Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഡ്‌നിയിൽ ജയം തുടരാൻ ടീം ഇന്ത്യ; 'തിരിച്ചുവരവിന്' ഒരുങ്ങി രോഹിത്ത് ശർമ്മ; പുറത്താകുക മായങ്കോ വിഹാരിയോ; ലൊകേഷ് രാഹുലിനെയും ടീമിലേക്ക് പരിഗണിക്കണമെന്ന് ആവശ്യം

സിഡ്‌നിയിൽ ജയം തുടരാൻ ടീം ഇന്ത്യ; 'തിരിച്ചുവരവിന്' ഒരുങ്ങി രോഹിത്ത് ശർമ്മ; പുറത്താകുക മായങ്കോ വിഹാരിയോ; ലൊകേഷ് രാഹുലിനെയും ടീമിലേക്ക് പരിഗണിക്കണമെന്ന് ആവശ്യം

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: അഡ്‌ലെയ്ഡ് ടെസ്റ്റിൽ നാണം കെട്ട തോൽവി, മെൽബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിൽ മിന്നും ജയത്തോടെ ഉയിർത്തെഴുന്നേൽപ്പ്. സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീം ഓസ്‌ട്രേലിയയെ പൂട്ടാൻ കരുതിവച്ചിരിക്കുന്നത് എന്തായിരിക്കും. ആദ്യ ടെസ്റ്റിൽ നേടിയ മുൻതൂക്കം രണ്ടാം ടെസ്റ്റിൽ കളഞ്ഞുകുളിച്ച ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം മൂന്നാം ടെസ്റ്റ് എത്രത്തോളം നിർണായകമെന്ന് ആരേക്കാളും നന്നായി പരിശീലകൻ ജസ്റ്റിൻ ലാംഗർ അറിയാം.

പ്രത്യേകിച്ച് മികച്ച ക്യാപ്റ്റൻസിലിയൂടെയും മിന്നുന്ന ബാറ്റിംഗിലൂടെയും ടീമിന്റെ ഒന്നാകെ ആത്മവിശ്വാസം വീണ്ടെടുത്ത അജിങ്ക്യാ രഹാനെ എ്ന്ന നായകൻ ഇന്ത്യയെ നയിക്കുമ്പോൾ. ടീമിന്റെ ബാറ്റിങ് കരുത്ത് കൂട്ടാൻ രോഹിത് ശർമ്മ കൂടി എത്തുന്നതോടെ ഇന്ത്യ കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് ബോളർമാരെ ഇറക്കിയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ നിർണായക ജയം പിടിച്ചതെങ്കിൽ രോഹിത്തിന്റെ തിരിച്ചുവരവ് ബാറ്റിംഗിന്റെ ആഴം കൂട്ടുമെന്നാണ് വിലയിരുത്തൽ. എന്നാൽ രോഹിത്ത് പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുമ്പോൾ ആരാകും പോകുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ വർഷത്തെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ രോഹിതിനെ ഓപ്പണറായി പരീക്ഷിച്ചത്, അതു വിജയമാകുകയും ചെയ്തു. എന്നാൽ ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളിൽ രോഹിത് ഓപ്പണറാകുമോയെന്ന് ഉറപ്പില്ല, പ്രത്യേകിച്ചും താരത്തിന് ഓസീസ് മണ്ണിൽ പരിചയക്കുറവുള്ള സാഹചര്യത്തിൽ. ഓപ്പണറായി രോഹിത്തിനെ ഇറക്കുന്നില്ലെങ്കിൽ മധ്യനിരയിലേക്ക് പരിഗണിക്കേണ്ടി വരും.

കുറച്ചു ആഴ്ചകളായി ഓസ്‌ട്രേലിയയിൽ ക്വാറന്റീനിൽ കഴിയുന്ന രോഹിത് ശർമയുമായി കളിക്കുന്ന കാര്യം സംസാരിച്ചതായാണ് ടീം പരിശീലകൻ രവി ശാസ്ത്രി പറയുന്നത്. തീരുമാനമെടുക്കുന്നതിനു മുൻപു താരത്തിന്റെ നിലപാടു കൂടി പരിഗണിക്കുമെന്നും ശാസ്ത്രി മെൽബണിലെ ടെസ്റ്റ് വിജയത്തിന് ശേഷം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ബുധനാഴ്ച മെൽബണിൽ രോഹിത് ശർമ ടീമിനൊപ്പം ചേർന്നു. ടെസ്റ്റിൽ ആദ്യ മത്സരം കളിച്ച യുവതാരം ശുഭ്മാൻ ഗിൽ ക്ഷമയും പക്വതയും തെളിയിച്ചുകഴിഞ്ഞു. രോഹിത് ഓപ്പണിങ്ങിലേക്ക് പരിഗണിച്ചാൽ പുറത്തിരിക്കേണ്ടി വരിക മായങ്ക് അഗർവാളായിരിക്കും. മധ്യനിരയിലേക്കാണ് രോഹിത്തിനെ പരിഗണിക്കുന്നതെങ്കിൽ ഹനുമാ വിഹാരിയാകും പുറത്താകുക. വിരാട് കൊലി ടീമിലില്ലാത്ത സാഹചര്യത്തിൽ രോഹിത്തിന്റെ സേവനം ഇന്ത്യ അത്രത്തോളം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

പ്രിഥ്വി ഷാ പരാജയപ്പെട്ടപ്പോൾ ഓപ്പണറായി കളിക്കാൻ ലഭിച്ച അവസരം ശുഭ്മാൻ ഗിൽ തികവുറ്റ പ്രകടനത്തിലൂടെ സാധൂകരിക്കുകയും ചെയ്തു. അരങ്ങേറ്റക്കാരന്റെ പരിഭ്രമമില്ലാതെ ഓസിസ് പേസർമാരെ നേരിടാൻ ഗില്ലിന് സാധിച്ചു. ഓസ്്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അഗർവാളിന്റെ ഇതുവരെയുള്ള പ്രകടനം നിരാശാജനകമാണ്. ഒരു തവണ മാത്രമാണ് താരം രണ്ടക്കം കടന്നത്. എന്നാൽ പരിശീലന മത്സരങ്ങൾ ലഭിക്കാത്തതിനാൽ രോഹിതിനും ഓപ്പണറാകാൻ വലിയ താൽപര്യമില്ലെന്നാണ് ഇന്ത്യൻ ടീം ക്യാംപിൽനിന്നു ലഭിക്കുന്ന സൂചന. വലിയ ഇടവേളയ്ക്കു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത് എന്നതിനാൽ ഓപ്പണിങ്ങിനിറങ്ങാൻ രോഹിത് മടിച്ചേക്കും. എങ്കിൽ മധ്യനിരയിൽ ഹനുമ വിഹാരിയുടെ സ്ഥാനത്ത് രോഹിത് ഇടം പിടിച്ചേക്കും. പരിക്കേറ്റ ഉമേഷ് യാദവിന് പകരം തമിഴ്‌നാട് ഫാസ്റ്റ് ബൗളർ നടരാജനും ടീമിൽ ഇടം നേടിയേക്കും.

മായങ്ക് അഗർവാളിനൊപ്പം രോഹിത് ശർമ ഓപ്പണറായി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നായകനുമായിരുന്ന സുനിൽ ഗവാസ്‌കർ ആവശ്യപ്പെട്ടു.
രോഹിത് ഓപ്പണറായി ഇറങ്ങുന്നത് ടീമിന് ഏറെ ഗുണം ചെയ്യും. ശുഭ്മാൻ ഗിൽ മധ്യനിരയിൽ കളിക്കട്ടെ. വിഹാരിയെ മൂന്നാം ടെസ്റ്റിൽ പുറത്തിരുത്തേണ്ടിവരുമെന്നും ഗവാസ്‌കർ അഭിപ്രായപ്പെട്ടു.

എന്നാൽ വ്യത്യസ്തമായ അഭിപ്രായമാണ് ഇന്ത്യൻ ടീമിന്റെ മുൻ സിലക്ടറായ ദിലിപ് വെങ്‌സാർക്കർക്കുള്ളത്. രോഹിത് വരുമ്പോൾ മായങ്കിനെയും വിഹാരിയെയും പുറത്തിരുത്തണമെന്നാണ് വെങ്‌സാർക്കർ പറയുന്നത്. രോഹിത് മധ്യനിരയിലും കെ.എൽ. രാഹുൽ ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണിങ്ങിലും കളിക്കണം. രാഹുൽ നന്നായി കളിക്കുന്നുണ്ട്. എന്നാൽ അഗർവാളിൽ ആത്മവിശ്വാസക്കുറവ് പ്രകടമാണ്. രോഹിത് നാലാമതോ, അഞ്ചാമതോ ബാറ്റിങ്ങിന് ഇറങ്ങണമെന്നാണ് എന്റെ അഭിപ്രായം. രഹാനെ ഫോമിലേക്ക് തിരിച്ചെത്തി. ഇന്ത്യ പെട്ടെന്നു തന്നെ ടീമെന്ന നിലയിൽ കുറേ മാറിയിട്ടുണ്ട്- വെങ്‌സാർക്കർ അഭിപ്രായപ്പെട്ടു.

അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയും മെൽബണിൽ ഇന്ത്യയും ജയിച്ചതിനാൽ അടുത്ത രണ്ടു ടെസ്റ്റുകളായിരിക്കും പരമ്പര വിജയികളെ തീരുമാനിക്കുക. രോഹിതിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ശക്തി പകരും. എന്നാൽ ഓപ്പണിങ് ഇറങ്ങിയാൽ രോഹിത് എങ്ങനെ കളിക്കുമെന്നതു കാത്തിരുന്നുതന്നെ കാണേണ്ട കാര്യമാണ്. ജനുവരി ഏഴ് മുതൽ 11 വരെ സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. നാലാം മത്സരം ജനുവരി 15 മുതൽ 19 വരെ ബ്രിസ്‌ബെയ്‌നിലും നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP