Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദൃശ്യം 2ന്റെ നിർമ്മാണ ചെലവ് 10 കോടി; ആമസോൺ പ്രൈമുമായുള്ള ആന്റണി പെരുമ്പാവൂരിന്റെ ഡീൽ 25 കോടിക്ക് മുകളിൽ; തീയറ്റർ വിഹിതവും മറ്റു ചിലവുകളും ഇല്ലാതെ നിർമ്മാതാവിന് ഒറ്റയടിക്ക് ലാഭം; ഒടിടി പ്ലാറ്റ്‌ഫോമിനെ എതിർത്ത ആന്റണിയുടെ ചുവടുമാറ്റത്തിൽ ഞെട്ടി മറ്റു നിർമ്മാതാക്കൾ; രണ്ടാം വരവിൽ ജിത്തു ജോസഫ് ചിത്രം റിലീസിന് മുമ്പേ സൂപ്പർ ഹിറ്റ്

ദൃശ്യം 2ന്റെ നിർമ്മാണ ചെലവ് 10 കോടി; ആമസോൺ പ്രൈമുമായുള്ള ആന്റണി പെരുമ്പാവൂരിന്റെ ഡീൽ 25 കോടിക്ക് മുകളിൽ; തീയറ്റർ വിഹിതവും മറ്റു ചിലവുകളും ഇല്ലാതെ നിർമ്മാതാവിന് ഒറ്റയടിക്ക് ലാഭം; ഒടിടി പ്ലാറ്റ്‌ഫോമിനെ എതിർത്ത ആന്റണിയുടെ ചുവടുമാറ്റത്തിൽ ഞെട്ടി മറ്റു നിർമ്മാതാക്കൾ; രണ്ടാം വരവിൽ ജിത്തു ജോസഫ് ചിത്രം റിലീസിന് മുമ്പേ സൂപ്പർ ഹിറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളക്കരയിൽ ഏറ്റവും അധികം ബോക്‌സോഫീസ് കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായ ദൃശ്യം. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ മോഹൻലാലിന് വിദേശ രാജ്യങ്ങളിൽ പോലും വലിയ ഫാൻസുകാരെ സൃഷ്ടിച്ചു. ജിത്തു ജോസഫ് ഒരുക്കിയ ഈ സിനിമയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. കോവിഡ് കാലമായതിനാൽ ആരാധകർ പ്രതീക്ഷിച്ചതു പോലെ തീയറ്ററുകളിലേക്കല്ല ദൃശ്യം എത്തുന്നത്. മറിച്ച് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പദ്ധതിയിടുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിൽ സിനിമകൾ റിലീസ് ചെയ്യുന്നതിനെ എതിർത്തിരുന്ന ആന്റണിയുടെ നീക്കം നിർമ്മാതാക്കളിലും തീയറ്റർ ഉടമകളിലും അമ്പരപ്പിന് ഇടയാക്കിട്ടുണ്ട്.

അതേസമയം മലയാള സിനിമയിൽ ഇതുവരെ കണ്ട് ഏറ്റവും ഉയർന്ന തുകയ്ക്കാണ് ആമസോൺ പ്രൈം സിനിമയുടെ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പത്ത് കോടിയോളം രൂപയാണ് ദൃശ്യം രണ്ടിന്റെ നിർമ്മാണ ചെലവ്. എന്നാൽ, 25 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈമുമായുള്ള ഇടപാടിൽ നിർമ്മാതാവിന് പോക്കറ്റിലായത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് ഒടിടി പ്ലാറ്റ്‌ഫോമിലെ ഒരു മലയാള സിനിയുടെ ഏറ്റവും ഉയർന്ന തുകയാണ്. തെന്നിന്ത്യയിൽ വൻ ആരാധകവൃന്ദമുള്ള മോഹൻലാലിന്റെ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ വരുന്നതോട അത് പുതിയൊരു നാഴികകല്ലായി മാറുമെന്നാണ് വിലയിരുത്തൽ.

ദൃശ്യം രണ്ടിന്റെ ടീസർ പുതുവത്സരം പിറക്കുന്ന അവസരത്തിൽ റിലീസ് ചെയ്തിരുന്നു. ജീതു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ദൃശ്യം 2' നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

ദൃശ്യം സിനിമ നിർത്തിയിടത്ത് നിന്ന് ആരംഭിക്കുന്ന 'ദൃശ്യം 2'വിന്റെ ടീസറിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജ്കുട്ടി എന്ന കഥാപാത്രവും കുടുംബവും നിർഭാഗ്യകരമായ ഒരു രാത്രിയിലുണ്ടായ പ്രശ്‌നങ്ങളെ നേരിട്ടുവെന്നതിനെക്കുറിച്ചു പറയുന്നു. കുടുംബം മുഴുവനും ഒരു രഹസ്യം സൂക്ഷിക്കുകയും അത് പുറത്താകുമോ എന്ന ആകാംക്ഷ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യവും ടീസറിൽ വ്യക്തമാക്കുന്നു.

കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം വീടുകളുടെ സുരക്ഷയിൽ നിന്ന് ആസ്വദിക്കാനാവുന്ന ചിത്രമാകും 'ദൃശ്യം 2 എന്ന് മോഹൻലാൽ. ''സമാനതകളില്ലാത്ത ത്രില്ലറായിരുന്നു 'ദൃശ്യം.' കാലത്തേക്കാൾ മുന്നിൽ സഞ്ചരിച്ച, എല്ലാവർക്കും പ്രിയപ്പെട്ടതാ ചിത്രം. 'ദൃശ്യം 2'വിൽ, ജോർജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ ആദ്യ ഭാഗത്ത് ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് മുന്നോട്ട് കൊണ്ടു പോകുന്നു. ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി ഒത്തു ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിലേക്ക് ദക്ഷിണേന്ത്യയിലെ മികച്ച ചില സിനിമകൾ എത്തിക്കാൻ പ്രൈം വീഡിയോ സഹായിച്ചിട്ടുണ്ട്. 'ദൃശ്യ'ത്തിന്റെ തുടർച്ചയ്ക്കായി കാഴ്ചക്കാർ ക്ഷമയോടെ കാത്തിരുന്നതായി അറിയാം 'ദൃശ്യം 2' സ്‌നേഹത്തിന്റെ അധ്വാനമാണ്, ഞങ്ങളുടെ ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് അത് ഉയരുമെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ നിങ്ങളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം ഇരുന്നു കൊണ്ട് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ നിന്ന് ഈ ചിത്രം ആസ്വദിക്കൂ,' മോഹൻലാൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് 'ദൃശ്യം 2' എത്തിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ ഡയറക്ടർ വിജയ് സുബ്രഹ്മണ്യം പറഞ്ഞു. ''ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ 'ദൃശ്യം 2' എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,'' അദ്ദേഹം പറഞ്ഞു.

അതേസമയം മലയാള സിനിമയിലെ യുവാക്കൾ ഒടിടി പ്ലാറ്റഫോമിലേക്ക് പോകേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ എതിർത്തു കൊണ്ടാണ് ആന്റണി പെരുമ്പാവൂരും കൂട്ടരും തുടക്കത്തിൽ തന്നെ രംഗത്തുവന്നത്. എന്നാൽ, എതിർത്ത ആ പ്ലാറ്റ്‌ഫോം ലാഭകരമാണെന്ന് കണ്ടാണ് ഇപ്പോൾ ആ പാതയിലേക്ക് ആന്റണിയും നീങ്ങുന്നത്. ഫെബ്രുവരിയിൽ സിനിമാ തീയറ്ററുകൾ കേരളത്തിൽ തുറക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ അതിന് കാത്തിരിക്കാതെയാണ് അന്റണി സിനിമ ആമസോണിന് നൽകിയതും.

നേരത്തെ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസായ സീ യു സൂൺ എന്ന സിനിമയും വലിയ വിജയമായിരുന്നു. സിനിമാ തീയറ്റർ വിഹിതവും വിതരണക്കാരും ആവശ്യമില്ലാതെ നേരിട്ടുള്ള ഇടപാട് ലാഭകരമാണെന്നത് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് പോകാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നുണ്ട്. സൂഫിയും സുജാതയും, കപ്പേള തുടങ്ങിയ സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP