Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിവിൽ ഡിഫൻസിന്റെ മറവിൽ സ്ഥിര ജോലി വാഗ്ദാനത്തിൽ സ്ത്രീകളെ ചുഷണം ചെയ്ത സിവിൽ ഡിഫൻസ് ഓഫീസർക്ക് പണി പോയി; കോവിഡ് മാനദണ്ഡം ലംഘിച്ച മൂന്ന് പേർക്ക് സ്ഥലം മാറ്റം; മറുനാടൻ വാർത്ത ഗൗരവത്തോടെ എടുത്ത് ഫയർഫോഴ്‌സ് മേധാവിയുടെ അതിവേഗ ഇടപെടൽ; വിരമിക്കലിന്റെ അവസാന ആഴ്ചയും ഡിജിപി ശ്രീലേഖ ചൂഷകരെ പാഠം പഠിപ്പിക്കുമ്പോൾ

സിവിൽ ഡിഫൻസിന്റെ മറവിൽ സ്ഥിര ജോലി വാഗ്ദാനത്തിൽ സ്ത്രീകളെ ചുഷണം ചെയ്ത സിവിൽ ഡിഫൻസ് ഓഫീസർക്ക് പണി പോയി; കോവിഡ് മാനദണ്ഡം ലംഘിച്ച മൂന്ന് പേർക്ക് സ്ഥലം മാറ്റം; മറുനാടൻ വാർത്ത ഗൗരവത്തോടെ എടുത്ത് ഫയർഫോഴ്‌സ് മേധാവിയുടെ അതിവേഗ ഇടപെടൽ; വിരമിക്കലിന്റെ അവസാന ആഴ്ചയും ഡിജിപി ശ്രീലേഖ ചൂഷകരെ പാഠം പഠിപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം അഗ്‌നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്തെന്ന പരാതിയിൽ സിവിൽ ഡിഫൻസ് ഓഫീസറെ പിരിച്ചുവിട്ട് വകുപ്പ് മേധാവിയുടെ ഉത്തരവ്. സിവിൽ ഡിഫൻസിന്റെ മറവിൽ സ്ത്രികളെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയും കോവിഡ് മാനദണ്ഡം ലംഘനവും ചൂണ്ടിക്കാട്ടി മറുനാടൻ മലയാളി വാർത്ത ചെയ്തിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് മേധാവി ആർ ശ്രീലേഖ തന്നെ നേരിട്ട് ഇടപെട്ട് വീഴ്‌ച്ചവരുത്തിയവർക്കെതിരെ കർശന നടപടി എടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ ഡിഎഫ്ഒ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. ജില്ലാ സിവിൽ ഡിഫൻസ് ഓഫീസർ നിഷാന്തിനെയാണ് പിരിച്ചുവിട്ടത്. കോവിഡ് മാനദണ്ഡം ലംഘനത്തിന്റെ പേരിൽ കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിനെ പത്തനംതിട്ടയിലേക്കും, സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ ഇ ഡൊമനിക്കിനെ അടൂരിലേക്കും,ഫയർ ആൻഡ് റസ്‌ക്യു ഓഫിസർ ഡിഎസ് വിവേകിനെ പത്തനംതിട്ടയിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

മലയാളിയായ അദ്യ വനിതാ ഐപിഎസുകാരിയാണ് ശ്രീലേഖ. ഡിജിപി റാങ്കിലെത്തുന്ന കേരളത്തിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയും. വിരമിക്കലിന്റെ തൊട്ടുടുത്താണ് അവർ. സർവ്വീസിലെ അവസാന നാളിലും ചൂഷകർക്കെതിരെ കടുത്ത നടപടികൾ എടുക്കുകയാണ് ശ്രീലേഖാ ഐപിഎസ്. ക്രമസമാധാന ചുമതലയുള്ള ആദ്യ ഐപിഎസുകാരിയെന്ന വിശേഷണമില്ലാതെ ശ്രീലേഖ പടിയിറങ്ങുമ്പോഴും ഫയർഫോഴ്‌സിലെ ശുദ്ധികലശത്തിലൂടെ അവർ താരമായി മാറുകയാണ്.

ജില്ലാ ഫയർ ഓഫീസറുടെ ഒത്താശയോടെ സമാന്തര സർക്കാർ സംവിധാനം എന്ന രീതിയിൽ നിഷാന്ത് സവിൽ ഡിഫൻസിനായി ഓഫീസ് വരെ നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് സിവിൽഡിഫൻസിലേക്ക് വരുന്ന സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങൾ നൽകി ഇയാൾ ചൂഷണം ചെയ്തത്. സിവിൽ ഡിഫൻസിലേക്ക് എത്തുന്നവർക്ക് ഫയർഫോഴ്സിൽ സ്ഥിരനിയമനം ഉൾപ്പടെയുള്ള വ്യാജവാഗ്ദാനങ്ങളാണ് ഇയാൾ നൽകിയത്. ഈ വാഗ്ദാനങ്ങളിലുടെയാണ് മാനസീകമായി പല ഉദ്യോഗാർത്ഥികളെയും ഇയാൾ ചൂഷണം ചെയതത്.

പീഡനം അടക്കമുള്ള പരാതികൾ ഇയാൾക്കെതിരെ ഉണ്ടായ സാഹചര്യത്തിലാണ് വകുപ്പ് മേധാവിയുടെ നടപടി. പ്രശ്നം ചൂണ്ടിക്കാട്ടി നിഷാന്തിന്റെ മേൽഉദ്യോഗസ്ഥനായ ജില്ലാഫയർ ഓഫീസർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനുപുറമെ പലവിധത്തിലുള്ള ഭയം കാരണം പലരും ഇയാൾക്കെതിരെ പരാതി നൽകാൻ തയ്യാറായില്ല, എന്നാൽ മറുനാടൻ വാർത്ത പുറത്ത് വിട്ടതോടെ ഇയാൾക്കെതിരെ പരാതിയുമായി സ്ത്രീകൾ രംഗത്തെത്തി. തുടർന്ന് വകുപ്പ് മേധാവി നേരിട്ടുനടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും ഇയാളെ പിരിച്ചുവിടുകയുമായിരുന്നു.

പ്രദേശിക തലങ്ങളിൽ അത്യാഹിതങ്ങൾ സംഭവിച്ചാൽ അടിയന്തര നടപടികൾ എടുക്കുന്നതിനായി അതത് പ്രദേശത്തെ ജനങ്ങളിൽ നിന്നുതന്നെ തൽപ്പരരായ കുറച്ച് പേരെ കണ്ടെത്തി പരിശീലനം നൽകി ഒരു സംഘത്തെ ഉണ്ടാക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് സിവിൽ ഡിഫൻസ്. ഇതിന്റെ കോഡിനേറ്റർ വളണ്ടിയർ ആയാണ് നിഷാന്തിനെ തെരഞ്ഞെടുക്കുന്നത്. എന്നാൽ ഇ സ്ഥാനം ദുരുപയോഗം ചെയ്യുകയും സ്വന്തമായി ഓഫീസ് പോലും തുറന്ന് സർക്കാർ സംവിധാനത്തിനൊക്കെ സമാനമായ ചുവന്ന ബോർഡും വാഹനവുമൊക്കെ തരപ്പെടുത്തിയാണ് ഇയാൾ പദ്ധതിയിലേക്ക് വരുന്ന സ്ത്രീകളെ ചൂഷണം ചെയ്തിരുന്നത്.നിഷാന്തിനെതിരെ നടപടിയുണ്ടായ സാഹചര്യത്തിൽ കൂടുതൽ പേരാണ് സമാന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ജില്ലാതല പരിശീലനത്തിന്റെ സമാപന ദിവസമാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് അംഗങ്ങൽക്കായി പരിപാടികൾ സംഘടിപ്പിച്ചത്. ഡാൻസും പാട്ടും ഒക്കെയായി കോവിഡ് മാനദണ്ഡത്തിന്റെ പരിപൂർണ്ണലംഘനമായിരുന്നു നടന്നത്.തിരുവനന്തപുരം ഫയർ ഓഫീസർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇത്തരം വീഴ്‌ച്ചകൾ നിയന്ത്രിക്കാൻ ചുമതലയുള്ള ജില്ലാ ഓഫീസർ തന്നെ ഗുരുതരവീഴ്‌ച്ചയ്ക്ക് കൂട്ടുനിന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

മറ്റു രണ്ടുപേരും കൃത്യനിർവഹണത്തിൽ വീഴ്‌ച്ചവരുത്തിയതായുംഅന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതെന്നും വകുപ്പ് മേധാവി ശ്രീലേഖയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP