Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംശയവും അകാരണവുമായ ഭയം സഫീറിനെ മാനസിക രോഗിയാക്കി; നെടുമങ്ങാട്ടെ ചികിൽസയ്ക്ക് ശേഷവും കുടുംബ പ്രശ്‌നങ്ങൾ മാറിയില്ല; കിടപ്പുമുറിയിലെ കട്ടിലിൽ കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ച് വായിൽ തുണി തിരുകിയ ശേഷം കത്തികൊണ്ട് കഴുത്തറുത്ത് മൂത്തമകനെ കൊന്നു; പിന്നെ കുളത്തിൽ ചാട്ടം; നാവായിക്കുളത്ത് കണ്ടത് അച്ഛന്റെ ക്രൂരത

സംശയവും അകാരണവുമായ ഭയം സഫീറിനെ മാനസിക രോഗിയാക്കി; നെടുമങ്ങാട്ടെ ചികിൽസയ്ക്ക് ശേഷവും കുടുംബ പ്രശ്‌നങ്ങൾ മാറിയില്ല; കിടപ്പുമുറിയിലെ കട്ടിലിൽ കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ച് വായിൽ തുണി തിരുകിയ ശേഷം കത്തികൊണ്ട് കഴുത്തറുത്ത് മൂത്തമകനെ കൊന്നു; പിന്നെ കുളത്തിൽ ചാട്ടം; നാവായിക്കുളത്ത് കണ്ടത് അച്ഛന്റെ ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് ആൺമക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതിന് പിന്നിൽ കുടുംബ വഴക്കിന് അപ്പുറമുള്ള ദുരൂഹതകളൊന്നും ഇല്ലെന്ന് പൊലീസ്. മൂത്തമകനെ വീട്ടിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഇളയ മകനുമൊത്ത് പിതാവ് നാവായിക്കുളം വലിയകുളത്തിൽ ചാടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൂന്ന് മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തി ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഞായറാഴ്ച വൈകീട്ടോടെ വെള്ളൂർകോണം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

നാവായിക്കുളം വടക്കേ വയലിൽ മംഗ്ലാവിൽ വാതുക്കൽ വയലിൽ വീട്ടിൽ സഫീർ (36), മക്കൾ അൽത്താഫ് (12), അൻഷാദ് (9) എന്നിവർക്കാണു ദാരുണാന്ത്യം. സഫീർ ഒറ്റയ്ക്കാണ് മാസങ്ങളായി കഴിഞ്ഞിരുന്നത്. ഭാര്യ റജീന സഹോദരനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നു വെള്ളിയാഴ്ച മക്കളെ കൂട്ടിക്കൊണ്ടു വന്നാണു സഫീർ കൊലപ്പെടുത്തിയതും ജീവനൊടുക്കിയതും. നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ 6,4 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് അൽത്താഫും അൻഷാദും.

സഫീറിന്റെ ഓട്ടോറിക്ഷ ഇന്നലെ രാവിലെ 9ന് നാവായിക്കുളം വലിയ കുളത്തിനു സമീപം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെയുള്ള കുളത്തിന്റെ പടിക്കെട്ടിൽ പഴ്‌സ്, മൊബൈൽ ഫോൺ, ചെരിപ്പ് എന്നിവ കണ്ടെത്തി. 11 മണിയോടെ സഫീറിന്റെയും ഒരു മണിയോടെ അൻഷാദിന്റെയും മൃതദേഹങ്ങൾ കുളത്തിൽ നിന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സ് പുറത്തെടുത്തു. 'മൂത്ത മകൻ വയലിൽ വീട്ടിൽ ഉണ്ട്' എന്ന കുറിപ്പ് ഓട്ടോറിക്ഷയിൽ നിന്നു ലഭിച്ചതിനെത്തുടർന്നാണ് അൽത്താഫിന്റെ കൊലപാതക വിവരം നാടറിയുന്നത്. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.

ശനിയാഴ്ച രാവിലെ പാലച്ചിറയിലെ ബന്ധുവീട്ടിൽ സഫീറും കുട്ടികളും എത്താത്തതിനെ തുടർന്ന് ഭാര്യാ സഹോദരൻ വീട്ടിലെത്തിയപ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാവായിക്കുളം വലിയകുളത്തിന് സമീപം ഏറെനേരമായി ഓട്ടോ ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ടെത്തി. പരിശോധിച്ചപ്പോഴാണ് ഓട്ടോയിൽനിന്നും മൂത്തമകൻ വീട്ടിലുണ്ട് എന്ന ഒറ്റ വരിക്കത്തും കുളത്തിലെ പടിക്കെട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചെുരുപ്പുകളും വാച്ചും കണ്ടെത്തിയത്. ഇതാണ് നാടിനെ നടുക്കിയ ദുരന്തം പുറംലോകത്തെ അറിയിച്ചത്.

എല്ലാത്തിനും പിന്നിൽ കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ച സഫീറിന് മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. അൽത്താഫിനെ കിടപ്പുമുറിയിലെ കട്ടിലിൽ കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ച് വായിൽ തുണി തിരുകിയ ശേഷം കത്തികൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു.

നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശിയായ സഫീർ 12 വർഷങ്ങൾക്ക് മുമ്പാണ് നാവായിക്കുളം സ്വദേശി റജീനയെ വിവാഹം കഴിച്ചത്. ദമ്പതിമാർക്ക് രണ്ട് ആൺകുട്ടികളുമായി. ഇവർ സന്തോഷകരമായി ജീവിച്ചുവരവെ ആറുമാസംമുമ്പാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. നാവായിക്കുളം പട്ടാളംമുക്കിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച സഫീർ. കുറച്ച് നാളായി ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സംശയവും അകാരണമായ ഭയവും സഫീറിനുണ്ടായതായും ഇതേത്തുടർന്ന് ഭാര്യക്ക് സഫീറിനോടൊപ്പം താമസിക്കാൻ പേടിയായെന്നും പറയപ്പെടുന്നു.

ഏതാനും മാസം മുമ്പ് സഫീറിന്റെ മാതാപിതാക്കൾ ചികിത്സക്കായി ഇദ്ദേഹത്തെ നെടുമങ്ങാട്ട് കൊണ്ടുപോകുകയും ഭേദമായ ശേഷം കുറച്ച് നാളുകൾക്ക് മുമ്പ് നാവായിക്കുളത്തെ വീട്ടിൽ എത്തുകയും ചെയ്തു. വൈരമലയിൽ സഫീറിനും ഭാര്യ റജീനക്കും പുതുതായി വീട് പണിയുകയും ചെയ്തു. ഈ വീട്ടിൽ ഭാര്യ സഹോദരനുമുണ്ടായിരുന്നു. എന്നാൽ പുതുതായി പണികഴിപ്പിച്ച വീട്ടിൽ താമസിക്കാൻ സഫീറിന് താൽപര്യമില്ലായിരുന്നു. സഫീർ മംഗ്ലാവിൽവാതുക്കലുള്ള വയലിൽവീട്ടിൽ താമസിക്കാൻ ഭാര്യയെ നിർബന്ധിച്ചിരുന്നെങ്കിലും ഭയം മൂലം ഭാര്യ ഈ വീട്ടിൽ പോകാൻ തയ്യാറായില്ല. തുടർന്ന് ഒറ്റക്കാണ് സഫീർ ഈ വീട്ടിൽ താമസിച്ചിരുന്നത്.

മദ്യപാനമോ അതുമായി ബന്ധപ്പെട്ട യാതൊരു ദുശീലങ്ങളോ സഫീറിനില്ലായിരുന്നെന്ന് സമീപവാസികളും പറയുന്നു. ഇടക്കിടെ രണ്ട് മക്കളെയും സഫീർ ഈ വീട്ടിൽ കൊണ്ട് വന്ന് നിർത്തുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ സഫീർ വൈരമലയിലുള്ള ഭാര്യവീട്ടിലെത്തി മക്കളെ കൂട്ടി തന്റെ ഓട്ടോറിക്ഷയിൽ പാപനാശത്തും തുടർന്ന് വർക്കല പാലച്ചിറയിലുള്ള ബന്ധുവീട്ടിലും എത്തിയിരുന്നു. ഈ വീട്ടിൽ ശനിയാഴ്ച അടുത്ത ബന്ധുവിന്റെ മരണാനന്തരചടങ്ങ് നടക്കാനിരിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും വാങ്ങി നൽകിയിരുന്നു. രാത്രി എട്ടരയോടെ പാലച്ചിറയിലെ വീട്ടിൽനിന്ന് കുട്ടികളുമായി ഇറങ്ങിയ സഫീർ രാത്രി 9മണിയോടെ തന്റെ വീട്ടിലെത്തി.

കുട്ടികളെ മയക്കികിടത്തിയതിന് ശേഷം മൂത്തകുട്ടിയെ കൈകാലുകൾ ബന്ധിച്ച് വീണ്ടും ഒരിക്കൽകൂടി കൈകൾ വയറുമായി ചേർത്ത് കെട്ടിയ ശേഷമാണ് കഴുത്തറുത്തത്. തുടർന്ന് ഇളയകുട്ടിയുമായി തന്റെ ഓട്ടോയിൽ നാവായിക്കുളം വലിയകുളത്തിന് സമീപമെത്തി പടിക്കെട്ടിൽ ചെരുപ്പും വാച്ചും പഴ്‌സും ഉപേക്ഷിച്ച് ഇളയകുട്ടിയെ മാറോട് ചേർത്ത് പിടിച്ച് കുളത്തിലേക്ക് ചാടിയതാകാം എന്നാണ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP