Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, അവർ സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയിരുന്നു; മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ ആദ്യത്തെ പാർട്ടി എന്ന 'ബഹുമതി' സിപി എമ്മിനിരിക്കട്ടെ; കാഞ്ഞങ്ങാട് കൊലപാതകത്തിൽ വിവാദ പോസ്റ്റിട്ട മുഹമ്മദലി കിനാലൂരിനെതിരെ എ പി വിഭാഗം; കിനാലൂർ ഫേസ്‌ബുക്ക് പൂട്ടി

'ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, അവർ സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയിരുന്നു; മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ ആദ്യത്തെ പാർട്ടി എന്ന 'ബഹുമതി' സിപി എമ്മിനിരിക്കട്ടെ; കാഞ്ഞങ്ങാട് കൊലപാതകത്തിൽ വിവാദ പോസ്റ്റിട്ട മുഹമ്മദലി കിനാലൂരിനെതിരെ എ പി വിഭാഗം; കിനാലൂർ ഫേസ്‌ബുക്ക് പൂട്ടി

കെ വി നിരഞ്ജൻ

കോഴിക്കോട്: കാസർകോട് കാഞ്ഞങ്ങാട് മുസ്ലിം ലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ ഡി വൈ എഫ് ഐ പ്രവർത്തകനും കാന്തപുരം വിഭാഗം പ്രാദേശിക നേതാവുമായ അബ്ദുറഹ്മാൻ ഔഫിന്റെ ജനാസയിൽ ചുവന്ന പതാക പുതപ്പിച്ചതിനെ കുറിച്ച് പോസ്റ്റിട്ട മുഹമ്മദലി കിനാലൂരിനെതിരെ കാന്തപുരം വിഭാഗം. പ്രാദേശികമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന പ്രവർത്തിയാണ് എന്നും, പൂർണ്ണമായും മതപരമായ ആചാര പ്രകാരമാണ് അബ്ദുറഹ്മാൻ ഔഫിന്റെ ജനാസ ഖബർ അടക്കിയതും എന്നവർ പറയുന്നു. എന്നാൽ, വിഷയത്തെ ദുർവ്യാഖ്യാനിക്കുന്ന വിധത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റുകൾ എഴുതിയ മുഹമ്മദലി കിനാലൂരിനെ നേതൃത്വം താക്കീത് ചെയ്തതായാണ് സൂചനകൾ.

കൊലപാതക സമയത്ത് അക്രമികൾക്കെതിരെ ശക്തമായി രംഗത്തു വന്ന ഇടതുപക്ഷത്തെ നെറികെട്ടവർ എന്ന് വിശേഷിപ്പിച്ച കിനാലൂർ സംഘടനാപരമായി വലിയ അച്ചടക്ക ലംഘനം നടത്തിയതായി നേതൃത്വം കണക്കാക്കുന്നു. ഇതിനു മുമ്പ് തന്നെ നിരവധി തവണ കാന്തപുരം വിഭാഗത്തിന്റെ പൊതുനിലപാടിന് വിരുദ്ധമായ പോസ്റ്റുകൾ ഇടാറുള്ള മുഹമ്മദലി കിനാലൂരിനെതിരെ സുന്നി സംഘടനാ പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ട് . നിലവിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ ഭാരവാഹിയാണ് മുഹമ്മദലി കിനാലൂർ.

മൃതദേഹത്തിൽ ആശുപത്രിയിൽ വച്ചാണ് സിപിഎം പതാക പുതപ്പിച്ചത്. അത് കാന്തപുരം വിഭാഗം നേതാക്കളുടെ അനുമതിയോടെയായിരുന്നു. ലീഗിനെതിരെ ശക്തമായൊരു ആയുധമായി സി പി എം സംഭവം ഉയർത്തിക്കൊണ്ടു വരുന്നതിനിടെയാണ് മുഹമ്മദലി കിനാലൂർ ഇത്തരത്തിലാരു പോസ്റ്റിട്ടത്. ഇതിൽ സി പി എം നേതാക്കൾ പ്രതിഷേധം അറിയിച്ചതോടെയാണ് മുഹമ്മദലിക്കെതിരെ നടപടി സ്വീകരിക്കുവാൻ എ പി വിഭാഗം തീരുമാനിച്ചത്.

'പറയാതിരുന്നാൽ അനീതിയാകും, ആ മയ്യിത്തിനോടും ഔഫിനെ സ്നേഹിക്കുന്നവരോടുമുള്ള അനീതി.മരിച്ചവർക്കും അവകാശമുണ്ട്. അത് വകവെച്ചു കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവരാണ്. കാസർഗോഡ് കൊല്ലപ്പെട്ട സുന്നി പ്രവർത്തകൻ, അതേ, സുന്നി പ്രവർത്തകൻ മാത്രമായ ഔഫിന് മരണാനന്തരമുള്ള അവകാശങ്ങളിൽ ചിലത് നിഷേധിക്കപ്പെട്ടു. നൂറു ചുകപ്പൻ അഭിവാദ്യങ്ങൾക്ക് നടുവിൽ ചുവപ്പ് കൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫ്. അവൻ സുന്നി പ്രവർത്തകൻ മാത്രമായിരുന്നുവെന്നായിരുന്നു മുഹമ്മദലിയുടെ പോസ്റ്റ് .

ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, സഹനസമരത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യമുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്റേതാണ് എന്നറിയില്ല. മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ ആദ്യത്തെ പാർട്ടി എന്ന 'ബഹുമതി' ഡിവൈഎഫ്ഐക്കും സി പി എമ്മിനുമിരിക്കട്ടെ.സഖാക്കളേ, 'ഞങ്ങൾ'ക്കൊപ്പമുണ്ട് എന്ന് നിങ്ങൾ പ്രഖ്യാപിക്കേണ്ടത് ഇങ്ങനെയല്ല. ഇത് അതിക്രമമാണ്. മയ്യിത്തിനോട് കാട്ടിയ അതിക്രമം. മാപ്പില്ലാത്ത പാതകം. മരിച്ചവർക്കും അവകാശമുണ്ട്, അതുപക്ഷെ മരണാനന്തരം പാർട്ടി അംഗത്വം നൽകലോ പാർട്ടി പതാക പുതപ്പിക്കലോ അല്ല. സഖാക്കളേ, കൊല്ലപ്പെട്ടവർക്കൊപ്പം നിൽക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെ അഭിവാദ്യം ചെയ്യുന്നു.

കൊലയാളി ലീഗിനെതിരായ നിങ്ങളുടെ അമർഷത്തെ അംഗീകരിക്കുന്നു. കൊല്ലപ്പെട്ട സുന്നിപ്രവർത്തകൻ ഔഫിനോട് നിങ്ങൾ കാണിച്ച നെറികേടിനെ (ക്ഷമിക്കുക, ആ വാക്ക് ഉപയോഗിക്കേണ്ടിവന്നതിൽ) ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ദയവായി പാർട്ടി രക്തസാക്ഷികളുടെ പട്ടികയിൽ പേര് ചേർത്ത് ഔഫിനെ ഇനിയും ഇനിയും അപമാനിക്കരുത്. ഇതൊരപേക്ഷയാണ്. ഔഫ് ജീവിതം സമർപ്പിച്ചു പ്രവർത്തിച്ച അതേ സുന്നിസംഘടനയിൽ അഭിമാനത്തോടെ പ്രവർത്തിക്കുന്ന ഒരു സഹപ്രവർത്തകന്റെ അപേക്ഷയെന്നും മുഹമ്മദലി പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP