Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീയറ്ററുകൾ തുറന്ന് തരൂ പാർട്ടിയെ ഞങ്ങൾ വിജയിപ്പിക്കാം; ആരോ​ഗ്യമന്ത്രിയോട് അഭ്യർത്ഥനയുമായി വിജയ് ആരാധകർ

തീയറ്ററുകൾ തുറന്ന് തരൂ പാർട്ടിയെ ഞങ്ങൾ വിജയിപ്പിക്കാം; ആരോ​ഗ്യമന്ത്രിയോട് അഭ്യർത്ഥനയുമായി വിജയ് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ തീയറ്ററുകൾ തുറക്കണമെന്ന് ആരോ​ഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിനോട് അഭ്യർത്ഥിച്ച് വിജയ് ആരാധകർ. വിജയ് ചിത്രം മാസ്റ്റർ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിലെ തീയറ്ററുകളിൽ തന്നെ സിനിമ കാണാനുള്ള ആരാധകരുടെ വ്യ​ഗ്രതയാണ് ഈ ആവശ്യത്തിന് പിന്നിൽ. തീയറ്ററുകൾ തുറന്നാൽ വോട്ട് ഇടത് മുന്നണിക്ക് നൽകാം എന്ന വാ​ഗ്ദാനമാണ് ആരാധകർ മുന്നോട്ട് വെക്കുന്നത്. മന്ത്രി ശൈലജ ടീച്ചറിന്റെ ഫേസ്‌ബുക്ക് പേജിലെത്തിയാണ് ആരാധകർ തങ്ങളുടെ ആവശ്യം ഉന്നയിക്കുന്നത്.

കോവിഡ് മൂലം റിലീസ് നീണ്ട വിജയ് ചിത്രം 'മാസ്റ്ററി'ന്റെ റിലീസ് തീയ്യതി നിർമ്മാതാക്കൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജനുവരി 13നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. തമിഴ്‌നാട് അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലെയും തീയേറ്ററുകൾ നേരത്തെ തുറന്നിരുന്നു. മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തോടെ പ്രിയതാരത്തിന്റെ പുതിയ ചിത്രം തീയേറ്ററുകളിൽ കാണാനാവില്ലെന്നതാണ് വിജയ് ആരാധകരെ നിരാശരാക്കുന്നത്.

തീയേറ്ററുകൾ തുറക്കാനുള്ള തീരുമാനം ഉണ്ടാവുന്നപക്ഷം താങ്കളുടെ പാർട്ടി ഇനി തോൽക്കില്ലെന്നും വിജയ് ആരാധകർ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നുമാണ് ചില ആരാധകരുടെ 'വാഗ്‍ദാനം'. കോവിഡ് സാഹചര്യത്തിൽ തമിഴ്‍നാട്ടിൽ പോയി ചിത്രം കാണാനാവാത്ത സ്ഥിതിയാണെന്നും അതിനാൽ തീയേറ്റർ തുറന്നുതരണമെന്നുമാണ് മറ്റൊരു ആരാധകന്റെ വാക്കുകൾ. ബാറുകൾ അടക്കം തുറന്ന സാഹചര്യത്തിൽ തീയേറ്ററുകൾക്ക് മാത്രം നിയന്ത്രണം എന്തിനെന്ന് ചോദിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചാൽ സോഷ്യൽ ഡിസ്റ്റൻസിങ് നടപ്പാക്കാനാവില്ലേ എന്നും ചിലർ ചോദിക്കുന്നു.

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്റർ പൊങ്കലിനാണ് തിയറ്ററുകളിൽ റിലീസിനെത്തുന്നത്. ചിത്രം ജനുവരി 13ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.

മാസ്റ്റർ സിനിമയുടെ റിലീസിനോടനുബന്ധിച്ച് വിജയ് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിയറ്ററിൽ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണം എടുത്തു കളയാൻ ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. വിജയ്‍യോ മുഖ്യമന്ത്രിയോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.ഹിന്ദിയിൽ ദി വിജയ് മാസ്റ്റർ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

അതേസമയം കോവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ വൻ റിലീസ് ആയിരിക്കും 'മാസ്റ്റർ'. ഏപ്രിൽ 9ന് തീയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് സാഹചര്യത്തിൽ വൈകുകയായിരുന്നു. 'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസ് നീണ്ട സാഹചര്യത്തിൽ ഒടിടി റിലീസിന് സമ്മർദ്ദമുണ്ടായെങ്കിലും തീയേറ്റർ റിലീസ് എന്ന തീരുമാനത്തിൽ നിർമ്മാതാവ് ഉറച്ചുനിൽക്കുകയായിരുന്നു. 'വിജയ് ദി മാസ്റ്റർ' എന്ന പേരിലെത്തുന്ന ഹിന്ദി മൊഴിമാറ്റ പതിപ്പിനും വൻ റിലീസ് ആണ് വിതരണക്കാർ പ്ലാൻ ചെയ്യുന്നത്. അതേസമയം ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവൻകൂർ ഏരിയയിലെ വിതരണാവകാശം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനും കൊച്ചിൻ-മലബാർ ഏരിയയുടെ വിതരണാവകാശം ഫോർച്യൂൺ സിനിമാസിനുമാണ്.

പുതിയ വൈറസ് ലോകത്ത് പടരുന്നുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ടിവരുന്ന നിയന്ത്രണങ്ങളെക്കുറിച്ചും ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി വിശദീകരിച്ചിരുന്നു. കടകളിലും ആളുകൾ കൂടുന്ന മറ്റു സ്ഥലങ്ങളിലും കർശന ജാഗ്രത വേണമെന്നും പുതിയ വൈറസ് ഉയർത്തുന്ന ഭീഷണിയെത്തുടർന്ന് സിനിമാ തീയേറ്ററുകൾ തുറക്കുന്നത് ഇനിയും വൈകുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ പത്ത് മാസത്തോളമായി പൂട്ടിക്കിടക്കുന്ന തീയേറ്ററുകൾ ഇനിയെങ്കിലും തുറക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയ സിനിമാഗ്രൂപ്പുകളിൽ പലരും ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ ഈ ആവശ്യം മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ തന്നെ ഉന്നയിച്ചിരിക്കുകയാണ് ഒരു സംഘം വിജയ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP