Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേരത്തേ ഒരു ലോഡിൽ ചോർച്ചയുണ്ടായിരുന്നത് ഒരെണ്ണത്തിന്; ഇപ്പോൾ നാലു മുതൽ 10 വരെ; സുരക്ഷ നോക്കാതെ റീഫില്ലിങ്; ലോഡിങിന് ഇടയിലും കേടുപാടുകൾ സംഭവിക്കുന്നു; നമ്മുടെ അടുക്കളകളിൽ ഉള്ളത് ഗ്യാസ് സിലിണ്ടർ അല്ല ടൈം ബോംബുകൾ എന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

നേരത്തേ ഒരു ലോഡിൽ ചോർച്ചയുണ്ടായിരുന്നത് ഒരെണ്ണത്തിന്; ഇപ്പോൾ നാലു മുതൽ 10 വരെ; സുരക്ഷ നോക്കാതെ റീഫില്ലിങ്; ലോഡിങിന് ഇടയിലും കേടുപാടുകൾ സംഭവിക്കുന്നു; നമ്മുടെ അടുക്കളകളിൽ ഉള്ളത് ഗ്യാസ് സിലിണ്ടർ അല്ല ടൈം ബോംബുകൾ എന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നമ്മുടെ അടുക്കളകളിലേക്ക് എത്തുന്ന പാചക വാതക സിലിണ്ടറുകൾ തീർത്തും സുരക്ഷിതമല്ലെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ചോർച്ചയുള്ളതും അപകടസാധ്യത ഏറിയതുമായ സിലിണ്ടറുകളുടെ എണ്ണം വർധിച്ചു വരുന്നു. ഫില്ലിങ്-വിതരണ കേന്ദ്രങ്ങളിൽ തീർത്തും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം പിഴവുകൾ ആളുകളുടെ ജീവനെടുക്കുന്നിടത്ത് എത്തി നിൽക്കുകയാണ് കാര്യങ്ങൾ.

അടുത്ത കാലം വരെ ഇത്തരം സിലിണ്ടറുകളുടെ അളവ് .01 ആയിരുന്നെങ്കിൽ ഇപ്പോഴത് .1 മുതൽ ഒരു ശതമാനം വരെ ആയിട്ടുണ്ടെന്ന് പാചക വാതക വിതരണക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ നിരവധി അപകടങ്ങൾ ആണ് സിലിണ്ടർ മൂലം ഉണ്ടാകുന്നത്. പത്തനംതിട്ട കുഴിക്കാലാ സിഎംഎസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ പ്രിൻസിപ്പാൾ രണ്ടാഴ്ച മുൻപ് മരിച്ച അപകടവും സമാനമായിരുന്നു.

പിഴവുകൾ എല്ലാം ഉപഭോക്താവിന്റെ തലയിലേക്ക് വയ്ക്കുന്നതാണ് കമ്പനികളുടെയും ഏജൻസികളുടെയും പതിവ്. സിലിണ്ടറിന്റെ ചോർച്ച ശ്രദ്ധിക്കാത്തത് പ്രധാന അപകട കാരണം തന്നെയാണ്. മുഖ്യ കാരണം ഫില്ലിങ് കേന്ദ്രങ്ങളിലെ പിഴവാണെന്ന് പറയുന്നുണ്ടെങ്കിലും ഓരോ ദിവസവും വരുന്ന ലോഡിൽ ഇതിന്റെ അളവ് വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

306 സിലിണ്ടർ ഉള്ള ഒരു ലോഡിൽ ഒരെണ്ണത്തിനായിരുന്നു മുൻ കാലങ്ങളിൽ പിഴവ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് നാല് മുതൽ പത്തു വരെ എത്തി നിൽക്കുന്നു. സിലിണ്ടറിന്റെ മുകളിൽ ചോർച്ച ഉണ്ടോ എന്ന് പരിശോധിച്ചാണ് വീടുകളിൽ ഏജൻസികൾ എത്തിക്കുന്നത്.എന്നാൽ സിലിണ്ടറിന്റെ കാലപ്പഴക്കം മൂലം അടിയിലും വശങ്ങളിലും വരെ ചോർച്ച ഉണ്ടാകാറുണ്ട്. ഇത് ആരും ശ്രദ്ധിക്കുന്നുമില്ല.

ഒരു രാത്രി മുഴുവൻ അടച്ചിട്ടിരിക്കുന്ന അടുക്കളയിൽ കുമിളകളായി എത്തുന്ന വാതകം നിറയുമ്പോൾ പുലർച്ചെ വൈദ്യുതി സ്വിച്ച് ഇട്ടാൽ അപകടം ഉറപ്പാണ്. ഗ്യാസിന്റെ ഗന്ധം ഉണ്ടായാലും വെളിച്ചമിട്ട് പരിശോധിക്കാനാകും മിക്ക വീട്ടമ്മമാരും ശ്രമിക്കുക. ഇതിലൂടെ വലിയ അപകടമാകും ഉണ്ടാവുക. ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന്റെ നിയമാവലി മുഴുവൻ പഠിച്ചു പ്രവർത്തിപ്പിക്കുന്നവർ ആരും ഉണ്ടാകാറില്ല.

ഇതിനുള്ള പരിശീലനം കമ്പനികളുടെ ഭാഗത്തു നിന്നും നൽകുന്നുമില്ല. ഓരോ അപകടം ഉണ്ടാകുമ്പോഴും സർക്കാർ തലത്തിൽ അന്വേഷണം നടത്തുകയും മുൻ കരുതൽ, പരിശോധന തുടങ്ങിയവ ആവശ്യപ്പെട്ട് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യാറുണ്ട്. ഇതിനൊന്നും കാര്യമായ ശ്രദ്ധയും മൂല്യവും നൽകാറില്ലെന്നാണ് തുടരപകടങ്ങൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത്. വിതരണ കേന്ദ്രത്തിലേക്ക് വാഹനങ്ങളിൽ കയറ്റുന്നതിന് മുൻപുള്ള പരിശോധന മിക്കയിടത്തും കൃത്യമായി നടക്കുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. മടങ്ങി എത്തുന്ന സിലിണ്ടർ പരിശോധിക്കാതെ തന്നെ വീണ്ടും നിറച്ചു വാഹനങ്ങളിലേക്ക് കയറ്റുകയാണ്.

ലോഡ് ചെയ്യുന്നത് കരാർ തൊഴിലാളികളാണ്. ഇവർക്ക് ഇതിനു ലഭിക്കുന്ന കൂലി വാങ്ങി ഏൽപിച്ച ജോലി ചെയ്യുക എന്ന ഉത്തരവാദിത്വം മാത്രമേയുള്ളു. ഉപയോഗിച്ച ശേഷം വിതരണ കേന്ദ്രങ്ങളിൽ നിന്നും മടങ്ങി എത്തുന്ന സിലിണ്ടറുകൾക്ക് പരിശോധന നടത്താനുള്ള സംവിധാനം എല്ലാ കമ്പനികളുടെയും നിറക്കൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത സുരക്ഷാ മാനദണ്ഡമാണ് ഇവർ ഇതിനായി നൽകിയിരിക്കുന്നതും.

ഇത് നടപ്പിലാക്കേണ്ടവരുടെ ഭാഗത്തെ വീഴ്ചയാണ് ജീവനുകൾ അപഹരിക്കുന്ന അപകടങ്ങൾക്ക് വഴിമരുന്നാകുന്നത്. ഒരു മിനുട്ടിൽ നാല് കുമിളകൾ വരെ ഓരോ സിലിണ്ടറുകളിലും ഉണ്ടാകാമെങ്കിലും ഇത് വർധിച്ചു അറുപത് വരെയാണ് പലതിലും കാണുന്നത്. തൂക്കത്തിലും ഇത്തരത്തിൽ രണ്ട് കിലോയുടെ വരെ കുറവ് അടുത്ത കാലത്തായി കണ്ടു വരുന്നുണ്ടത്രേ. 14 കിലോയുടെ സിലിണ്ടർ 12 ആയാണ് എത്തുക. അളവ് തൂക്ക വകുപ്പ് പരിശോധന നടത്തുമ്പോൾ പലയിടത്തും വിതരണക്കാരാണ് പ്രതികളാകുക.

ഫില്ലിങ് കേന്ദ്രങ്ങളിൽ ഇതേ വിഭാഗം നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴും അവസ്ഥ മെച്ചപ്പെട്ടിട്ടില്ല. ഇങ്ങനെ പല തരത്തിൽ അപാകതകൾ ഉള്ള സിലിണ്ടറുകളാണ് ഉപഭോക്താവിന്റെ പക്കലേക്ക് എത്തുന്നത്. ഒന്നിലധികം സിലിണ്ടർ ഉള്ളവർ ദിവസങ്ങൾ കഴിഞ്ഞാകും അടുത്തത് ഉപയോഗത്തിനായി എടുക്കുക.

അപ്പോഴാകും സിലിണ്ടർ ചോർച്ചയോ മറ്റ് അപാകതകളോ മനസിലാകുക. എങ്കിലും പലരും അവശ്യ വസ്തുവായ പാചക വാതകം ഒഴിവാക്കാൻ കഴിയാത്തതു മൂലം ഉപയോഗത്തിനായി എടുക്കും. ഇത് പലപ്പോഴും കൂടുതൽ അപകടങ്ങൾക്ക് വഴി വയ്ക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP