Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഉവൈസിക്ക് വേണ്ടി തമിഴകത്തെ രാഷ്ട്രീയ കക്ഷികളുടെ വടംവലി; എഐഎംഎം പാർട്ടിയെ മുന്നണിയുടെ ഭാഗമാക്കാൻ സജീവ നീക്കവുമായി ഡിഎംകെ; സ്റ്റാലിന്റെ ചരടുവലി കമൽഹാസന്റെ പാർട്ടിയുമായി ഒവൈസി ഒരുമിക്കാതിരിക്കാൻ വേണ്ടി; ഉവൈസിയെ തമിഴകത്തേക്ക് ക്ഷണിച്ചതിൽ അതൃപ്തിയുമായി മുസ്ലിംലീഗ്

ഉവൈസിക്ക് വേണ്ടി തമിഴകത്തെ രാഷ്ട്രീയ കക്ഷികളുടെ വടംവലി; എഐഎംഎം പാർട്ടിയെ മുന്നണിയുടെ ഭാഗമാക്കാൻ സജീവ നീക്കവുമായി ഡിഎംകെ; സ്റ്റാലിന്റെ ചരടുവലി കമൽഹാസന്റെ പാർട്ടിയുമായി ഒവൈസി ഒരുമിക്കാതിരിക്കാൻ വേണ്ടി; ഉവൈസിയെ തമിഴകത്തേക്ക് ക്ഷണിച്ചതിൽ അതൃപ്തിയുമായി മുസ്ലിംലീഗ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തെരഞ്ഞെടുപ്പു അടുത്തതോടെ തമിഴകത്തിൽ മുന്നണി വിപുലീകരണ ചർച്ചകൾ പലവഴിക്കാണ് നടക്കുന്നത്. രജനീകാന്ത് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങാനില്ലെന്ന പ്രഖ്യാപനം ഡിഎംകെ അടക്കമുള്ള കക്ഷികൾക്ക് വലിയ ആശ്വാസമായിരിക്കയാണ്. ഇതിനിടെ ഡിഎംകെ നേതൃത്വം കൊടുക്കുന്ന മുന്നണി വിപുലീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് എം കെ സ്റ്റാലിൻ. ഇതിന്റെ ഭാഗമായി അസദുദീൻ ഉവൈസിയുടെ എഐഎംഎം പാർട്ടിയെ മുന്നണിയുടെ ഭാഗമാക്കാനാണ് ഡിഎംകെ ശ്രമം തുടങ്ങിയത്. ഡിഎംകെ പാർട്ടി നടത്തുന്ന കോൺഫറൻസിലേക്ക് ഉവൈസിക്ക് ക്ഷണം ലഭിച്ചു.

ജനുവരി ആറിന് ചെന്നൈയിൽ വച്ചാണ് പാർട്ടി കോൺഫറൻസ് നടക്കുന്നത്. ഡിഎംകെയുടെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി ഡോ. മസ്താൻ ഉവൈസിയുടെ വസതിയിലെത്തിയാണ് ക്ഷണം നടത്തിയിരിക്കുന്നത്. 2021 ൽ ഏപ്രിലിലോ മെയ് മാസത്തിലോ ആയിരിക്കും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്. ഹൈദരാബാദിൽ തമിഴ്‌നാട്ടിലെ മജ്‌ലിസ് പാർട്ടി പ്രവർത്തകരമായി ചർച്ച നടത്തി വരികയാണ് ഉവൈസി. ജനുവരിയിൽ ചെന്നൈയിലും ട്രിച്ചിയിലും തെരഞ്ഞെടുപ്പ് നീക്കങ്ങളുമായി ബന്ധപ്പെട്ടുള്ള അന്തിമ യോഗം വിളിച്ചു ചേർക്കുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

തമിഴ്‌നാട്ടിൽ വ്യത്യസ്ത പക്ഷത്ത് നിൽക്കുന്ന മുസ്ലിം പാർട്ടികളെ ഒരുകുടക്കീഴിൽ നിർത്താൻ മജ്‌ലിസ് പാർട്ടിക്ക് കഴിഞ്ഞേക്കുമെന്നാണ് സൂചന. 2011 കണക്കെടുപ്പ് പ്രകാരം തമിഴ്‌നാട് ജനസംഖ്യയുടെ 5.86 ശതമാനമാണ് മുസ്ലിം വിഭാഗം. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, മനിതനെയ മക്കൾ കാച്ചി, മനിതനെയ ജനനയാഗ കാച്ചി, ഓൾ ഇന്ത്യ മുസ്ലിം ലീഗ്, തമിഴ്‌നാട് തൗവീദ് ജമാഅത്ത് തുടങ്ങിയ മുസ്ലിം പ്രാതിനിധ്യ പാർട്ടികളാണ് തമിഴ്‌നാട്ടിലുള്ളത്. ഇവയിൽ പലതും ഡിഎംകെയിലും എഐഎഡിഎംകെയിലുമായി ചേരി തിരിഞ്ഞ് നിൽക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തരെഞ്ഞെടുപ്പിലും എല്ലാ ചെറുമുന്നണികളെയും ഒരു പാളയത്തിലെത്തിക്കാൻ ഡിഎംകെ ശ്രമം നടത്തിയിരുന്നു. അതേനീക്കം തന്നെയാണ് ഇപ്പോഴും നടക്കുന്നത്.

നേരത്തെ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുമായി കൈകോർത്ത് മത്സര രംഗത്തിറങ്ങുന്നതുൾപ്പെടെ ഉവൈസി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ ഇതേപറ്റി ഇരു വിഭാഗവും പ്രതികരിച്ചിരുന്നില്ല. ഉവൈസിയും കമൽഹാസനും തമ്മിൽ കൈകോർക്കാനുള്ള സാധ്യത ഇരുവരുടെയും രാഷ്ട്രീയ നയം സംബന്ധിച്ച് കൂടുതലാണ്. നേരത്തെ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡസെയെ തീവ്രവാദി എന്ന് വിളിക്കണമെന്ന കമൽഹാസന്റെ പ്രസ്താവനയെ ഉവൈസി പിന്തുണച്ചിരുന്നു. ഈ നീക്കം തന്നെ മുന്നിൽ കണ്ടാണ് ഉവൈസിയെ ഒപ്പം നിർത്താൻ ഡിഎംകെയും ശ്രമിക്കുന്നത്.

അതേസമയം ഉവൈസിയെ ക്ഷണിച്ചുവരുത്തിയതിൽ വിവിധ മുസ്ലിംലീഗ് അടക്കം കടുത്ത എതിർപ്പിലാണ്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിലെ ഘടകക്ഷികളായിരുന്നു മനിതനേയ മക്കൾ കക്ഷിയും മുസ്ലിം ലീഗും. തിരഞ്ഞെടുപ്പിൽ ഇവർക്ക് ഏതാനും സീറ്റുകളും ഡിഎംകെ നൽകിയിരുന്നു. മുസ്ലിം പാർട്ടികൾക്ക് സ്വന്തം തട്ടകത്തേക്ക് മറ്റൊരു മുസ്ലിം കക്ഷി കടന്നുവരുന്നതിലാണ് എതിർപ്പ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യവും എഐഡിഎംകെ സഖ്യവും നേടിയ മുസ് ലിം വോട്ടിന്റെ ശതമാനത്തിലാണ് ഇതിന്റെ രഹസ്യംകിടക്കുന്നത്. 2011ലെ സെൻസസ് അനുസരിച്ച് 5.86 ശതമാനം മുസ്ലിംകളാണ് തമിഴ്‌നാട്ടിലുള്ളത്. അത് ഏകദേശം 42,29,479 വരും. ജനസംഖ്യയിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. കുറച്ച് ഷിയ വിഭാഗക്കാരുണ്ടെങ്കിലും തമിഴ് നാട്ടിൽ ഭൂരിഭാഗവും സുന്നി വിഭാഗക്കാരാണ്. കേരളത്തെ അപേക്ഷിച്ച് ശതമാനക്കണക്കിൽ വളരെ ചെറിയൊരു ജനസംഖ്യയാണ് അത്. എണ്ണത്തിൽ തമിഴ്‌നാട്ടിന്റെ ഇരട്ടിയോളമേയുള്ളൂവെങ്കിലും (88,73,472) ശതമാനക്കണക്കിൽ കേരളത്തിലെ വലിയൊരു ജനവിഭാഗമാണ് മുസ്ലിംകൾ. കേരളത്തിൽ മുസ്ലിംകൾ 26.56 ശതമാനമാണ്.

2016 തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയാണ് അധികാരത്തിലെത്തിയത്. ആകെയുള്ള 232 സീറ്റിൽ 136 സീറ്റ് എഐഎഡിഎംകെയും 89 സീറ്റ് ഡിഎംകെയും നേടി. പക്ഷേ, സീറ്റുകൾ കുറവായിരുന്നെങ്കിലും ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള വോട്ടിങ് ശതമാനത്തിൽ വലിയ വ്യത്യാസമില്ലായിരുന്നു. രണ്ട് സഖ്യവും ഏകദേശം 41 ശതമാനം വോട്ട് നേടിയതായാണ് കണക്ക്. ചെറിയൊരു വ്യത്യാസത്തിലൂടെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയാണ് ഇത് നൽകുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ എഐഎഡിഎംകെയിൽ നിന്ന് വ്യത്യസ്തമായി ഡിഎംകെ വ്യത്യസ്ത മുസ്ലിം കക്ഷികളെ കൂടെ നിർത്താൻ ശ്രമിച്ചിരുന്നു. മനിതനേയ മക്കൾ കക്ഷിക്ക് നാലും ലീഗിന് അഞ്ചും സീറ്റ് നൽകുകയും ചെയ്തു. മനിതനേയ മക്കൽ കച്ചി സീറ്റുകളൊന്നും നേടിയില്ല. ലീഗ് 1 സീറ്റ് നേടി. കഴിഞ്ഞ തവണത്തെ വിവിധ കക്ഷികൾക്ക് ലഭിച്ച മുസ് ലിം വോട്ടുകളുടെ ശതമാനം പരിശോധിച്ചാൽ ഡിഎംകെക്ക് 55ശതമാനവും എഐഎഡിഎംക്കെക്ക് 34 ശതമാനവുമാണ് ലഭിച്ചത്. ബിജെപിക്കു പോലും ഒരു ശതമാനം വോട്ട് ലഭിച്ചു. വിജയകാന്തിന്റെ ദേശീയ മുറുപോക്കു ദ്രാവിഡ കഴകം ആറ് ശതമാനം വോട്ട് നേടി. പാട്ടാളി മക്കൾ കക്ഷി, മറ്റുള്ളവർ എന്നിവർക്ക് രണ്ട് ശതമാനം വീതം വോട്ട് ലഭിച്ചു.

അപ്പുറത്തേക്കുപോയ 45 ശതമാനം വോട്ട് കൂടെ ഇപ്പുറത്തേക്കെത്തിക്കുകയാണെങ്കിൽ വലിയ വിജയസാധ്യതയുണ്ടാക്കുമെന്നായിരിക്കണം ഡിഎംകെ കണക്കുകൂട്ടുന്നത്. മുസ് ലിം വോട്ടുകൾ ഒരു ഭാഗത്ത് ഏകീകരിക്കുന്നതുമൂലം അവരുടെ വിലപേശൽ സാധ്യതയും വർധിക്കും. ഉവൈസിയെ പരീക്ഷിച്ച് ഈ ഏകീകരണമാണ് ഡിഎംകെ ലക്ഷ്യം വയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP