Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈക്കാട് പണിക്കൊപ്പം കൂടെ നടന്നിരുന്ന ഏലിയാമ്മയിൽ വർക്കിക്ക് പിറന്ന മകൾ രാജ്യം അറിയുന്ന നടിയായി; പ്രശസ്തിയിലേക്ക് ഉയർന്നപ്പോൾ അമ്മയും മകളും ഉപേക്ഷിച്ചു; പിതാവാണെന്ന് പോലും സമ്മതിക്കാതെ ലിസി

മൈക്കാട് പണിക്കൊപ്പം കൂടെ നടന്നിരുന്ന ഏലിയാമ്മയിൽ വർക്കിക്ക് പിറന്ന മകൾ രാജ്യം അറിയുന്ന നടിയായി; പ്രശസ്തിയിലേക്ക് ഉയർന്നപ്പോൾ അമ്മയും മകളും ഉപേക്ഷിച്ചു; പിതാവാണെന്ന് പോലും സമ്മതിക്കാതെ ലിസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്ക് തടവറ ഉറപ്പാക്കുന്ന വിധത്തിലുള്ള നിയമസംവിധാനങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാൽ, പണമുള്ളവരുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്കുപോകുന്നത് പതിവാണ്. സ്വന്തം ചോരയിൽ പിറന്ന, രാജ്യം അറിയപ്പെടുന്ന നടിയായിട്ടും പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടാനാണ് എൻ ഡി വർക്കിയെന്ന പിതാവിന്റെ ദുർവിധി. അതിസമ്പന്നതയിൽ അഭിരമിക്കുന്ന മകളാകട്ടെ ഇതൊക്കെ കണ്ടിട്ടും കോടതി വിധിയുണ്ടായിട്ടും തിരിഞ്ഞു നോക്കാതെ ധാർഷ്ട്യം പ്രകടിപ്പിക്കുന്നു. പറഞ്ഞുവരുന്നത് പ്രമുഖ ചലച്ചിത്രതാരം ലിസിയുടെ പിതാവ് നെല്ലിക്കാട്ടി പാപ്പച്ചൻ എന്നു വിളിക്കുന്ന എൻ ഡി വർക്കിയുടെ ദുരിതത്തെ കുറിച്ചാണ്. രണ്ട് വർഷം മുമ്പ് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ലിസി പിതാവിനൊപ്പമല്ല താമസിക്കുന്നതെന്ന വിവരം തന്നെ ലോകം അറിഞ്ഞത്. മകളിൽ നിന്നും ജീവനാംശം ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അന്ന് വർക്കി ജില്ലാ ഭരണാധികാരികളെ സമീപിച്ചത്. ഇതിന് ശേഷം വർഷങ്ങൾ കഴിഞ്ഞു പോയിട്ടും ഒന്നും സംഭവിച്ചില്ല, മറ്റുള്ളവരുടെ കാരുണ്യം കൊണ്ട് വർക്കി ഇപ്പോഴും ജീവിക്കുന്നു. കോടതി ഉത്തരവുകളെ വകവെക്കാതെ മകളും.

ഏലിയാമ്മയുമായി പ്രണയ വിവാഹം, ലിസിയുടെ ജനനം

ആലുവ പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മയിൽ വർക്കിക്ക് ജനിച്ച മകളാണ് ലിസി. കോതമംഗലത്തെ പ്രശസ്തമായ തറവാട്ടായ നെല്ലിക്കാട്ടിലെ അംഗമായിരുന്നു വർക്കി. എന്നാൽ, പിതാവുമായി തെറ്റിയാണ് വർഷങ്ങൾക്കുമുമ്പ് ആലുവയിലെത്തിയത്. കുടുംബസ്വത്ത് ഇല്ലാത്തതിനാൽ കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് അദ്ദേഹം ജീവിതം കരുപിടിപ്പിച്ചത്. ഇതിനിടെ അവിചാരിതമായാണ് ഏലിയാമ്മ എന്ന യുവതിയുമായി അടുക്കുന്നത്. വർക്കിയുടെ കൂടെ ജോലി ചെയ്യാൻ എത്തിയതായിരുന്നു ഏലിയാമ്മ. ഈ അടുപ്പം പ്രണയത്തിന് വഴിമാറിയത് വളരെ എളുപ്പത്തിലായിരുന്നു.

പിതാവിന്റെ എതിർപ്പിനെ മറികടന്നായിരുന്നും വർക്കി ഏലിയാമ്മയെ വിവാഹം ചെയ്തത്. ഏലിയാമ്മയുടെ മാതാവ് മുൻകൈയെടുത്തായിരുന്നു വിവാഹം. പിതാവിന്റെ എതിർപ്പുള്ളതിനാൽ കുടുംബവീട്ടിൽ താമസിക്കാൻ സാധിച്ചില്ല. തുടർന്ന് വർഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വർക്കിയും ഭാര്യ ഏലിയാമ്മയും കഴിഞ്ഞത്. ഇതിനിടയിലാണ് ലിസി പിറന്നത്. വെളുത്ത് നീണ്ട മൂക്കുള്ള സുന്ദരിയായ ലിസി പിതാവ് വർക്കിയെപോലെ തന്നെയായിരുന്നു. മകളെ അത്യധികം സ്‌നേഹിച്ച പിതാവായിരുന്നു അന്ന് വർക്കി. എന്നാൽ, ഇതിനിടെയാണ് മാതാവ് ഏലിയാമ്മക്ക് സിനിമാ മോഹം ഉണ്ടാകുന്നത്. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള അടുപ്പമായിരുന്നു ഏലിയാമ്മയിൽ സിനിമാ മോഹം മുളയ്ക്കാൻ കാരണം.

ഭാര്യ ഏലിയാമ്മ സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വർക്കി എതിർത്തു. മകൾക്കും തനിക്കും ഇഷ്ടം സിനിമാക്കാരിയല്ലാത്ത മാതാവിനെ ആണെന്നായിരുന്നു വർക്കിയുടെ പക്ഷം. എന്നാൽ ഈ എതിർപ്പിന്റെ പേരിൽ ഏലിയാമ്മയുടെ സഹോദരങ്ങൾ മർദിച്ചതോടെ ഇനിയും ഈ ബന്ധം തുടരുന്നതിൽ അർത്ഥമില്ലെന്ന് വർക്കിക്ക് തോന്നി. തുടർന്ന് ഒത്തുപോകാൻ സാധിക്കാത്ത വിധത്തിൽ കാര്യങ്ങൾ ആയപ്പോൾ ബന്ധം വേർപിരിയുകയായിരുന്നു.

മകളെ ഒന്നു താലോലിക്കാൻ പോലും അനുവദിക്കാതെയാണ് ഏലിയാമ്മയും സഹോദരങ്ങളും തന്നെ അകറ്റിയതെന്നാണ് വർക്കി പറയുന്നത്. എങ്കിലും മകൾ സ്‌കൂളിൽ പോകുന്ന വേളയിൽ വഴിയരികിൽ ഒളിച്ചുനിന്നും കാണുക പതിവായിരുന്നു. എന്നാൽ, മാതാവിൽ നിന്നും തങ്ങളെ ഉപേക്ഷിച്ചു പോയ പിതാവെന്ന അറിവാണ് ലിസിക്ക് ലഭിച്ചത്. മുതിർന്നപ്പോൽ മകളെ കാണനും വർക്കി ശ്രമിച്ചു. അമ്മ അറിയാതെ ആയിരുന്നു ഇത്തരം കൂടിക്കാഴ്‌ച്ചകൾ. പിന്നീട് സിനിമയിൽ വേഷങ്ങൾ ലഭിച്ചതോടെ വർക്കിയാണ് പാതിവെന്ന് പറയുന്നതിൽ മകൾക്ക് കുറച്ചിലായി കാണുമെന്നാണ് ഈ പിതാവ് പറയുന്നത്. മകൾകൂടി ഉപേക്ഷിച്ചതിനെ തുടർന്ന് തകർന്നുപോയ വർക്കി മദ്യത്തിന് അടിമയായി. പാരമ്പര്യ സ്വത്തായി ലഭിച്ച രണ്ടര ഏക്കറിൽ ഭൂരിഭാഗവും മദ്യപിച്ച് നഷ്ടപ്പെടുത്തി. ബാക്കി വന്ന പത്തു സെന്റ് ചികിൽസക്കായും വിൽക്കേണ്ട വന്നതായി അദ്ദേഹം മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പ്രിയനുമായള്ള വിവാഹത്തിന് ലിസി പിതാവിന്റെ സഹായം തേടുന്നു

സിനിമയിൽ നായികയായി അഭിനയം തുടങ്ങിയ ലിസിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ട അവസരം ഉണ്ടായിട്ടില്ല. അക്കാലത്ത് ഭാഗ്യ നായികയായിരുന്നു ലിസി. മകൾ അതിവേഗം പ്രശസ്തിയിലേക്ക് വളരുന്നത് പിതാവ് വർക്കിയും അറിയുന്നുണ്ടായിരുന്നു. എന്നാൽ, മകൾ സിനിമാക്കാരിയാകുന്നതിൽ അദ്ദേഹത്തിന് വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഏലിയാമ്മയുടെ നിർബന്ധപ്രകാരമാണ് ലിസി സിനിമയിലെത്തിയതെന്നു വർക്കി പറയുന്നു. മകളെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും ഭാര്യയെയും അവരുടെ സഹോദരങ്ങളെയും ഭയന്ന് വർക്കി മിണ്ടാതിരുന്നു. നടിയാകാൻ ഇഷ്ടമില്ലാതിരുന്നിട്ടും കൈനിറയെ അവസരങ്ങൾ ലിസിയെത്തേടിയെത്തി. ഉപനായികയായും നായികയായും വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു.

ഇങ്ങനെ സിനിമയിൽ ശോഭിച്ചു നിൽക്കുമ്പോഴാണ് പ്രിയദർശനുമായി ലിസി അടുക്കുന്നത്. പ്രിയനുമായി പ്രണയത്തിലാണെന്ന കാര്യം ലിസി പിന്നീട് പിതാവ് വർക്കിയോട് പറയുന്നു. പ്രിയൻ സിനിമകളിൽ അഭിനയിച്ചതിനെ തുടർന്നായിരുന്നു ഇവരുടെ പ്രണയബന്ധം വളർന്നതും. 1984 മുതൽ 90 വരെയുള്ള ആറ് വർഷത്തിനിടയിൽ 14 പ്രിയദർശൻ ചിത്രങ്ങളിലാണ് ലിസി അഭിനയിച്ചത്. ഇതിനിടെയിൽ ഇവർക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടായി.

ഒരുവേള പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷം അകന്നുപോയിരുന്നു. അന്നും ലിസി പിതാവ് വർക്കിയെ വിളിച്ചിരുന്നു. വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരായതിനാൽ ഇരുവീട്ടുകാരിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടിവന്നു. പ്രണയനൈരാശ്യത്തെ തുടർന്ന് ഒരിക്കൽ കൈഞരമ്പ് മുറിച്ച് ലിസി ആശുപത്രിയിലുമായി. പിന്നീട് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പ്രിയൻ അന്യഭാഷ ചിത്രങ്ങളിലേക്ക് പോയപ്പോഴാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.

മോഹൻലാൽ അടക്കമുള്ള സുഹൃത്തുക്കൾ ഇടപെട്ടതോടെ പ്രിയൻ ലിസിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. മകന്റെ പിടിവാശിക്കു മുന്നിൽ പ്രിയന്റെ മാതാപിതാക്കൾ വഴങ്ങിയെങ്കിലും ലിസിയുടെ അമ്മ വിവാഹത്തെ എതിർത്തു. അത് വകവയ്ക്കാതെ 1990 ഡിസംബർ 13ന് മൂകാംബിക ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. ലിസി മതംമാറി ലക്ഷ്മിയെന്ന പേരും സ്വീകരിച്ചു. വിവാഹത്തോടെ അഭിനയത്തോട് വിടപറയാനും ലിസി തീരുമാനിച്ചു. ഈ അവസരങ്ങളിലൊക്കെ കാഴ്‌ച്ചക്കാരന്റെ റോൾ മാത്രമായിരുന്നു പിതാവ് വർക്കിക്ക്.

വാർദ്ധക്യത്തിന്റെ അവശതയിൽ മകളോട് ജീവനാശം ആവശ്യപ്പെടുന്നു

പ്രിയനുമായുള്ള വിവാഹത്തിന് ശേഷം സിനിമയോട് വിടപറഞ്ഞ് കുടുംബിനിയായി മാറി ലിസി. എന്നാൽ ഈ അവസരങ്ങളിൽ രോഗങ്ങൾ കൊണ്ടും വാർദ്ധക്യത്തിന്റെ അവശതയാലും പൊറുതി മുട്ടുകയായിരുന്നു പിതാവ്. വർഷങ്ങൾക്കു മുമ്പു ലിസിയെ കാണാൻ ചെന്നൈയിലെത്തിയ വർക്കിയെ വീട്ടിലേക്കു കടത്തിവിട്ടില്ല. അന്ന് ഗുണ്ടകളെ വിട്ട് മകളെ മർദ്ദിക്കുകയാണ് മകൾ ചെയ്തത്. ഒടുവിൽ റെയിൽവേ സ്‌റ്റേഷനിൽ വച്ചു പരിചയപ്പെട്ട മലയാളികളുടെ സഹായത്തിലാണു നാട്ടിലെത്തിയത്. എങ്കിലും മകളോട് പരാതിയില്ല ഈ പിതാവിന്.

ഇതിന് ശേഷവും ജീവിതം തീർത്തും ദുരിതമയമായ വേളയിലാണ് മകളിൽ നിന്നും ജീവനാശം ആവശ്യപ്പെട്ട് വർക്കി ലിസിക്കെതിരെ പരാതി നൽകിയത്. അന്ന് ആർ.ഡി.ഒ. ഉത്തരവിട്ടിട്ടും ലിസി ചെലവിന് നൽകിയില്ല. തുടർന്ന് വർക്കിയുടെ പരാതിയിന്മേൽ ലിസിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അന്നത്തെ എറണാകുളം ജില്ലാ കലക്ടർ പി.ഐ. ഷെയ്ഖ് പരീത് ഉത്തരവിട്ടു. ജില്ലാ കലക്ടർ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തി. എന്നാൽ, ലിസിയുടെ പിതാവല്ല വർക്കിയെന്നായിരുന്നു അഭിഭാഷകൻ അറിയിച്ചത്. വർക്കി പിതാവാണെന്ന് തെളിയിച്ചാൽ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകൻ ബോധിപ്പിച്ചു.

ഇത്രയും കാലത്തെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നൽകണം? തന്റെ സർട്ടിഫിക്കറ്റുകളിൽ, വർക്കിയെന്നല്ല, ജോർജ് എന്നാണ് അച്ഛന്റെ പേരായി അമ്മ നൽകിയിരിക്കുന്നത്. ഇയാൾ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. ഞാൻ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛൻ. എന്നെ വളർത്തിയത് അമ്മയാണ്.' ഇതായിരുന്നു ലിസിയുടെ മറുപടി.

എന്നാൽ, ലിസിയുടെ വാദം ഇങ്ങനെയാണെങ്കിലും കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടായിരുന്നു. വർക്കി വീണ്ടും അധികൃതരെ സമീപിച്ചതിനെത്തുടർന്നു ലിസി മതിയായ സാമ്പത്തിക സ്ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാൻ ബാധ്യസ്ഥയുമാണെന്ന് ബോധ്യപ്പെട്ട െ്രെടബ്യൂണൽ മുൻ ഉത്തരവ് പുനഃസ്ഥാപിച്ചു. പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നൽകാനാണ് ഉത്തരവെങ്കിലും ഇതു കിട്ടുമെന്നു വർക്കിക്ക് ഉറപ്പില്ല. കാരണം ലിസി ഒന്നിനും തയ്യാറല്ലെന്നതാണ് പ്രശ്‌നം.

എന്നാൽ, തന്നെ അതേഛായ തന്നെയാണ് ലിസിക്കെന്ന കാര്യമാണ് വർക്കി ചൂണ്ടിക്കാട്ടുന്നത്. ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടെതെന്നു ഈ പിതാവ് ചോദിക്കുന്നു. ഇപ്പോൽകളമശ്ശേരിയിൽ സഹോദരൻ ബാബുവിന്റെ വീട്ടിലാണ് ലിസിയുടെ പിതാവിന്റെ താമസം. ഇവിടെ എല്ലാവർക്കും പ്രിയപ്പെട്ടവനാണ് വര്ക്കി. എങ്കിലും ഒരു കുടുംബത്തെ ബുദ്ധിമുട്ടിക്കാൻ അദ്ദേഹത്തിന് മടിയാണ്. മകളും ഭാര്യയും കൈയൊഴിഞ്ഞ വർക്കിയുടെ ഏക ആശ്രയമാണ് ഇപ്പോൾ അനിയൻ ബാബുവും കുടുംബവും. ബാബുവും പ്രാരാബ്ധങ്ങൾക്കു നടുവിൽതന്നെ.

മകളേയും ഭാര്യയേയുംപറ്റി ചോദിച്ചാൽ വർക്കിയുടെ കണ്ണുനിറയും. വാർദ്ധക്യസഹജമായ രോഗങ്ങൾ ഈ പിതാവിനെ അലട്ടുന്നുണ്ട്. ഭർത്താവ് പ്രിയദർശനുമായി മകൾ ലിസി ബന്ധം വേർപെടുത്തിയെന്ന വാർത്തകൾ കേൾക്കുമ്പോൾ വർക്കിക്ക് വേദനയുണ്ട്. താൻ മരിക്കുമ്പോഴെങ്കിലും കാണാൻ തന്റെ മകൾ എത്തുമെന്ന പ്രതീക്ഷ ഈ പിതാവിനില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP