Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നക്സൽ പ്രസ്ഥാനം തകർന്നതോടെ പലരും ആത്മഹത്യ ചെയ്തു; ചിലർക്ക് ഭ്രാന്തായി; 'സ്മാരകശിലകൾ' തൂക്കിവിറ്റു; കടത്തുകടക്കാൻ പോലും പണമില്ലാതെ ഗൾഫിൽ കാത്തുനിന്നിരുന്നു; ഭാര്യക്ക് പ്രതിമാസം ശമ്പളം കൊടുക്കുന്നത് 50,000 രൂപ; സംഭവബഹുലമായ ജീവിതം പറഞ്ഞ് ജോയ് മാത്യു

നക്സൽ പ്രസ്ഥാനം തകർന്നതോടെ പലരും ആത്മഹത്യ ചെയ്തു; ചിലർക്ക് ഭ്രാന്തായി; 'സ്മാരകശിലകൾ' തൂക്കിവിറ്റു; കടത്തുകടക്കാൻ പോലും പണമില്ലാതെ ഗൾഫിൽ കാത്തുനിന്നിരുന്നു; ഭാര്യക്ക് പ്രതിമാസം ശമ്പളം കൊടുക്കുന്നത് 50,000 രൂപ; സംഭവബഹുലമായ ജീവിതം പറഞ്ഞ് ജോയ് മാത്യു

മറുനാടൻ ഡെസ്‌ക്‌

 ക്ഷുഭിത യൗവനം എന്ന് കവികൾ പാടിപ്പുകഴ്‌ത്തിയ നക്സൽ കാലത്തിലൂടെ കടന്നുവന്ന്, നാടകം, പ്രസാധനം, മാധ്യമ പ്രവർത്തനം, സിനിമ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ച നടൻ ജോയ് മാത്യുവിന്റെ ജീവിതം ഒരു കാലഘട്ടത്തിന്റെ പരിച്ഛേദം കൂടിയാണ്. 17ാം വയസ്സിൽ ജയിൽവാസം അനുഭവിച്ച അയാൾ, എക്കാലവും അനീതിക്കെതിരെ ശബ്ദമുയർത്തിയിരുന്നു. നക്സൽ പ്രസ്ഥാനത്തിന്റെ തകർച്ചയോടെ ചെറുപ്പക്കാരിൽ പലരും ആത്മഹത്യ ചെയ്തതും പലർക്കും ഭ്രാന്തായതും തന്റെ ജീവിതത്തിൽ നേരിട്ട് കണ്ടത് അദ്ദേഹം വിവരിക്കുന്നു. പ്രസാധന മേഖലയിലേക്ക് കടന്ന് വലിയ തുക കടമായ ജോയ് മാത്യു നൂറു രൂപപോലും കൈയിലില്ലാതെതാണ് ഗൾഫിലേക്ക് പോകുന്നത്. അതേ നാട്ടിൽ പിന്നെ റെഡ് കാർപ്പറ്റിലൂടെ തന്റെ ചിത്രവുമായി വരുന്നത് അടക്കമുള്ള കാര്യങ്ങൾ ജോയ് മാത്യു വിശദീകരിക്കുന്നു.മറുനാടൻ മലയാളിയുടെ അഭിമുഖ പരിപാടിയായ ഷൂട്ട് അറ്റ് സൈറ്റിൽ എഡിറ്റർ ഷാജൻ സ്‌കറിയയോട് ജോയ് മാത്യു തന്റെ സംഭവബഹുലമായ ജീവിതം പറയുന്നു. അഭിമുഖത്തിന്റെ മൂന്നാം ഭാഗം വായിക്കാം.

ഷാജൻ സ്‌കറിയ: അങ്ങ് ഇപ്പോൾ സാമ്പത്തികമായി സുരക്ഷിതനാണ്, പ്രശസ്തനാണ്. പക്ഷേ ഒരു കഷ്ടകാലം ഉണ്ടായിരുന്നില്ലേ, ആ അനുഭവങ്ങൾ പറയാമോ?

ജോയ് മാത്യു: ഇപ്പോഴും കഷ്ടകാലം തന്നെയാണ്. ലോൺ എത്ര അടയ്ക്കാനുണ്ടെന്ന് അറിയാമോ? കാണുന്ന പത്രാസൊന്നും നോക്കിയിട്ട് കാര്യമില്ല. സമ്പന്നൻ എന്ന് പറയണമെങ്കിൽ അത്രമാത്രം സമ്പത്ത് വേണം. ഇപ്പോൾ കോവിഡ് പീരിയഡ് ആണ്. ഒരു എട്ടുമാസം ജോലിയില്ലാതെ വീട്ടിലിരുന്നാൽ എനിക്ക് ഈ സമ്പത്ത് ഉണ്ടാവില്ല. നമ്മൾ ഈ സ്റ്റാറ്റസ്‌കോ മെയിന്റയിൻ ചെയ്യണ്ടേ. നമ്മളെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് പേരുണ്ട്. ഇവർക്ക് സഹായം കൊടുക്കേണ്ടെ. ഒരാൾക്ക് കൊടുത്താൽ പോര. ഈ ലോണുകളും ചെലവുകളുമൊക്കെ അങ്ങനെ നിൽക്കും. നമുക്ക് വരുമാനമില്ലെങ്കിലുള്ള അവസ്ഥ നോക്കു. അപ്പോൾ സമ്പന്നൻ എന്ന അവസ്ഥയില്ല. പിന്നെ ബുദ്ധിമുട്ടുകൾ കുറേ കുറഞ്ഞു എന്ന് പറയാം. ഇപ്പോൾ എനിക്ക് കടം ചോദിച്ചാൽ ആരും തരും.

ചോദ്യം: പഴയ പ്രതിസന്ധിയുടെ കാലം ഒന്ന് ഓർക്കാമോ?

ദുരിതങ്ങൾ കേൾക്കാൻ ആളുകൾക്ക് താൽപ്പര്യം ഉണ്ടാവില്ല. മാത്രമല്ല ആ കാലമൊക്കെ ഞാൻ തന്നെ സ്വയം മറന്നതാണ്. അതൊക്കെ ഓർക്കുമ്പോൾ വലിയ ബുദ്ധിമുട്ടാണ്. നമ്മുടെ അടുത്ത ചില ആളുകൾ പോലും നമ്മോട് കാണിച്ചിട്ടുള്ള പലതും ഓർമ്മവരും. അപ്പോൾ എനിക്ക് പിന്നെ അവരോട് ശത്രുത തോന്നും. ഇപ്പോൾ അതൊക്കെ മറന്നിരിക്കയാണ്.

ദുബൈയിൽ ഇറങ്ങുമ്പോൾ എന്റെ കൈയിൽ ഒരു നൂറുരൂപ പോലും ഇല്ലായിരുന്നു. പരിചയമില്ല. അബ്ര എന്ന് പറയുന്ന ഒരു കടവ് ഉണ്ട് അവിടെ. ഞാൻ താമസിക്കുന്ന സ്ഥലത്തേക്ക് പോകണമെങ്കിൽ ഈ കടവ് കടക്കണം. 50 ഫിൽസാണ് അതിന്റെ ചാർജ്. ഒരു ദിർഹമല്ല, അതിന്റെ പകുതി. അതില്ലാത്തതുകൊണ്ട് ഞാൻ അവിടെ നിന്നിട്ടുണ്ട്. ഒരു സുഹൃത്ത് പൈസയുമായി വരാമെന്ന് പറഞ്ഞതാണ്. പക്ഷേ അവന് വരാൻ പറ്റിയില്ല. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല. ഫോണിലെ ചാർജ് പോയി. 20 ദിർഹം കടംതരാം എന്നാണ് അവൻ പറഞ്ഞിരുന്നത്. അവസാനം രണ്ടും കൽപ്പിച്ച് അവസാന കടത്തിൽ ഞാൻ കയറി. പാക്കിസ്ഥാനികളും ഇറാനികളും ആണ് ഈ കടത്ത് നടത്തിപ്പുകാർ. പൈസയില്ല, പിന്നീട് തരാം എന്ന് അവരോട് ഹിന്ദിയിൽ പറഞ്ഞു. കുഴപ്പമില്ല എന്ന് അവരും.

അങ്ങനെ ഞാൻ ഷട്ടർ എന്ന സിനിമ എടുത്തപ്പോൾ അതിന്റെ ബാനർ എന്താണെന്ന് അറിയുമോ. അബ്രാ ഫിലിംസ്. ആ സിനിമ ദുബൈ ഗവൺമെന്റിന്റെ വേൾഡ് പ്രീമിയർ ആയി കാണിച്ചു. റെഡ് കാർപ്പറ്റിലാണ് ഞാൻ അന്ന് അവിടെ പോയത്. പറയുമ്പോൾ രോമാഞ്ചം വരും. ഇതൊക്കെ ജീവിതത്തിന്റെ വിവിധ മുഖങ്ങളാണ്. ഒരു മനുഷ്യന് കിട്ടേണ്ട സൗഭാഗ്യങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പഴയ ദുരിതങ്ങൾ ഇനി ഓർക്കാൻ വയ്യ.

ചോദ്യം: ബോധി ബുക്‌സിന്റെ തകർച്ചയായിരുന്നല്ലോ, താങ്കളെ ഗൾഫിൽ എത്തിക്കുന്നത്. മാധ്യമ പ്രവർത്തനം അതിനുമുമ്പേ തന്നെ ഉണ്ടായിരുന്നോ?

ഞാൻ സൂര്യ ടിവിയിൽ വർക്ക് ചെയ്തിരുന്നു. അന്ന് ഏഷ്യാനെറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്യൂറോകൾ തുടങ്ങുന്നതിന് മുമ്പ് സ്ട്രിങ്ങേഴ്സ് ആയിട്ടാണ് അപ്പോയിന്റ് ചെയ്യുക. പിന്നെ ആണ് അത് ബ്യൂറോ ആവുന്നത്്. എനിക്കവിടെ ഓഫീസും കാര്യങ്ങളും ഒക്കെ ഉള്ളതുകൊണ്ട് മലബാറിന്റെ ചുമതല എൽപ്പിച്ചു. ഞാൻ ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ ഫ്രീ പ്രസ് ജേണലിൽ അടക്കം പ്രവർത്തിച്ചിരുന്നു. പല പരിപാടികളും ഉണ്ടായിരുന്നു.

ചോദ്യം: നക്സൽ അനുഭാവവും സാംസ്കാരിക വേദി പ്രവർത്തനവുമൊക്കെ തുടങ്ങുന്നത് ഏത് കാലത്താണ്?

പ്രീഡിഗ്രി കാലത്താണ്. അടിയന്തരാവസ്ഥ കഴിഞ്ഞതോടെ. വ്യവസ്ഥിതിക്കെതിരെ ഒരു തീവ്ര വിദ്വേഷം വരുന്ന കാലമായിരുന്നു അത്. മർദനങ്ങളെക്കുറിച്ചും ഒരുപാട് ആളുകളെ ഉരുട്ടിക്കൊന്നതിന്റെയുമൊക്കെ വാർത്തകൾ പുറത്തുവരുന്ന കാലം. അന്ന് നാടക പ്രസ്ഥാനവും സാംസ്കാരിക വേദിയുമൊക്കെ സജീവമായിരുന്നു. സ്വാഭാവികമായും സമൂഹിക തിന്മകളോട് ഫൈറ്റ് ചെയ്യണമെന്ന് ചിന്തയുള്ളവർ ഇടതുപക്ഷത്തേക്ക് പോവും. ഇടതുപക്ഷത്തിൽ തന്നെ തീവ്രസ്വഭാവുമുള്ളതിലേക്കാണ് പോവുക. അങ്ങനെയാണ് സാംസ്കാരിക വേദിയുമായൊക്കെ ബന്ധപ്പെടുന്നത്.

ചോദ്യം: ജയിൽവാസം അനുഷ്ഠിച്ചിരുന്നോ?

അതെ ഒന്ന് രണ്ട് കേസുകൾ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റിയിൽ നടന്ന മാർക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങൾ വി സിയെ ഘെരാവോ ചെയ്തു. ഞങ്ങൾക്ക് വിപ്ലവ വിദ്യാർത്ഥി സംഘടന എന്നൊരു പ്രസ്ഥാനം ഉണ്ടായിരുന്നു. സിപിഐഎംഎല്ലിന്റെ വിദ്യാർത്ഥി വിഭാഗമാണ്. മഞ്ചേരിയിലടക്കം 16 ദിവസം ജയിലിൽ കിടന്നു. അപ്പോഴേക്കും ഞങ്ങൾ നിരാഹാരം തുടങ്ങി. അതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് പ്രിസൺ സെല്ലിലേക്ക് മാറ്റി. അവിടെ കാര്യങ്ങൾ കുഴപ്പമില്ലായിരുന്നു. ഞങ്ങൾക്ക് മുമ്പ് പീഡനം ഏറ്റവാങ്ങിയ ഒരുപാട് പേരോടുള്ള ബഹുമാനം മൂലം ഞങ്ങൾക്ക് വലിയ പീഡനം ഉണ്ടായില്ല. ഞാനൊന്നും ഒരു പീഡനം അനുഭവിച്ചു എന്ന് അവകാശപ്പെടുന്നില്ല.

ജയിലിൽ പോയത് ശരിയാണ്. ചില അടിയും തൊഴിയും കിട്ടിയിട്ടും ഉണ്ടാവും. പക്ഷേ അതിക്രൂരമായ പീഡനം എനിക്ക് ഉണ്ടായിട്ടില്ല. എന്റെ സുഹൃത്ത് വേണു പൂവാട്ടുപറമ്പൊക്കെയുണ്ട്. ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ഉരുട്ടിയും, ചവുട്ടിയുമൊക്കെ കൊടിയ പീഡനമാണ് ഏറ്റുവാങ്ങിയത്. പുലിക്കോടൻ നാരായണൻ കക്കയം ക്യാമ്പിലേക്ക് വന്നാൽ അവിടെ ആരെയാണോ ആദ്യം കാണുന്നത് അയാളെ കഴുത്തിന് പുറകിൽ ചവിട്ടുമായിരുന്നു. അങ്ങനെ ഒരുപാട് പീഡനങ്ങൾ കഴിഞ്ഞപ്പോൾ അടിയന്തരാവസ്ഥ കഴിഞ്ഞതോടെ പൊലീസുകാർക്കുതന്നെ അവരോട് ബുഹമാനമായി.

അപ്പോൾ ഞങ്ങൾക്ക് സ്വാഭാവികമായും ആ ബഹുമാനത്തിന്റെ പങ്ക് കിട്ടിയിരുന്നു. ലാത്തിച്ചാർജിലൊക്കെ എനിക്ക് ശരിക്കും അടി കിട്ടിയിട്ടുണ്ട്. ഈ സമയത്തുതന്നെയാണ് നാടക പ്രവർത്തനമൊക്കെ. സാംസ്കാരിക വേദിയിലുള്ള സമയത്തൊക്കെ ഞാൻ നാടകം എഴുതിയിട്ടുണ്ട്. സംവിധാനം ചെയ്തിട്ടുണ്ട്. അപ്പോൾ പൊലീസ് കേസുമുണ്ട്.

പിന്നെ ഞാൻ ബോംബെക്കുപോയി. സാംസ്കാരിക വേദിയും ഈ പ്രസ്ഥാനവും തകർന്നപ്പോൾ കേരളത്തിലെ ചെറുപ്പക്കാരിൽ പലരും ആത്മഹത്യ ചെയ്തു. അഞ്ചോളം പേരെ എനിക്ക് നേരിട്ട് അറിയാം. സച്ചിദാനന്ദന്റെ കവിതയുണ്ട് അവരെപ്പറ്റി. കുറേപ്പേർക്ക് മാനസികനില തെറ്റി. കാരണം ഇത്, വലിയ സ്വപ്നമാണ്. വിപ്ലവം വരുമെന്നൊക്കെ. അത് തകരുകയാണ്. പലർക്കും അത് താങ്ങാൻ കഴിഞ്ഞില്ല. പാർട്ടി പിരിച്ചുവിട്ടു എന്നൊക്കെ പറഞ്ഞപ്പോൾ ചിലർക്ക് ഭ്രാന്തായിപ്പോയി. ചിലർ മദ്യപാനത്തിലേക്ക് തിരിഞ്ഞു. ഞാനും ആ രീതിയിലുള്ള അരാജക ജീവിതത്തിലേക്ക് ഇങ്ങനെ പോയ്ക്കൊണ്ടിരിക്കയായിരുന്നു. പക്ഷേ എനിക്ക് തോന്നി ഈ പോക്ക് ശരിയല്ല.

ചോദ്യം: സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടുമൊക്കെ?

സച്ചിദാനന്ദനൊക്കെ ഞങ്ങളുടെ സീനിയർ ആയിരുന്നു പ്രസ്ഥാനത്തിൽ. ബാലചന്ദ്രൻ പ്രസ്ഥാനത്തിൽ സജീവമായിരുന്നില്ല. അനുഭാവിയായിരുന്നു. ചില സമരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ആദ്യമേ അവൻ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് പോയി.

ഞാൻ പിന്നെ പൂനയ്ക്ക് പോയി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനായി. പക്ഷേ അവിടെ ചേരാൻ പറ്റിയില്ല. അങ്ങനെയാണ് ജേണലിസം പഠിക്കാൻ തീരുമാനിച്ച് ബോംബെയിൽ പോയി. അതിനിടക്ക് ജോൺ എബ്രഹാം വന്ന് കയ്യൂർ എന്ന സിനിമ ഉണ്ടാക്കാൻ നോക്കി പരാജയപ്പെട്ടു. അതിന്റെ കുടെ കുറച്ച് വർക്ക് ചെയ്തു. പിന്നെ ബോംബെയിൽ സൺഡേ ഒബ്സർ എന്ന പത്രത്തിന്റെ ആർട്ട്പേജിൽ എഴുതാൻ തുടക്കി. ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന, ചിത്ര പ്രദർശനത്തെപ്പറ്റി നാലുകോളം എഴുതിയാൽ അഞ്ഞൂറ് രൂപ കിട്ടും. ചിത്രകാരന്മാർ തന്നെ ഫോട്ടോയും തരും. പക്ഷേ ഞാൻ ഫോട്ടോക്ക് വേറെ ബില്ലും കൊടുക്കും. പിന്നെ മാതൃഭൂമിക്ക് കോൺട്രിബ്യൂട്ട് ചെയ്തിരുന്നു. വീക്ക്ലിക്ക്. അങ്ങനെ ബോംബെയിൽ ജീവിച്ചുപോയി. ജെയ്ക്കോ പബ്ലിഷിങ്് ഹൗസിൽ ജോലിചെയ്തു. അതുകഴിഞ്ഞ് തിരിച്ച് നാട്ടിൽ വന്നപ്പോൾ അമ്മ അറിയാൻ സിനിമയായി. അമ്മ അറിയാന്റെ ഇടവേളയിൽ പാരലൽ കോളജിൽ പഠിപ്പിച്ചു. അങ്ങനെ പല മേഖലകൾ ഉണ്ട്.

ചോദ്യം: ഈ ബോധി ബുക്സ് തുടങ്ങാനുള്ള കാരണം എന്താണ്?

അന്ന് വായന വലിയൊരു ഘടകമായിരുന്നു. രണ്ടുപേർ തമ്മിൽ കണ്ടുമുട്ടിയാൽ, ആദ്യം ചോദിക്കുക, ഏത് പുസ്തകമാണ് വായിക്കുന്നത് എന്നതാണ്. സാർത്രിന്റെ പുസ്തകം വായിച്ചിട്ട് എനിക്ക് തരണേ, കാഫ്കയുടെ പുസ്തകം എവിടപ്പോയി, ഇതൊക്കെയാണ് നമ്മുടെ സർക്കിളിലെ ആദ്യത്തെ സംഭാഷണ വിഷയം. ഞങ്ങളുടെ ഒരു തലമുറയ്ക്ക് മൊത്തം വായനയോട് വല്ലാത്ത അഭിനിവേശമായിരുന്നു.

സാംസ്കാരിക വേദിയുടെ തകർച്ച വന്നതോടെ തിയറിറ്റിക്കലായിട്ട് നമ്മൾ അത്രപോര, പഠനം കുറച്ച് കൂടുതൽ വേണം എന്നൊക്കെ ചർച്ച വന്നു. അത്തരം പുസ്‌കങ്ങൾ കിട്ടുന്ന സ്ഥലമായിരുന്നു ബോധി. ന്യൂ ലെഫ്റ്റ് ബുക്സ്് ആയിരുന്നു ഏറെയും. പുസ്തങ്ങൾ ബാംഗ്ലൂരിൽനിന്നെല്ലാം പോയി വാങ്ങിക്കൊണ്ടുവന്ന് അതിന്റെ ഒരു ലെൻഡിങ്ങ് ലൈബ്രറിയും തുടങ്ങി. ആളുകൾ തിരഞ്ഞ് വരുമായിരുന്നു. തിരുവനന്തപുരത്തുനിന്നൊക്കെ കത്തുവരും ഇന്ന പുസ്തകം വി.പി.പി ആയി ആയക്കാൻ ആവശ്യപ്പെട്ട്. അന്ന് വായനയുടെ പൂക്കാലം ആയിരുന്നു. വസന്തമായിരുന്നു.

പക്ഷേ മറ്റ് വലിയ പബ്ലിഷർമാരോട് അടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലായതും അപ്പോഴാണ്. അങ്ങനെയാണ് ടെക്സ്റ്റ് ബുക്കിലൂടെയാണ് പണം വരുന്നത്, എന്ന് തിരിച്ചറിയുന്നത്. പക്ഷേ അതിനും ഞാൻ പൂർണ്ണപരാജയമായി.

ചോദ്യം: ബോധിയുമായി ബന്ധപ്പെട്ട ഒരുപാട് പറ്റിക്കലുകളിൽ പെടുകയുണ്ടായല്ലോ. പുനത്തിൽ കുഞ്ഞബ്ദുല്ലയുമായി ബന്ധപ്പെട്ടതൊക്കെ?

കുട്ടിക്കാലത്തൊക്കെ ഞാൻ ഭയങ്കരമായി ആരാധിച്ചിരുന്ന വ്യക്തിയാണ് പുനത്തിൽ. അദ്ദേഹത്തിന്റെ സ്മാരകശിലകൾ മാതൃഭൂമിയിൽ സീരിയലൈസ് ചെയ്ത് വരുമ്പോൾ ചേച്ചിയേക്കാൾ ആദ്യം അത് വായിക്കാനായി ഗേറ്റിനടുത്തേക്ക് ഓടുന്ന ആളാണ് ഞാൻ. വായിക്കാൻ കാത്തിരിപ്പായിരുന്നു. അതിലെ കഥാപാത്രങ്ങളെയൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' ഒക്കെ ആ കാലത്ത് വന്നിരുന്ന ക്ലാസിക്ക് നോവലുകൾ ആണ്.

അങ്ങനെ ബോധി ബുക്സ് നടത്തുന്ന സമയത്ത് എന്റെ സുഹൃത്തും എഴുത്തുകാരനുമായ അക്‌ബർ കക്കട്ടിൽ പറഞ്ഞു. 'എടാ കുഞ്ഞിക്കയുടെ സ്മാരകശിലകൾ, പുനത്തിലിലെ ഞങ്ങൾ കുഞ്ഞിക്കയെന്നാണ് വിളിക്കാറ്, കേരള യൂനിവേഴ്സിറ്റിയുടെ ടെക്റ്റ് ബുക്കാണ്. ബി എക്ക്. ഒരു പതിനായിരം കോപ്പി വിറ്റുപോവും. അത് ഇപ്പോൾ മാർക്കറ്റിൽ ലഭ്യമല്ല. നീ പോയിട്ട് അതിന്റെ റൈറ്റസ് വാങ്ങിച്ചോ'. ഞാൻ അക്‌ബറിനെയും ഒപ്പം കൂട്ടി. അങ്ങനെ ഞങ്ങൾ കുഞ്ഞിക്കയെ കണ്ടു. അദ്ദേഹം അടിച്ചോളാൻ സമ്മതം തന്നു. എന്റെ സുഹൃത്തും നാടകൃത്തും വക്കീലുമായ ജയപ്രകാശ് കുളൂരിനെയും കൂട്ടി ഞാൻ വന്ന് എഗ്രിമെന്റ് ഉണ്ടാക്കി. അതിൽ ഒപ്പിട്ടുതന്നു. ഞാൻ പറഞ്ഞു അതുപോര. അതിൽ നിങ്ങളുടെ പേരും വാപ്പാന്റെ പേരുമൊക്കെ വേണം. ഇല്ലെങ്കിൽ എന്ത് എഗ്രിമെന്റ്. അദ്ദേഹം അത്രയും കാഷ്വൽ ആയിട്ടാണ് അത് ചെയ്തത്. അന്നത്തെ കാലത്തെ പതിനായിരം രൂപ അഡ്വാൻസ് കൊടുത്തു. 89ലാണ് സംഭവം. ബാക്കി അടുത്ത കൊല്ലം തരാം എന്നും പറഞ്ഞു.

പക്ഷേ അപ്പോൾ പുനത്തിലിന്റെ മകളുടെ വിവാഹത്തിന്റെ സമയം വന്നു. പണത്തിന് വല്ലാത്ത ആവശ്യമുണ്ട്, നീ എന്തെങ്കിലും എന്നെ ഹെൽപ്പ് ചെയ്തേ പറ്റൂവെന്ന് പറഞ്ഞു. ഇപ്പോൾ നീ പണം തരുകയാണെങ്കിൽ മറ്റു ചില പുസ്തകങ്ങൾ കൂടി എടുത്തോയെന്നും പറഞ്ഞു. എനിക്ക് അതൊന്നും വേണ്ട ഇത് മാത്രമേ വേണ്ടൂ എന്ന് പറഞ്ഞു. അങ്ങനെ ഭാര്യയുടെ ഗോൾഡ് ഒക്കെ വിറ്റ്, നാൽപ്പതിനായിരം രൂപ കൂടി ഞാൻ കൊടുത്തു. എന്റെ കല്യാണം കഴിഞ്ഞ ഉടനെയാണ്. നീ ദൈവമാണ്. ദൈവം ഇങ്ങനെയാണ് വരിക എന്നൊക്കെയാണ് പുനത്തിൽ അപ്പോൾ പറഞ്ഞത്. പിന്നെ കുപ്പി വരുത്തുന്നു. ഭയങ്കര സന്തോഷമായി പിരിയുന്നു.

കുറച്ചു കഴിഞ്ഞിട്ടാണ് ഡി.സി ബുക്സിന്റെ ഒരു കാറ്റലോഗ് കാണുന്നത്. അതിലുണ്ട് പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകൾ. അപ്പോഴേക്കും ഞങ്ങൾ സാധനം പ്രസ്സിൽ കയറ്റിയിരുന്നു. പതിനായിരം കോപ്പി അടിക്കുകയാണ്. മുന്നുറ്റമ്പത് പേജുള്ള പുസ്തകമാണ്്. ഇത് അടിക്കാൻ എത്ര പൈസ വേണം. അതിനുള്ള പണം ഞാൻ വേറെ സ്ഥലത്തുനിന്ന് കടം വാങ്ങിയാണ് ഉണ്ടാക്കിയത്. അപ്പോഴാണ് ഡി. സിയുടെ പരസ്യം. ഞാൻ കുഞ്ഞിക്കയെ ഫോണിൽ വിളിച്ചു. അത് അങ്ങനെ ഉണ്ടാവില്ല, നിങ്ങൾക്ക് തെറ്റിപ്പോയത് ആയിരിക്കും എന്നായിരുന്നു മറുപടി. അപ്പോൾ ഞാൻ ഡി.സിക്ക് കത്തെഴുതി. എനിക്കാണ് റൈറ്റുള്ളതെന്ന് പറഞ്ഞ്. അവർ മറുപടിപോലും അയച്ചില്ല.

അങ്ങനെ ഞങ്ങൾ വീണ്ടും കുഞ്ഞിക്കയെ തെരഞ്ഞുപോയി. അത് അവർക്ക് തെറ്റിപ്പോയതാണ്, നീ അടിച്ചോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. എന്റെ പ്രന്റിങ്ങ് കഴിഞ്ഞ് ബൈൻഡിങ്ങ് തുടങ്ങിയപ്പോഴാണ് വീണ്ടും ഡി.സിയുടെ പരസ്യം. അവരുടെ വില 40 രൂപ. എന്റെ വില 48 രൂപ. അതും ഒരു ടെക്‌സ്റ്റ്ബുക്കാണ്. കുട്ടികൾ എപ്പോഴും വില കുറഞ്ഞതാണെല്ലോ വാങ്ങുക. ഞങ്ങൾക്കാണെങ്കിൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓർഡർ വന്നു. അയ്യായിരം കോപ്പി അയക്കാൻ. അതയച്ചാൽ മുതലുമായി ലാഭവുമായി. അങ്ങനെ ഞങ്ങൾ പാക്ക് ചെയ്തു. അപ്പോഴാണ് യൂണിവേഴ്സിറ്റിയുടെ മറുപടി വന്നത്. നിങ്ങളുടെ ബുക്ക് വേണ്ട. ഞങ്ങൾക്ക് അതിനേക്കാൾ വില കുറച്ച് കിട്ടാനുണ്ടെന്നും, ഓർഡർ കാൻസൽ ചെയ്തെന്നും. ഈ പണമൊക്കെ ബ്ലേഡിനൊക്കെ വാങ്ങിയാണ് സംഘടിപ്പിച്ചത്. ഞാൻ ഫോൺ വിളിച്ചപ്പോൾ കുഞ്ഞിക്ക പറയുകയാണ്. 'നിങ്ങൾക്ക് തന്നത് ടെക്സ്റ്റ്ബുക്ക്, അവർക്ക് കൊടുത്തത് ലൈബ്രറി എഡിഷൻ'. ഞാൻ ചോദിച്ചു അത് എങ്ങനെയാണ്. ഒരു കുട്ടിയെ വിളിച്ച് പകുതി അച്ഛനും പകുതി അമ്മയ്ക്കും എന്ന് പറയാൻ കഴിയുമോ. പക്ഷേ കുഞ്ഞിക്ക തന്റെ വാദത്തിൽ ഉറച്ചു നിന്നു. പിന്നെ ഞങ്ങൾ പറഞ്ഞു തെറ്റുന്നു. എന്നാൽ നീ കിട്ടുന്ന രീതിയിൽ വാങ്ങിക്കോ, കേസ് കൊടുക്ക് എന്നായി.

അപ്പോൾ സ്വാഭാവികമായും ഞാനും കോഴിക്കോട്ടുകാരനായി. എന്റെ രീതിയിൽ കുറച്ച് ഡയലോഗ് ഞാനും പറഞ്ഞു. എനിക്ക് അസുഖമായി കിടപ്പിലായ സമയം കൂടിയായിരുന്നു അത്്. അപ്പോൾ എന്റെ ഭാര്യയും മാനേജരും ചേർന്ന് ഇതൊക്കെ പായ്ക്ക് ചെയ്ത്, ഗോഡൗണിൽ കൊണ്ടുവെച്ചു. കടക്കാർ ഇങ്ങനെ വിളിക്കുന്നു. ആ ചാപ്റ്റർ അവിടെ അവസാനിച്ചു. 89ൽ അന്നത്തെ രണ്ടരലക്ഷം രൂപ കടത്തിലാണ് അത് അവസാനിച്ചത്.

ചോദ്യം: എന്നിട്ട് കേസ് ഒന്നും കൊടുത്തില്ലേ?

അദ്ദേഹം എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. ആദ്യം ഞാൻ ഒരു നോട്ടീസ് അയച്ചു. അതിന് അദ്ദേഹം എനിക്ക് മറുപടി അയച്ചു. നിങ്ങൾക്ക് നഷ്ടപരിഹാരം ചോദിക്കണമെങ്കിൽ കേസ് കൊടുക്കാമെന്ന് വക്കീൽ പറഞ്ഞു. പത്തുശതമാനം കെട്ടിവക്കണം. ഞാൻ പത്തുലക്ഷം ചോദിക്കാണെങ്കിൽ അതിന് ഒരു ശതമാനം കെട്ടിവെക്കണം. എന്റെടുത്ത് ഒരു ലക്ഷം പോയിട്ട് നൂറ് രൂപയില്ലാത്ത സമയം. അങ്ങനെ ഞാൻ കേസ് വേണ്ടെന്ന് വെച്ചു.

അതുകഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞു. എന്റെ ബുക്ക് അവിടെ കിടക്കുവല്ലേ. കോഴിക്കോട് ഒരു ബുക്ക് എക്സിബിഷൻ വന്നു. വേൾഡ് ബുക്ക് ഫെയർ. അപ്പോ അതിന്റെ കൺവീനർ എന്നോട് പറഞ്ഞു നിങ്ങൾ സ്റ്റാൾ എടുക്കുന്നില്ലേ. ഞാൻ പറഞ്ഞു സ്റ്റാൾ എടുക്കാം. പക്ഷേ എന്റെ കണ്ടീഷൻ അനുസരിച്ചേ പുസ്തകം വിൽക്കൂള്ളൂ. അതായത് ഞാൻ എനിക്ക് ഇഷ്ടമുള്ള മാതിരി വിൽക്കും. അത് കുഴപ്പമില്ലെന്നായി. ഞാൻ പറഞ്ഞു അതൊന്ന് എഴുതി തന്നേക്ക്. പിന്നെ നിങ്ങളെന്നോട് തർക്കത്തിന് വരരുത്. അങ്ങനെ റെസീപ്റ്റിന് മുകളിലെഴുതി ഇഷ്ടമുള്ള രീതിയിൽ വിൽക്കാം. അപ്പോ ചോദിച്ചു എങ്ങനെയാ വിൽക്കുന്നത്. ഞാൻ പറഞ്ഞു, തൂക്കി വിറ്റ് ഒഴിവാക്കാം. നിർത്തുവാ പരിപാടി. അയാള് സമ്മതിച്ചു.

ഞാൻ തുലാസ് വാങ്ങി അവിടെ വെച്ചു. വലിയൊരു ബോർഡും വെച്ചു. വരുവിൻ, വാങ്ങുവിൻ.. കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ ഒരു പുസ്‌കം ആദ്യമായി തൂക്കി വിൽക്കുന്നു. എഴുത്തുകാരൻ ജീവിച്ചിരിക്കെ തൂക്കി വിൽക്കുന്നു. സ്മാരക ശിലകൾ. കിലോ 17.50. അഞ്ച് കിലോ എടുക്കുന്നവർക്ക് അതിലും കുറവ്. അങ്ങനെ തൂക്കി വിൽക്കുന്നതിന്റെ ഫോട്ടോ വരെയുണ്ട്. വീഡിയോ ഏഷ്യാനെറ്റിലെ മധുവിന്റെ അടുത്ത് കാണണം. ഭയങ്കര സക്സസായി. ആൾക്കാര് ക്യൂ നിന്ന് വാങ്ങാൻ തുടങ്ങി. പല ചെറുകിട പുസ്തക വ്യാപാരികളും വാങ്ങിക്കൊണ്ടു പോയി. എന്റെ ഹീറോ വികെഎൻ ആണ്. അതായത് സർ സ്ഥാനം കിട്ടാൻ വേണ്ടി, വിക്ടോറിയ രാജ്ഞി കാണാൻ വേണ്ടി ഡൽഹി കത്തിച്ചപ്പോഴാണ് ചാത്തൂന്് സർ സ്ഥാനം കിട്ടിയത്. അതുമാതിരി ഒരു എഴുത്തുകാരൻ പ്രസാധകനോട് കാണിച്ച വഞ്ചനയ്ക്കുള്ള പ്രതികാര നടപടി. കാശും കിട്ടി എനിക്ക് ഭയങ്കര പബ്ലിസിറ്റിയും കിട്ടി. നാലു കോളം വാർത്ത. അന്നത്തെ ഏഷ്യാനെറ്റിൽ പത്ത് മിനുറ്റ് പ്രോഗ്രാം. പബ്ലിസിറ്റിയിൽ എനിക്ക് നല്ല ലാഭമാണ് ഉണ്ടായത്. - ബോധിക്ക്.

അപ്പോ ഇയാള് വക്കീൽ നോട്ടീസയച്ചു. പത്ത് ലക്ഷം - ഇരുപത് ലക്ഷം നഷ്ടപരിഹാരത്തിന്. അപ്പോ എന്റെ വക്കീല് പറഞ്ഞു, അതുകൊട്ടേന്റെ കീഴിലോട്ട് ഇട്ടേക്കാൻ. കാരണം കെട്ടിവെക്കേണ്ട പത്ത് ശതമാനം അയാളുടെ അടുത്ത് ഉണ്ടാവില്ല. വെറുതേ ഓലപാമ്പാണ്. അത് കഴിഞ്ഞ് ഞങ്ങൾ രണ്ട് പ്രാവശ്യം കണ്ട് മുട്ടി. പിന്നെ വാസുവേട്ടൻ ഇടപെട്ടു. എംടി പറഞ്ഞു എന്നോട് ജോയി അത് വേണ്ടാ, മോശമാണ് എന്ന് പറഞ്ഞു.

ചോദ്യം: സക്കറിയയുടെ അടുത്ത സുഹൃത്തായിരുന്നല്ലോ?

സക്കറിയയുടെ അടുത്ത സുഹൃത്താണ്. പക്ഷേ സക്കറിയ ഇതിൽ ഇടപെടില്ല. സക്കറിയക്കൊക്കെ അറിയാമെന്ന് തോന്നുന്നു. സാമ്പത്തികമായിട്ടുള്ള അരാജകത്വം എല്ലാവർക്കും അറിയാം. എംടി എന്നെ കണ്ടിരുന്നു. നമ്മളൊക്കെ ബഹുമാനിക്കുന്ന ആളാണ് വാസുവേട്ടൻ. വാസുവേട്ടൻ പറഞ്ഞു, സാമ്പത്തിക കാര്യത്തിൽ ശരിയല്ല, പക്ഷേ വേണ്ട, ദ്രോഹിക്കണ്ട എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ആ വിൽപ്പന അതോടെ നിർത്തി.

ചോദ്യം: ആ കടമൊക്കെ പിന്നെ എപ്പോൾ തീർത്തു?

ആ കടമൊക്കെ തീർക്കാൻ വീണ്ടും ലോൺ എടുത്തു. വീണ്ടും കടമായി. അങ്ങനെ കടം പെരുകിപെരുകി. എല്ലാം ഭാര്യ സഹിച്ചു. അതുകൊണ്ടെന്താ, അവളുടെ പേരിൽ പ്രൊഡ്യൂസ് ചെയ്തു, നാഷണൽ അവാർഡ് അവളോട് വാങ്ങിക്കോളാൻ പറഞ്ഞു. അതിനൊക്കെ കൂടെ നിന്നു എന്നതാണ്. എനിക്ക് എന്റെ ഫാമിലിയോടുള്ള കമ്മിറ്റ്മെന്റ് അതാണ്. എന്റെ എല്ലാ ദുരിതങ്ങളിലും എന്റെ കൂടെ നിന്നു.

ചോദ്യം: കല്ല്യാണം കഴിക്കുമ്പോ നിങ്ങളൊരു ഒഴപ്പനാണല്ലോ, സ്ഥിരമായി ജോലിയും വരുമാനവും ഇല്ലായിരുന്നുല്ലോ... അതെങ്ങനെ..

ഉത്തരം: അവള് പെട്ടുപോയതാ ഇത്. ( ചിരിക്കുന്നു) പ്രണയമൊന്നുമില്ല. പ്രണയങ്ങളൊക്കെ ഉണ്ടായിരുന്നു, പക്ഷേ അതൊന്നും ശരിയായില്ല. ഇത് അറേഞ്ച്ഡ് മാര്യേജായിരുന്നു. അവളുടെ ഫാമിലി മികച്ചതാണ്. അവളുടെ അച്ഛൻ, അച്ഛന്റെ സഹോദരന്മാർ- ഫെഡറൽ ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത പി വി ജയിംസ്, പി വി ജോയ്. വൈഫിന്റെ വീട് നിലമ്പൂരാണ്. തൊടുപുഴക്കാരാണ്. അവിടെ സെറ്റിൽ ചെയ്തതാണ്. പിന്നെ അമ്മ റിട്ടയേർഡ് ടീച്ചറാണ്. ഫാദർ ഇൻ ലോ റിട്ടയേർഡ് പ്രിൻസിപ്പാളാണ്- പി വി തോമസ്. എന്റെ ബ്രദർ ഇൻ ലോ, അമേരിക്കയിലുള്ള സരിൻ- ഈ ഫാമിലിക്ക് മൊത്തം എന്നോടെന്തോ വല്യസ്നേഹവും കരുണയുമായിരുന്നു. കല്യാണത്തിന് പള്ളിക്കാര് പാര വെക്കാറുണ്ട്. അവൻ നക്സലൈറ്റാണ്, ആ കല്യാണം വേണ്ട, അവൻ ശരിയല്ല, പെണ്ണ് കൊടുക്കേണ്ട എന്നൊക്കെ. അപ്പോ ഇവൾടെ ഫാദർ എന്താ പറഞ്ഞതെന്നറിയോ, എന്തായാലും പത്താൾക്കാർക്ക് വേണ്ടി ശബ്ദം ഉയർത്തിയ ആളല്ലേ. അപ്പോ അയാളുടെ മനസ് നന്നാവുമെന്ന്. പോരെ.

ചോദ്യം: വിശ്വാസിയാണോ?

ഞാൻ അന്ധവിശ്വാസിയല്ല. അതൊക്കെ ഒരു കൺഫ്യൂസ്ഡ് സ്റ്റേജാണ്. ഇപ്പോ പെട്ടെന്ന് ഒരു പാമ്പ് കടിക്കാൻ വന്നു എന്ന് വിചാരിക്കുക. ദൈവമേ എന്നല്ലേ വിളിക്കുക, മാർക്സേ എന്നല്ലല്ലോ. അതുപോലെ നമ്മൾ ശീലിച്ച ഒരിതുണ്ടല്ലോ, അതുകൊണ്ട് അറുത്തെറിയാനും വയ്യ, ലോജിക്കലി എനിക്ക് അതിനെയൊക്കെ അറുത്തെറിയാം. ദൈവമില്ല എന്നൊക്കെ സ്ഥാപിക്കാം. പക്ഷേ എനിക്ക് ഇടയ്ക്കൊക്കെ വിശ്വസിക്കുന്നത് ഇഷ്ടമാണ്. പള്ളീ പോകുന്നതൊക്കെ ഇഷ്ടമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ കോഴിക്കോട് പള്ളീലുള്ള അച്ചൻ എന്ന് പറഞ്ഞാൽ നമ്മൾ അദ്ദേഹത്തെ വിചാരിച്ച് മാത്രം പോകും. കാരണം അദ്ദേഹം ഭയങ്കര സരസനാണ്, ഇന്റലിജന്റാണ്, അദ്ദേഹത്തിന്റെ വൈഫും അദ്ദേഹവും എല്ലാ പാട്ടും പാടും.

ചോദ്യം: ഏത് ക്രൈസ്തവ വിഭാഗമാണ്?

മാർത്തോമ. നമ്മളെ പള്ളിലേക്ക് ആകർഷിക്കുന്നത് അതിന്റെ ആചാരങ്ങളെ കൊണ്ടല്ല. ആ ഒരു മൂഡ്. ഞാൻ ചില ക്ഷേത്രങ്ങളിലൊക്കെ പോകാറുണ്ട്.

ഷാജൻ സ്‌കറിയ: അല്ലെങ്കിലും ഏറ്റവും ഡെമോക്രാറ്റിക്കായിട്ടുള്ള ചർച്ചാണ് മാർത്തോമ. വ്യവസ്ഥാപിത സഭകളിൽ ഏറ്റവും ഡമോക്രാറ്റിക്കായതും ഏറ്റവും മൂല്യങ്ങളും ഒക്കെയുള്ളതാണ്. നർമ്മദാ സമരത്തിലൊക്കെ ഞാൻ പങ്കെടുത്തിരുന്നു. ഞാൻ മേധയോടൊപ്പമുണ്ടായിരുന്നു കുറച്ച്. അന്നൊക്കെ, മാർത്തോമ സഭയുമായി ബന്ധപ്പെട്ട സിഎസ് എന്ന സംഘടന, മാർത്തോമ സഭയുമായി ബന്ധപ്പെട്ട ആദിവാസികൾ അവിടെ താഴ്രയിലുണ്ട്- ആദിവാസികൾ. ഞാൻ കുറേക്കാലം അവരുടെ കൂടെ വർക്ക് ചെയ്യാനൊക്കെ പോയിട്ടുണ്ട്.

ജോയ് മാത്യു: പ്രോഗ്രസീവായി ചിന്തിക്കുന്ന ആൾക്കാരാണ്. ഞങ്ങൾക്ക് കന്യാമറിയമില്ല. യേശുക്രിസ്തുവിന്റെ പടമൊന്നും ഇല്ല. കുരിശ് മാത്രമേയുള്ളൂ. ജീവിതംതന്നെ കുരിശാണ് എന്നതിന്റെ തെളിവാണ്. പഴേ രീതിയിലുള്ള പള്ളീലച്ചന്മാരൊക്കെ മാറി ഇപ്പോൾ. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന, ചെറുപ്പക്കാരായ അച്ചനൊക്കെ ഉള്ളതുകൊണ്ട്. എന്നെ കണ്ടില്ലേ ഫോൺ ചെയ്യും. അല്ല, ഒന്ന് വന്ന് പൊയ്ക്കൂടെ, നിങ്ങള് വന്നാലെ ഒരു സുഖാണ്, അങ്ങനൊക്കെ പറയും. അപ്പോ നമ്മള് പോകും. പിന്നെ എനിക്ക് ആ മൂഡ് ഭയങ്കര ഇഷ്ടമാണ്.

ചോദ്യം: എത്ര കുട്ടികൾ?

എനിക്ക് മൂന്ന് കുട്ടികൾ. മൂത്ത മകൻ മാത്യു, ഒരു അഡ്വർടൈസിങ് കമ്പനിയിൽ കണ്ടെന്റ് എഡിറ്ററാണ്. അവന്റെ ഭാര്യ, എയ്ഞ്ചൽ, എറണാകുളത്തുകാരിയാണ്. ആ കുട്ടി ഒരു ബ്രിട്ടീഷ് കമ്പനിയുടെ അക്കൗണ്ടന്റ്സ് വിഭാഗത്തിലാണ്. രണ്ടാമത്തെ മോള് ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. മൂന്നാമത്തെ മോള് എൽഎൽബിക്ക് മദ്രാസിൽ പഠിക്കുന്നു.

ചോദ്യം: വൈഫ് ഇപ്പോഴും കോഴിക്കോട് തന്നെ

വൈഫിന് ഇപ്പോളും ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. അറിഞ്ഞില്ലേ. വലിയ വാർത്തയായതാണ്. ഞാൻ കഴിഞ്ഞ എട്ട് കൊല്ലമായിട്ട് അവൾക്ക് ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയാ. മാസം 50,000 രൂപ വെച്ചിട്ട്. കുടുംബം നോക്കുന്നതിന്.അവൾക്ക് ജോലിയുള്ളപ്പോൾ മക്കള് ഇവിടെയായിരുന്നു. അവൾ ഗൾഫിലും. അപ്പോ ഞാൻ പറഞ്ഞു, ഞാൻ സിനിമയിൽ ഭയങ്കര തിരക്ക് പിടിച്ച സമയമാണ്, കുട്ടികളെ നോക്കാൻ നീ ഇങ്ങോട്ട് വാ. അപ്പോ അവള് പറഞ്ഞു, അപ്പോ ഇനീം നമ്മള് വല്ല സാമ്പത്തിക ദുരിതത്തിലും പോയി പെട്ടാലോ. നിങ്ങടെ കാര്യം ഉറപ്പ് പറയാൻ പറ്റില്ല. സിനിമ നാളെ ഇല്ലാതെയാവും, അപ്പോ ഞാൻ പറഞ്ഞു, ഇല്ല, നിനക്ക് ശമ്പളം തരാം. എന്ത് തരും എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എത്ര വേണം. അപ്പോ അവള് പാവം ഇന്ത്യൻ മണീല് കണക്ക് പറഞ്ഞു. അവൾക്ക് നല്ല ശമ്പളം അവിടെ കിട്ടുന്നുണ്ട്. ഒരു അമ്പതിനായിരം റുപ്യ തരാൻ പറ്റുമോ എന്ന് ചോദിച്ചു. ഡൺ. ആ 50,000 കഴിഞ്ഞ എട്ട് കൊല്ലമായിട്ട് കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കൊക്കെ ഇൻസ്റ്റാൾമെന്റാക്കും ഞാൻ. വരുമാനം ഇല്ലാതെയാകുമ്പോ.

ചോദ്യം: കോവിഡ് കാലത്ത് കുഴപ്പമായില്ലേ?

ഉത്തരം: കോവിഡ് കാലത്ത് ഞാൻ വീട്ടിലുണ്ടല്ലോ. അപ്പോ അതിലധികം എന്റെടുത്തുന്ന് ചെലവാക്കിയിട്ടുണ്ട്. വീട്ടമ്മമാര് ഭർത്താക്കന്മാരോട് ചോദിച്ച് വാങ്ങുന്നത് മാറണം എന്ന അഭിപ്രായമാണ് എനിക്ക്. പോക്കറ്റീന്ന് എടുക്കുക, ചേട്ടാ എനിക്ക് ഒരു ആയിരം രൂപ വേണം, അതുവേണ്ട. നിങ്ങൾ ഇത്ര എടുത്തോ. വീട്ടിലെ കാര്യങ്ങൾക്കുള്ള ചെലവിനാ. അവക്ക് പോക്കറ്റ് മണിക്കല്ലത്. അപ്പോ ജോലിക്കാരിക്ക് ശമ്പളം കൊടുക്കണം. ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കണം, പലചരക്ക് വാങ്ങണം, മത്സ്യം വാങ്ങണം, അതിനൊക്കെ അവര് നമ്മളെ ആശ്രയിക്കേണ്ട കാര്യമില്ല.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP