Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയും വേഗം അവിടെനിന്ന് കൊണ്ടുവരണം; തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തിൽ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം; ആരെയും കാത്തിരിക്കരുത്.... ഔദ്യോഗിക ബഹുമതിയും വേണ്ട; മതപരമായ വലിയ ചടങ്ങുകളും വേണ്ട; മരണ ശേഷം വേണ്ടത് ഒരു ആൽമരം മാത്രം; ഒരു പൂവും ദേഹത്ത് വയ്ക്കാതെ ഇനി യാത്രയാക്കൽ; കോവിഡിൽ സുഗതകുമാരി മായുമ്പോൾ

മരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയും വേഗം അവിടെനിന്ന് കൊണ്ടുവരണം; തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തിൽ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം; ആരെയും കാത്തിരിക്കരുത്.... ഔദ്യോഗിക ബഹുമതിയും വേണ്ട; മതപരമായ വലിയ ചടങ്ങുകളും വേണ്ട; മരണ ശേഷം വേണ്ടത് ഒരു ആൽമരം മാത്രം; ഒരു പൂവും ദേഹത്ത് വയ്ക്കാതെ ഇനി യാത്രയാക്കൽ; കോവിഡിൽ സുഗതകുമാരി മായുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന് കവയത്രി സുഗതകുമാരി. ''മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയുംവേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം.''-2019 ജൂണിൽ സുഗതകുമാരി ആവശ്യപ്പെട്ടത് ഇങ്ങനെയാണ്. കോവിഡ് രോഗ ബാധയിൽ കവയത്രി മരിക്കുമ്പോൾ ഈ വാക്കുകൾ എല്ലാ അർത്ഥത്തിലും ശരിയാവുകയും ചെയ്യും.

തന്റെ മരണം എങ്ങനെയായിരിക്കുമെന്ന് സുഗതകുമാരി മുൻകൂട്ടി കണ്ടിരുന്നുവെന്ന വിലയിരുത്തലുകളിലേക്ക് എത്തേണ്ടിവരും ഈ പഴയ വാക്കുകളിലൂടെ കടന്നു പോകുന്നവർക്ക്. മാതൃഭൂമിക്ക് ഈ അഭിമുഖം നൽകുമ്പോൾ ലോകത്തെ ഭീതിപ്പെടുത്തി കോവിഡ് എന്ന മഹമാരി എത്തുമെന്ന് പോലും ആരും കരുതിയിരുന്നില്ല. അതുകൊണ്ട് ഇതിഹാസ എഴുത്തുകാരി എന്തു പറഞ്ഞാലും അർഹിക്കുന്ന യാത്ര അയപ്പ് നൽകാൻ അവരെ ഇഷ്ടപ്പെടുന്നവർ മനസ്സ് കൊണ്ട് തയ്യാറെടുത്തിരുന്നു. ഇതെല്ലാം ഇനി അപ്രസക്തം. കോവിഡ് ടീച്ചറുടെ ജീവനെടുക്കുമ്പോൾ അക്ഷരാർത്ഥത്തിൽ പ്രകൃതിയുടെ മനസ്സ് അറിഞ്ഞ ടീച്ചറുടെ വാക്കുകൾ അക്ഷരം പ്രതിശരിയാകും.

കന്നഡ എഴുത്തുകാരനും നാടക-സിനിമാ-സാംസ്‌കാരിക പ്രവർത്തകനുമായ ഗിരീഷ് കർണാട് സമാനമായ നിർദ്ദേശങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിച്ചിരുന്നു. അദ്ദേഹം മരിച്ചപ്പോൾ ഇതെല്ലാം യാഥാർത്ഥ്യമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി പ്രവർത്തകയായ സുഗതകുമാരി തന്റെ 2019ൽ വ്യക്തമാക്കിയത്. ആദ്യമായാണ് കേരളത്തിലെ സാമുഹിക രംഗത്തെ നിറസാന്നിധ്യമായ വ്യക്തി ഇത്തരത്തിൽ പ്രതികരിച്ചത്. മുമ്പ് പലരും മതപരമായ ചടങ്ങുകൾ സംസ്‌കാരത്തിന് വേണ്ടെന്ന് ജീവിച്ചിരുന്നപ്പോൾ പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കുകയും ചെയ്തു. എന്നാൽ സമൂഹത്തിന്റെ ആദരവോ ഔദ്യോഗിക ബഹുമതികളോ വേ്ണ്ടെന്ന് പറഞ്ഞ് സുഗതകുമാരി ഏവരേയും ഞെട്ടിച്ചു.

സമയമായെന്ന തോന്നലിലാണ് കവിതയെയും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ഈ പോരാളിയുടെ തുറന്നുപറച്ചിലെന്നാണ് അന്ന് മാതൃഭൂമി വിശദീകരിക്കുന്നത്. 2019ൽ രണ്ടാമത്തെ ഹൃദയാഘാതം അത്രമേൽ ക്ഷീണിതയാക്കിയെന്ന് ടീച്ചർ തിരിച്ചറിഞ്ഞിരുന്നു. അതിന് ശേഷം ഏറെയും നന്ദാവനത്തെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പേസ്‌മേക്കറിന്റെ സഹായത്തോടെയായിരുന്നു ഹൃദയമിടിപ്പ്. ജീവിച്ചിരുന്നപ്പോൾ ഒരുപാട് ബഹുമതികൾ കിട്ടി, അർഹമല്ലാത്തതുപോലും. ഇനി തനിക്ക് ആദരവിന്റെ ആവശ്യമില്ലെന്ന നിശ്ചയത്തിലായിരുന്നു പിന്നീടുള്ള യാത്ര.

''ഒരാൾ മരിച്ചാൽ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നത്. ശവപുഷ്പങ്ങൾ. എനിക്കവ വേണ്ട. മരിച്ചവർക്ക് പൂക്കൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി.''-സുഗതകുമാരി പറയുന്നു. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയും വേഗം അവിടെനിന്ന് വീട്ടിൽക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തിൽ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പൊലീസുകാർ ചുറ്റിലുംനിന്ന് ആചാരവെടി മുഴക്കരുത്. 'മഹാകവിയെ കൊണ്ടുകിടത്തി. ചുറ്റും പൊലീസ് നിരന്നുനിന്നു. ആകാശത്തേക്കു വെടിവെച്ചു. ആകാശം താഴെവീണു'- ആചാരവെടിയെക്കുറിച്ച് വി.കെ.എൻ. ഇങ്ങനെയെഴുതിയതോർത്തവർ ചിരിച്ചുവെന്നും മാതൃഭൂമി അന്ന് വിശദീകരിച്ചിരുന്നു.

'ശാന്തികവാടത്തിൽനിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട''- ഇതായിരുന്നു സുഗതകുമാരിയുടെ മരണത്തിന് ശേഷമുള്ള ആഗ്രഹം. ഓൽമരം. തന്റെ ഓർമയ്ക്ക് സുഗതകുമാരി അതുമാത്രമേ കൊതിക്കുന്നുള്ളൂ. ആ ആൽമരം എവിടെ നടണമെന്നും സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബർക്കായി അവർ പടുത്തുർത്തിയ 'അഭയ' യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്. ''വളരെ അടുത്തുവെന്ന് തോന്നുന്നു. സമയമായി. ഇപ്പോൾ രണ്ടാമതും ഹാർട്ട് അറ്റാക്ക് കഠിനമായി വന്നു. ഒരു ലക്ഷണവും ഇല്ലാതെ പെട്ടെന്ന്. മരണവേദന എന്തെന്ന് ആദ്യമായി ഞാനറിഞ്ഞു. ഒടുവിലത്തെ ഹൃദയാഘാതം വളരെ വേദനാജനകമായിരുന്നു. ഉരുണ്ട പാറക്കല്ല് നെഞ്ചിലേക്ക് ഇടിച്ചിടിച്ച് ഇറക്കുന്നതുപോലുള്ള വേദന. ശ്വാസംമുട്ട്. ഇരിക്കാനും കിടക്കാനും വയ്യ. വിയർത്തൊലിച്ച് കണ്ണുകാണാൻപോലുമായില്ല. അതിനുശേഷം ഞാനങ്ങോട്ട് ശരിയായിട്ടില്ല.-സുഗതകുമാരി ഇങ്ങനെയാണ് പ്രതികരിച്ചത്.

''ഒന്നുകൂടി സൈലന്റ് വാലിയിൽ പോകണമെന്നുണ്ട്. അട്ടപ്പാടിയിലെ കൃഷ്ണവനത്തിൽ പോകണമെന്നുണ്ട്. നടക്കില്ല. എൻ.വി. കൃഷ്ണവാരിയരുടെ പേരിൽ ഞങ്ങൾ അവിടെ നട്ട കാട് ഇപ്പോൾ അതിനിബിഡവനമായി മാറിയിട്ടുണ്ട്. അവിടെനിന്ന് ആദിവാസിപ്പെണ്ണുങ്ങൾ ചിലപ്പോൾ വിളിക്കും. അവിടെ തണ്ണിയിരിക്ക്, കായിരിക്ക്, പഴമിരിക്ക് എന്നൊക്കെ സന്തോഷമായിട്ട് പറയും. പക്ഷേ, കാട്ടിൽപ്പോകാൻ അവർക്ക് പേടി. കാട്ടി (കാട്ടുപോത്ത്) നിന്ന് കണ്ണുരുട്ടുമമ്മാ എന്നുപറയും. അതിന്റെ അർഥം, അത് വലിയ കാടായി എന്നാണ്. അവിടെ ഒരു പുതിയ കാട്ടുറവ ഉണർന്ന് താഴേക്ക് ഒഴുകുന്നുണ്ട്.''-തന്റെ അവസാന ആഗ്രഹം സുഗതകുമാരി വിശദീകരിച്ചത് ഇങ്ങനെയാണ്.

സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചരുന്നു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്‌കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP