടാകും. കാരണം മോദിയെപ്പോലെ ഒരു നേതാവ് രാജ്യം ഭരിക്കണമെന്ന് ഒരിക്കലെങ്കിലും അയാളുടെ ശത്രുക്കൾ പോലും ആഗ്രഹിച്ചിട്ടുണ്ടാകും. ആ മാജിക് വരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഇന്ദിരാഗാന്ധിയെപ്പോലെ ഇന്ത്യയെ നന്നായി ഭരിക്കുന്ന ഭരണകൂടമാണ് നമുക്ക് വേണ്ടത്. പലപല രാഷ്ട്രീയ നാടകങ്ങൾ മാറി വരുന്നതിലും നല്ലതതാണ്. അതിന് രാജഭരണം വന്നാലും പ്രശ്‌നമില്ല എന്നാണ് ഞാൻ കരുതുന്നത്.



ഏതായാലും 'നമോ' ഒരു വ്യത്യസ്ത ചിത്രമാകും. മെട്രിക്‌സ്, ജുറാസിക് പാർക്ക്, എക്‌സ്പാന്റബിൾ തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ ആക്ഷൻ കൊറിയോഗ്രാഫറാണ് ചിത്രത്തിന്റെ ആക്ഷൻ സംവിധാനം. അദ്ദേഹവുമായി കഴിഞ്ഞ ദിവസം എഗ്രിമെന്റ് സൈൻ ചെയ്തു. പൂർണ്ണമായും ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് ഞാൻ കടന്ന് കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP