Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗരവ് ഗാംഗുലി ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തം; ഗാംഗുലി പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ രാജ്ഭവനിലെത്തി സന്ദർശിച്ചതിൽ കൃത്യമായ രാഷ്ട്രീയമെന്ന് ബംഗാളി മാധ്യമങ്ങൾ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരെ പരിഗണിക്കുന്നുവെന്ന് വാർത്തകൾ; ബംഗാളിൽ ഇനി ദാദ-ദീദി പോരാട്ടമോ?

സൗരവ് ഗാംഗുലി ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തം; ഗാംഗുലി പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ രാജ്ഭവനിലെത്തി സന്ദർശിച്ചതിൽ കൃത്യമായ രാഷ്ട്രീയമെന്ന് ബംഗാളി മാധ്യമങ്ങൾ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരെ പരിഗണിക്കുന്നുവെന്ന് വാർത്തകൾ; ബംഗാളിൽ ഇനി ദാദ-ദീദി പോരാട്ടമോ?

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: തൃണമൂൽ നേതാക്കളെയും ഒന്നൊന്നായി വിഴുങ്ങുന്ന ബിജെപി ബംഗാളിൽ ഭരണം പിടിക്കാമെന്ന് ശുഭപ്രതീക്ഷയിലാണ്. അതിന് അവർക്ക് ഇപ്പോൾ മാസ് കാമ്പയിനറായ ഒരു പോരാളിയെ കിട്ടുമോ എന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ്ഗാംഗുലി ബിജെപിയിൽ ചേരുമെന്ന് ശക്തമായ അഭ്യൂഹം നിലനിൽക്കയാണ്. ഇതോടെനാല് മാസങ്ങൾക്ക് ശേഷം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ദാദ-ദീദി പോരാട്ടമാകുമോ എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകർ.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.സി.സിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനുമായ സൗരവ് ഗാംഗുലി ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. സൗരവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന സൂചനയാണ് ബംഗാളിലെ ബിജെപി വൃത്തങ്ങൾ നൽകുന്നത്. 'ദാദ' എന്ന വിളിപ്പേരിൽ കളിക്കളം വാണരുളിയ സൗരവും ബംഗാളികളുടെ 'ദീദി'യായി രാഷ്ട്രീയക്കളത്തിൽ നിറഞ്ഞുനിൽക്കുന്ന മമത ബാനർജിയും തമ്മിലുള്ള പോരാട്ടമാകുമോ ബംഗാളിൽ നടക്കുകയെന്നാണ് രാഷ്ട്രീയ തൽപരരും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസം ഗാംഗുലി പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ രാജ്ഭവനിലെത്തി സന്ദർശിച്ചതിനെ തുടർന്നാണ് അദ്ദേഹം ബിജെപിയിലേക്ക് എന്ന അഭ്യൂഹം വീണ്ടും ശക്തമായത്. ഈ അഭ്യൂഹത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. ബിജെപി നേതാക്കളുമായി ഗാംഗുലി എപ്പോൾ കൂടിക്കാഴ്ച നടത്തിയാലും പരക്കുന്ന പ്രചാരണമാണിത്. ബിജെപി പല തവണ ഗാംഗുലിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹമത് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ബംഗാളിൽ 'ദാദ-ദീദി പോരാട്ടം' ബിജെപി ലക്ഷ്യമിട്ടിരുന്നെങ്കിലും അത് വിജയിച്ചുമില്ല.

എന്നാൽ, നിലവിൽ പശ്ചിമബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കലങ്ങി മറിഞ്ഞിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിലെ നേതാക്കൾ ബിജെപിയിലേക്ക് ഒഴുകിപ്പോകുന്നത് മമത ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ മമതയുടെ കൈയിൽ നിന്നും ബംഗാൾ ഭരണം പിടിച്ചെടുക്കാൻ അരയും തലയും മുറക്കി ഇറങ്ങിയിരിക്കുന്നത് അമിത് ഷാ തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്ന് ബിജെപി നേട്ടം കൊയ്ത സാഹചര്യത്തിൽ ഗാംഗുലി തീരുമാനം മാറ്റിയേക്കുമോ എന്ന കാത്തിരിപ്പിലാണ് പാർട്ടി നേതൃത്വം.

തന്റെ രാജ്ഭവൻ സന്ദർശനത്തെ 'ഉപചാരപൂർവ്വമുള്ള ക്ഷണത്തിനുള്ള മറുപടി' എന്നാണ് ഗാംഗുലി വിശദീകരിക്കുന്നത്. വ്യത്യസ്തമായ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്നാണ് ഗവർണർ ധൻകർ പറഞ്ഞത്. പക്ഷേ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഗാംഗുലി തയാറായിട്ടില്ല.'ഇന്ന് വൈകുന്നേരം ബി.സി.സിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി. 1864ൽ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡൻ ഗാർഡൻ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു'- എന്ന കാപ്ഷനോടെയാണ് ഗാംഗുലിക്കൊപ്പമുള്ള ഫോട്ടോ ധൻകർ ട്വിറ്ററിൽ പങ്കുവെച്ചത്.

സൗഹൃദ സന്ദർശനമെന്നാണ് ഗാംഗുലി പറയുന്നതെങ്കിലും തൃണമൂൽ കോൺഗ്രസുകാർ 'ബിജെപിയുടെ സംസ്ഥാന ഓഫിസ്' എന്ന് വിമർശിക്കുന്ന രാജ്ഭവനിൽ അദ്ദേഹം നടത്തിയ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. 'സംസ്ഥാനത്തെ ഗവർണർ വിളിച്ചാൽ ഞാൻ പോകേണ്ടതുണ്ട്. അതിനാലാണ് ഈ സന്ദർശനം. ഞങ്ങൾ ക്രിക്കറ്റിനെ കുറിച്ച് മാത്രമേ സംസാരിച്ചിട്ടുള്ളു. അദ്ദേഹം ഈഡൻ ഗാർഡൻസ് സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ചെയ്യും' -ഗവർണറെ സന്ദർശിച്ച ശേഷം ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു സംസ്ഥാനത്തിന്റെ ഗവർണറും ആ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ദേശീയ താരവും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമാണിതെന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ ഇതേക്കുറിച്ച് പ്രതികരിച്ചത്. ബി.സി.സിഐ പ്രസിഡന്റായി നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുമ്പ് ഗാംഗുലി അമിത് ഷായെ കണ്ടപ്പോഴും അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അമിത്ഷായുടെ ഇടപെടൽ മൂലമാണ് ഗാംഗുലി ബി.സി.സിഐ പ്രസിഡന്റ് ആയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ബിജെപിയിൽ ചേരുമെന്ന ഉറപ്പിലല്ല താൻ ബി.സി.സിഐ പ്രസിഡന്റ് ആയതെന്ന് ഗാംഗുലി അന്നേ വ്യക്തമാക്കിയിരുന്നു. എന്നാൽ, അമിത്ഷായുടെ മകനും ബി.സി.സിഐ സെക്രട്ടറിയുമായ ജയ് ഷായുമായുള്ള ഗാംഗുലിയുടെ അടുപ്പവും ദുർഗ പൂജക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ പങ്കെടുത്ത ചടങ്ങിൽ ഗാംഗുലിയുടെ ഭാര്യയും പ്രമുഖ ഒഡിസ്സി നർത്തകിയുമായ ഡോണ നൃത്തപരിപാടി അവതരിപ്പിച്ചതുമൊക്കെ 'ദാദ'യുടെ ബിജെപി പ്രവേശനത്തിന്റെ സൂചനകളായി ബംഗാളിൽ കണക്കാക്കപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP