Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിവില്ലാതെ വാഹനങ്ങളുടെ വരവ്; അയൽക്കാരുടെ അടക്കിപ്പിടിച്ച സംസാരം; മക്കളെ കാത്ത് വഴിക്കണ്ണുമായി ഇരിക്കുന്ന റെജീനയ്ക്ക് പന്തികേട് തോന്നിയെങ്കിലും ബന്ധുക്കളുടെ ആശ്വാസവാക്കുകൾ ആശ്രയമായി; മക്കളെ കാണാനില്ലെന്നും ഉടൻ തിരിച്ചെത്തുമെന്നും ആശ്വസിച്ച് ഈ ദിവസവും

പതിവില്ലാതെ വാഹനങ്ങളുടെ വരവ്; അയൽക്കാരുടെ അടക്കിപ്പിടിച്ച സംസാരം; മക്കളെ കാത്ത് വഴിക്കണ്ണുമായി ഇരിക്കുന്ന റെജീനയ്ക്ക് പന്തികേട് തോന്നിയെങ്കിലും ബന്ധുക്കളുടെ ആശ്വാസവാക്കുകൾ ആശ്രയമായി; മക്കളെ കാണാനില്ലെന്നും ഉടൻ തിരിച്ചെത്തുമെന്നും ആശ്വസിച്ച് ഈ ദിവസവും

മറുനാടൻ മലയാളി ബ്യൂറോ

കല്ലമ്പലം: നാവായിക്കുളം നൈനാംകോണം ഈ ഞായറാഴ്ച ശോകമൂകമാണ്. ശാന്തസ്വഭാവിയായിരുന്ന ഓട്ടോ ഡ്രൈവർ സഫീറിന്റെയും മക്കളുടെയും ദുരന്തവാർത്ത ഇനിയും പലർക്കും വിശ്വസിക്കാനായിട്ടില്ല. അതേസമയം, കുട്ടികളുടെ അമ്മ റെജീന ഇനിയും ദുരന്തവിവരം അറിഞ്ഞിട്ടില്ല. മക്കളെ കൊണ്ടുപോയ ഭർത്താവ് അവരെ തിരികെ കൊണ്ടുവിടുന്നതും കാത്തിരിപ്പാണ്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെയെത്താമെന്നുള്ള ഉറപ്പിലാണ് സഫീർ വെള്ളിയാഴ്ച വൈകിട്ട് വൈരമല എ.ആർ. മൻസിലിൽ നിന്നും മക്കളെയും കൂട്ടിപ്പോയത്. എന്നാൽ അവർ ഇനിയും മടങ്ങാത്തതിൽ റെജീനയ്ക്ക് സംശയങ്ങളുണ്ട്. ഉമ്മ ബുഷ്‌റയും ഈ വിവരം അറിഞ്ഞിട്ടില്ല.

വീട്ടിലേക്ക് ആരും കടന്നുപോകാതിരിക്കാൻ ജാഗ്രത കാട്ടിയത് നാട്ടുകാരുടെ നല്ല മനസ്. പുതിയ വീട്ടിൽ താമസം തുടങ്ങി നാലുമാസം പിന്നിട്ടപ്പോഴാണ് ഈ ദുരന്തമുണ്ടായത്. പതിവില്ലാതെ വാഹനങ്ങൾ വരുന്നതിലും അയൽവാസികളുടെ സംസാരത്തിലും റെജീന എന്തോ ആപത്ത് മണത്തു. മക്കളെ കാണാനില്ലെന്നും ഉടൻ തിരിച്ചെത്തുമെന്നും പറഞ്ഞാണ് ബന്ധുക്കൾ ആശ്വസിപ്പിച്ചത്.

ശനിയാഴ്ച രാവിലെയാണ് ദുരന്തവാർത്ത എത്തിയത്. മൂത്തമകനെ വീട്ടിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഇളയ മകനുമൊത്ത് സഫനാവായിക്കുളം വലിയകുളത്തിൽ ചാടുകയായിരുന്നു. നാവായിക്കുളം വടക്കേ വയലിൽ മംഗ്ലാവിൽ വാതുക്കൽ വയലിൽ വീട്ടിൽ സബീർ (36), മക്കൾ അൽത്താഫ് (12), അൻഷാദ് (9) എന്നിവർക്കാണു ദാരുണാന്ത്യം. സബീർ ഒറ്റയ്ക്കാണ് മാസങ്ങളായി കഴിഞ്ഞിരുന്നത്. ഭാര്യ റജീന സഹോദരനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നു വെള്ളിയാഴ്ച മക്കളെ കൂട്ടിക്കൊണ്ടു വന്നാണു സബീർ കൊലപ്പെടുത്തിയതും ജീവനൊടുക്കിയതും. ശനിയാഴ്ച പുലർച്ചെയാണു സംഭവം.

മൂത്തമകനെ കഴുത്തറുത്തുകൊന്ന്, ഇളയ മകനെയുമെടുത്ത് സഫീർ കുളത്തിൽ ചാടി മരിച്ചത് ഇപ്പോഴും നാട്ടുകാരിൽ പലർക്കും വിശ്വസിക്കാനായിട്ടില്ല. മദ്യപാനമോ മറ്റു ദുശ്ശീലങ്ങളോ ഇല്ലാത്ത സഫീറിനെപ്പറ്റി നാട്ടുകാർക്ക് നല്ല അഭിപ്രായമാണ്. പട്ടാളംമുക്കിലെ ഓട്ടോ ഡ്രൈവറായ സഫീറിന്റെ മനോനില തെറ്റിയതാകാം കൊടുംപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. നാടിനാകെ വേദനയാകുകയാണ് രണ്ടു കുട്ടികളുടെയും പിതാവിന്റെയും വേർപാട്.

ഭാര്യാസഹോദരൻ സഫീറിനെ അന്വേഷിക്കുന്നതിനിടെയാണ് വലിയ കുളത്തിനു സമീപം ഓട്ടോറിക്ഷയും കൽപ്പടവിൽ വാച്ചും ചെരുപ്പുകളും പഴ്‌സും കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ, സഫീർ കുളത്തിൽ ചാടിയതായി സംശയിച്ചു. ഓട്ടോറിക്ഷ പരിശോധിച്ചതിൽ മൂത്തമകൻ വീട്ടിലുണ്ടെന്ന കത്തും കിട്ടി. തുടർന്ന് വീട്ടിൽ കല്ലമ്പലം പൊലീസും നാട്ടുകാരുമെത്തി പരിശോധിച്ചു. കിടപ്പുമുറിയിൽ കൈകാലുകൾ കെട്ടി കഴുത്തറ്റ് ചോര വാർന്ന് മരിച്ചനിലയിൽ അൽത്താഫിനെ കണ്ടെത്തി. സ്‌കൂബാ ടീമും അഗ്‌നിരക്ഷാസേനയും പതിനൊന്നോടെ സഫീറിന്റെയും ഒന്നോടെ അൻഷാദിന്റെയും മൃതദേഹം കുളത്തിലും കണ്ടെത്തി.

പന്ത്രണ്ടു വർഷമായി സഫീർ നാവായിക്കുളം സ്വദേശി റജീനയെ വിവാഹം കഴിച്ചിട്ട്. ആറുമാസം മുമ്പാണ് സഫീറിന് മാനസികാസ്വാസ്ഥ്യവും സംശയവും മരണഭയവും ഉടലെടുത്തത്. നിരന്തരം റജീനയെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ സഫീറിനെ ചികിത്സയ്ക്കായി മാതാപിതാക്കൾ കൊണ്ടുപോയി. പിന്നീട് ഇവർ വെവ്വേറെയായിരുന്നു താമസം. വെള്ളിയാഴ്ച വൈകിട്ട് സഫീർ ഇവിടെയെത്തി കുട്ടികളെ കൂട്ടി പോവുകയായിരുന്നു. കരുതിക്കൂട്ടിയാണ് ഇയാൾ കൊലപാതകവും തുടർന്ന് ആത്മഹത്യയും നടത്തിയതെന്നാണ് കരുതുന്നത്.

സഫീറിന്റെ ഓട്ടോറിക്ഷ ഇന്നലെ രാവിലെ 9ന് നാവായിക്കുളം വലിയ കുളത്തിനു സമീപം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 11 മണിയോടെ സബീറിന്റെയും ഒരു മണിയോടെ അൻഷാദിന്റെയും മൃതദേഹങ്ങൾ കുളത്തിൽ നിന്ന് പുറത്തെടുത്തു. 'മൂത്ത മകൻ വയലിൽ വീട്ടിൽ ഉണ്ട്' എന്ന കുറിപ്പ് ഓട്ടോറിക്ഷയിൽ നിന്നു ലഭിച്ചതിനെത്തുടർന്നാണ് അൽത്താഫിന്റെ കൊലപാതക വിവരം നാടറിയുന്നത്.

കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ 6,4 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് അൽത്താഫും അൻഷാദും.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു. കുടുംബപ്രശ്നങ്ങളാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. സഫീറും ഭാര്യയും നിലവിൽ അകന്നുകഴിയുകയാണ്. ഭാര്യ സൂപ്പർമാർക്കറ്റിലെ ജോലിക്കാരിയാണ്. സംഭവത്തിൽ അമ്മയെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അമ്മയുമായുള്ള പ്രശ്നമാണോ അതോ മക്കളുമായി സഫീർ വഴക്കിട്ടോ എന്ന കാര്യമെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP