Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് ഡി. സുരേഷ് കുമാർ; എറണാകുളത്ത് ഉല്ലാസ് തോമസ്: ജില്ലാ പഞ്ചായത്ത് സാരഥികൾ ഇവരെല്ലാം

തിരുവനന്തപുരത്ത് ഡി. സുരേഷ് കുമാർ; എറണാകുളത്ത് ഉല്ലാസ് തോമസ്: ജില്ലാ പഞ്ചായത്ത് സാരഥികൾ ഇവരെല്ലാം

സ്വന്തം ലേഖകൻ

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ പഞ്ചായത്ത് സാരഥികളെ തിരഞ്ഞെടുത്തു.സിപിഎം നേമം ഏരിയ കമ്മിറ്റിയംഗം ഡി. സുരേഷ് കുമാറാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 2005ൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. 2015 ൽ നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. സിഐടിയു നേമം ഏരിയ കമ്മിറ്റി അംഗം, പട്ടികജാതി ക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നു. ഭാര്യ: ഗ്രീഷ്മ.

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സാം കെ.ഡാനിയേൽ (47) ആണ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചു. ഇളമാട് പഞ്ചായത്ത് പ്രസിഡന്റായും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കേരള സർവകലാശാല സെനറ്റ് അംഗമായിരുന്നു. കൊട്ടാരക്കര, കടയ്ക്കൽ കോടതികളിൽ അഭിഭാഷകനാണ്. ഭാര്യ: ആലിസ് പോൾ.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഓമല്ലൂർ ശങ്കരൻ (68) പത്തനംതിട്ട ജില്ലാ അധ്യക്ഷനായി. കേരള കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. കേരള ഹൈക്കോടതിയിൽ പ്രാക്ടീസിനു ശേഷം പത്തനംതിട്ടയിലെ കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചു. ഭാര്യ: ചന്ദ്രമതിയമ്മ.

സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.ജി രാജേശ്വരി (55) ആലപ്പുഴ ജില്ലയുടെ സാാരഥിയായി ചുമതലയേറ്റു. 2000 മുതൽ അഞ്ച് വർഷം മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗവും 2005 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 2010 ൽ ജില്ലാ പഞ്ചായത്ത് അംഗവും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയുമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. ഭർത്താവ്: പി. രാജശേഖരൻ.

നിർമല ജിമ്മി (55)യാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ. കരള കോൺഗ്രസ് (എം) വനിതാ വിഭാഗമായ വനിതാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്. 201315 ലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജില്ലയിൽ രണ്ടാമൂഴം ലഭിക്കുന്ന ആദ്യ പ്രസിഡന്റ്. ജില്ലാ പഞ്ചായത്തിലേക്ക് മൂന്നാം തവണ. പാലാ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമാണ്. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സംസ്ഥാന വനിതാ വികസന കോർപറേഷൻ ഡയറക്ടർ പദവികളും വഹിച്ചു. ഭർത്താവ്: സി.എ. ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ.

സിപിഐക്കാരിയായ ജിജി കെ.ഫിലിപ്പ് (46) ആണ് ഇടുക്കി ജില്ലയുടെ സാരഥിയായി ചുമതലയേറ്റത്. സിപിഐ ജില്ലാ കൗൺസിൽ അംഗം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ ആദ്യ രണ്ടു വർഷമാണു കാലാവധി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. എഴുത്തുകാരനും യുവ കലാസാഹിതി ജില്ലാ സെക്രട്ടറിയുമാണ്. നളന്ദ ഇംഗ്ലിഷ് മീഡിയം സ്‌കൂൾ മാനേജരും അദ്ധ്യാപകനുമാണ്. ഭാര്യ: ബിന്ദു.

ഡിസിസി ജനറൽ സെക്രട്ടറി ഉല്ലാസ് തോമസ് (50) ആണ് എറണാകുളം ജില്ലാ അധ്യക്ഷൻ. രണ്ടു തവണ പാലക്കുഴ ഗ്രാമപ്പഞ്ചായത്തിലും ഒരു തവണ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലും അംഗമായി. രണ്ടര വർഷം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവി വഹിച്ചു. പാലക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ. തോമസിന്റെ മകനാണ്. ഭാര്യ: എലിസബത്ത്.

പി.കെ.ഡേവിസ് (61) തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം. 201015 ൽ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്. നിലവിൽ കർഷക സംഘം ജില്ലാ സെക്രട്ടറി, കർഷകത്തൊഴിലാളി ക്ഷേമ ബോർഡംഗം. പൊയ്യ പഞ്ചായത്ത് പ്രസിഡന്റും സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായിരുന്നു. സിപിഎം മാള മുൻ ഏരിയ സെക്രട്ടറിയാണ്.ഭാര്യ: ആനി.

കെ.ബിനുമോൾ (49) ആണ് പാലക്കാട് ജില്ലയുടെ അധ്യക്ഷ. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്. കഴിഞ്ഞ ഭരണ സമിതിയിൽ ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷ. സിപിഎം കണ്ണാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി, എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭർത്താവ്: സിപിഎം നേതാവ്, മുന്മന്ത്രി പരേതനായ ഇ.കെ. ഇമ്പിച്ചി ബാവയുടെ മകൻ ഇ.കെ. ജലീൽ.

എം.കെ.റഫീഖ (41) മലപ്പുറം ജില്ലയുടെ അധ്യക്ഷനായി ചുമതലയേറ്റു. വനിതാ ലീഗ് പെരിന്തൽമണ്ണ നിയോജക മണ്ഡലം അധ്യക്ഷ. ജില്ലാ പഞ്ചായത്തിലേക്ക് രണ്ടാംതവണ. 2010 ൽ പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദേശീയ തലത്തിൽ 4 അവാർഡുകളും സംസ്ഥാന സ്വരാജ് ട്രോഫിയും നേടി. സാന്ത്വന പരിചരണ രംഗത്തും പ്രവർത്തിക്കുന്നു. പുലാമന്തോൾ ഹയർ സെക്കൻഡറി സ്‌കൂളിൽ ഐടി അദ്ധ്യാപികയായും പ്രവർത്തിച്ചു. ഭർത്താവ്: ഉമറുദ്ദീൻ

കോഴിക്കോട് ജില്ലയുടെ അധ്യക്ഷയായി കാനത്തിൽ ജമീല (52) ചുമതലയേറ്റു. സിപിഎം ജില്ലാ കമ്മിറ്റിയംഗം. പഞ്ചായത്തു സംവിധാനത്തിലെ 3 തലങ്ങളിലും അധ്യക്ഷ സ്ഥാനം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ രണ്ടാമൂഴം. 201015 ലും പ്രസിഡന്റായിരുന്നു. 1995 ൽ തലക്കുളത്തൂർ പഞ്ചായത്തിന്റെയും 2005 ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. സംസ്ഥാന ഓർഫനേജ് കമ്മിറ്റിയിൽ സർക്കാരിന്റെ പ്രതിനിധി. ഭർത്താവ്: അബ്ദുൽറഹ്മാൻ.

32കാരനായ സംഷാദ് മരയ്ക്കാർ ആണ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്. മാനന്തവാടി ഗവ. കോളജ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സീനത്ത്.

പി.പി. ദിവ്യ (36) കണ്ണൂർ ജില്ലാ അധ്യക്ഷയായി. സിപിഎം ജില്ലാ കമ്മിറ്റിയംഗം. ജില്ലാ പഞ്ചായത്തിലേക്കു മൂന്നാം തവണ. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതിയംഗവുമാണ്. കണ്ണൂർ സർവകലാശാല യൂണിയൻ വൈസ് ചെയർമാനായിരുന്നു. ഭർത്താവ്: വി.പി. അജിത്.

ബേബി ബാലകൃഷ്ണൻ (46) കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. സിപിഎം ജില്ലാ കമ്മിറ്റിയംഗം. മടിക്കൈ പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും മുൻ പ്രസിഡന്റായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും എൻആർഇജി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമാണ്. മടിക്കൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പദവിയും വഹിക്കുന്നു. ഭർത്താവ്: ബി. ബാലകൃഷ്ണൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP