Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാലായും കാഞ്ഞിരപ്പള്ളിയും കേരളാ കോൺഗ്രസ് എമ്മിന് സ്വന്തം; ജയരാജിന്റെ സിറ്റിങ് സീറ്റ് വിട്ടു കൊടുക്കുമ്പോൾ സിപിഐയ്ക്ക് പകരം കിട്ടുക പൂഞ്ഞാർ; പാലായിൽ ഉടക്കിട്ട് ഇടതു പക്ഷം വിടാൻ എൻസിപിയിലെ മാണി സി കാപ്പൻ വിഭാഗവും; തദ്ദേശ മികവ് അംഗീകരിച്ച് ജോസ് കെ മാണി ചോദിച്ചതെല്ലാം കൊടുത്ത് പിണറായി

പാലായും കാഞ്ഞിരപ്പള്ളിയും കേരളാ കോൺഗ്രസ് എമ്മിന് സ്വന്തം; ജയരാജിന്റെ സിറ്റിങ് സീറ്റ് വിട്ടു കൊടുക്കുമ്പോൾ സിപിഐയ്ക്ക് പകരം കിട്ടുക പൂഞ്ഞാർ; പാലായിൽ ഉടക്കിട്ട് ഇടതു പക്ഷം വിടാൻ എൻസിപിയിലെ മാണി സി കാപ്പൻ വിഭാഗവും; തദ്ദേശ മികവ് അംഗീകരിച്ച് ജോസ് കെ മാണി ചോദിച്ചതെല്ലാം കൊടുത്ത് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജോസ് കെ മാണിയുടെ പ്രധാന രണ്ട് ആവശ്യങ്ങളും അംഗീകരിച്ച് ഇടതു മുന്നണി. പാലാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകും. കാഞ്ഞിരപ്പള്ളിയിൽ ജയരാജിനും മത്സരിക്കും. കേരളാ കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി വിട്ടു കൊടുക്കാൻ സിപിഐയും സമ്മതിച്ചുവെന്നാണ് സൂചന. പൂഞ്ഞാറിൽ സിപിഐയ്ക്ക് പകരം സീറ്റ് കൊടുക്കും. ഇതോടെ കോട്ടയത്തെ നിയമസഭാ സീറ്റുകളെ കുറിച്ചുള്ള ഇടതു പക്ഷത്തെ പ്രധാന തർക്കം തീരുകയാണ്. എന്നാൽ പാലായിൽ മാണി സി കാപ്പൻ തെറ്റാനും സാധ്യതയുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ വരവ് ഇടതു പക്ഷത്തിന് ഗുണം ചെയ്തു. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ജില്ലാ പഞ്ചായത്ത് പോലും സിപിഎമ്മിന് കിട്ടി. ഇതിന് കാരണം കേരളാ കോ്ൺഗ്രസ് എമ്മാണെന്ന് സിപിഎം വിലയിരുത്തലിൽ എത്തി. ഇത് സിപിഐയും അംഗീകരിച്ചു. അതുകൊണ്ടാണ് കേരളാ കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റിലെ അവകാശ വാദം സിപിഐ കൈവിട്ടത്. ഇതോടെ കോട്ടയത്ത് ഇടതു മുന്നണിയിലെ പ്രബല കക്ഷിയായി ജോസ് കെ മാണി മാറും.

യുഡിഎഫുമായി 39 വർഷത്തെ ബന്ധം വിച്ഛേദിച്ച് എൽഡിഎഫിലെത്തിയ കേരള കോൺഗ്രസിന് (എം) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 12 സീറ്റിൽ മത്സരിക്കാം. 15 സീറ്റാണ് സിപിഎമ്മിനോട് ജോസ് കെ മാണി ചോദിച്ചത്. ഇതിൽ 13 കിട്ടാനും സാധ്യതയുണ്ട്. സിപിഎമ്മുമായി നടത്തിയ പ്രാഥമിക ചർച്ച ഫലപ്രദമായിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, പെരുമ്പാവൂർ, പിറവം, ചാലക്കുടി, കുറ്റ്യാടി (അല്ലെങ്കിൽ തിരുവമ്പാടി), ഇരിക്കൂർ (അല്ലെങ്കിൽ പേരാവൂർ) എന്നീ സീറ്റുകൾ കേരള കോൺഗ്രസിനു (എം) നൽകാനാണ് സിപിഎമ്മുമായുള്ള പ്രാഥമിക ചർച്ചയിലെ ധാരണ.

ഇടതുപക്ഷത്തുള്ള കേരളാ കോൺഗ്രസുകളെ ജോസ് കെ മാണിക്കൊപ്പം കൊണ്ടു വരാനും നീക്കം സജീവമാണ്. ആന്റണി രാജുവിന്റെ ജനാധിപത്യ കേരളാ കോൺഗ്രസ്, സക്റിയാ തോമസിന്റെ കേരളാ കോൺഗ്രസ്. പിന്നെ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ്. ഈ മൂന്ന് പാർട്ടിക്കും ഓരോ സീറ്റ് വീതം കിട്ടും. ഇതിൽ ആന്റണി രാജുവിന് ജോസ് പക്ഷത്ത് ലയിച്ചാൽ മാത്രമേ സീറ്റ് കിട്ടാൻ ഇടയുള്ളൂ. അങ്ങനെ എങ്കിൽ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കാം. സ്‌കറിയാ തോമസിന് പ്രത്യേക സീറ്റ് അനുവദിക്കില്ലെന്നാണ് സൂചന.

ജോസ് കെ. മാണി എത്തുമ്പോൾ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസ്, സ്‌കറിയാ തോമസ് വിഭാഗം, ബാലകൃഷ്ണപിള്ള വിഭാഗം തുടങ്ങിയ കക്ഷികളും ഇടതുമുന്നിയിലുണ്ട്. ഫ്രാൻസിസ് ജോർജ് പിജെ ജോസഫിനൊപ്പം പോയി. ഇതോടെ ജനാധിപത്യ കേരളാ കോൺഗ്രസ് ദുർബ്ബലമായി. ഈ സാഹചര്യത്തിലാണ് ആന്റണി രാജുവിനോട് ജോസ് പക്ഷത്തേക്ക് ചേരാൻ ആവശ്യപ്പെടുന്നത്. ജോസ് കെ മാണിയുമായി സിപിഎം സീറ്റുകളുടെ കാര്യത്തിൽ അനൗദ്യോഗിക സംഭാഷണം നടന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സിപിഐയുടെയും പാലാ എൻ.സി.പിയുടെയും സീറ്റുകളായതിനാൽ അക്കാര്യത്തിൽ തീരുമാനമായില്ല. പാലായ്ക്ക് പകരം എൻ.സി.പിക്ക് ജോസ് കെ. മാണി ഒഴിയുന്ന രാജ്യസഭാ എംപി. സ്ഥാനവുമാണ് വാഗ്ദാനം. എന്നാൽ എൻ.സി.പി. ഇതിന് പൂർണമായി വഴങ്ങിയിട്ടില്ല.

പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് എൻസിപി എൽഡിഎഫ് വിടാൻ ആലോചിക്കുന്നതായി സൂചനകളുണ്ട്. ഏറെക്കാലത്തിന് ശേഷം തിരിച്ചുപിടിച്ച പാലാ സീറ്റ് കൈവിട്ടുകളയുന്നതിൽ പാലാ എംഎൽഎ മാണി സി കാപ്പനുണ്ട്. പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാൽ ഇതിൽ പ്രതിഷേധിച്ച് യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്റെ ആലോചന. പാല കൈവിട്ട് കളയേണ്ടി വന്നാൽ പാർട്ടി യുഡിഎഫിലേക്ക് പോകുന്നതിൽ ദേശീയനേതൃത്വവും പച്ചക്കൊടി കാട്ടുന്നുണ്ട്.

എന്നാൽ മന്ത്രി എ കെ ശശീന്ദ്രനും പക്ഷത്തിനും എൽഡിഎഫ് വിടുന്നതിനോട് കടുത്ത എതിർപ്പാണുള്ളത്. അങ്ങനെയെങ്കിൽ എൻസിപി പിളരും. മന്ത്രി സി കെ ശശീന്ദ്രൻ ജയിച്ച എലത്തൂർ മണ്ഡലം കിട്ടുമോ എന്നത് മാത്രമല്ല, ആ പക്ഷത്തിന്റെ ആശങ്ക. എത്ര സീറ്റ് ഇടതു പക്ഷം നൽകുമെന്നതും ചോദ്യമാണ്. ഇതെല്ലാം ശശീന്ദ്രനും കണക്കിലെടുക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോൺഗ്രസ് എസ്സുമായി ചർച്ച ചെയ്ത് മുന്നണിയിൽത്തന്നെ നിൽക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ ആലോചന.

ഡിസംബർ 25-ന് മുന്നണിമാറ്റം സംബന്ധിച്ച് എൻസിപി സംസ്ഥാനഅധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും വിശദമായ ചർച്ച നടത്തിയിരുന്നു. ദേശീയനേതൃത്വവുമായി ചർച്ച നടത്തി, മുന്നണിമാറ്റം വേണ്ടി വന്നാൽ സമ്പൂർണപിന്തുണ ഉറപ്പാക്കിയ ശേഷമാണ് ഇത്തരത്തിലൊരു ചർച്ചയിലേക്ക് തന്നെ എൻസിപി സംസ്ഥാനനേതൃത്വം എത്തിയത്. അടുത്തയാഴ്ചയോടെ എൻസിപി ജില്ലാകമ്മിറ്റി യോഗങ്ങൾ ചേരുന്നുണ്ട്. ഇത്തരത്തിൽ മുന്നണിമാറ്റം എന്ന തീരുമാനമുണ്ടായാൽ അതിന്റെ ഗുണം മാണി സി കാപ്പന് മാത്രമാണ് എന്നാണ് മിക്ക ജില്ലാ കമ്മിറ്റികളുടെയും നിലപാട്. ഇതും ചർച്ചകളിൽ നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP