Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതുവർഷത്തിൽ ബ്രിട്ടന് പുതിയ പ്രഭാതം; ബ്രക്‌സിറ്റ് യാഥാർത്ഥ്യമായി; യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞത് നാലര വർഷം നീണ്ട നടപടി ക്രമങ്ങൾക്ക് ശേഷം; പുതിയ തുടക്കമെന്ന് ബോറിസ് ജോൺസൻ

പുതുവർഷത്തിൽ ബ്രിട്ടന് പുതിയ പ്രഭാതം; ബ്രക്‌സിറ്റ് യാഥാർത്ഥ്യമായി; യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞത്  നാലര വർഷം നീണ്ട നടപടി ക്രമങ്ങൾക്ക് ശേഷം; പുതിയ തുടക്കമെന്ന് ബോറിസ് ജോൺസൻ

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: പുതുവർഷത്തിൽ പുതിയ പ്രഭാതത്തെ വരവേൽക്കുകയാണ് ബ്രിട്ടൻ. യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ ബ്രിട്ടൻ ഇനി സ്വതന്ത്രരാജ്യം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് 48 വർഷത്തെ ബന്ധമുപേക്ഷിച്ച് ബ്രിട്ടൻ ഔദ്യോഗികമായി യൂണിയൻ വിട്ടത്. നാലരവർഷം നീണ്ട ബ്രെക്‌സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കുമെല്ലാം ഇതോടെ വിരാമമായി.

ബ്രെക്‌സിറ്റിനുശേഷവും ഇ.യു.വുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാറും പുതുവത്സരദിനത്തിൽ നിലവിൽവന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ഇരുസഭകളും ചേർന്ന് പാസാക്കിയ ബ്രെക്‌സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞിയും അനുമതി നൽകിയിരുന്നു. ഇതോടെ ബിൽ നിയമമായി.

പുതുവർഷം പുതിയൊരു തുടക്കമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി ഭാവിയിലും ബന്ധം തുടരുന്നതിനുള്ള ബിൽ ഒറ്റദിവസംകൊണ്ട് പാസാക്കാൻ സഹായിച്ച പാർലമെന്റംഗങ്ങളോടും സഹപ്രവർത്തകരോടും അദ്ദേഹം നന്ദിപറഞ്ഞു. നേരത്തേ ബ്രിട്ടൻ 27 അംഗ യൂണിയൻ വിട്ടിരുന്നെങ്കിലും വിടുതൽ കാലാവധി അവസാനിച്ചത് വ്യാഴാഴ്ചയാണ്.

''ബ്രിട്ടന്റെ ഭാവി നമ്മുടെ കൈയിലാണ്. ബ്രിട്ടീഷ് ജനതയുടെ താത്പര്യത്തിനൊത്തും ലക്ഷ്യബോധത്തോടെയും നമ്മളീ ചുമതല ഏറ്റെടുക്കും'' -അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ബോറിസ് ജോൺസൺ അധികാരമേറ്റത്.

2016 ജൂണിലാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന കാര്യത്തിൽ ഹിതപരിശോധന നടത്തിയത്. ഹിതപരിശോധന അനുകൂലമായതോടെ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവെച്ചു. തുടർന്ന് അധികാരത്തിലേറിയ തെരേസ മെയ്‌ക്കും ബ്രെക്‌സിറ്റ് യാഥാർഥ്യമാക്കാൻ സാധിക്കാതെ പടിയിറങ്ങേണ്ടിവന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP