Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റഷ്യയിലെ യഥാർത്ഥ കോവിഡ് മരണം മൂന്നിരട്ടിയിലേറെ; വുഹാനിലെ യഥാർത്ഥ രോഗികൾ പത്തിരട്ടിയിലേറെ; കോവിഡിലെ നുണക്കെട്ടുകൾ അഴിയുമ്പോൾ സത്യം പറയുന്ന ഇന്ത്യയും അമേരിക്കയും ഹീറോകൾ

റഷ്യയിലെ യഥാർത്ഥ കോവിഡ് മരണം മൂന്നിരട്ടിയിലേറെ; വുഹാനിലെ യഥാർത്ഥ രോഗികൾ പത്തിരട്ടിയിലേറെ; കോവിഡിലെ നുണക്കെട്ടുകൾ അഴിയുമ്പോൾ സത്യം പറയുന്ന ഇന്ത്യയും അമേരിക്കയും ഹീറോകൾ

മറുനാടൻ മലയാളി ബ്യൂറോ

നിലവിലുള്ള ഭരണ സമ്പ്രദായങ്ങളിൽ ഏറ്റവും മികച്ചത് ജനാധിപത്യ ഭരണസമ്പ്രദായം തന്നെയാണെന്ന് വീണ്ടും തെളിയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തന്നെയാണ് ഭരണകൂട സുതാര്യതയ്ക്കും മുന്നിൽ നിൽക്കുന്നത്.

ജനങ്ങളോട് കടപ്പെട്ട, അവരോടുള്ള ബാദ്ധ്യതയും ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്ന ശക്തമായ ജനാധിപത്യ സമ്പ്രദായങ്ങൾ തന്നെയാണ് ഇന്ത്യയേയും അമേരിക്കയേയും എന്നും വ്യത്യസ്തരാക്കിയിട്ടുള്ളത്. പോരായ്മകൾ എന്തൊക്കെയുണ്ടെങ്കിലും, താരതമ്യേന മികച്ച മനുഷ്യാവകാശ സംരക്ഷണവും, സുതാര്യതയും അതുപോലെ നീതിന്യായ സംവിധാനങ്ങളിലെ നിഷ്പക്ഷതയും ഈ രണ്ടു രാജ്യങ്ങളിലും പുലരുന്നുണ്ട്. ഈ സമ്പ്രദായത്തിന്റെ മഹത്വം ഒരിക്കൽ കൂടി തെളിയുകയാണ് ഈ കൊറോണക്കാലത്തും.

മരണക്കണക്ക് ഒളിപ്പിച്ചുവച്ച് റഷ്യ

കമ്മ്യുണിസ്റ്റ് സമ്പ്രദായം തകർത്തെറിഞ്ഞ് സോവിയറ്റ് യൂണിയനിൽ നിന്നും അടർന്ന് സ്വതന്ത്രമായി നിന്നെങ്കിലും റഷ്യയിൽ ഇന്നും ജനാധിപത്യം ഒരു കൈപ്പാടകലെത്തന്നെയാണ്. തെരഞ്ഞെടുപ്പുകളും മറ്റും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവിനെ വിഷം കുത്തിവച്ച് കൊല്ലാൻ ശ്രമിക്കുന്നിടത്തുവരെ എത്തിനിൽക്കുകയാണ് റഷ്യയിലെ സോ കോൾഡ് ജനാധിപത്യം.

തികഞ്ഞ ഏകാധിപതിയായി വാഴുന്ന പുട്ടിനു കീഴിൽ ഭരണകൂടത്തിന് സുതാര്യത തീരെയില്ലെന്ന് തെളിയുകയാണ് ഈ കൊറോണക്കാലത്ത്. നേരത്തേ റിപ്പോർട്ട് ചെയ്തതിന്റെ മൂന്നിരട്ടിയിലധികം പേർ റഷ്യയിൽ കോവിഡിനു കീഴടങ്ങി മരണം വരിച്ചുവെന്ന് റഷ്യ ഇപ്പോൾ സമ്മതിക്കുന്നു. പുതിയ വിവരമനുസരിച്ച് 1,86,000 പേരാണ് ഇതുവരെ റഷ്യയിൽ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. ജനസംഖ്യാടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ അമേരിക്കയേക്കളും ബ്രിട്ടനേക്കാളും ഉയർന്ന മരണനിരക്കാണിത്.

കോവിഡിനെ എതിരിടുന്നതിൽ പശ്ചിമയൂറോപ്യൻ രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് റഷ്യ കാഴ്‌ച്ച വയ്ക്കുന്നത് എന്നായിരുന്നു പുടിന്റെ അവകാശവാദം. അപ്പോഴും റഷ്യൻ കാര്യങ്ങൾ നിരീക്ഷിക്കുന്ന പല നിരീക്ഷകരും റഷ്യ യഥാർത്ഥ കണക്കല്ല പുറത്തുവിടുന്നത് എന്ന് ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്ന റിപ്പോർട്ടാണ് റോസ്റ്റാറ്റ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി പുറത്തുവിട്ടത്. ഔദ്യോഗിക രേഖകൾ പ്രകാരം 55,265 പേർ കോവിഡ് മൂലം മരണമടഞ്ഞപ്പോൾ ഏജൻസിയുടെ കണക്ക് പ്രകാരം 1,86,057 പേരാണ് റഷ്യയിൽ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്.

ഈ വ്യത്യാസം വരുവാനുള്ള കാരണം റോസ്റ്റാറ്റ് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും സർക്കാർ കണക്കുകൾ മരണശേഷം നടത്തുന്ന ഓട്ടോപ്സിയിൽ കാരണം കോവിഡെന്ന് രേഖപ്പെടുത്തിയവരുടെ പേരുകൾ മാത്രമടങ്ങിയതാണ് എന്നാണ് ഒരു വിശദീകരണം. എന്നാൽ ഏജൻസിയുടെ കണക്കിൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. റഷ്യയുടെ അതിവിസ്തൃതമായ ഭൂതലവിസ്തീർണ്ണവും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിൽ തെറ്റുപറ്റാനുള്ള ഒരു കാരണമായി ചിലർ പറയുന്നുണ്ട്.

പുതിയ മരണസംഖ്യ പുറത്തായതോടെ അമേരിക്കക്കും ബ്രസീലിനും പുറകിലായി മൂന്നാം സ്ഥാനത്താണ് കോവിഡ് മരണങ്ങളുടെ കാര്യത്തിൽ റഷ്യ. അതേസമയം ജനസംഖ്യാടിസ്ഥാനത്തിൽ കണക്കാക്കുകയാണെങ്കിൽ ബെൽജിയവും സാൻ മാരിനോയും മാത്രമാണ് റഷ്യയേക്കാൾ മുന്നിലുള്ളത്. പഴയ കണക്കുകൾ പ്രകാരം 1 ലക്ഷം പേരിൽ 37.8 പേരാണ് റഷ്യയിൽ മരിച്ചതെങ്കിൽ പുതിയ കണക്ക് പ്രകാരം ഇത് 128.7 ആയി ഉയർന്നിട്ടുണ്ട്. ബ്രിട്ടനിൽ ഇത് 107.11 ഉം അമേരിക്കയിൽ 102.34 ഉം ആണ്.

കൊറോണക്കണക്കുകൾ ഇരുമ്പുമറയ്ക്കുള്ളിൽ ഒതുക്കി ചൈന

ഇന്ത്യയിലെ കമ്മ്യുണിസ്റ്റുകാർ അഭിപ്രായ സ്വാതന്ത്ര്യത്തിനു വെണ്ടി വാദിക്കുന്നവരാണെങ്കിലും ചൈനയിലെ കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന് അതിനോട് അത്ര പ്രതിപത്തിയില്ല. അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, അറിയാനുള്ള സ്വാതന്ത്ര്യവും ചൈനയിൽ പരിമിതമാണ്. എന്ത് പറയണമെന്നത് പോലെ ജനങ്ങൾ എന്ത് അറിയണമെന്നുള്ള കാര്യവും സർക്കാർ തീരുമാനിക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യകാലത്ത് അതിന്റെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയ പത്തോളം മാധ്യമപ്രവർത്തകർ ഇപ്പോഴും ജയിലിലാണ്. കാരണം അത്തരം വാർത്തകൾ ജനങ്ങൾ അറിയേണ്ട വാർത്തകളല്ലെന്ന് സർക്കാർ തീരുമാനിച്ചു.

അതുപോലെത്തന്നെയാണ് കോവിഡ് രോഗികളുടെ കണക്കും ചൈന മൂടിവച്ചത്. ഇന്ന് ലോകത്തെയാകെ ദുരിതത്തിലാഴ്‌ത്തിയ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിൽ, ഔദ്യോഗിക കണക്കുകൾ പ്രകാരം 50,354 പേർക്കാണ് ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച വരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ, ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിൽ വെളിവാകുന്നത് ചുരുങ്ങിയത് അഞ്ചുലക്ഷം പേർക്കെങ്കിലും ഇവിടെ രോഗബാധ ഉണ്ടായിട്ടുണ്ടെന്നാണ്.

രക്ത സീറം സാമ്പിളുകൾ പരിശോധിച്ച് നേരത്തേ ഉണ്ടായ രോഗവ്യാപനത്തിന്റെ ആഴം അളക്കുന്ന പഠനമായിരുന്നു അവർ നടത്തിയത്. ബെയ്ജിങ്, ഷാങ്ങ്ഹായ് എന്നിവ ഉൾപ്പടെ നിരവധി നഗരങ്ങളിൽ ഈ പഠനം നടന്നു.ഇതിൽ വുഹാനിൽ നിന്നെടുത്ത സാമ്പിളുകളിൽ അന്റിബോഡിയുടെ സാന്നിദ്ധ്യം ഉള്ളവരുടെ എണ്ണം വളരെ അധികമാണെന്ന് കണ്ടു. ഏകദേശം 11 ദശലക്ഷം ആളുകൾ താമസിക്കുന്ന വുഹാനിൽ 4.43 ശതമാനം പേരിലാണ് ആന്റിബോഡിയുടെ സാന്നിദ്ധ്യം കാണപ്പെട്ടത്.

ചൈന കൊറോണയുടെ ആദ്യ വരവിനെ നിയന്ത്രണ വിധേയമാക്കിയതിനു ഒരു മാസത്തിനു ശേഷമാണ് ഈ പഠനം നടത്തിയതെന്ന് സി ഡി സി വൃത്തങ്ങൾ അറിയിച്ചു. വുഹാൻ സ്ഥിതിചെയ്യുന്ന ഹുബേയ് പ്രവിശ്യയിലെ മറ്റു നഗരങ്ങളിൽ 0.44 ശതമാനം പേരിൽ മാത്രമാണ് ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്താനായത്. ഈ പ്രവിശ്യയ്ക്ക് പുറത്താകട്ടെ ഇത് തീരെ കുറവായിരുന്നു. 12,000 പേരെ പഠനവിധേയമാക്കിയതിൽ രണ്ടുപേരിൽ മാത്രമാണ് ആന്റിബോഡി കണ്ടെത്തിയത്.

ഈ പഠന റിപ്പോർട്ട് ഏതെങ്കിലും ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലാണ് ഇത് പ്രസിദ്ധീകരിച്ചു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP