Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി വിമാനത്തെ വിട്ടുകളയാനാവില്ല എന്ന തീരുമാനത്തോടെ യുകെ മലയാളികൾ; മറുനാടൻ വാർത്തയെ തുടർന്ന് ആരംഭിച്ച ഓൺലൈൻ പരാതിയിൽ നിമിഷ വേഗത്തിൽ ഒപ്പുകൾ എത്തുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുരളീധരൻ അടക്കമുള്ളവരുടെ ഉറപ്പ്; തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

കൊച്ചി വിമാനത്തെ വിട്ടുകളയാനാവില്ല എന്ന തീരുമാനത്തോടെ യുകെ മലയാളികൾ; മറുനാടൻ വാർത്തയെ തുടർന്ന് ആരംഭിച്ച ഓൺലൈൻ പരാതിയിൽ നിമിഷ വേഗത്തിൽ ഒപ്പുകൾ എത്തുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുരളീധരൻ അടക്കമുള്ളവരുടെ ഉറപ്പ്; തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ : പത്തു വർഷത്തിലേറെയായി യുകെ മലയാളികൾ സ്വപ്നം കാണുന്നതാണ് യുകെയിൽ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള ഒരു വിമാനം . യുക്മ ആരംഭിക്കാൻ കൂടിയ ലെസ്റ്ററിലെ ആലോചന യോഗത്തിൽ പോലും ഉയർന്നു വന്ന ആശയം . ആദ്യത്തെ സെക്രട്ടറിയുടെ വകയായി ചാർട്ടേർഡ് വിമാനമെന്ന ആശയം . മലയാളിയായ കേന്ദ്ര വ്യോമയാന മന്ത്രി മന്മോഹൻ സിങ് സർക്കാരിൽ എത്തിയപ്പോൾ വീണ്ടും പ്രതീക്ഷകൾ .

അന്നത്തെ മന്ത്രി കെ സി വേണുഗോപാൽ എയർ ഇന്ത്യ ജൂബിലി ആഘോഷിക്കാൻ ഒരു വിമാനം നിറയെ മാധ്യമ പ്രവർത്തകരുമായി ലണ്ടനിൽ എത്തിയപ്പോഴും യുകെ മലയാളികൾ തങ്ങളുടെ സ്വപ്നം പങ്കിട്ടു . എന്നാൽ എയർ ഇന്ത്യ ഉദ്യോഗസ്ഥർ നൽകിയ മറുപടി മന്ത്രിയും ആവർത്തിച്ചു . സ്ഥിരം വിമാനം തുടങ്ങിയാൽ ആവശ്യത്തിന് യാത്രക്കാരെ കിട്ടില്ലത്രെ . നഷ്ടത്തിൽ ഓടിക്കാൻ വിമാനവും ഇല്ലെന്നു . എന്നാൽ കോവിഡ് വന്നതോടെ മേൽസൂചിപ്പിച്ച സകല തടസങ്ങളും താനേ ഇല്ലാതായി . വന്ദേ ഭാരത് മിഷൻ വഴി യുകെയിലെ നിർണായക ഇന്ത്യൻ സമൂഹമായ മലയാളികളെ കോവിഡിലെ ദുരിതകാലത്തു നാട്ടിലെത്തിക്കാൻ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനമെത്തി . ആഴ്ചയിൽ ഒന്ന് എന്ന നിലയിൽ പറന്നു തുടങ്ങിയ വിമാനം വേഗത്തിൽ മൂന്നു എന്ന നിലയിലായി .

പക്ഷെ പ്രതീക്ഷിച്ച അപകടം ഇപ്പോൾ പിന്നാലെയെത്തി . ലണ്ടൻ - കൊച്ചി വിമാനത്തിന് ഏതു വഴിയും പാരയെത്തും എന്ന ആശങ്കക്ക് യാഥാർഥ്യത്തിന്റെ മുഖം നൽകി രണ്ടാം കോവിഡ് വ്യാപനത്തെ തുടർന്ന് യുകെയിൽ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ സർവീസും നിർത്തലാക്കിയപ്പോൾ പ്രയാസകാലത്തെത്തിയ കൈതാങ് യുകെ മലയാളികൾക്ക് എന്നെന്നേക്കുമായി നഷ്ടമാകുക ആയിരുന്നു . കോവിഡ് വ്യപനം ഭയപ്പെടേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ നിർത്തലാക്കിയ വിമാനങ്ങൾ വീണ്ടും പറത്താനും ഉള്ള തീരുമാനം എത്തിയതും അതിവേഗത്തിലാണ് .

എന്നാൽ സർക്കാർ ഭാഷയിൽ നാലു മെട്രോ നഗരങ്ങൾ പരിഗണിച്ചപ്പോൾ നിറയെ യാത്രക്കാരുമായി ആഴ്ചയിൽ മൂന്നു വട്ടം എത്തിയ കൊച്ചി വിമാനം ലിസ്റ്റിൽ നിന്നും ഔട്ട് . പകരം ആഴ്ചയിൽ ഒന്ന് എന്ന നിലയിൽ പറന്നിട്ടും പാതി യാത്രക്കാരുമായി പോയ ബാംഗ്ലൂർ , ഹൈദരാബാദ് വിമാനങ്ങൾ ലിസ്റ്റിൽ ഇടം കാണുകയും ചെയ്തു . ഈ അനീതി തുറന്നു കാട്ടി ഇന്നലെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തയോട് അഭൂതപൂർവമായ പ്രതികരണമാണ് വായനക്കാരിൽ നിന്നും ഉണ്ടായതു .

സംഭവത്തിന്റെ ഗുരുതരാവസ്ഥ ഏറ്റെടുത്ത ഈസ്റ്റ് ഹാമിലെ പൊതു പ്രവർത്തകൻ സുഭാഷ് ശശിധരൻ അടിയന്തിരമായി സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും മലയാളിയായ കേന്ദ്രമന്ത്രി വി മുരളീധരന്റെയും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും എയർ ഇന്ത്യ ഉന്നത വൃത്തങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചാണ് ഓൺ ലൈൻ പരാതി ആരംഭിച്ചത് . ഈ വിമാനം തങ്ങൾക്കു എത്രമാത്രം പ്രിയപ്പെട്ടതാണെന്നു വക്തമാക്കി നിമിഷ വേഗത്തിലാണ് യുകെ മലയാളികൾ ഒപ്പു വയ്ക്കുന്നത് . ഈ വാർത്ത തയ്യാറാക്കുമ്പോൾ തന്നെ ആയിരത്തിലേറെ പേര് ഒപ്പിട്ടു കഴിഞ്ഞു . അത്യാവശ്യമായി നാട്ടിൽ എത്തേണ്ടി വരുമ്പോൾ പല വിമാനത്താവളങ്ങൾ കയറി ഇറങ്ങി കുട്ടികളും മറ്റുമായി യാത്ര ചെയ്യേണ്ട ദുരിതം നിരവധി അനുഭവിച്ചിട്ടുള്ള യുകെ മലയാളികൾക്ക് വീണ്ടും അക്കാലത്തേക്കു മടങ്ങേണ്ടി വരുമോ എന്ന ഭയമാണ് ഇപ്പോൾ ഓൺലൈൻ പരാതിയെ ജനശ്രദ്ധയിൽ എത്തിക്കാൻ കാരണമായിരിക്കുന്നത് .

യുകെ മലയാളികൾ ഈ വിമാനം ഇല്ലാതായതോടെ നേരിടുന്ന പ്രയാസം കേന്ദ്രമന്ത്രി വി മുരളീധരന്റെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും അടിയന്തിര ശ്രദ്ധയിൽ പെടുത്താൻ എല്ലാ ശ്രമവും നടത്തുമെന്നും ലോക് കേരള സഭ അംഗവും മുതിർന്ന യുകെ മലയാളിയുമായ ടി ഹരിദാസ് വക്തമാക്കി . വിമാനം റദ്ദായത് വഴി ഉണ്ടായ പ്രയാസങ്ങൾ നോർക്കയെ ഇതിനകം അറിയിച്ചതായും അദ്ദേഹം വക്തമാക്കി . പരാതി ആരംഭിക്കും മുന്നേ കേന്ദ്ര മന്ത്രാലയവും എയർ ഇന്ത്യയുമായി ഒക്കെ ബന്ധപ്പെടാൻ ഈസ്റ്റ് ഹാമിലെ പൊതുപ്രവർത്തകൻ കൂടിയായ സുഭാഷ് ശശിധരൻ മുൻകൈ എടുത്തിരുന്നു . സർവീസ് ഏറ്റവും വേഗത്തിൽ പുനരാരംഭിക്കും എന്നാണ് എല്ലായിടത്തും നിന്നും ലഭിക്കുന്ന മറുപടി എന്നും അദ്ദേഹം സൂചിപ്പിച്ചു . എന്നാൽ ഈ വിമാനം യുകെ മലയാളികൾക്കു എത്രമാത്രം ആവശ്യമാണെന്ന് അധികൃതരെ ബോധ്യപ്പെടുത്താൻ ഈ ഓൺലൈൻ പെറ്റീഷൻ സഹായകമാകും എന്നാണ് പ്രതീക്ഷയെന്നും സുഭാഷ് സൂചിപ്പിച്ചു . 

അതിനിടെ ലണ്ടൻ - കൊച്ചി സർവീസ് തത്കാലയ്കമായെങ്കിലും നിന്നതിൽ ബാഹ്യശക്തികളുടെ ഇടപെടലും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് . കൊച്ചി റൂട്ടിൽ കൊയ്ത്തു നടത്തിയിരുന്ന വിദേശ വിമാനക്കമ്പനികൾ എയർ ഇന്ത്യയിൽ ലോബിയിങ് നടത്തിയിരിക്കാം എന്നാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നത് . രണ്ടാമത്തെ കാരണം ജീവനക്കാരുടെ അതൃപ്തിയാണ് . എയർ ഇന്ത്യയിലെ കാബിൻ ക്രൂവിൽ മിക്കവരും ഡൽഹി , മുംബൈ നിവാസികൾ ആയതിനാൽ കൊച്ചിയിൽ സർവീസ് അവസാനിപ്പിക്കുന്ന വിമാനത്തിൽ ജോലി ചെയ്യാൻ ജീവനക്കാർ ഇഷ്ടക്കേട് കാട്ടുകയാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട് . കൂടാതെ കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ കൂടുതൽ സർവീസ് നടത്തുന്നത് വഴി ഇന്ത്യയിൽ രോഗവ്യാപനം വർധിപ്പിക്കാൻ കാരണമാകും എന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നത് സർവീസുകൾ പഴയ രൂപത്തിൽ തിരിച്ചു വരാൻ തടസം ആകുമെന്നും സംശയിക്കപ്പെടുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP