Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാളെ വിരമിക്കുന്ന കൂടത്തായി ഹീറോയെ രണ്ടാം പ്രതിയാക്കി സാമ്പത്തിക തട്ടിപ്പിൽ ഡിജിപിക്ക് യുവതിയുടെ പരാതി; പത്തനംതിട്ട എസ് പിയുടെ പേര് പറഞ്ഞ് ഷാജൻ കെ തോമസ് എന്നയാൾ ലക്ഷങ്ങൾ വാങ്ങിയെടുത്ത വിവരം അറിഞ്ഞിട്ടും നടപടി എടുത്തില്ല; പരാതിക്കാരിയുടെ ഭർത്താവിനെ എസ് പി കെജി സൈമൺ മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണം

നാളെ വിരമിക്കുന്ന കൂടത്തായി ഹീറോയെ രണ്ടാം പ്രതിയാക്കി സാമ്പത്തിക തട്ടിപ്പിൽ ഡിജിപിക്ക് യുവതിയുടെ പരാതി; പത്തനംതിട്ട എസ് പിയുടെ പേര് പറഞ്ഞ് ഷാജൻ കെ തോമസ് എന്നയാൾ ലക്ഷങ്ങൾ വാങ്ങിയെടുത്ത വിവരം അറിഞ്ഞിട്ടും നടപടി എടുത്തില്ല; പരാതിക്കാരിയുടെ ഭർത്താവിനെ എസ് പി കെജി സൈമൺ മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണം

ശ്രീലാൽ വാസുദേവൻ

കോഴഞ്ചേരി: നാളെ വിരമിക്കാനിരിക്കുന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും കൂടത്തായി കൊലക്കേസ് അന്വേഷണ ഹീറോയുമായ കെജി സൈമണിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ സംശയിക്കപ്പെടുന്ന രണ്ടാം പ്രതിയാക്കി യുവതിയുടെ പരാതി. കോഴഞ്ചേരി സ്വദേശിനി നൽകിയ പരാതിയിൽ ആലപ്പുഴ എരമല്ലൂർ കാഞ്ഞിരകുന്നേൽ വീട്ടിൽ ഷാജൻ കെ. തോമസാണ് ഒന്നാം പ്രതി.

കേരളത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ കെഎച്ച്എഫ്എൽ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയിൽ നിന്ന് താൻ നിക്ഷേപിച്ചതും താൻ മുഖേനെ നിക്ഷേപിക്കപ്പെട്ടതുമായ വൻ തുക തിരികെ വാങ്ങി നൽകാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷത്തോളം കൈപ്പറ്റിയെന്നാണ് യുവതിയുടെ പരാതി. ഇതിനായി കെജി സൈമണാണ് ഇടനില നിൽക്കുന്നതെന്ന് ഒന്നാം പ്രതി ഷാജൻ പറഞ്ഞിരുന്നുവെന്നും തന്നിൽ നിന്ന് വാങ്ങിയ അഞ്ചര ലക്ഷം മടക്കി കിട്ടാതെ വന്നപ്പോൾ കെജി സൈമണിനെ ബന്ധപ്പെട്ടുവെന്നും തന്റെ പേരിൽ തട്ടിപ്പ് നടത്തിയ ഷാജനെ കേസ് എടുത്ത് അറസ്റ്റ് ചെയ്യേണ്ടതിന് പകരം തന്നെയും ഭർത്താവിനെയും കേസിൽ കുടുക്കി അകത്തിടുമെന്ന് എസ്‌പി കെജി സൈമൺ ഭീഷണി മുഴക്കിയെന്നും ഭർത്താവിനെ ഓഫീസിൽ വിളിച്ചു വരുത്തി കൈയേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ:

2009 മുതൽ 18 വരെ കെഎച്ച്എഫ്എല്ലിന്റെ കോഴഞ്ചേരി ശാഖയിൽ ആർഡി ഏജന്റായിരുന്നു യുവതി. സ്ഥാപനം ഉടമ തട്ടിപ്പ് നടത്തി മുങ്ങിയപ്പോൾ ആളുകൾ എല്ലാം യുവതിയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ട് ബഹളം കൂട്ടാൻ തുടങ്ങി. യുവതി സ്വന്തം നിലയിൽ രണ്ടു ലക്ഷവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം 22.50 ലക്ഷവും സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ യുവതി അംഗമായ ഫേസ് ബുക്ക് ഗ്രൂപ്പിലുണ്ടായിരുന്ന ഷാജൻ കെ. തോമസ് ഫേസ് ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്ത് കെഎച്ച്എഫ്എല്ലുമായുള്ള ബന്ധം അന്വേഷിച്ചു.

യുവതിയുടെ എഫ്ബി പ്രൊഫൈലിൽ കെഎച്ച്എഫ്എല്ലിന്റെ എംബ്ലം കണ്ടായിരുന്നു ചോദ്യം. താൻ ജേർണലിസ്റ്റ് ആണെന്നും ഇൻഫിനിറ്റി ടൈംസ് എന്ന മാഗസിനിലാണ് ജോലി ചെയ്യുന്നതെന്നും മാഗസിൻ ഉടമയായ ഡൊമിനിക്കിനും തനിക്കും കേരളത്തിലെ ഉന്നത പൊലീസ് അധികാരികളുമായി ബന്ധം ഉണ്ടെന്നും നിങ്ങൾ സഹകരിച്ചാൽ കെഎച്ച്എഫ്എൽ ഉടമ ഉണ്ണിക്കൃഷ്ണൻ നായരിൽ നിന്നും നിങ്ങൾക്ക് നഷ്ടമായ പണം തിരികെ വാങ്ങി തരാമെന്നും ഷാജൻ പറഞ്ഞു. യുവതി വിവരം വിദേശത്ത് ജോലിയുള്ള ഭർത്താവിനെ അറിയിച്ചു. അദ്ദേഹം ഷാജനുമായി ബന്ധപ്പെട്ടു. ആ സമയത്ത് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന കെജി സൈമണിനെ അടുത്ത് പരിചയമുണ്ടെന്നും അദ്ദേഹം മുഖേനെ പണം വാങ്ങി നൽകാമെന്നും അറിയിച്ചു.

ഇതിന് മറുപടി കൊടുക്കാതിരുന്നപ്പോൾ ഷാജൻ നിരന്തരം വിളിക്കുകയും നിർബന്ധിക്കുകയും ചെയ്തു. ഒടുവിൽ യുവതിയും ഭർത്താവും ചേർന്ന് പണം തിരികെ വാങ്ങാനുള്ള സമ്മതം ഷാജനെ അറിയിച്ചു. എസ്‌പിക്ക് രണ്ടു ലക്ഷവും ഡൊമിനിക്കിന് രണ്ടു ലക്ഷവും കൊടുക്കണമെന്ന് ഷാജൻ ആവശ്യമുന്നയിച്ചു. സംശയമുണ്ടെങ്കിൽ വിളിക്കാൻ ഡൊമിനിക്കിന്റെയും സൈമണിന്റെയും നമ്പറും ഷാജൻ കൊടുത്ത്. അതനുസരിച്ച് പണം ഷാജന് കൈമാറി. എന്നാൽ, ഷാജൻ പറഞ്ഞതു പോലെ പണം തിരിച്ചു കിട്ടിയില്ല. തുടർന്ന് ഷാജനെ വിളിച്ചെങ്കിലും അയാൾ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല. യുവതിയുടെ ഭർത്താവ് രണ്ടു തവണ എസ്‌പി സൈമണിനെ വിളിച്ചു. ആദ്യ തവണ ഷാജനെ അറിയില്ലെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു. ഒരു മാസത്തിന് ശേഷം ഭർത്താവ് വീണ്ടും സൈമണിനെ വിളിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ പേര് ആവശ്യമില്ലാതെ വലിച്ചിഴച്ചാൽ നിന്റെ പേരിൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. അതിന് ശേഷം അൽപ സമയം കഴിഞ്ഞപ്പോൾ ഷാജൻ വിളിച്ച് എന്തിനാണ് എസ്‌പി കെജി സൈമൺ സാറിനെ വിളിച്ചു ബുദ്ധിമുട്ടിക്കുന്നത്. ഞാൻ ഏറ്റ കാര്യമല്ലേ എന്ന് പറയുകയും ചെയ്തു.

ഇതിന് ശേഷം ഷാജൻ വിളിച്ചു പറഞ്ഞത് കെഎച്ച്എഫ്എൽ ഉടമ ഉണ്ണിക്കൃഷ്ണൻ നായരുടെ വസ്തു എറണാകുളം ടെക്നോപാർക്കിന് സമീപം ഉണ്ടെന്നാണ്. അതിപ്പോൾ കൈകാര്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ ബെനാമിയായ കൃഷ്ണകുമാർ എറണാകുളമാണ്. ഉണ്ണിക്കൃഷ്ണൻ നായർ വേറെ ആർക്കോ കാശ് കൊടുക്കാനുണ്ടെന്നും അതിനെല്ലാം ഇടനില നിൽക്കുന്നത് കെജി സൈമണും ഡൊമിനിക്കുമാണെന്നും അതിനാൽ ഈ 10 സെന്റ് സൈമൺ സാറിന്റെയും ഡൊമിനിക്കിന്റെയും പേരിൽ എഴുതി നൽകാൻ പോവുകയാണ്. അത് രണ്ടു പേരും കൂടി എടുത്തു കൊണ്ട് നിങ്ങൾക്ക് കിട്ടാനുള്ള കാശ് അതിൽ നിന്ന് തരുമെന്നായിരുന്നു ഷാജന്റെ വാഗ്ദാനം. അതിന്റെ ആധാരച്ചെലവുകൾക്കായി ഒന്നര ലക്ഷം രൂപ കൂടി ഷാജൻ ആവശ്യപ്പെട്ടു. യുവതിയും ഭർത്താവും ചേർന്ന് പല തവണയായി പണം നൽകി. ഇതിനിടെ കെഎച്ച്എഫ്എല്ലിൽ പണം നഷ്ടമായ യുവതിയുടെ അമ്മായിയെയും ഷാജൻ പരിചയപ്പെട്ടു. അവരിൽ നിന്നും ഇതേ കാര്യം പറഞ്ഞ് പണം കൈപ്പറ്റിയിട്ടുണ്ട്.

അതിന് ശേഷം ഷാജൻ യുവതിയെ വിളിച്ച് എറണാകുളത്തെ വസ്തു എസ്‌പിയുടെയും ഡൊമിനിക്കിന്റെയും പേരിൽ ആധാരം കഴിഞ്ഞെന്നും ടാക്സ് പ്രശ്നം ഉള്ളതു കൊണ്ട് പണം തരാൻ കുറച്ചു വൈകുമെന്നും അറിയിച്ചു. പിന്നെ ഷാജന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. ഓഗസ്റ്റിൽ നാട്ടിൽ വന്ന യുവതിയുടെ ഭർത്താവ് സഹോദരനെയും സുഹൃത്തിനെയും കൂട്ടി വൈറ്റിലയിൽ എത്ത ഷാജനെ കണ്ടു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ യുവതിയുടെ പേരിൽ മൂന്ന് പോസ്റ്റ് ഡേറ്റഡ് ചെക്കും യുവതിയുടെ അമ്മായിയുടെ പേരിൽ മറ്റൊരു ചെക്കും നൽകി. നവംബർ 10 നായിരുന്നു ആദ്യ ചെക്ക് ബാങ്കിൽ നൽകേണ്ടിയിരുന്നത്. ഒമ്പതിന് ഷാജൻ വിളിച്ചിട്ട് താൻ പറഞ്ഞിട്ട് ചെക്ക് ബാങ്കിൽ കൊടുത്താൽ മതിയെന്ന് അറിയിച്ചു.

കെഎച്ച്എഫ്എൽ ഉടമ യുവതിക്കും അമ്മായിക്കും കൂടി നൽകാനുള്ളത് 27.75 ലക്ഷം രൂപയായിരുന്നു. ആ തുകയ്ക്കുള്ള ചെക്കുകളാണ് വിവിധ ഗഡുക്കളാക്കി നൽകിയിരുന്നത്. ഇതിൽ നിന്നും ഉണ്ണിക്കൃഷ്ണൻ നായരുമായി വസ്തു വിൽപ്പന നടന്നുവെന്ന് വ്യക്തമാണെന്ന് ഹർജിക്കാരി പറയുന്നു. എസ്‌പിയുടെ പങ്ക് ഇതിൽ വ്യക്തമായതോടെ ഹർജിക്കാരി ഡിസംബർ 14 ന് വീണാ ജോർജ് എംഎൽഎയ്ക്ക് ഇതു സംബന്ധിച്ച് പരാതി നൽകി. എംഎൽഎ ഉടൻ തന്നെ അത് എസ്‌പിക്ക് വാട്സാപ്പ് മുഖേനെ അയച്ചു കൊടുത്തിട്ട് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. അന്ന് തന്നെ ജില്ലാ ആസ്ഥാനത്തെ സൈബർ സെൽ പൊലീസ് ഇൻസ്പെക്ടർ ഷംസീർ യുവതിയുടെ ഭർത്താവിനെ വിളിച്ചു. എന്നിട്ട് ഫോൺ എസ്‌പിക്ക് കൈമാറി. എന്റെ പേര് എന്തിനാണ് ഇതിൽ വലിച്ചിഴയ്ക്കുന്നത് എനിക്കിതിൽ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് കെജി സൈമൺ ഫോൺ കട്ട് ചെയ്തു. വീണ്ടും ഇൻസ്പെക്ടർ ഷംസീർ വിളിച്ചിട്ട് വിഷയം ചർച്ച ചെയ്ത് ഒത്തു തീർപ്പാക്കാൻ ഡിസംബർ 21 ന് എസ്‌പി ഓഫീസിൽ ചെല്ലാൻ ആവശ്യപ്പെട്ടു.

ഒന്നാം പ്രതിക്ക് 21 ന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് 24 ന് ഹാജരാകുവാൻ ഇൻസ്പെക്ടർ നിർദ്ദേശിച്ചു. അതനുസരിച്ച് യുവതിയുടെ ഭർത്താവ് 24 ന് എസ്‌പി ഓഫീസിൽ എത്തി. ഒന്നാം പ്രതി വന്നില്ല. എസ്‌പിയെ കണ്ടിട്ട് പോയാൽ മതിയെന്ന് ഇൻസ്പെക്ടർ നിർദ്ദേശിച്ചു. അദ്ദേഹം ഭർത്താവിനെ മാത്രം ഔദ്യോഗിക മുറിയിലേക്ക് കയറ്റി. അതിന് ശേഷം ഭർത്താവിന്റെ കോളറിൽ എസ്‌പി കുത്തിപ്പിടിച്ച് നീ എന്തിനാടാ എനിക്കെതിരേ എംഎൽഎയ്ക്ക് പരാതി നൽകിയത് എന്നാക്രോശിച്ചു. പിടിച്ച് തള്ളുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. അതിന് ശേഷം ആറന്മുള സ്റ്റേഷനിൽ ചെന്ന് ഷാജനെതിരേ പരാതി നൽകാൻ പറഞ്ഞു വിടുകയുമായിരുന്നു.

പൊലീസിനെ ഭയന്നാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നതെന്ന് യുവതി പറയുന്നു.എസ്‌പി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാദിയെ ഭീഷണിപ്പെടുത്തുകയാണെന്നും ദമ്പതികൾ പറഞ്ഞു.

സൈമണിന്റെ പങ്കാളിത്തം സംശയിക്കാനുള്ള കാരണങ്ങൾ:

ഈ കേസിൽ കെജി സൈമണിന് വ്യക്തമായ പങ്കാളിത്തം ഉള്ളതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എസ്‌പിയുടെ പേര് ഉപയോഗിച്ച് ഷാജൻ തട്ടിപ്പ് നടത്തുന്നു എന്ന് മാസങ്ങൾക്ക് മുൻപ് അദ്ദേഹം അറിഞ്ഞതാണ്. എന്നിട്ടും ഷാജനെതിരേ സ്വമേധയാ കേസ് എടുക്കാൻ എസ്‌പി തയാറായിട്ടില്ല. എംഎൽഎയ്ക്ക് യുവതി നൽകിയ പരാതി തന്റെ കൈയിൽ ലഭിച്ചപ്പോൾ കേസ് ഒത്തു തീർപ്പാക്കാനാണ് എസ്‌പിയുടെ നേതൃത്വത്തിൽ നീക്കം നടന്നത്. ഉണ്ണികൃഷ്ണന്റെ ബെനാമിയായ കൃഷ്ണകുമാറിന്റെ വസ്തു എസ്‌പി കെജി സൈമണിന്റെ പേരിലേക്കാണ് ആധാരം ചെയ്തു നൽകിയതെന്ന് ഷാജൻ തറപ്പിച്ചു പറയുന്നു.

ഇത് നുണയാണെങ്കിൽ എന്തു കൊണ്ട് എസ്‌പി നടപടി എടുത്തില്ല. തട്ടിപ്പ് സംബന്ധിച്ച് യുവതിയുടെ ഭർത്താവ് വിദേശത്ത് നിന്ന് ഫോൺ മുഖേനെ എസ്‌പിയോട് പരാതിപ്പെട്ടിരുന്നു. എന്തു കൊണ്ട് അന്നദ്ദേഹം അതേപ്പറ്റി കൂടുതൽ അന്വേഷിക്കാനോ ഷാജനെതിരേ നടപടി എടുക്കാനോ തയാറായില്ല. യുവതിയുടെ ഭർത്താവ് എസ്‌പിയെ വിളിച്ച് വിവരം അവർക്ക് രണ്ടുപേർക്കും മാത്രമാണ് അറിവുള്ളത്. ഭർത്താവ് വിളിച്ചു മിനിട്ടുകൾക്കകം ആ വിവരം ഷാജൻ അറിയണമെങ്കിൽ അത് എസ്‌പി പറഞ്ഞിട്ടു തന്നെയാകണമെന്നും യുവതിയും ഭർത്താവും പറയുന്നു. പൊലീസിലെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാനാണ് യുവതിയുടെയും ഭർത്താവിന്റെയും നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP