Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'നിങ്ങളെല്ലാവരും കൂടിയാണ് കൊന്നത് എന്റെ അച്ഛനേം അമ്മേം.. നിങ്ങളെല്ലാരുമാണ് കൊന്നത്.. ഇനി ഇവിടെ അടക്കാനും സമ്മതിക്കില്ലെന്നോ'; സ്വന്തം പിതാവിനെ സംസ്കരിക്കാൻ കുഴിവെട്ടി കൗമാരക്കാരൻ; നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മക്കളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ കേരളം; വീഡിയോ കാണാം..

'നിങ്ങളെല്ലാവരും കൂടിയാണ് കൊന്നത് എന്റെ അച്ഛനേം അമ്മേം.. നിങ്ങളെല്ലാരുമാണ് കൊന്നത്.. ഇനി ഇവിടെ അടക്കാനും സമ്മതിക്കില്ലെന്നോ'; സ്വന്തം പിതാവിനെ സംസ്കരിക്കാൻ കുഴിവെട്ടി കൗമാരക്കാരൻ; നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മക്കളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ കേരളം; വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിങ്ങളെല്ലാവരും കൂടിയാണ് കൊന്നത് എന്റെ അച്ഛനേം അമ്മേം.. നിങ്ങളെല്ലാരുമാണ് കൊന്നത്.. ഇനി ഇവിടെ അടക്കാനും സമ്മതിക്കില്ലെന്നോ.. സ്വന്തം അച്ഛന്റെ കുഴിമാടം വെട്ടുന്ന മകൻ കൈ ചൂണ്ടി ചോദിക്കുന്നത് ഈ സമൂ​ഹത്തിന് നേരെയാണ്. പണത്തിനൊപ്പം നിൽക്കുന്ന വ്യവസ്ഥിതിയോടാണ്. നെയ്യാറ്റിൻകരയിൽ ആത്മഹത്യാ ശ്രമത്തിനിടയിൽ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളുടെ ചൂണ്ടുവിരലിന് മറുപടി പറയാനാകാതെ വിങ്ങുകയാണ് മനസാക്ഷിയുള്ളവർ.

രാജന്റെ മൃതദേഹം തങ്ങളുടെ ഭൂമിയിൽത്തന്നെ അടക്കംചെയ്യണമെന്നാവശ്യപ്പെട്ട് മക്കൾ കുഴിവെട്ടുന്നതിന്റെയും പൊലീസ് തടയാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് വേദനാജനകമായ ദൃശ്യങ്ങൾ ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജൻ ഇന്ന് രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. അച്ഛന്റെ മരണത്തെ തുടർന്ന് പൊട്ടിക്കരയുന്ന മക്കൾ, അമ്മകൂടി മരിച്ചാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് കരഞ്ഞു പറയുന്നത് ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. അച്ഛന്റെ മൃതദേഹം തങ്ങളുടെ മണ്ണിൽത്തന്നെ അടക്കംചെയ്യണമെന്നും മക്കൾ ആവശ്യപ്പെട്ടിരുന്നു.

വീടിനു സമീപത്ത് അച്ഛന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള കുഴിയെടുക്കുന്ന രാജന്റെ മകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. പൊലീസ് ഇടപെട്ട് കുട്ടിയെ തടയുന്നതും കാണാം. 'നിങ്ങൾ കാരണമാണ് അച്ഛൻ മരിച്ചത്, ഇനി അടക്കാനും പറ്റില്ലെന്നോ' എന്ന് രാജന്റെ മകൻ പൊലീസിനോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീടാണ് അമ്മ അമ്പിളിയും മരിച്ചത്.

പ്രവർത്തനം എപ്പോൾ വേണമെങ്കിലും നിലച്ചേക്കാവുന്ന വൃക്കകളും പറക്കമുറ്റാത്ത രണ്ട് കുട്ടികളുമായി കഴിഞ്ഞ രാജനും ഭാര്യ അമ്പിളിക്കും തങ്ങളുടെ മക്കളെ തനിച്ചാക്കി പോകേണ്ടി വന്നത് കിടപ്പാടം നഷ്ടമാകാതിരിക്കാനുള്ള ചെറുത്ത് നിൽപ്പിനിടെയാണ്. നെയ്യാറ്റിൻകര പോങ്ങയിൽ സ്വദേശികളാണ് മരിച്ച രാജനും ഭാര്യ അമ്പിളിയും. പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. ഒരു വർഷം മുമ്പാണ് അയൽവാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജൻ കയ്യേറിയെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ നിന്ന് അനുകൂല വിധിയും ഇവർ സമ്പാദിച്ചിരുന്നു. എന്നാൽ രാജൻ ഈ പുരയിടത്തിൽ നിർമ്മാണ പ്രവർത്തനം നടത്തി.

കഴിഞ്ഞ ജൂണിൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് രാജൻ തടസപ്പെടുത്തി. തുടർന്ന് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ എത്തിയപ്പോഴാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്. നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കുസമീപം രാജന്റെ ഭാര്യ അമ്പിളി ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിച്ചത്. രാജൻ ഇന്ന് പുലർച്ചെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയാണ് മരിച്ചത്.ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും മരിക്കുന്നതിന് മുൻപായി രാജൻ മൊഴി നൽകിയിരുന്നു. രാജന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം ഉയരുന്നതിനിടെയാണ് അമ്പിളിയും വിട പറഞ്ഞത്.

പിതാവിന്റെ മരണത്തിനിടയാക്കിയ പൊലീസുകാരനെതിരേയും അയൽവാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്കുമുന്നിൽ വെച്ച് തീകൊളുത്തിയ രാജൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കൽ തടയാനാണ് രാജൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. 70%ത്തോളം പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

'പൊലീസുകാർ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവർക്ക ഭക്ഷണം നൽകുമായിരുന്നു'. അവർക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പിതാവ് തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്നും മറ്റൊരു മകൻ രാഹുൽ പറഞ്ഞു. താൻ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരൻ കൈകൊണ്ട് ലൈറ്റർ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.

ഗുരുതരപൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാജന്റെ മക്കളാണ് സാമൂഹികമാധ്യമത്തിലൂടെ പൊലീസിനുനേരെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്. നെയ്യാറ്റിൻകര കോടതിയിൽ അയൽവാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തർക്കം നിലനിന്നിരുന്നു. ഇവിടെ അടുത്തിടെ രാജൻ കെട്ടിയ താൽക്കാലിക ഷെഡ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ ഷെഡ് പൊളിക്കാൻ എത്തിയപ്പോഴാണ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവസമയത്ത് പിടിച്ചുമാറ്റാൻ ശ്രമിച്ച ഗ്രേഡ് എസ്ഐ അനിൽകുമാറിനും സാരമായി പൊള്ളലേറ്റുവെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ജപ്തി ചെയ്യാനെത്തിയ പൊലീസ് ഉടൻ മാറണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ടെന്നും അര മണിക്കൂർ വേണമെന്നും രാജൻ ആവശ്യപ്പെട്ടു.

എന്നാൽ പൊലീസ് അതിന് വഴങ്ങിയില്ല. മാറിയേ മതിയാകൂവെന്ന് പറഞ്ഞു. ഇതോടെയാണ് തങ്ങളുടെ ദുഃഖം പൊലീസിന് മനസ്സിലാകാൻ വേണ്ടി രാജൻ ഭാര്യയേയും ചേർത്തു പിടിച്ച് പെട്രോൾ ഒഴിച്ചത്. ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. ലൈറ്ററും കത്തിച്ചു പിടിച്ചു. ഇതോടെ പൊലീസുകാരൻ മുമ്പോട്ട് ആഞ്ഞു വന്നു. കത്തിച്ച ലൈറ്റർ കൈ കൊണ്ട് തട്ടി. ഇതോടെ തീ ദേഹത്ത് ആളിക്കത്തി. ഭാര്യയ്ക്കും ഭർത്താവിനും ഗുരുതര പൊള്ളലേൽക്കുകയും ചെയ്തു.

ദേഹത്ത് പെട്രോൾ ഒഴിച്ച ദമ്പതികളുമായി ഒത്തൂതീർപ്പിന്റെ ഭാഷയിൽ പൊലീസ് സംസാരിക്കാൻ ശ്രമിച്ചില്ലെന്നതാണ് വസ്തുത. പെട്രോൾ ദേഹത്ത് ഒഴിച്ച് ലൈറ്റർ കത്തിച്ചുടനെ തീയെ പൊലീസു തന്നെ ദേഹത്തേക്ക് പടർത്തി. പിന്നീട് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് പൊലീസിന്റെ ക്രൂരത മറനീക്കി പുറത്തു വന്നത്. ക്രൂരനായ പൊലീസിന്റെ മനസ്സ് തന്നെയാണ് ഇവരുടെ ദേഹത്ത് തീ പിടിക്കാനുള്ള സാഹചര്യമൊരുക്കിയത്.

അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... അടുക്കരുത്... കൈയിൽ കത്തിച്ചു പിടിച്ച ലൈറ്ററുമായി രാജൻ പറഞ്ഞു. ഇതിനിടെയാണ് പൊലീസുകാരൻ മുന്നോട്ട് ചാടി ലൈറ്ററിൽ തട്ടിയത്. ഇതാണ് ദേഹത്ത് പടർന്നത്. ഗ്യാസ് കൊണ്ടാണ് ലൈറ്റർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ കൈകൊണ്ട് വീശി കാറ്റുണ്ടാക്കി അണയ്ക്കാൻ കഴിയില്ല. കൈ വീശിയതോടെ തീ ദേഹത്തേക്ക് പടരുകയും ചെയ്തു. അങ്ങനെയാണ് ദുരന്തം ഉണ്ടായത്.

തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചിരുന്നു. 'പപ്പയെ ഞങ്ങൾ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാൻ, പപ്പയുടെ ആഗ്രഹം നിറവേറ്റാൻ ഒരുവഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ് . എന്നാലേ പപ്പയ്ക്ക മനഃശ്ശാന്തി കിട്ടൂ', മകൻ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP