Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസുകാരെ തല്ലിയത് മുതലാളി രക്ഷിക്കുമെന്ന വിശ്വാസത്തിൽ; റിമാൻഡ് ചെയ്യുമെന്ന് അറിഞ്ഞപ്പോൾ ഹൈറേഞ്ച് ഹക്കീമിനെ പോലെ നിലവിളിച്ച് കരിക്കിനേത്ത് ജീവനക്കാർ; അറസ്റ്റു ഭയന്ന് മുതലാളിയും അണ്ടർഗ്രൗണ്ടിൽ; ഇക്കുറി കരിക്കിനേത്ത് ജോസ് ശരിക്കും പെട്ടു

പൊലീസുകാരെ തല്ലിയത് മുതലാളി രക്ഷിക്കുമെന്ന വിശ്വാസത്തിൽ; റിമാൻഡ് ചെയ്യുമെന്ന് അറിഞ്ഞപ്പോൾ ഹൈറേഞ്ച് ഹക്കീമിനെ പോലെ നിലവിളിച്ച് കരിക്കിനേത്ത് ജീവനക്കാർ; അറസ്റ്റു ഭയന്ന് മുതലാളിയും അണ്ടർഗ്രൗണ്ടിൽ; ഇക്കുറി കരിക്കിനേത്ത് ജോസ് ശരിക്കും പെട്ടു

ശ്രീലാൽ വാസുദേവൻ

അടൂർ: പരാതി അന്വേഷിക്കാൻ ചെന്ന പൊലീസുകാരെ കരിക്കിനേത്ത് ജോസിന്റെ ഗുണ്ടകളായ ജീവനക്കാർ മർദിക്കുന്നതിന്റെ വീഡിയോ കണ്ടവർ ഏറ്റവുമധികം ശ്രദ്ധിച്ചിരിക്കുക അവരുടെ മുഖഭാവമായിരിക്കും. എഎസ്ഐ അല്ല ഡിജിപി വന്നാൽ പോലും തല്ലുമെന്ന നിശ്ചയ ദാർഢ്യം അവരുടെ മുഖത്ത് കാണാമായിരുന്നു.

ഈ അഹങ്കാരത്തിന് കാരണമായത് എന്തു വന്നാലും ജോസ് കരിക്കിനേത്ത് മുതലാളി രക്ഷിക്കുമെന്ന ആത്മവിശ്വാസമായിരുന്നു. ഒരുത്തനെ അതിക്രൂരമായി ചവിട്ടിക്കൊന്നിട്ടും വിചാരണ പോലും മാറ്റി വയ്ക്കാൻ കഴിയും വിധം പ്രബലനായ ജോസിനെ തൊഴിലാളികൾ അത്ര കണ്ട് വിശ്വസിച്ചു. എന്നാൽ, അവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് സാക്ഷാൽ ജോസ് കരിക്കിനേത്ത് ഒളിവിൽ പോയി. കാരണം, ഇക്കുറി കളി പൊലീസിനോടായിരുന്നു.

കൈവച്ചത് ഏതെങ്കിലും ഒരു സാധാരണക്കാരന്റെ നെഞ്ചത്തായിരുന്നില്ല. യൂണിഫോമിട്ട പൊലീസുകാരുടെ ദേഹത്തായിരുന്നു. മുൻകൂർ ജാമ്യത്തിന് ശ്രമിച്ചാലും കിട്ടാത്ത 323 വകുപ്പിട്ടാണ് ജോസ് കരിക്കിനേത്തിനെ ഒന്നാം പ്രതിയും കണ്ടാലറിയാവുന്ന മറ്റ് ഒമ്പത് പേരെ തുടർ പ്രതികളുമാക്കി പൊലീസ് കേസെടുത്തത്. പൊലീസുകാർക്ക് തല്ലു കൊണ്ടാലും വേണ്ടില്ല ജോസ് കരിക്കിനേത്തിന്റെ മേൽ ഒരു പൊടി പോലും വീഴരുത് എന്നാഗ്രഹിച്ച പൊലീസിലെ ഉന്നതർക്കും രാഷ്ട്രീയക്കാർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല.

കാരണം, തങ്ങൾക്ക് നീതി കിട്ടണമെന്ന് പൊലീസുകാർക്ക് നിർബന്ധമുണ്ടായിരുന്നു. അതു കൊണ്ടാണ് ആ വാർത്തയും വീഡിയോയും മറുനാടനിലേക്ക് വന്നതും. പൊലീസുകാരെ മർദിച്ചതിന് തങ്ങളെ റിമാൻഡ് ചെയ്യാൻ പോവാണെന്ന് അറിഞ്ഞതോടെ കരിക്കിനിനേത്തിന്റെ ഗുണ്ടകൾ ആട് സിനിമയിലെ ഹൈറേഞ്ച് ഹക്കീമിനെപ്പോലെ മോങ്ങാൻ തുടങ്ങി.

ഇന്നലെ രാവിലെ സംഭവം നടക്കുമ്പോൾ സ്ഥലത്ത് ചെന്ന എഎസ്ഐ കെബി അജിയോട് ഗുണ്ടകൾ തട്ടിക്കയറാൻ ശ്രമിച്ചപ്പോഴേ അദ്ദേഹം പറഞ്ഞിരുന്നു യൂണിഫോമിട്ട പൊലീസുകാരാണെന്ന് ഓർമ വേണമെന്ന്. ഇന്നലെ റിമാൻഡിൽ പോകാൻ നേരം ഗുണ്ടകളിൽ ഒരാൾ ഇക്കാര്യം പറഞ്ഞാണ് നിലവിളിച്ചത്.

കരിക്കിനേത്ത് ടെക്സ്റ്റൈൽസ് ജീവനക്കാരായ ഏഴംകുളം ചക്കനാട്ട് കിഴക്കേതിൽ രാധാകൃഷ്ണൻ (52), കൊടുമൺ ഐക്കാട് മണ്ണൂർ വീട്ടിൽ ഹരികുമാർ (58), ചുനക്കര അര്യാട്ട് കൃപാലയം വീട്ടിൽ ശാമുവേൽ വർഗീസ് (42), ഏറത്ത് നടക്കാവിൽ വടക്കടത്തു കാവ് താഴേതിൽ വീട്ടിൽ പി.കെ.ജേക്കബ് ജോൺ (40), താമരക്കുളം വേടര പ്ലാവു മുറിയിൽ കല്ലു കുറ്റിയിൽ വീട്ടിൽ സജൂ (36), കട്ടപ്പന വള്ളക്കടവ് പടിഞ്ഞാറ്റ് വീട്ടിൽ അനീഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാലും മുൻകൂർ ജാമ്യം ലഭിക്കാത്തതിനാലും ഒന്നാം പ്രതി കരിക്കിനേത്ത് ജോസ്അടക്കമുള്ളവർ ഒളിവിലാണ്. എഎസ്ഐ കെബിഅജി, സിപിഒ പ്രമോദ് എന്നിവർക്കാണ് മർദനമേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ 9.15 നാണ് സംഭവം. വസ്ത്രവ്യാപാരശാലയ്ക്ക് സമീപംപുതിയതായി ആരംഭിക്കുന്ന മൈജി മൊബൈൽ വ്യാപാരശാലയുടെ പണികൾ തടസപ്പെടുത്തുന്നതായുള്ള കെട്ടിടം ഉടമ ഗീവർഗീസ് വൈദ്യന്റെ പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. മൊബൈൽ കടയുടെ ബോർഡ് സ്ഥാപിച്ചു കൊണ്ടിരുന്നവരെ തുണിക്കടയിലെ ജീവനക്കാർ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. വസ്ത്ര വ്യാപാര ശാലയുടെ സമീപത്ത് പുതിയ മൊ ബൈൽ കടയുടെ ബോർഡ് സ്ഥാപിക്കു ന്നത് തടയാൻ ഉടമ നിർദ്ദേശിച്ചുവെന്നാണ് ജീവനക്കാർ പൊലീസിനോട് പറഞ്ഞത്.

താൻ വരാതെ പൊലീസായാലും പട്ടാളമായാലും ഒരുത്തനെയും അവിടേക്ക് കയറ്റരുതെന്ന നിർദ്ദേശം അനുസരിച്ചായിരുന്നു ജീവനക്കാരുടെ ഗുണ്ടാ വിളയാട്ടം. ബോർഡ് സ്ഥാപിക്കാൻ ഏണിയിൽ കയറി നിന്ന ജീവനക്കാരെ കടയിലെ ജീവനക്കാർ തള്ളി താഴെയിടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞപ്പോഴാണ് ആക്രോശിച്ചു കൊണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തത്. ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ വിരമിക്കൽ ചടങ്ങ് നടക്കുന്നതിനാൽ സ്റ്റേഷനിൽ പൊലീസുകാർ കുറവായിരുന്നു.

പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP