Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ ശിവൻ ഒരു വർഷം കൂടി ഐഎസ്ആർഒ ചെയർമാനായി തുടരും; കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർ

കെ ശിവൻ ഒരു വർഷം കൂടി ഐഎസ്ആർഒ ചെയർമാനായി തുടരും; കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ഐഎസ്ആർഒ ചെയർമാൻ കെ ശിവന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്ര സർക്കാർ നീട്ടി. 2021 ജനുവരി 15-ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. 2022 ജനുവരി 14 വരെയാണ് ഇപ്പോൾ ശിവന് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. കേന്ദ്ര നിയമനകാര്യ സമിതിയാണ് ശിവന്റെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചത്. ഐഎസആർഒ ചെയർമാന് കേന്ദ്രം സർവ്വീസ് കാലാവധി നീട്ടി കൊടുക്കുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവർത്തിക്കുന്നത്.

എ.എസ് കിരൺ കുമാറിന്റെ പിൻഗാമിയായാണ് തമിഴ്‌നാട് നാഗർകോവിൽ സ്വദേശിയായ ശിവൻ ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഓയുടെ തലവനായി ചുമതലയേറ്റത്. ക്രയോജനിക് എഞ്ചിനുകൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഇദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. 6 ഡി ട്രാജക്ടറി സിമുലേഷൻ സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിലും ശിവൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

കന്യാകുമാരിയിലെ തരക്കൻവിളയിൽ ജനിച്ച ശിവൻ, സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്‌കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പട്ടിണിയും ദാരിദ്രവും കാരണം സഹോദരനും രണ്ടു സഹോദരിമാർക്കും വിദ്യാഭ്യാസം നൽകാൻ പിതാവിന് സാധിച്ചിരുന്നില്ല. നാഗർകോവിൽ ഹിന്ദു കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി.

ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകൾക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയിൽനിന്ന് 1980ൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്‌സിയിൽ നിന്ന് 1982ൽ എയ്‌റോസ്‌പേസ് എൻജിനീയറിങ് ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയിൽ നിന്ന് 2006ൽ പിഎച്ച്ഡിയും സ്വന്തമാക്കി.

വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഐഐടിയിൽ ചേരുന്നത് വരെ സ്വന്തമായി പാന്റസോ ചെരുപ്പോ പോലും ഇല്ലായിരുന്നുവെന്ന് ശിവൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. മുണ്ട് ധരിച്ചാണ് കോളജിൽ പോയ്‌ക്കോണ്ടിരുന്നത്. ചെരുപ്പ് വാങ്ങാൻ കർഷകനായ അച്ഛന് ത്രാണി ഇല്ലാതിരുന്നതിനാൽ നഗ്‌നപാദനായാണ് ഓരോ പടവും നടന്നുകയറിയത്. താൻ ആദ്യമായി പാന്റ് ധരിക്കുന്നത് മദ്രാസ് ഐഐടിയിൽ പഠനത്തിന് ചേർന്നപ്പോഴാണെന്ന് ശിവൻ ഓർക്കുന്നു. അച്ഛൻ കർഷകനായതിനാൽ കോളജ് സമയം കഴിഞ്ഞെത്തിയാൽ അദ്ദേഹത്തോടൊപ്പം കൃഷിപണിയിൽ ഏർപ്പെടാറുണ്ടായിരുന്നു. അവധിദിവസങ്ങളിൽ അച്ഛനോടൊപ്പം എല്ലായിടത്തും പണിക്ക് പോകുന്നത് പതിവായിരുന്നു.

ജനനം തമിഴ്‌നാട്ടിലാണെങ്കിലും മൂന്നു പതിറ്റാണ്ടിലേറെ തനി മലയാളിയായാണു ശിവൻ ജീവിച്ചത്. 1983 ൽ ഐഎസ്ആർഒയിൽ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം തിരുവനന്തപുരത്തായി. കരമന തളിയൽ ഹരിശ്രീ റസിഡന്റ്‌സ് അസോസിയേഷനിലായിരുന്നു അന്നത്തെ വീട്. മാലതിയാണു ഭാര്യ. സുശാന്ത്, സിദ്ധാർഥ് എന്നിവരാണു മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP