Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസ്എല്ലിൽ ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം തോൽവി; ജംഷേദ്പുർ എഫ്.സി കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്; ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാമത്; വിജയത്തിൽ കരുത്തായത് മലയാളി ഗോൾകീപ്പർ ടി.പി.രഹ്നേഷിന്റെ മിന്നും പ്രകടനം

ഐഎസ്എല്ലിൽ ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം തോൽവി;  ജംഷേദ്പുർ എഫ്.സി കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്;  ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാമത്; വിജയത്തിൽ കരുത്തായത് മലയാളി ഗോൾകീപ്പർ ടി.പി.രഹ്നേഷിന്റെ മിന്നും പ്രകടനം

സ്പോർട്സ് ഡെസ്ക്

മർഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ബെംഗളൂരു എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ജംഷേദ്പുർ എഫ്.സി. പ്രതിരോധ താരം സ്റ്റീഫൻ എസ്സെയാണ് ടീമിനായി വിജയഗോൾ നേടിയത്. ഈ വിജയത്തോടെ ജംഷേദ്പുർ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

ബെംഗളൂരുവിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഈ തോൽവിയോടെ ടീം നാലാം സ്ഥാനത്തേക്ക് വീണു. ജംഷേദ്പുരിന്റെ മലയാളി ഗോൾകീപ്പർ ടി.പി.രഹ്നേഷിന്റെ തകർപ്പൻ സേവുകളാണ് ബെംഗളൂരുവിനെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞത്. രഹ്നേഷ്് തന്നെയാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

മത്സരം തുടങ്ങി ആദ്യ മുന്നേറ്റത്തിൽ തന്നെ ബെംഗളൂരു ബോക്സിന് തൊട്ടുവെളിയിൽ നിന്നും ഒരു ഫ്രീകിക്ക് നേടിയെടുത്തു. കിക്കെടുത്ത ഒപ്സെത്ത് പോസ്റ്റിന്റെ വലതുവശത്തേക്ക് പന്തിനെ ഉയർത്തിവിട്ടെങ്കിലും ജംഷേദ്പുരിന്റെ മലയാളി ഗോൾകീപ്പർ ടി.പി.രഹ്നേഷ് അത് മനോഹരമായി സേവ് ചെയ്തു.

10-ാം മിനിട്ടിൽ സുനിൽ ഛേത്രിക്ക് ബോക്സിനകത്ത് മികച്ച അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. ആദ്യ മിനിട്ടുകളിൽ ബെംഗളൂരുവാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

പതിയെ ജംഷേദ്പുരും കളിയിലേക്ക് തിരിച്ചുവന്നു. അതിന്റെ ഭാഗമായി 17-ാം മിനിട്ടിൽ വാൽസ്‌കിസിന് മികച്ച ഒരു അവസരം ബെംഗളൂരു ബോക്സിനുള്ളിൽ ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് മികച്ച കളി ജംഷേദ്പുർ പുറത്തെടുത്തു.

32-ാം മിനിട്ടിൽ ജംഷേദ്പുർ ബോക്സിനുള്ളിൽ സിൽവയ്ക്ക് മികച്ച അവസരം ലഭിച്ചു. ഇത് മുന്നിൽകണ്ട രഹ്നേഷ് മുന്നോട്ട് കയറിവന്ന് പന്ത് കൈകൊണ്ട് തട്ടി. പന്ത് വീണ്ടും സിൽവയുടെ കാലിൽ കൊണ്ട് പൊന്തിയപ്പോൾ ഉയർത്തെഴുന്നേറ്റ് ഒരു മുഴുനീള ഡൈവിലൂടെ വീണ്ടും പന്ത് തട്ടിയകറ്റി ജംഷേദ്പുരിന്റെ രക്ഷകനായി. തകർപ്പൻ സേവ് തന്നെയാണ് താരം നടത്തിയത്.

43-ാം മിനിട്ടിൽ ജംഷേദ്പുരിന്റെ ജാക്കിചന്ദിന്റെ മികച്ച ഹെഡ്ഡർ ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റി. ഗോളെന്നുറച്ച ഒരു ഉഗ്രൻ ഹെഡ്ഡറായിരുന്നു അത്.

രണ്ടാം പകുതി തുടങ്ങിയപ്പോൾ ഇരുടീമുകളും വിരസമായ കളിയാണ് പുറത്തെടുത്തത്. മികച്ച ആക്രമണങ്ങൾ പുറത്തെടുക്കാതെ ബെംഗളൂരുവും ജംഷേദ്പുരും പ്രതിരോധത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

62-ാം മിനിട്ടിൽ ജംഷേദ്പുരിന്റെ നായകൻ പീറ്റർ ഹാർട്ലിക്ക് മികച്ച അവസരം ബോക്സിനകത്തുവെച്ച് ലഭിച്ചെങ്കിലും ബെംഗളൂരുവിന്റെ ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റി. പിന്നീട് മികച്ച അവസരം സൃഷ്ടിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല.

എന്നാൽ 79-ാം മിനിട്ടിൽ മത്സരത്തിന്റെ വിരസത തകർത്തുകൊണ്ട് ജംഷേദ്പുർ ഗോൾ നേടി. സ്റ്റീഫൻ എസ്സെയാണ് ടീമിനായി ഗോൾ നേടിയത്. അനികേതിന്റെ പാസ്സിൽ നിന്നും ബോക്സിലേക്ക് ഡൈവ് ചെയ്ത് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് എസ്സെ ഗോൾ നേടിയത്. പ്രതിരോധതാരമായ എസ്സെ ഈ സീസണിൽ നേടുന്ന മൂന്നാം ഗോളാണിത്.

ഗോൾ വഴങ്ങിയതോടെ ബെംഗളൂരു ആക്രമിച്ചുകളിച്ചു. എന്നാൽ മിന്നൽ സേവുകളുമായി രഹ്നേഷ് ജംഷേദ്പുർ ബോക്സിൽ പ്രതിരോധക്കോട്ട കെട്ടിയതോടെ തുടർച്ചയായ രണ്ടാം തോൽവിയിലേക്ക് ബംഗളുരു തോൽവി ഉറപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP