Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മളിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആവുന്ന ആ നിമിഷം മുതലാണ് അവന്റെ പേടിപ്പെടുത്തുന്ന മുഖം നമ്മൾ തിരിച്ചറിയാൻ തുടങ്ങുക; അത്ര നിസ്സാരനായി കാണരുത്; വർഷ കണ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

നമ്മളിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആവുന്ന ആ നിമിഷം മുതലാണ് അവന്റെ പേടിപ്പെടുത്തുന്ന മുഖം നമ്മൾ തിരിച്ചറിയാൻ തുടങ്ങുക; അത്ര നിസ്സാരനായി കാണരുത്; വർഷ കണ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

കോവിഡ് മഹാമാരിയെ വളരെ നിസ്സാരമായി കാണുന്നവർ ഇന്നുമുണ്ട്. നമ്മൾക്കിതൊന്നും വരില്ലെന്നും വന്നാലും അതിജീവിക്കും എന്നും എല്ലാം വീമ്പ് പറയുന്നവർ. ഇപ്പോഴിതാ, കോവിഡിനെ ആരും നിസ്സാരമായി കാണരുതെന്ന് പറയുകയാണ് വർഷ കണ്ണൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ.

കൊറോണ എന്ന മഹാമാരി ..'അവർക്ക് കൊറോണ ഇവർക്ക് കൊറോണ' എന്ന് കേൾക്കുമ്പോൾ നമ്മൾ അറിയുന്നില്ല അവൻ എത്ര ഭീകരനാണെന്ന് .. നമ്മളിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആവുന്ന ആ നിമിഷം മുതലാണ് അവന്റെ പേടിപ്പെടുത്തുന്ന മുഖം നമ്മൾ തിരിച്ചറിയാൻ തുടങ്ങുക .മനസ്സും ശരീരവും എല്ലാം വല്ലാതെ തളരും ..ആരും അവനെ അത്ര നിസ്സാരനായി കാണരുത്.- വർഷ കണ്ണൻ പറയുന്നു.

വർഷ കണ്ണന്റെ കുറിപ്പ്;

ദാ ഒരു പുതിയ വർഷം തുടങ്ങുന്നു ..2020 സമ്മാനിച്ചു പോയ ആഘാതം അത്ര ചെറുതല്ല .. ഞങ്ങൾ ഇപ്പോഴും അതിൽ നിന്ന് മോചിതരായിട്ടില്ല .. അച്ഛൻ ..അച്ഛൻ എന്നാൽ എനിക്ക് 'എന്റെ ബലം ' എന്നാണ്.ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടമുണ്ടായാലും 'എന്റച്ഛൻ ഉള്ളപ്പോൾ ഞാനെന്തിന് പേടിക്കണം ' എന്ന ചിന്ത മാത്രം മതി ,തളരാതെ പിടിച്ചു നിൽക്കാൻ ,സധൈര്യം മുന്നോട്ട് പോകാൻ..വിവാഹം കഴിഞ്ഞു രണ്ട് പിള്ളേർടെ അമ്മയായിട്ടും അച്ഛന്റെ മുന്നിൽ ഞാൻ ഇന്നും ഒരു സ്‌കൂൾ കുട്ടിയാണ്..ചെറിയ പേടിയും വല്ലാത്ത ബഹുമാനവും അളവറ്റ സ്‌നേഹവുമൊക്കെയുള്ള ഒരു കുട്ടി ..എന്റെ ഭർത്താവ് എപ്പോഴും എന്റെ മക്കളോട് കളിയായി പറയാറുണ്ട് 'അമ്മയ്ക്ക് അമ്മേടെ അച്ഛൻ കഴിഞ്ഞേയുള്ളു മക്കളേ വേറെ ആരും '...എന്ന് ..'അതെ അത് അത്രയേയുള്ളൂ' എന്ന് ഞാനും തലകുലുക്കി സമ്മതിക്കും ...വയസ്സ് അറുപത്തിയഞ്ചായെങ്കിലും അച്ഛൻ മനസ്സ് കൊണ്ട് ഞങ്ങളെക്കാൾ ചെറുപ്പമാണ്.യാത്ര ചെയ്യാൻ ഇത്രയേറെ ഇഷ്ടമുള്ള ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല ..ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതികളും ഒക്കെ അച്ഛന്റെ പ്രത്യേകതകളാണ് ..

പത്തു ദിവസങ്ങൾ മുൻപ് അച്ഛന് ഒരു ചെറിയ പനിക്കോളു കണ്ടു .ഒന്ന് രണ്ട് ദിവസം പാരസെറ്റമോൾ കഴിച്ചു .അതോടെ പനി വിട്ടു .മൂന്നാമത്തെ ദിവസം ചെറിയ ചെസ്‌ററ് കൺജഷൻ പോലെ തോന്നി ..എത്ര നിർബന്ധിച്ചിട്ടും ഹോസ്പിറ്റലിൽ വരാൻ അച്ഛൻ കൂട്ടാക്കിയില്ല.. ഓഹ് ഇത് കാര്യമില്ല ,മാറിക്കോളും എന്നാണ് അച്ഛൻ പറഞ്ഞത് ..കസിൻ ഡോക്ടറായതു കൊണ്ട് അവസാനം അവനെ വിളിച്ചു ചോദിച്ചു ..അവൻ പറഞ്ഞു 'വേറെ ബുദ്ധിമുട്ടൊന്നുമില്ലാത്തതു കൊണ്ട് മൂന്ന് ദിവസം ആന്റി ബയോട്ടിക് കഴിച്ചു നോക്കാം .പക്ഷെ കോവിഡ് ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത് '.. എന്തായാലും മൂന്ന് ദിവസം ആന്റി ബയോട്ടിക് കഴിക്കട്ടെ എന്നായി അച്ഛൻ. മൂന്ന് ദിവസം കഴിച്ചപ്പോൾ അച്ഛന് നല്ല ആശ്വാസം തോന്നി .

രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ചെറിയ ഒരു ക്ഷീണം പോലെ തോന്നി അച്ഛന് .ഇനി ഒന്നും നോക്കാനില്ല .എന്തായാലും ഹോസ്പിറ്റലിൽ വന്നേ പറ്റൂ എന്ന് ഞങ്ങൾ നിർബന്ധിച്ചു .പാതി മനസ്സോടെ അച്ഛൻ സമ്മതിച്ചു .ഹോസ്പിറ്റലിൽ ചെന്നപ്പോൾ കോവിഡ് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു ..ആർ ടി പി സി ആർ ചെയ്തു ..പിറ്റേന്നെ റിസൾട്ട് അറിയൂ എന്ന് ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു ..അന്ന് രാത്രി അച്ഛന് തീരെ ഉറങ്ങാൻ കഴിഞ്ഞില്ല .. തളർച്ചയും അവശതയും ..ആകെ വല്ലാത്ത അവസ്ഥ ..ഞങ്ങൾ വല്ലാതെ പേടിച്ചു .പിറ്റേന്ന് റിസൾട്ട് വന്നു , അച്ഛൻ കോവിഡ് പോസിറ്റീവ് ആണ് എന്ന് .പ്രായവും അവശതയും കണക്കിലെടുത്തു അഡ്‌മിറ്റ് ചെയ്യണം എന്നും പറഞ്ഞു ..ഞങ്ങളെല്ലാം വല്ലാത്ത ഒരവസ്ഥയിൽ ആയി .അച്ഛൻ തീർത്തും അവശനായത് പോലെ.. എന്റെ ശക്തിയെല്ലാം ചോർന്ന് പോകുന്ന പോലെ തോന്നി .ഈ സ്ഥിതിയിൽ എന്റെ അച്ഛൻ എങ്ങനെ തനിയെ ഹോസ്പിറ്റലിൽ .അതാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത് .ആരെയും കൂടെ നിർത്തുകയും ഇല്ല ..അച്ഛന്റെ മുഖത്ത് അന്നുവരെ കാണാത്ത ഒരു ഭയം ..ഈശ്വരാ ..എന്തൊരവസ്ഥയാണത് ..അവസാനം കസിൻ പറഞ്ഞു കുറച്ചു ദൂരെയാണെങ്കിലും അവൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യാം ..അവനവിടെയുണ്ടല്ലോ . അത്രയും ആശ്വാസമാകുമല്ലോ അച്ഛന് ..അങ്ങനെ തീരുമാനിച്ചു ..അച്ഛൻ തന്നെ ഡ്രസ്സ് ഒക്കെ ബാഗിൽ എടുത്തു വെച്ചു ..ഞങ്ങളോട് യാത്ര പറഞ്ഞ് കാറിൽ കയറുമ്പോഴുള്ള അച്ഛന്റെ മുഖം ...നെഞ്ച് പൊട്ടുന്ന പോലെ തോന്നി ..കരയാതെ പിടിച്ചു നിന്നു .അച്ഛനെ അത് കൂടുതൽ തളർത്തും .ഹോസ്പിറ്റലിൽ ചെന്ന് ചെസ്‌ററ് സി ടി സ്‌കാൻ ചെയ്തപ്പോൾ ചെറുതായി ന്യൂമോണിയ ഉണ്ട് എന്ന് കണ്ടു ..രണ്ട് ദിവസം കൂടെ കഴിഞ്ഞിരുന്നെങ്കിൽ സംഗതി അപകടമായേനെ എന്നാണ് ഡോക്ടർ പറഞ്ഞത് ...ട്രീറ്റ്‌മെന്റ് തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ അച്ഛൻ ഓകെ ആയി .. ആ ചിരിയും പ്രസരിപ്പും ഒക്കെ തിരിച്ചു വന്നു ...

അച്ഛൻ പോസിറ്റീവ് ആയതു കൊണ്ട് ഞങ്ങളെ എല്ലാം ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ..ഞങ്ങളെല്ലാം ടെസ്റ്റ് ന് ചെന്നു .ഞങ്ങളിൽ ആർക്കും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാത്തതു കൊണ്ട് വല്യ ആശങ്കകളില്ലാതെയാണ് ടെസ്റ്റ് ന് പോയത് .പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത റിസൾട്ട് ആണ് അറിഞ്ഞത് ..അനിയത്തിയും അവൾടെ കുഞ്ഞാവ ഒന്നര വയസ്സുകാരി ഇങ്കുവും പോസിറ്റീവ് ..വല്ലാതെ പേടിച്ചു പോയി .ഒരു നിമിഷം ഞങ്ങളുടെയെല്ലാം മാനസ്സിക നില തെറ്റുന്ന പോലെ തോന്നി .പിന്നെ പരസ്പരം ധൈര്യം കൊടുത്തും ആശ്വസിപ്പിച്ചും എന്ത് വന്നാലും നമ്മൾ ഒന്നിച്ചു നേരിടും എന്ന് നിശ്ചയിച്ചും മുന്നോട്ട് നീങ്ങി ..അവരെ വീടിന്റെ മുകളിലത്തെ നിലയിൽ ഐസൊലേറ്റ് ചെയ്ത് ഇരുത്തി.അവർക്ക് കൂട്ടായി ഇങ്കുന്റെ അച്ഛനും ...അതിനിടക്ക് എന്റെ അച്ഛൻ ഡിസ്ചാർജ് ആയി .ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചതുകൊണ്ട് അച്ഛനും ഒരു മുറിയിൽ അടച്ചിരിക്കുന്നു ..ഇവരെ ശുശ്രൂഷിച്ച് അമ്മയും ഞാനും ഏട്ടനും പിന്നെ ഒരിത്തിരി ആശ്വാസം പകരാൻ എന്റെ കുഞ്ഞനും പാറൂട്ടിയും ..ഞങ്ങൾ എല്ലാരും പൂർണ്ണ ആരോഗ്യത്തോടെ ഒത്തുചേരുന്ന ദിനത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ..

കൊറോണ എന്ന മഹാമാരി ..'അവർക്ക് കൊറോണ ഇവർക്ക് കൊറോണ' എന്ന് കേൾക്കുമ്പോൾ നമ്മൾ അറിയുന്നില്ല അവൻ എത്ര ഭീകരനാണെന്ന് .. നമ്മളിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആവുന്ന ആ നിമിഷം മുതലാണ് അവന്റെ പേടിപ്പെടുത്തുന്ന മുഖം നമ്മൾ തിരിച്ചറിയാൻ തുടങ്ങുക .മനസ്സും ശരീരവും എല്ലാം വല്ലാതെ തളരും ..ആരും അവനെ അത്ര നിസ്സാരനായി കാണരുത് .സൂക്ഷിക്കുക ..ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത് ..ഉടനെ വൈദ്യസഹായം തേടണം .ഓരോ ദിവസം കഴിയുന്തോറും അപകട സാധ്യത കൂടുതലാണ് .. ലക്ഷണങ്ങൾ കണ്ടാൽ ഉടനെ പോയി ടെസ്റ്റ് ചെയ്യുക ..നമ്മുടെയൊക്കെ ഫോണിലെ ഡയലർ ടോണിൽ പറയുന്നത് നൂറ് ശതമാനം ശരിയാണ് ..'ചിലപ്പോൾ ചെറിയ ഒരശ്രദ്ധ പോലും വലിയ വിപത്തിന് കാരണമാകും '..എല്ലാർക്കും എന്റെ പുതുവത്സരാശംസകൾ ...നല്ലതാവട്ടെ 2021
സ്‌നേഹം
വർഷ കണ്ണൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP