Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജില്ലാ പഞ്ചായത്തുകളിൽ പതിനൊന്നിടത്തും എൽഡിഎഫ് അധികാരത്തിൽ; നറുക്കെടുപ്പിലൂടെ ലഭിച്ച വയനാട് അടക്കം മൂന്നിടത്ത് യുഡിഎഫ്; തിരുവനന്തപുരത്ത് എതിരില്ലാതെ ഡി.സുരേഷ് കുമാർ സാരഥി; എറണാകുളത്ത് ഉല്ലാസ്

ജില്ലാ പഞ്ചായത്തുകളിൽ പതിനൊന്നിടത്തും എൽഡിഎഫ് അധികാരത്തിൽ;  നറുക്കെടുപ്പിലൂടെ ലഭിച്ച വയനാട് അടക്കം മൂന്നിടത്ത് യുഡിഎഫ്; തിരുവനന്തപുരത്ത് എതിരില്ലാതെ ഡി.സുരേഷ് കുമാർ സാരഥി; എറണാകുളത്ത് ഉല്ലാസ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലാ പഞ്ചായത്തുകളിൽ 11 ഇടങ്ങളിലും എൽഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി. മൂന്നിടങ്ങളിൽ മാത്രമാണ് യുഡിഎഫിന് അധികാരം ലഭിച്ചത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന വയനാട്ടിൽ യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് അധികാരത്തിലെത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് ഭരണത്തിലേറിയത്. മലപ്പുറം, എറണാകുളും, വയനാട് എന്നിവിടങ്ങളിൽ യുഡിഎഫ് അധികാരത്തിലെത്തി. കാസർകോട്ടെ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ നേടിയത് മാത്ര മാത്രമാണ് സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാന്നധ്യമായുള്ളത്.

ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഡി.സുരേഷ് കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലാതിരുന്നതിനാലാണിത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി ജനറൽ വിഭാഗത്തിനു സംവരണം ചെയ്തിരുന്നതിനാൽ ഈ വിഭാഗത്തിൽ നിന്നു ജയിച്ച ജനപ്രതിനിധികൾ യുഡിഎഫിന് ഇല്ലാതിരുന്നതിനാൽ സ്ഥാനാർത്ഥിയെ നിർത്താനായില്ല. ആകെ 26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ എൽഡിഫിന് 20, യുഡിഎഫിന് 6 എന്നിങ്ങനെയാണു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡി എഫിലെ സാം കെ ഡാനിയലിനെ തിരഞ്ഞെടുത്തു. 26 അംഗങ്ങളിൽ 22 വോട്ട് സാമിന് ലഭിച്ചു.യുഡിഫ് സ്ഥാനാർത്ഥി ബ്രിജേഷ് എബ്രഹാമിനു 3 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. സാം കെ.ഡാനിയേൽ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ചടയമംഗലം ഡിവിഷനിൽ നിന്നാണു ജയിച്ചത്.

പത്തനംതിട്ടയിൽ സിപിഎമ്മിലെ അഡ്വ.ഓമല്ലൂർ ശങ്കരനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. 16 ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തിൽ പന്ത്രണ്ടുസീറ്റും ഇടതുമുന്നണിക്കാണ്. കോൺഗ്രസിന് നാല് ഡിവിഷനുകളിലാണ് വിജയിക്കാനായത്.

ഇടുക്കി ജില്ലാ പ്രസിഡന്റായി എൽഡിഎഫിലെ ജിജി കെ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ ജില്ലാ കൗൺസിൽ അംഗമായ ജിജി കെ ഫിലിപ്പ് പാമ്പാടുംപാറ ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് എട്ട് വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് അഞ്ച് വോട്ടും ലഭിച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.ജി.രാജേശ്വരി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 23 അംഗ ഡിവിഷനുകളിൽ 21 ഇടങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നത്. യുഡിഎഫിന് രണ്ടു സീറ്റുകൾ മാത്രമെ ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ലഭിച്ചിട്ടുള്ളൂ. യുഡിഎഫ് മത്സരിച്ചില്ല.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസിലെ (എം) നിർമല ജിമ്മിയെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ രാധാ വി. നായരെ 14 - 7 വോട്ടിൽ പരാജയപ്പെടുത്തി. ജനപക്ഷം വോട്ടെടുപ്പിൽ വിട്ട് നിന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിന്റെ ഉല്ലാസ് തോമസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കലക്ടർ എസ്. സുഹാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 16 വോട്ടുകൾ ഉല്ലാസ് നേടി. രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. എതിർ സ്ഥാനാർത്ഥി എ. എസ് അനിൽകുമാർ 9 വോട്ടുകൾ നേടി. ആവോലി ഡിവിഷനിൽ നിന്നാണ് ഉല്ലാസ് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

തൃശൂരിൽ എൽഡിഎഫിലെ പി.കെ. ഡേവിസ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി .പാലക്കാട് മലമ്പുഴ ഡിവിഷനിൽ നിന്നു ജയിച്ച സിപിഎമ്മിലെ കെ.ബിനുമോൾ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം 30 വോട്ടിൽ 27 എണ്ണം അവർക്ക് കിട്ടി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി യുഡിഎഫിലെ എം.കെ.റഫീഖ (മുസ്ലിം ലീഗ്) തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ആരിഫ നാസറിനെയാണ് (സിപിഎം) പരാജയപ്പെടുത്തിയത്. വോട്ട് നില: 26-5. യുഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ കാനത്തിൽ ജമീല (സിപിഎം) തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി അംബിക മംഗലത്തിനെയാണു പരാജയപ്പെടുത്തിയത്. വോട്ട് നില188. യുഡിഎഫിലെ ഒരംഗം കോവിഡ് പോസിറ്റീവായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിന്. ഫലം വന്നപ്പോൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. ഷംസാദ് മരയ്ക്കാർ പ്രസിഡന്റായി. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി.പി.ദിവ്യ (36) തിരഞ്ഞെടുക്കപ്പെട്ടു. ദിവ്യയ്ക്ക് 16 വോട്ടും എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ ലിസി ജോസഫിന് 7 വോട്ടും ലഭിച്ചു. തില്ലങ്കേരി ഡിവിഷനിൽ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനാൽ 24 അംഗ ജില്ലാ പഞ്ചായത്തിലേക്ക് 23 പേരാണു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എൽഡിഎഫിന് 16 യുഡിഎഫിന് 7 എന്നതാണു കക്ഷി നില. സ്ഥാനമൊഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു ദിവ്യ. കല്യാശ്ശേരി ഡിവിഷനിൽ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ബേബി ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. മടിക്കെ ഡിവിഷനിൽ നിന്നാണ് ബേബി ജയിച്ചത്.

ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴയിലെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസ് അംഗം ജിൻസി ജോളി പ്രസിഡന്റായി. എൽഡിഎഫിനും യുഡിഎഫിനും 6 വോട്ട് വീതം. ഏക ബിജെപി അംഗം വോട്ട് അസാധുവാക്കി.

എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമപഞ്ചായത്ത്, വെങ്ങോല ഗ്രാമപഞ്ചായത്ത്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ ക്വാറം തികയാതിരുന്നതിനെ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നില്ല. 20 അംഗങ്ങളുള്ള വാഴക്കുളം പഞ്ചായത്തിൽ യുഡിഎഫിന്റെ 11 അംഗങ്ങളാണ് വിട്ടു നിന്നത്. 23 അംഗങ്ങളുള്ള വെങ്ങോലയിൽ ട്വന്റി ട്വന്റിയുടെ എട്ട് അംഗങ്ങളും എൽഡിഎഫിന്റെ ആറ് അംഗങ്ങളും വിട്ടു നിന്നു. 15 അംഗങ്ങളുള്ള വാഴക്കുളം ബ്ലോക്കിൽ യുഡിഎഫിന്റെ അഞ്ച് അംഗങ്ങളും ട്വന്റി ട്വന്റിയുടെ നാല് അംഗങ്ങളും ഹാജരായില്ല. ഇവിടങ്ങളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ സിംന സന്തോഷിനെ തിരഞ്ഞെടുത്തു. 12-ാം ഡിവിഷൻ അംഗമാണ്. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന വോട്ടെടുപ്പിൽ സിംന പത്ത് വോട്ടുകൾ നേടി. യു ഡി.എഫിനെ പ്രതിനിധീകരിച്ച് മത്സരിച്ച മണി ടീച്ചറിന് മൂന്ന് വോട്ടുകളാണ് ലഭിച്ചത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിന്റെ വി.ആർ. അശോകനെ തിരഞ്ഞെടുത്തു. സിപിഎമ്മിലെ ജൂബിൾ ജോർജിനെ 3 നെതിരെ 5 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 13 അംഗ ബ്ലോക്കിൽ 5 സീറ്റുകൾ നേടിയ ട്വന്റി-20 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതോടെയാണ് കോൺഗ്രസ് അംഗം പ്രസിഡന്റായത്.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി യുഡിഎഫിന്റെ പി.എ.എം ബഷീറിനെ തിരഞ്ഞെടുത്തു. 8 വോട്ടുകൾ ആണ് ബഷീർ നേടിയത്. എതിർ സ്ഥാനാർത്ഥി ആയ കെ. കെ ഗോപിക്ക് 6 വോട്ടുകൾ ലഭിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫ് അംഗം മേരി ദേവസിക്കുട്ടിയെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന വോട്ടെടുപ്പിൽ മേരി ദേവസിക്കുട്ടി 9 വോട്ട് നേടി. എൽഡിഎഫ് പ്രതിനിധിയായി മത്സരിച്ച ആൻസി ഡി. ജോ മൂന്ന് വോട്ടു നേടി. ഒരു പഞ്ചായത്തംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

കോഴിക്കോട് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ കെ.പി.ഗോപാലൻ നായർ (സിപിഎം) തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ രാജീവൻ കൊടലൂരിനെ (കോൺ) യാണ് പരാജയപ്പെടുത്തിയത്. വോട്ട് നില 9 - 4. ഇക്കഴിഞ്ഞ തവണത്തെ കീഴരിയൂർ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു കെ.പി.ഗോപാലൻ നായർ.

ആലപ്പുഴയിൽ നഗരസഭ അധ്യക്ഷ സ്ഥാനത്തിൽ സമവായം

നഗരസഭ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരുടെ പരസ്യ പ്രതിഷേധം ഉയർന്ന ആലപ്പുഴ നഗരസഭയിൽ സമവായത്തിന് സിപിഎം ശ്രമം. സൗമ്യ രാജിനും കെകെ ജയമ്മയ്ക്കുമായി രണ്ടര വർഷം വീതം ചെയർപേഴ്സൺ സ്ഥാനം പകുത്ത് നൽകാൻ ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം.

ആലപ്പുഴ നഗരസഭാധ്യക്ഷയായി സൗമ്യ രാജിനെ സിപിഎം ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും സജീവ പാർട്ടി പ്രവർത്തകയും മുൻപ് രണ്ടു തവണ കൗൺസിലറുമായിരുന്ന കെ.കെ. ജയമ്മയ്ക്ക് ചെയർപഴ്സൻ സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനുൾപ്പെടെ പരാതികളും ലഭിച്ചു. ഇതേത്തുടർന്നാണ്, അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ചയിൽ ഉയർന്ന 'അധികാരം പങ്കുവയ്ക്കൽ' എന്ന പരിഹാര മാർഗം വീണ്ടും ചർച്ച ചെയ്യാൻ തീരുമാനിച്ചത്

ആദ്യത്തെ രണ്ടര വർഷം സൗമ്യ രാജും തുടർന്ന് കെ.കെ. ജയമ്മയും അധ്യക്ഷ സ്ഥാനം വഹിക്കണമെന്ന നിർദ്ദേശം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിച്ചു. സാധാരണഗതിയിൽ സിപിഎമ്മിനു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ അധികാരം പങ്കുവയ്ക്കുന്നതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകാറില്ല. ഘടകകക്ഷികളുമായി അധ്യക്ഷ സ്ഥാനം പങ്കുവയ്ക്കുന്നതിനു മാത്രമേ നിലവിൽ ഇളവുള്ളൂ. ഈ സാഹചര്യത്തിൽ ആലപ്പുഴയിലേത് പ്രത്യേക കേസായി പരിഗണിച്ച് അംഗീകാരം നൽകണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP