Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എറണാകുളം - ഷൊർണൂർ ഓട്ടമാറ്റിക് സിഗ്നൽ സംവിധാനത്തിലേക്ക്; ഇരട്ടി ട്രെയിനുകൾ ഓടിക്കാനാകും; റെയിൽവേ ബോർഡിന്റെ അനുമതിക്ക് ശുപാർശ നൽകും; കൊച്ചുവേളി വികസനം അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ

എറണാകുളം - ഷൊർണൂർ ഓട്ടമാറ്റിക് സിഗ്നൽ സംവിധാനത്തിലേക്ക്; ഇരട്ടി ട്രെയിനുകൾ ഓടിക്കാനാകും; റെയിൽവേ ബോർഡിന്റെ അനുമതിക്ക് ശുപാർശ നൽകും; കൊച്ചുവേളി വികസനം അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: തിരക്കേറിയ എറണാകുളം-ഷൊർണൂർ സെക്ഷനിൽ ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടിയിലേക്ക്. പുതിയ വർഷത്തെ പദ്ധതികളുടെ ഭാഗമായി റെയിൽവേ ബോർഡ് അനുമതിക്കായി ഈ പദ്ധതിയുടെ ശുപാർശ സമർപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് പറഞ്ഞു.

കോട്ടയം, ആലപ്പുഴ വഴികളിലൂടെയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ എറണാകുളം ഷൊർണൂർ പാതയിൽ വീണ്ടും ട്രെയിനുകളുടെ തിരക്കു വർധിക്കും. ഈ സെക്ഷനിൽ കൂടുതൽ ട്രെയിനുകളോടിക്കാൻ ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്.

ഓട്ടമാറ്റിക് സിഗ്നലിങ് ഏർപ്പെടുത്തുന്നതോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടി ട്രെയിനുകൾ ഈ സെക്ഷനിൽ ഓടിക്കാൻ കഴിയും. കൊച്ചുവേളി വികസനം അടുത്ത വർഷം യാഥാർത്ഥ്യമാകും. കോട്ടയം പാത ഇരട്ടിപ്പിക്കൽ 2021 ഡിസംബറിൽ പൂർത്തിയാകുന്നതോടെ കേരളത്തിലോടുന്ന കൂടുതൽ ട്രെയിനുകളുടെ വേഗം കൂട്ടാൻ സാധിക്കും. ഷൊർണൂർ സ്റ്റേഷനിൽ ട്രെയിനുകളുടെ ഓട്ടം സുഗമമാക്കാൻ യാഡ് റീമോഡലിങ് പരിഗണിക്കുമെന്നും മനോരമ ഓൺലൈനിനു അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു

കൊച്ചുവേളിയിൽ 2 പ്ലാറ്റ്‌ഫോം ലൈനുകളും ഒരു സ്റ്റേബിളിങ് ലൈനും 40 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ കരാർ ക്ഷണിച്ചിട്ടുണ്ട്. പണം ലഭിക്കുന്ന മുറയ്ക്കു 2021-22 കാലയളവിൽ പണി പൂർത്തീകരിക്കാൻ കഴിയും. കൊച്ചുവേളിയിൽ കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാൻ ഇതു മൂലം കഴിയും. നേമം പദ്ധതി ഉൾപ്പെടുന്ന തിരുവനന്തപുരം-പാറശാല പാത ഇരട്ടിപ്പിക്കലിനു സ്ഥലം ഏറ്റെടുക്കാൻ 250 കോടി രൂപ ആവശ്യപ്പെട്ടു റെയിൽവേ ബോർഡിനു കത്തു നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണു പല സെക്ഷനുകളിലും വേഗ നിയന്ത്രണങ്ങൾ വന്നിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാലാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിന്റെ ഉറപ്പ് ഉൾപ്പെടെയുള്ള ഘടകങ്ങളാണു ഇതിന് ആധാരം. ഇവ സ്ഥിരമായി നിരീക്ഷിക്കാൻ സംവിധാനമുണ്ട്. അടിത്തറ ഉറയ്ക്കുന്നതോടെ ആ ഭാഗങ്ങളിലെ വേഗ നിയന്ത്രണങ്ങൾ നീക്കാൻ കഴിയും.

ഗേജ് മാറ്റത്തിനു ശേഷം കൊല്ലം-ചെങ്കോട്ട സെക്ഷനിൽ പാതയിലെ വളവുകളും കയറ്റങ്ങളും മൂലം കോച്ചുകൾ കൂട്ടുന്നതിനു ഗാട്ട് സെക്ഷനുകളിൽ പരിമിതിയുണ്ട്. ചരക്കു ലോറികൾ വാഗണിൽ കയറ്റി കൊണ്ടു പോകാവുന്ന റോ റോ സർവീസിന്റെ പരീക്ഷണ ഓട്ടം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നടത്തിയിരുന്നു. കേരളത്തിൽ റോ റോ സർവീസിനുള്ള ശുപാർശ അന്തിമഘട്ടത്തിലാണ്. റെയിൽവേ ബോർഡിന്റെ മാർഗ നിർദേശ പ്രകാരം തുടർ നടപടികളുണ്ടാകും.

ദക്ഷിണ റെയിൽവേയിൽ ചെന്നൈ-ഗുഡൂർ, ചെന്നൈ-അറക്കോണം-റേനിഗുണ്ട സെക്ഷനുകളിൽ ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററായി വർധിപ്പിക്കാനുള്ള പണികൾ പുരോഗമിക്കുകയാണ്.ആർഡിഎസ്ഒ (റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ) സ്പീഡ് ട്രയലുകൾ പൂർത്തിയായി. അവരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു വേഗം വർധിപ്പിക്കും. കേരളത്തിൽ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിനുകളുടെ വേഗം കൂട്ടാൻ കഴിയും. ഏറ്റുമാനൂർ-ചിങ്ങവനം (16.84 കിലോമീറ്റർ) പാത ഇരട്ടിപ്പിക്കൽ ഡിസംബർ 2021ൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

കൂടുതൽ ദീർഘദൂര ട്രെയിനുകൾ ആധുനിക എൽഎച്ച്ബി റേക്കുകളിലേക്കു മാറി കൊണ്ടിരിക്കയാണ്. ഇതുവഴി ഒഴിവാക്കുന്ന പരമ്പരാഗത ഐസിഎഫ് കോച്ചുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ സർവീസിന് ഉപയോഗിക്കാൻ കഴിയും. ഈ ഘടകങ്ങൾ പരിഗണിച്ചാണു ട്രെയിൻ സർവീസുകൾ പ്ലാൻ ചെയ്യുന്നത്. പാസഞ്ചർ സർവീസുകൾ തീർച്ചയായും ഉണ്ടാകും. ദീർഘദൂര പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രസുകളാക്കി മാറ്റുന്നതോടെ റിസർവ്ഡ് യാത്രക്കാർക്കും അൺ റിസർവ്ഡ് യാത്രക്കാർക്കും ഒരു പോലെ യാത്രാസൗകര്യം ലഭിക്കും.

ഭാവിയിൽ പാസഞ്ചർ ട്രെയിനുകൾ എല്ലാം മെമു ട്രെയിനുകളാക്കി മാറ്റും. പെട്ടെന്നു വേഗം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന മെമു ട്രെയിനുകൾ വരുന്നതോടെ പാസഞ്ചർ സർവീസുകൾ കൃത്യസമയം പാലിക്കുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP