Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോട്ടപ്പുഴശേരി പഞ്ചായത്തിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നടന്നത് വിചിത്ര സംഭവങ്ങൾ; കോൺഗ്രസ്-ബിജെപി പിന്തുണയിൽ സിപിഎം വിമതൻ പ്രസിഡന്റ്; സിപിഎം പിന്തുണയിൽ കോൺഗ്രസ് വിമത വൈസ് പ്രസിഡന്റ്

തോട്ടപ്പുഴശേരി പഞ്ചായത്തിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നടന്നത് വിചിത്ര സംഭവങ്ങൾ; കോൺഗ്രസ്-ബിജെപി പിന്തുണയിൽ സിപിഎം വിമതൻ പ്രസിഡന്റ്; സിപിഎം പിന്തുണയിൽ കോൺഗ്രസ് വിമത വൈസ് പ്രസിഡന്റ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വളരെ വിചിത്രമായ സംഭവങ്ങളാണ് ജില്ലയിലെ തോട്ടപ്പുഴശേരി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നത്. സംസ്ഥാനത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും അധ്യക്ഷ പദത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ദിവസം ഇവിടെ കോറം തികയാതെ പിരിച്ചു വിട്ടു. തൊട്ടു പിറ്റേന്ന് തെരഞ്ഞെടുപ്പ് നടന്നപ്പോഴാകട്ടെ നാടകീയ സംഭവങ്ങളും.

സിപിഎം വിമതൻ യുഡിഎഫ്-ബിജെപി പിന്തുണയോടെ പ്രസിഡന്റായി. കോൺഗ്രസ് വിമത എൽഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്റുമായി. പഞ്ചായത്ത് പ്രസിഡന്റായി 13-ാം വാർഡിൽ നിന്നും വിജയിച്ച ബിനോയി ചരിവുപുരയിടവും വൈസ് പ്രസിഡന്റായി ഒന്നാം വാർഡിൽ നിന്നും ജയിച്ച ഷെറിൻ റോയിയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെയും എൻഡിഎയിലെയും മൂന്നു വീതം അംഗങ്ങൾ പിന്തുണ നൽകിയതോടെ ബിനോയിക്ക് ആകെ ഏഴ് വോട്ട് ലഭിച്ചു. എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ ആർ. കൃഷ്ണകുമാറിന് എൽഡിഎഫിലെ അഞ്ച് അംഗങ്ങളുടെയും ഒരു സ്വതന്ത്രയുടെയും ഉൾപ്പെടെ ആറ് വോട്ട് ലഭിച്ചു.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഷെറിൻ റോയിയും യുഡിഎഫ് സ്ഥാനാർത്ഥിയായി 12-ാം വാർഡിൽ നിന്നും ജയിച്ച ലത ചന്ദ്രനും എൻഡിഎ സ്ഥാനാർത്ഥിയായി ഒമ്പതാം വാർഡിൽ നിന്നും ജയിച്ച അനിത ആർ നായരും മത്സരിച്ചു. ആദ്യ റൗണ്ടിൽ ഷെറിൻ ആറ്, ലത ചന്ദ്രൻ മൂന്ന്, അനിത ആർ നായർ മൂന്ന് എന്നിങ്ങനെയാണ് വോട്ടു ലഭിച്ചത്.

വോട്ട് തുല്യമായവർക്കിടയിൽ നടന്ന നറുക്കെടുപ്പിൽ അനിത ചന്ദ്രൻ വിജയിച്ചു. ഇതിനെ തുടർന്ന് വീണ്ടും വോട്ടെടുപ്പ് നടന്നു. ഷെറിന് ആറും അനിതയ്ക്ക് മൂന്നും വോട്ട് ലഭിച്ചു. യുഡിഎഫിന്റെ മൂന്ന് അംഗങ്ങളും പ്രസിഡന്റ് ബിനോയി ചരിവുപുരയിടവും തങ്ങളുടെ വോട്ടുകൾ അസാധുവാക്കി. ഇതിനെ തുടർന്ന് ഷെറിനെ വിജയിയായി പ്രഖ്യാപിച്ചു.

കഴിഞ്ഞ ഭരണ സമിതിയിൽ കള്ളിപ്പാറ ഒന്നാം വാർഡിൽ യുഡിഎഫിന്റെ പ്രതിനിധിയായാണ് ഷെറിൻ ജയിച്ചത്. ഇത്തവണ ജനറൽ സീറ്റായതിനെ തുടർന്ന് ഇവിടെ സീറ്റ് നിഷേധിക്കുകയായിരുന്നു. അതിൽ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരിച്ച ജയിക്കുകയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിനോയി ചരിവു പുരയിടം ആദ്യമായിട്ടാണ് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.

കന്നി അങ്കത്തിൽ തന്നെ പ്രസിഡന്റാകാനുള്ള ഭാഗ്യവും ലഭിച്ചു. സിപിഎം സീറ്റ് നിഷേധിച്ചതോടെയാണ് വിമതനായത്. എന്നാൽ ഭരണത്തിൽ പങ്കാളിത്തം നൽകിയാൽ എൽ.ഡി.എഫിന് പിന്തുണ നൽകാം എന്നറിയിച്ചെങ്കിലും നേതൃത്വം അനുകൂലമായി പ്രതികരിക്കാതെ വന്നതോടെയാണ് മറു പക്ഷത്തേക്ക് തിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP