Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സാറ് ഈ പട്ടയം തിരിച്ചു കൊടുക്കണം.. ആ പണം വാങ്ങിച്ച് പാവപ്പെട്ടവരെ സഹായിക്കണം'; ഭൂമിയുടെ രേഖയ്ക്കൊപ്പം ശോഭ സിറ്റിയിൽ താമസിക്കാമെന്ന ബോബിയുടെ ഓഫർ തള്ളിക്കൊണ്ട് രഞ്ജിത്തും രാഹുലും പറഞ്ഞത് ഇങ്ങനെ; വസന്ത കൈമാറിയത് വ്യാജ രേഖയാണെങ്കിൽ നിയമപരമായി നേരിടുമെന്ന് ബോബി

'സാറ് ഈ പട്ടയം തിരിച്ചു കൊടുക്കണം.. ആ പണം വാങ്ങിച്ച് പാവപ്പെട്ടവരെ സഹായിക്കണം'; ഭൂമിയുടെ രേഖയ്ക്കൊപ്പം ശോഭ സിറ്റിയിൽ താമസിക്കാമെന്ന ബോബിയുടെ ഓഫർ തള്ളിക്കൊണ്ട് രഞ്ജിത്തും രാഹുലും പറഞ്ഞത് ഇങ്ങനെ; വസന്ത കൈമാറിയത് വ്യാജ രേഖയാണെങ്കിൽ നിയമപരമായി നേരിടുമെന്ന് ബോബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തർക്കഭൂമി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങിയ ശേഷമാണ് രാജന്റെ മക്കളെ കാണാൻ എത്തിയത്. ഈ ഭൂമി അവർക്ക് കൈമാറാൻ സന്നദ്ധത അറിയിച്ചു കൊണ്ടാണ് ബോബി എത്തിയത്. എന്നാൽ, സ്വർണ്ണ വ്യവസായിയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന വിധത്തിലായിരുന്നു ആ കുട്ടികൾ പെരുമാറിയത്. തങ്ങളുടെ പ്രശ്‌നം തീർക്കാൻ ഇടപെടേണ്ടത് സർക്കാറാണെന്നാണ് അവരുടെ വാദം. മാത്രമല്ല, വസന്തയിൽ നിന്നും ഭൂമി വാങ്ങി നൽകേണ്ടതല്ലെന്നും അവർ വാദിച്ചു.

വിവാദ ഭൂമി സർക്കാർ നൽകിയാലേ സ്വീകരിക്കൂവെന്നും ഇവർ നിലപാട് സ്വീകരിച്ചു. നിയമപരമായി വിൽക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണത്. വസന്ത എന്ന സ്ത്രീയുടെ പേരിലല്ല പട്ടയം. സുകുമാരൻ നായർ, വിമല, കമലാക്ഷി എന്നീ മൂന്നു പേരുടെ പേരിലാണു പട്ടയമെന്നാണു വിവരാവകാശ രേഖയിൽ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവർ ഭൂമി വേണ്ടെന്ന് ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്.

'സാറിനോട് നന്ദിയും ബഹുമാനവുമുണ്ട്. എന്നാൽ ഇത് കേസിൽ കിടക്കുന്ന ഭൂമിയാണ്. വസന്തയ്ക്ക് ഇതിൽ അവകാശമില്ല. അവർ സാറിന് തന്നത് വ്യാജ പട്ടയമായിരിക്കാം. സാറ് ഈ പട്ടയം തിരിച്ചുകൊടുക്കണം. ആ പണം വാങ്ങിച്ച് പാവപ്പെട്ടവരെ സഹായിക്കണം''- എന്നായിരുന്നു രഞ്ജിത്തും രാഹുലും ബോബിക്ക് മറുപടി നൽകിയത്.

ഈ സ്ഥലമെങ്ങനെയാണ് വസന്തയ്ക്കു വിൽക്കാൻ കഴിയുകയെന്നും കുട്ടികൾ ചോദിക്കുന്നു. കോളനിയിലെ സ്ഥലം വിൽക്കാനാവില്ല. പാരമ്പര്യമായി കൈമാറ്റം ചെയ്യാനേ വ്യവസ്ഥയുള്ളൂ. വ്യവസായി ബോബി ചെമ്മണ്ണൂരിനെ വസന്ത തെറ്റിദ്ധരിപ്പിച്ചാണു വസ്തു കച്ചവടം ചെയ്തിരിക്കുന്നതെന്നും കുട്ടികൾ പറഞ്ഞു.

അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഭൂമി സ്വന്തമാക്കാൻ കുട്ടികളെ സഹായിക്കുമെന്ന് ഇവരെ സന്ദർശിച്ച ബോബി പറഞ്ഞു. വസന്ത നൽകിയ പട്ടയ രേഖകൾ താനും വക്കീലും പരിശോധിച്ചിരുന്നു. അങ്ങനെയാണ് പണം കൊടുത്തു വാങ്ങാൻ തീരുമാനിച്ചത്. ഇനി അവർ പറ്റിച്ചതാണെങ്കിൽ അവർക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. കുട്ടികൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും താൻ ഒപ്പമുണ്ടാകുമെന്നും ബോബി വ്യക്തമാക്കി.

ബോബി ഫാൻസ് ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ അറിയിച്ചതനുസരിച്ചാണ് ശനിയാഴ്ച പുലർച്ചെ താൻ തിരുവനന്തപുരത്ത് എത്തിയതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. 'ഇവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമിയിൽ തന്നെ ഇവർക്കും ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടർന്ന് ബോബി ഫാൻസ് അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്ത് എത്തി. വസന്തയുമായി സംസാരിച്ചു. ഭൂമിക്ക് വില പറഞ്ഞു. കച്ചവടം ഉറപ്പിച്ചു. അഡ്വാൻസും നൽകി. അതിന്റെ രേഖകൾ കുട്ടികൾക്ക് കൈമാറാനാണ് വന്നത്. ഇനി ഇവിടെ പുതിയ വീട് നിർമ്മിക്കും. അത് വരെ ഇരുവർക്കും എന്റെ കൂടെ ശോഭ സിറ്റിയിൽ താമസിക്കാം. പുതുവർഷത്തിൽ ഇതെല്ലാം ചെയ്യാനായതിൽ ദൈവത്തോട് നന്ദി പറയുന്നു''-ബോബി ചെമ്മണ്ണൂർ പറഞ്ഞു.

എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ സഹായവാഗ്ദാനം രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു. നേരത്തെ 10 ലക്ഷം നൽകി സർക്കാർ ഇവരോട് കനിവു കാട്ടിയിരുന്നു. കൂടാതെ 5 ലക്ഷം രൂപ നൽകി യൂത്ത് കോൺഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും ഒപ്പമെത്തി. എന്നാൽ ആ മണ്ണിന്മേലുള്ള തകർക്കം നിലനിൽക്കുകയായിരുന്നു. ഈ ഭൂമിയിലെ അവകാശതർക്കം നിയമ കുരുക്കിൽ തന്നെ കിടക്കുകയാണ്. മാത്രവുമല്ല, വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. പോങ്ങിൽ കോളനിയിൽ പൊലീസിന്റെ കുടിയൊഴിപ്പിക്കലിന് കാരണമായ പരാതിക്കാരി വസന്തയ്ക്ക് ഈ ഭൂമിയിൽ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖയാണ് നേരത്തെ പുറത്തുവന്നത്.

സർക്കാർ കോളനികളിൽ 12 സെന്റ് ഭൂമി ഒരാൾക്കു മാത്രമായി പതിച്ചു നൽകാൻ സാധ്യതയില്ലെന്നു നിയമവിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. അതിയന്നൂർ വില്ലേജിൽ (ബ്ലോക്ക് നമ്പർ 21) 852/16, 852/17, 852/18 എന്നീ റീസർവേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാൽ ഈ ഭൂമി എസ്.സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു.

സർക്കാർ കോളനികളിൽ താമസിക്കുന്നവർക്കു പട്ടയം നൽകുമ്പോൾ പരമാവധി 2, 3, 4 സെന്റുകൾ വീതമാണു നൽകുന്നത്. ഇവ നിശ്ചിത വർഷത്തേക്കു കൈമാറ്റം ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാൻ കലക്ടർ നവ്‌ജ്യോത് ഖോസ തഹസിൽദാർക്കു നിർദ്ദേശം നൽകിയിരിക്കയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP