Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർ ഗാരിഫീൽഡ് സോബേഴ്സ് പുരസ്‌കാരം ഇന്ത്യൻ നായകൻ വിരാട് കൊലിക്ക്; ഐ.സി.സിയുടെ ദശാബ്ദത്തിലെ ക്രിക്കറ്റ് താരമായത് എല്ലാ ഫോർമാറ്റിലേയും സ്ഥിരതയാർന്ന പ്രകടനത്താൽ; മികച്ച ഏകദിന ക്രിക്കറ്ററും കോലി തന്നെ; സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് ക്രിക്കറ്റർ; ട്വന്റി 20 താരം റാഷിദ് ഖാൻ

സർ ഗാരിഫീൽഡ് സോബേഴ്സ് പുരസ്‌കാരം ഇന്ത്യൻ നായകൻ വിരാട് കൊലിക്ക്; ഐ.സി.സിയുടെ ദശാബ്ദത്തിലെ ക്രിക്കറ്റ് താരമായത് എല്ലാ ഫോർമാറ്റിലേയും സ്ഥിരതയാർന്ന പ്രകടനത്താൽ;  മികച്ച ഏകദിന ക്രിക്കറ്ററും കോലി തന്നെ; സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് ക്രിക്കറ്റർ; ട്വന്റി 20 താരം റാഷിദ് ഖാൻ

സ്പോർട്സ് ഡെസ്ക്

ദുബായ്: കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സർ ഗാരിഫീൽഡ് സോബേഴ്സ് പുരസ്‌കാരം ഇന്ത്യൻ നായകൻ വിരാട് കോലിക്ക്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമായി 56.97 ശരാശരിയിൽ 20,396 റൺസും 66 സെഞ്ചുറികളും 94 അർധ സെഞ്ചുറികളുമാണ് കോലിയെ നേട്ടത്തിലെത്തിച്ചത്. ഇതിനൊപ്പം ഐ.സി.സിയുടെ ദശാബ്ദത്തിലെ മികച്ച ഏകദിന ക്രിക്കറ്ററായും കോലിയെ തെരഞ്ഞെടുത്തു. ഏകദിനത്തിൽ മാത്രം 61.83 ശരാശരിയിൽ പതിനായിരത്തിലേറെ റൺസും 39 സെഞ്ചുറികളും 48 അർധ സെഞ്ചുറികളും കോലി സ്വന്തമാക്കിയിരുന്നു.

ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്ത് ടെസ്റ്റിൽ 65.79 ശരാശരിയിൽ 7040 റൺസാണ് സ്മിത്തിന്റെ സമ്പാദ്യം. 26 സെഞ്ചുറികളും 28 അർധ സെഞ്ചുറികളും ഇക്കാലയളവിൽ താരം അടിച്ചുകൂട്ടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഐ.സി.സിയുടെ ദശാബ്ദത്തിലെ മികച്ച ട്വന്റി 20 താരം. കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തിനിടെ ട്വന്റി 20-യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ റാഷിദിന്റെ പേരിലാണ്.

തന്റെ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി കഴിഞ്ഞ പതിറ്റാണ്ടിലുടനീളം ക്രിക്കറ്റ് ലോകം വാണ താരമാണ് വിരാട് കോലി. ടെസ്റ്റ് എന്നോ ഏകദിനമെന്നോ ട്വന്റി 20-യെന്നോ വൈറ്റ് ബോളെന്നോ റെഡ് ബോളെന്നോ പിങ്ക് ബോളെന്നോ വ്യത്യാസമില്ലാതെ മികച്ച റൺശരാശരിയിൽ റൺവേട്ട തുടരുവാൻ കോലിക്ക് സാധിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളിൽ 20,000 റൺസ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടവും കോലി സ്വന്തമാക്കിയിരുന്നു 2019-ലാണ്. ഏകദിന ലോകകപ്പിൽ വിൻഡീസിനെതിരായ മത്സരത്തിലാണ് കോലി ഈ നേട്ടം പിന്നിട്ടത്. ഐസിസി ഏകദിന ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയുമടക്കം ഒട്ടേറെ നേട്ടങ്ങളിലേക്ക് ഇന്ത്യൻ ക്രിക്കറ്റിനെ കൈപിടിച്ചുയർത്താൻ കോലി അടങ്ങുന്ന ഇന്ത്യൻ സംഘത്തിന് കഴിഞ്ഞിരുന്നു.

ഒരു പതിറ്റാണ്ടിനുള്ളിൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന മുൻ ഓസീസ് താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡ് നേരത്തേതന്നെ കോലി മറികടന്നിരുന്നു. ഈ പട്ടികയിൽ രണ്ടാമതുള്ള പോണ്ടിങ്ങിന്റെ സമ്പാദ്യം 18,962 റൺസാണ്. മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്ക് കാലിസ് (16,777), ശ്രീലങ്കൻ താരങ്ങളായ മഹേള ജയവർധനെ (16,304), കുമാർ സംഗക്കാര (15,999), സച്ചിൻ തെണ്ടുൽക്കർ (15962), രാഹുൽ ദ്രാവിഡ് (15,853), ഹാഷിം അംല (15,185) എന്നിവരെല്ലാം കോലിക്കു പിന്നിലാണ്.

ഇതോടൊപ്പം ചരിത്രത്തിൽ ആദ്യമായി ഒരേ വർഷം ഐ.സി.സിയുടെ എല്ലാ വ്യക്തിഗത പുരസ്‌കാരങ്ങളും സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവും കോലിയെ തേടിയെത്തിയിരുന്നു. 2018-ലെ ഐ.സി.സിയുടെ പ്ലെയർ ഓഫ് ദ ഇയർ (സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി), ഏകദിന-ടെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരങ്ങൾ കോലിക്കായിരുന്നു.

ഇതോടൊപ്പം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി ഐ.സി.സി തിരഞ്ഞെടുത്ത മൂന്ന് ഫോർമാറ്റിലെ ലോക ഇലവനിൽ ഉൾപ്പെട്ട ഏക താരവും കോലിയാണ്. ടെസ്റ്റ് ടീമിന്റെ നായകനായി ഐ.സി.സി തിരഞ്ഞെടുത്തതും കോലിയെ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP