Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉയർത്തിയത് ആത്മീയ രാഷ്ട്രീയം; ടീമിൽ ഏറെയുണ്ടായിരുന്നത് ആർഎസ്എസുകാർ; കാത്തിരുന്നത് പാർട്ടി രൂപീകരിച്ചശേഷം കാവി സഖ്യമുണ്ടാകുമെന്ന്; അസുഖംകാരണം സ്റ്റെൽ മന്നൻ പിന്മാറിയതോടെ ഞെട്ടിയത് ബിജെപിയും; തകർന്നത് രജനിയെ മുൻനിർത്തി തമിഴകം പിടിക്കാനുള്ള അമിത്ഷായുടെ മനക്കോട്ടകൾ

ഉയർത്തിയത് ആത്മീയ രാഷ്ട്രീയം; ടീമിൽ ഏറെയുണ്ടായിരുന്നത് ആർഎസ്എസുകാർ; കാത്തിരുന്നത് പാർട്ടി രൂപീകരിച്ചശേഷം കാവി സഖ്യമുണ്ടാകുമെന്ന്; അസുഖംകാരണം സ്റ്റെൽ മന്നൻ പിന്മാറിയതോടെ ഞെട്ടിയത് ബിജെപിയും; തകർന്നത് രജനിയെ മുൻനിർത്തി തമിഴകം പിടിക്കാനുള്ള അമിത്ഷായുടെ മനക്കോട്ടകൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: 'തമിഴ്‌നാട്ടിൽ ഹിന്ദുത്വ രാഷ്ട്രീയം ഒളിച്ചുകടത്തുകയാണ് രജനീകാന്ത് ചെയ്യുന്നത്. ബിജെപിയുടെ ബി ടീമാണ് അദ്ദേഹം. ആ പാർട്ടിയുടെ തലപ്പത്തുള്ളവർ മുഴവൻ ആർഎസ്എസുകാരാണ്. ആത്മീയ രാഷ്ട്രീയം എന്നത് വെറും മറ മാത്രമാണ്. രജനി വൈകാതെ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് നമുക്ക് കാണാം.'- തമിഴ്‌നാട്ടിൽ ആരും പറയാത്തത്് വെട്ടിത്തുറന്ന് പറഞ്ഞത് ദ്രാവിഡ നേതാവ് നെടുമാരൻ ആയിരുന്നു. പക്ഷേ തമിഴ്മാധ്യമങ്ങളും ബിജെപി പ്രവർത്തകരും ഒരുപോലെ പ്രതീക്ഷ അർപ്പിച്ചിരുന്നത് രജനീകാന്തിന്റെ പാർട്ടിയിൽ ആയിരുന്നു. ഇപ്പോൾ അസുഖത്തിന്റെ കാര്യം പറഞ്ഞ് രജനീകാന്ത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽനിന്ന് പിന്മാറുമ്പോൾ തകരുന്നത് ബിജെപിയുടെ മനക്കോട്ടകളുമാണ്.

'നമുക്ക് മാറിയേ പറ്റൂ. യുദ്ധത്തിനു സമയമാകുമ്പോൾ ഞാൻ വിളിക്കും. അപ്പോൾ നിങ്ങൾ ഉണ്ടാകണം'.- രാഷ്ട്രീയപാർട്ടി രൂപീകരണം ലക്ഷ്യം വച്ച് കഴിഞ്ഞ വർഷം സൂപ്പർ താരം രജനീകാന്ത് പറഞ്ഞ വാക്കുകളാണിത്. മാറ്റത്തിനായുള്ള രജനിയുടെ ആ വിളിക്കായി ആവേശത്തോടെ കാത്തിരുന്ന അണികളെ നിരാശരാക്കിക്കളഞ്ഞു സജീവരാഷ്ട്രീയത്തിലേക്കില്ലെന്ന സ്‌റ്റൈൽ മന്നന്റെ പ്രഖ്യാപനം. രജനിയെ മുന്നിൽ നിർത്തി തമിഴകം പിടിക്കാമെന്ന അമിത് ഷായുടെയും ബിജെപിയുടെയും മനക്കോട്ടകളും ഒരു നിമിഷം കൊണ്ടു തകർന്നടിഞ്ഞുവീണു.

ഒരു രജനി ചിത്രത്തിലെ ചേരുവകളും ട്വിസ്റ്റുകളും നിറഞ്ഞതു തന്നെയായിരുന്നു രജനിയുടെ രാഷ്ട്രീയ പ്രവേശ ചർച്ചകളും നീക്കങ്ങളും. ഒടുവിൽ ആരോഗ്യപ്രശ്‌നങ്ങൾ വില്ലൻ വേഷത്തിലെത്തിയപ്പോൾ ആവേശകരമായ റിലീസ് കാത്തിരുന്നിടത്ത് അപ്രതീക്ഷിത ക്ലൈമാക്‌സ്. സിനിമയിൽ നിന്നെത്തി തമിഴ് രാഷ്ട്രീയം അടക്കി വാണിരുന്ന ജയലളിതയുടെ വിയോഗത്തോടെ രൂപപ്പെട്ട ശൂന്യതയാണ് കമൽ ഹാസന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശ മോഹങ്ങൾക്ക് കൂടുതൽ വേഗം നൽകിയത്.

രാഷ്ട്രീയപാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അവസാനം ആരാധകരുമായി രജനീകാന്ത് അഞ്ചു ദിവസത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ഭരണസംവിധാനം ചീഞ്ഞളിഞ്ഞിരിക്കുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും രജനി തുറന്നടിച്ചു. ഇതോടെ വിവിധ കോണുകളിൽനിന്ന് എതിർപ്പുകളും ഉയർന്നു. കർണാടകയിലെ മറാഠി കുടുംബത്തിൽ ജനിച്ച ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനിക്ക് തുടക്കത്തിൽ എം.ജി രാമചന്ദ്രനും ജയലളിതയ്ക്കും നേരിടേണ്ടിവന്നതിനു സമാനമായി മണ്ണിന്റെ മക്കൾ വാദമുയർത്തിയുള്ള എതിർപ്പുകളാണ് നേരിടേണ്ടിവന്നത്. എന്നാൽ രാഷ്ട്രീയത്തിൽ എതിർപ്പ് വളമാണെന്നുള്ള എതിർവാദത്തോടെയാണ് രജനി അതിനെ നേരിട്ടത്.

'നമ്മ തലൈവർ... അടുത്ത എംജിആർ...' എന്നിങ്ങനെയുള്ള വാഴ്‌ത്തുക്കളുമായി ആവേശത്തോടെയാണ് സ്റ്റെൽ മന്നന്റെ രാഷ്ട്രീയ പ്രവേശത്തിനായി ആരാധകർ കാത്തിരുന്നത്. ഡിസംബർ 31ന് പാർട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുമെന്നും രജനി പറഞ്ഞതോടെ ആവേശം പരകോടിയിലെത്തി. രജനി എന്തു തീരുമാനം എടുത്താലും അതിനെ പിന്തുണയ്ക്കുമെന്ന് ജില്ലാതല സമിതികൾ അറിയിക്കുകയും ചെയ്തു.

ആത്മീയതയോട് അടുത്തുനിൽക്കുന്ന രജനി രാഷ്ട്രീയത്തിലേക്കെത്തുന്നതും കാത്ത് തുടിക്കുന്ന ഹൃദയത്തോടെ ആരാധകർക്കൊപ്പം ബിജെപിയും കാത്തിരുന്നു. എംജിആർ യുഗം തലൈവർ ആവർത്തിക്കുമെന്നും അവർ കണക്കുകൂട്ടി. തന്റെ രസികർ മൻട്രങ്ങളെ പാർട്ടിയായി രൂപാന്തരപ്പെടുത്തി തമിഴ് മണ്ണിൽ രാഷ്ട്രീയ മാജിക്ക് കാട്ടിയ എംജിആറിന്റെ അത്രതന്നെ കരുത്ത് അക്കാര്യത്തിൽ രജനിക്കുണ്ടെന്ന കാര്യം അവിതർക്കമാണ്. എന്നാൽ അത്രത്തോളം രാഷ്ട്രീയ അടിത്തറ രജനിക്ക് അവകാശപ്പെടാനില്ല താനും. അണ്ണാദുരൈയ്ക്ക് കീഴിൽ ദ്രാവിഡ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ശേഷമാണ് എംജിആർ സ്വന്തം പാർട്ടിയുമായി പോരിനിറങ്ങിയത്. എംജിആറും ജയലളിതയും നേടിയ രാഷ്ട്രീയവിജയം രജനിയുടെ കടന്നുവരവിനുള്ള ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.

മക്കൾ സേവൈ കക്ഷി എന്ന പേരാണ് തന്റെ പാർട്ടിക്കായി രജനി തീരുമാനിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാതെ ജനങ്ങളെ സേവിക്കും എന്നാണ് ഇന്നു പ്രഖ്യാപിച്ചത്. മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ നേതാക്കളെ ഉൾപ്പെടുത്തി പതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു താരത്തിന്റെ ലക്ഷ്യം. പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു.പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട സുപ്രധാന പദവികളിൽ പുറത്തുനിന്നുള്ളവരെ മാത്രം നിയമിച്ചതിൽ രജനി മക്കൾ മൻട്രത്തിൽനിന്ന് എതിർപ്പുയർന്നത് തുടക്കത്തിൽ കല്ലുകടിയായി. ബിജെപിയിൽനിന്നു രാജിവച്ചെത്തിയ ആർ.എ അർജുന മൂർത്തിയെ ചീഫ് കോ-ഓർഡിനേറ്റർ ആക്കിയതും വിവാദമായിരുന്നു. തുടർന്ന് സംഘടനയിൽനിന്നുള്ളവർക്ക് അർഹമായ സ്ഥാനം നൽകിയാണ് പ്രശ്‌നം പരിഹരിച്ചത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിലവിൽ രജനി മക്കൾ മൻട്രം കമ്മിറ്റികളുണ്ട്. 16 ജില്ലകളിലും ബൂത്ത് കമ്മിറ്റികളും സജ്ജമാക്കിയിരുന്നു. ജനങ്ങളുടെ പിന്തുണയോടെ പാർട്ടി അധികാരം പിടിച്ചെടുക്കുമെന്നും ജാതിമത വ്യത്യാസമില്ലാതെ അഴിമതിരഹിത, സുതാര്യ സർക്കാർ ഉറപ്പാക്കുമെന്നും രജീകാന്ത് ഈ മാസം ആദ്യം പറഞ്ഞിരുന്നു. എല്ലാം മാറ്റിമറിക്കും. അദ്ഭുതങ്ങളും ആശ്ചര്യങ്ങളും സംഭവിക്കും. ഇപ്പോഴല്ലെങ്കിൽ പിന്നെ ഉണ്ടാകില്ലെന്നും രജനി ട്വീറ്റ് ചെയ്തിരുന്നു.

ഇതിനിടയിലാണ് രക്തസമ്മർദത്തിലെ വ്യതിയാനം വില്ലനായത്. നേരത്തേ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായതും പ്രായവും പരിഗണിച്ച് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി. മൂന്നു ദിവസം ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂപ്പർ താരം കഴിഞ്ഞ ദിവസമാണു ചെന്നൈയിൽ തിരിച്ചെത്തിയത്. കുടുംബത്തിൽനിന്നും ചില സുഹൃത്തുക്കളിൽനിന്നുമുള്ള അതിശക്തമായ സമ്മർദത്തെ തുടർന്നാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നുള്ള പ്രഖ്യാപനം അതീവവേദനയോടെ അദ്ദേഹം നടത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP