Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡിൽ റീടെയിലിലേയ്ക്ക് ചുവടുമാറ്റി നേട്ടം കൊയ്ത് സാപിൻസ്; കുതിപ്പു തുടരാൻ പുതിയ ഉൽപ്പന്നങ്ങളും

കോവിഡിൽ റീടെയിലിലേയ്ക്ക് ചുവടുമാറ്റി നേട്ടം കൊയ്ത് സാപിൻസ്; കുതിപ്പു തുടരാൻ പുതിയ ഉൽപ്പന്നങ്ങളും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡിനു മുമ്പ് വിൽപ്പനയുടെ 85%-വും സ്ഥാപനങ്ങളിൽ നിന്നുള്ള ഓർഡറുകളിലൂടെ നേടിയിരുന്ന മുൻനിര ഡെയറി ഉൽപ്പന്ന ബ്രാൻഡായ സാപിൻസ് കോവിഡിനെത്തുടർന്ന് റീടെയിലിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് നേട്ടമായെന്ന് സാപിൻസ് ഫാം പ്രൊഡക്റ്റ്‌സ് മാനേജിങ് ഡയറക്ടർ ജിജി തോമസ്. 12 വർഷത്തെ പാരമ്പര്യമുള്ള ബ്രാൻഡായിരുന്നെങ്കിലും മധ്യകേരളത്തിലെ നക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ബേക്കറികൾ, സ്റ്റാഫ് അക്കൊമൊഡേഷനുകൾ തുടങ്ങിയ കോർപ്പറേറ്റ് ബിസിനസ് രംഗത്തായിരുന്നു സാപിൻസിന്റെ ഊന്നൽ. എന്നാൽ കോവിഡ് വന്നതോടെ കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള ബിസിനസിൽ ക്ഷീണമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് ചില്ലറ വിൽപ്പനയിൽ കൂടുതൽ ശ്രദ്ധിച്ചാണ് വളർച്ച നിലനിർത്താനായതെന്ന് ജിജി തോമസ് പറഞ്ഞു.

ചില്ലറ വിൽപ്പനയിലൂടെ ബ്രാൻഡ് കൂടുതൽ ജനപ്രിയമായതിനു പുറമെ ക്യാഷ് ഫ്‌ളോയും ലാഭക്ഷമതയും വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിൽ 85% വിറ്റുവരവും റീടെയിൽ മേഖലയിൽ നിന്നായപ്പോൾ സ്ഥാപനങ്ങളിൽ നിന്നുള്ള ബിസിനസ് 15% ആയി. കടുത്ത മത്സരം, മുൻകൂട്ടി ഓർഡറുകൾ ലഭിക്കാത്തതിലെ അനിശ്ചിതത്വം, എക്‌സ്പയറി തീയതി കഴിഞ്ഞ ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കേണ്ടി വരുന്നതിലെ നഷ്ടം എന്നീ വെല്ലുവിളികൾ റീടെയിൽ രംഗത്തുണ്ട്. എന്നാൽ ആവശ്യം പഠിച്ചറിഞ്ഞ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിലൂടെ വേസ്റ്റേജ് 5%-ൽ താഴെ നിർത്താനാവുന്നു.

റീടെയിൽ മേഖലയിലെ വളർച്ച ലക്ഷ്യമിട്ട് കോർപ്പറേറ്റ് വിപണിയിൽ മാത്രം വിറ്റിരുന്ന നെയ്യ്, പനീർ, ബട്ടർ, ഖോവ എന്നീ ഉൽപ്പന്നങ്ങളും കമ്പനി റീടെയിൽ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു. പാൽ, തൈര് എന്നിവയ്‌ക്കൊപ്പം ഇവയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജിജി തോമസ് പറഞ്ഞു.

മുൻകൂട്ടിയുള്ള ചുവടുമാറ്റം മൂലം കോവിഡിനെ ചെറുത്തും ഈ വർഷം പ്രതീക്ഷിച്ച വിറ്റുവരവായ 25 കോടി നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വർഷത്തിനകം വിറ്റുവരവ് 100 കോടിയാക്കാനും ലക്ഷ്യമിടുന്നു.

റീടെയിലിലേയ്ക്ക് ചുവടുമാറ്റിയപ്പോൾ സൂപ്പർമാർക്കറ്റുകളേയും ചെറുകിട ഷോപ്പുകളേയും മാത്രം ആശ്രയിക്കാതെ ഫുഡ് കാരിയേഴ്‌സ് എന്ന ആപ്പു വഴി നേരിട്ട് വിതരണമാരംഭിച്ചതും സാപിൻസിന് തുണയായി. റെഡി റ്റു ഈറ്റ് ചപ്പാത്തി, ദോശ-ഇഡലി മാവ് മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റ് ബ്രാൻഡുകളുമായി സഹകരിച്ച് ബ്രേക്ഫാസ്റ്റ് ഉൽപ്പന്നങ്ങളുടെ ഡെലിവറി മോഡലാണ് ഫുഡ് കാരിയേഴ്‌സ് നടപ്പാക്കുന്നത്. ആപ്പിലൂടെ മാത്രം ആയിരത്തോളം സ്ഥിരം ഉപഭോക്താക്കളുണ്ട്.

കിഴക്കമ്പലത്ത് കമ്പനിക്കുള്ള പ്ലാന്റിന് പ്രതിദിനം 50,000 ലിറ്റർ പാൽ പ്രോസസ് ചെയ്യാനുള്ള ശേഷിയുണ്ട്. ടോൺഡ്, ഫുൾ ക്രീം തുടങ്ങി നാല് വകഭേദങ്ങളിലുള്ള പാലിനു പുറമെ തൈര് (പ്രതിദിനം 10,000 ലിറ്റർ), നെയ്യ് (1500 ലിറ്റർ), പനീർ, ബട്ടർ (പ്രതിദിനം 2-3 ടൺ) എന്നിങ്ങനെയാണ് കമ്പനിയുടെ ശേഷികൾ. കിഴക്കമ്പലത്ത് സ്വന്തമായുള്ള ഫാമിനു പുറമെ ക്ഷീരകർഷകരിൽ നിന്ന് ട്വന്റി20 വഴിയും കമ്പനി പാൽ വാങ്ങുന്നുണ്ട്.

നിലവിൽ മധ്യകേരളത്തിലാണ് സാപിൻസിന്റെ നേരിട്ടുള്ള റീടെയിൽ വിപണനം. അതേസമയം റിലയൻസ് സൂപ്പർമാർക്കറ്റുകൾ വഴി സംസ്ഥാനത്തുടനീളം സാപിൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്. റിലയൻസിന്റെ ജിയോമാർട് ആപ്പിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ കേരളീയ ബ്രാൻഡ് സാപിൻസ് ആണെന്നും ജിജി തോമസ് പറഞ്ഞു. കമ്പനിയുടെ സ്വന്തം വിതരണശൃംഖല വികസിപ്പിച്ച് വൈകാതെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ റീടെയ്ൽ വിപണികളിലെത്താനും സാപിൻസിന് പരിപാടിയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP