Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭാ തർക്കം പരിഹരിക്കാൻ സഭകളുമായി വെവ്വേറെ ചർച്ച നടത്താൻ പ്രധാനമന്ത്രി; ഓർത്തോഡോക്‌സ്, യാക്കോബായ സഭകളിലെ മൂന്ന് വൈദികരെ വീതം മോദി കാണും; 28, 29 ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും പങ്കെടുക്കും; പ്രശ്‌നം രമ്യമായി തീർത്താൽ തെരഞ്ഞെടുപ്പിലെ ഗെയിം ചെയ്ഞ്ചറാകുമെന്ന് ബിജെപി

സഭാ തർക്കം പരിഹരിക്കാൻ സഭകളുമായി വെവ്വേറെ ചർച്ച നടത്താൻ പ്രധാനമന്ത്രി; ഓർത്തോഡോക്‌സ്, യാക്കോബായ സഭകളിലെ മൂന്ന് വൈദികരെ വീതം മോദി കാണും; 28, 29 ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും പങ്കെടുക്കും; പ്രശ്‌നം രമ്യമായി തീർത്താൽ തെരഞ്ഞെടുപ്പിലെ ഗെയിം ചെയ്ഞ്ചറാകുമെന്ന് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മലങ്കര സഭാ തർക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചർച്ചകളെ കുറിച്ച് ഏകദേശ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമെന്ന നിലയിലാണ് മോദി സഭാ നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത്. ഈ നീക്കം വിജയിച്ചാൽ അത് കേരളത്തിലെ ബിജെപിയു ഗെയിം ചെയ്ഞ്ചറായി മാറുമെന്നാണ് വിലയിരുത്തുന്നത്. അടുത്ത ദിവസങ്ങളിലായി നടത്തുന്ന ചർച്ചയിൽ ഓർത്തോഡോക്‌സ് യാക്കോബായ സഭകളിൽ നിന്ന് മൂന്ന് വൈദികർ വീതം പങ്കെടുക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

സഭകളുമായി വെവ്വേറെ നടത്തുന്ന ചർച്ചയിൽ ഇരു സഭകളുടെയും ആശങ്ക പ്രധാനമന്ത്രി കേൾക്കും. 28, 29 ദിവസങ്ങളിലാകും ചർച്ച എന്നാണ് സൂചന. ഡിസംബർ 28 നാണ് പ്രധാനമന്ത്രി ഓർത്തോഡോക്‌സ് സഭയുടെ വൈദികരുമായി ചർച്ച നടത്തുന്നത്. ഓർത്തോഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, ഡൽഹി ഭദ്രാസന മെത്രോപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക.

യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വെവ്വേറെ നടക്കുന്ന ചർച്ചകളിൽ ഇരു സഭകൾക്കും ഒരു മണിക്കൂറിൽ അധികം സമയം പ്രധാനമന്ത്രിയുടെ ഓഫീസ് അനുവദിച്ചിട്ടുണ്ട്. ചർച്ചകളിൽ മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും പങ്കെടുക്കും എന്നാണ് സൂചന. ആദ്യ ഘട്ട ചർച്ചയിൽ സഭകളുടെ ആശങ്കകൾ പ്രധാനമന്ത്രി കേൾക്കും. പ്രശ്‌ന പരിഹാരത്തിന് ഇരു സഭകളും മുന്നോട്ട് വയ്ക്കുന്ന ശുപാർശകൾ കൂടി കണക്കിലെടുത്താകും തുടർ നടപടികൾ. സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ അത് കൂടി കണക്കിലെടുത്താകും പ്രശ്‌ന പരിഹാര നിർദ്ദേശങ്ങൾ തയ്യാറാക്കുകയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഇടപെടലിൽ രാഷട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് ആവർത്തിക്കുമ്പോഴും, സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തെ പാർട്ടിയിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. സഭാ തർക്കം രമ്യമായി പരിഹരിക്കാനായാൽ അത് ബിജെപിക്ക് നേട്ടമാകും എന്ന കാര്യത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും തർക്കമില്ല. കേരളത്തിലെ പ്രബലമായ രണ്ട് ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാനായാൽ കേരളത്തിൽ അനായാസം ഭരണം പിടിക്കാമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.

വിവിധ പരാതികൾ ഉന്നയിച്ച് കേരളത്തിലെ സഭാ നേതൃത്വങ്ങൾ നൽകിയ നിവേദനം ശ്രീധരൻ പിള്ള പ്രധാനമന്ത്രിയെ നേരിൽ കണ്ട് കൈമാറിയിരുന്നു. ക്രൈസ്തവ സഭകളെ വീണ്ടും ചേർത്തു നിർത്താനാണ് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ ശ്രമം. ഗവർണ്ണറുടെ 'ജസ്റ്റിസ് ഫോർ ഓൾ, പ്രജുഡിസ് ടു നൺ' എന്ന പുസ്തക പ്രകാശന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി എത്തിയതിന് പിന്നിലും ഈ രാഷ്ട്രീയമാണ് സിപിഎം കാണുന്നത്. പുസ്തകം കർദിനാളിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്യുകയായിരുന്നു. മുമ്പും ബിജെപി നേതാക്കളിൽ സഭയുമായി ഏറെ അടുപ്പമുണ്ടായിരുന്നത് പി എസ് ശ്രീധരൻ പിള്ളയ്ക്കാണ്.

അതിനിടെ ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള വിഹിതത്തിൽ ക്രൈസ്തവരോട് അനീതിയുണ്ടെങ്കിൽ പരിഹരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി ശ്രീധരൻ പിള്ള അറിയിക്കുകയും ചെയ്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനു കേന്ദ്രസർക്കാർ നൽകുന്ന വിഹിതം കുറഞ്ഞതു കർദിനാൾ നേരത്തേ ശ്രദ്ധയിൽപെടുത്തിയിരുന്നു.

80% ഒരു വിഭാഗത്തിനു നൽകുകയും ക്രൈസ്തവ സമുദായങ്ങൾക്കുള്ള വിഹിതം 20% ആയി കുറയുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചു. ക്രൈസ്തവ സഭയിലെ പെൺകുട്ടികൾ ഐഎസ് സ്വാധീനത്തിൽപെടുന്നതിനെക്കുറിച്ചു കർദിനാൾ ആശങ്ക അറിയിച്ചെന്നും എന്നാൽ ഇക്കാര്യം കേരള സർക്കാർ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരനേദ്രമോദിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ ഫണ്ട് ലഭിക്കുന്നതിൽ ക്രൈസ്തവ സമൂഹം വിവേചനം നേരിടുന്നുവെന്ന് കർദ്ദിനാൾ മാർ ആലഞ്ചേരി ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ആരോടും വിവേചനമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളിലേക്ക് ചർച്ചകൾ എത്തിക്കുകയാണ് ഈ പ്രസ്താവനയിലൂടെ ശ്രീധരൻ പിള്ള. കഴിഞ്ഞ മാസം കർദിനാളുമായി ശ്രീധരൻ പിള്ള ചർച്ച നടത്തിയിരുന്നു. അന്ന് ചില ആശങ്കകൾ അവർ അറിയിച്ചിരുന്നു. ഇതാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നുവെന്ന് പിള്ള പറയുന്നത്. കേന്ദ്രത്തിന്റെ ന്യൂനപക്ഷ സഹായ പദ്ധതികൾ കേരളത്തിൽ മറ്റൊരു സമുദായത്തിന് കിട്ടുന്നുവെന്നും തങ്ങൾക്ക് അർഹമായത് കിട്ടുന്നില്ലെന്നും ക്രൈസ്തവ സഭകൾക്ക് പരാതിയുണ്ടെന്ന് അന്ന് ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണെന്നും പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സഭാമേധാവികൾ നിവേദനം ഏൽപ്പിച്ചെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP