Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു വർഷം കേരളത്തിൽ എത്ര പേർ മുങ്ങി മരിക്കുന്നുണ്ട്? കണക്കു വായിച്ച ഞാൻ ശരിക്കും ഞെട്ടി; മുങ്ങി മരണങ്ങൾ മിക്കവാറും ഒറ്റക്കൊറ്റക്കായതിനാൽ ലോക്കൽ വാർത്തകൾക്കപ്പുറം അത് പോകാറില്ല; അനിൽ നെടുമങ്ങാടിന്റെ മുങ്ങി മരണത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു

ഒരു വർഷം കേരളത്തിൽ എത്ര പേർ മുങ്ങി മരിക്കുന്നുണ്ട്? കണക്കു വായിച്ച ഞാൻ ശരിക്കും ഞെട്ടി; മുങ്ങി മരണങ്ങൾ മിക്കവാറും ഒറ്റക്കൊറ്റക്കായതിനാൽ ലോക്കൽ വാർത്തകൾക്കപ്പുറം അത് പോകാറില്ല; അനിൽ നെടുമങ്ങാടിന്റെ മുങ്ങി മരണത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

മുങ്ങി മരണങ്ങളെ പറ്റി തന്നെ സിനിമ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു എന്ന വാർത്ത വായിച്ചു. എത്ര സങ്കടകരമായ വാർത്ത.

ഈ വർഷത്തെ ആദ്യത്തെ മുങ്ങി മരണം അല്ല, അവസാനത്തേതും ആവില്ല.

ഒരു വർഷം കേരളത്തിൽ എത്ര പേർ മുങ്ങി മരിക്കുന്നുണ്ട് ?

മിക്കവാറും ആഴ്ചയിൽ ഒന്നോ രണ്ടോ ആളുകൾ മുങ്ങി മരിക്കുന്നതായി നമ്മൾ വാർത്ത വായിക്കും. ചിലപ്പോഴെങ്കിലും ഒന്നിൽ കൂടുതൽ പേർ ഒരുമിച്ചു മരിക്കുന്നതായിട്ടും. പത്തു വർഷത്തിൽ ഒരിക്കൽ ബോട്ടപകടത്തിൽ പത്തിലധികം പേർ ഒരുമിച്ചു മരിക്കുന്ന അപകടം ഉണ്ടാകും. ഇതാണ് സാധാരണ രീതി.

അതുകൊണ്ട് തന്നെ കേരളത്തിൽ ശരാശരി വർഷം ഇരുന്നൂറ് പേരെങ്കിലും മുങ്ങി മരിക്കുന്നുണ്ടാകും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കൃത്യമായ കണക്ക് ഒരിക്കലും കിട്ടിയിരുന്നില്ല.

അങ്ങനെയിരിക്കുമ്പോൾ ആണ് ഞാൻ ജേക്കബ് പുന്നൂസ് സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഡി.ജി.പി ആയിരിക്കുന്ന കാലം. ഞാൻ ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചു.

'മുരളി ചോദിച്ചത് നന്നായി. എല്ലാ വർഷവും എനിക്ക് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നും ഒരു റിപ്പോർട്ട് വരും. Accidental deaths and suicides in India' എന്നാണിതിന്റെ പേര്. അതിൽ മുങ്ങി മരണത്തിന്റെ കണക്ക് ഉണ്ട്.''

അതിന്റെ ഒരു കോപ്പി എടുത്ത് സാർ എനിക്ക് തന്നു. അത് വായിച്ച ഞാൻ ഞെട്ടി.

കേരളത്തിൽ ഒരു വർഷം മുങ്ങി മരിക്കുന്നവരുടെ എണ്ണം ഇരുന്നൂറും മുന്നൂറുമൊന്നുമല്ല. ആയിരത്തിൽ അധികമാണ്. പക്ഷെ, മുങ്ങി മരണങ്ങൾ മിക്കവാറും ഒറ്റക്കൊറ്റക്കായതിനാൽ ലോക്കൽ വർത്തകൾക്കപ്പുറം അത് പോകാറില്ല. അതുകൊണ്ടാണ് ഇത്രമാത്രം മരണങ്ങൾ ഉണ്ടാകുന്നത് നമ്മൾ ശ്രദ്ധിക്കാത്തത്.

ഉദാഹരണത്തിന് 2019ൽ കേരളത്തിൽ 1452 സംഭവങ്ങളിൽ ആയി 1490 പേരാണ് മുങ്ങി മരിച്ചത്.

റോഡ് അപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്.

ഒരു ദിവസം ശരാശരി മൂന്നിൽ കൂടുതൽ ആളുകൾ കേരളത്തിൽ മുങ്ങി മരിക്കുന്നുണ്ട്.

2004ലെ സുനാമിയിൽ കേരളത്തിൽ മൊത്തം മരിച്ചത് 174 പേരാണ്. അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തിൽ ഒരു സുനാമിയുടെ അത്രയും ആളുകൾ മുങ്ങി മരിക്കുന്നുണ്ട്.

ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ, 2018ൽ, മരിച്ചത് 480 പേരാണ്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തിൽ മരിച്ചതിൽ കൂടുതൽ ആളുകൾ മുങ്ങി മരിക്കുന്നുണ്ട്.

എന്നാലും ഈ വിഷയത്തിൽ കേരളത്തിൽ വേണ്ടത്ര ശ്രദ്ധ ഇല്ല.

റോഡപകടത്തിന്റെ കാര്യത്തിൽ കേരളത്തിൽ സുരക്ഷക്ക് കമ്മിറ്റികൾ ഉണ്ട്, ഫണ്ട് ഉണ്ട്, റോഡ് സേഫ്റ്റി വകുപ്പുണ്ട്, പ്രോഗ്രാമുകൾ ഉണ്ട്.

ഇതിന് ഒരു കാരണം ഉണ്ട്.

ഓരോ റോഡപകടത്തിന്റെ കാര്യത്തിലും ഒരു വാഹനം ഉണ്ട്, ഇൻഷുറൻസ് ഉണ്ട്, അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഒരു ഉത്തരവാദി ഉണ്ട്, പണം ഉണ്ട്, കേസ് ഉണ്ട്, കോടതി ഉണ്ട്. നഷ്ടപരിഹാരം ഉണ്ട്.

പക്ഷെ മുങ്ങിമരണത്തിന്റെ കാര്യത്തിൽ ഇതൊന്നുമില്ല.

പ്രത്യേകം നിയമങ്ങൾ ഇല്ല,

വകുപ്പില്ല,

ഫണ്ടില്ല,

കമ്മിറ്റികൾ ഇല്ല,

ഇൻഷുറൻസ് പരിരക്ഷ ഇല്ല,

കോടതിയില്ല,

നഷ്ടപരിഹാരം ഇല്ല....

സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പല കാമ്പയിനുകളും നടത്തുന്നുണ്ട്. നീന്തൽ പഠിപ്പിക്കാനുള്ള ശ്രമങ്ങൾ ഒറ്റപ്പെട്ടു നടക്കുന്നുമുണ്ട്. പക്ഷെ കൂടുതൽ സമഗ്രമായ ഒരു ജലസുരക്ഷാപദ്ധതി വരുന്നത് വരെ, ജനങ്ങളിൽ ജലസുരക്ഷാബോധം ഉണ്ടാകുന്നത് വരെ

മുങ്ങി മരണങ്ങൾ തുടരും.

സുരക്ഷിതരായിരിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP