Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെളിനീരുവ പോലുള്ള കവിതയുമായി മലയാളിയെ പുതു ഭാവുകത്വത്തിലേക്ക് കൊണ്ടുപോയി; ഊളമ്പാറയിലും സൈലന്റ്വാലിയിലും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്കുമെല്ലാം വേണ്ടി നടത്തിയത് ശക്തമായ ഇടപെടൽ; റീത്തുകളും ആചാര വെടിയുമൊന്നുമില്ലാതെ മൃതദേഹം സംസ്‌ക്കരിക്കണമെന്ന് അന്ത്യാഭിലാഷം; മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി ഓർമ്മയാകുമ്പോൾ

തെളിനീരുവ പോലുള്ള കവിതയുമായി മലയാളിയെ പുതു ഭാവുകത്വത്തിലേക്ക് കൊണ്ടുപോയി; ഊളമ്പാറയിലും സൈലന്റ്വാലിയിലും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്കുമെല്ലാം വേണ്ടി നടത്തിയത് ശക്തമായ ഇടപെടൽ; റീത്തുകളും ആചാര വെടിയുമൊന്നുമില്ലാതെ മൃതദേഹം സംസ്‌ക്കരിക്കണമെന്ന് അന്ത്യാഭിലാഷം; മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി ഓർമ്മയാകുമ്പോൾ

പ്രശാന്ത്കുമാർ

തിരുവനന്തപുരം: ''മരിക്കാൻ ഭയമില്ല. ഇനിയും കഷ്ടപ്പെടരുതെന്നേയുള്ളൂ. മരിച്ചുകഴിഞ്ഞ് ആദരിക്കാൻ വരാതെ, കഷ്ടപ്പെടാതെ മരിക്കണേയെന്നു പ്രാർത്ഥിക്കുക. മരിച്ചശേഷം പൂക്കളുമായി ആരും വരരുതെന്നു നിർബന്ധമുള്ളതുകൊണ്ട് നേരത്തേ പറയുന്നുവെന്നു മാത്രം. മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയുംവേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം.'' മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ഈ സമൂഹത്തോട് തുറന്നു പറഞ്ഞത് ഇങ്ങനെയാണ്.

പ്രകൃതിയെയും കവിതയെയും സഹജീവികളെയും അതിരറ്റ് സ്‌നേഹിച്ച, പ്രകൃതിയെ നോവിക്കുന്നവരോട് എന്നും കലഹിച്ച മലയാളത്തിന്റെ പ്രിയ കവയിത്രിയുടെ തുറന്നുപറച്ചിൽ, രണ്ടാമത്തെ ഹൃദയാഘാതം ഏൽപ്പിച്ച വേദനകളുമായി വി്ശ്രമത്തിൽ കഴിയവെയായിരുന്നു ഈ വാക്കുകൾ.ഹരിതനാശം മനുഷ്യനാശത്തിന്റെ മുന്നോടിയാണെന്ന് തന്റെ കവിതകളിലൂടെ തുറന്നുപറഞ്ഞ പ്രിയ കവയിത്രി. പുസ്തകത്താളുകളിൽ കുറിച്ച വരികളിലെ അർത്ഥമെന്തെന്ന് ജീവിതസമരത്തിലൂടെയും സുഗതകുമാരി പലപ്പോഴും വ്യക്തമാക്കി തന്നു. ചങ്ങമ്പുഴക്കും വയലാറിനും ശേഷം മലയാളത്തിന്റെ മൗലിക കവികളിൽ ഒരാളായി വിലയിരുത്തപ്പെട്ടു

തന്നെ തേടിയെത്തുന്നവരോട് പലപ്പോഴും പങ്കിടാറുള്ള ടീച്ചറിന്റെ ബാല്യകാലത്തെ ഓർമകളിൽ ആറന്മുളയിലെ തറവാട്ട് വീടായ വാഴുവേലിന്റെ ഓർമ്മകൾക്കൊപ്പം ജനിച്ചുവളർന്ന തിരുവനന്തപുരത്തെ വീടുമുണ്ട്. അച്ഛൻ സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ. കോളേജ് അദ്ധ്യാപികയായിരുന്ന അമ്മ പ്രൊഫ. വി.കെ. കാർത്യായനിയമ്മ. തലസ്ഥാന നഗരിയിലെ ജീവിതം ഏപ്പോഴും നാട്ടിൻപുറത്തിന്റെ എളിമയും വിശുദ്ധിയും സൗന്ദര്യവും മാധുര്യവും ഉൾക്കൊണ്ടതായിരുന്നുവെന്ന് പലവട്ടം ടീച്ചർ തുറന്നുപറഞ്ഞിട്ടുണ്ട്. അതിന് കാരണം ആറന്മുളയുടെ ഒരു കൊച്ചുകഷ്ണം ഒപ്പംകൊണ്ടുവന്ന് അമ്മ ഈ നഗരത്തിൽ സ്ഥാപിച്ചതാണെന്നും. തത്വശാസ്ത്രത്തിൽ എം.എ. ബിരുദത്തിലേക്ക് കടന്നെത്തുന്ന വിദ്യാഭ്യാസ കാലത്തൊക്കെയും കവിത ജീവിതത്തിന്റെ ഭാഗമായി ഏപ്പോഴുമുണ്ടായിരുന്നു. സ്‌കൂളുകളിലും വിമൻസ് കോളജിലും യൂണിവേഴ്സിറ്റി കോളജിലും പഠിക്കുമ്പോഴും ആരും കാണാതെ കവിത എഴുതിയതും യൂണിവേഴ്സിറ്റി കോളജിൽ മലയാളം, ഇംഗ്ലീഷ് കവിതാമത്സരങ്ങളിൽ എസ്.കെ എന്ന പേരിൽ മത്സരത്തിൽ പങ്കെടുത്തതും ജ്വലിക്കുന്ന ഓർമ്മകളായി പങ്കുവച്ചിട്ടുണ്ട്.

ഒരുപാട് പുണ്യമാണ് ഈ കുടുംബത്തിൽ പിറക്കാൻ കഴിഞ്ഞതെന്ന് ഒരിക്കൽ സുഗതകുമാരി തുറന്നുപറഞ്ഞിരുന്നു. അച്ഛനമ്മമാരായാലും ചേച്ചി ഹൃദയകുമാരിയും വ്യത്യസ്തമായ വ്യക്തിത്വമുള്ളവർ. വായനയെ ഒരുപാട് ഇഷ്ടപ്പെടുന്നവർ. ആദർശങ്ങളുള്ളവർ. സാഹിത്യത്തിലും വേദാന്തത്തിലും ഒരുപാട് താത്പര്യമുള്ളവർ. പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറിയ ഭർത്താവ് ഭർത്താവും (പരേതനായ ഡോ. കെ. വേലായുധൻ നായർ) അങ്ങനെത്തന്നെയായിരുന്നുവെന്നും സുഗതകുമാരി തുറന്നുപറഞ്ഞിട്ടുണ്ട്.

കവിതയേക്കാൾ കീർത്തി തന്ന സാമൂഹിക ജീവിതം

ഊളമ്പാറ മാനസികാരോഗ്യ ആശുപത്രിയിലെ മനോരോഗികളായ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഇടപെട്ടതും അവിടുത്തെ ദുരവസ്ഥ പുറംലോകത്തെത്തിച്ചതും സുഗതകുമാരി ഉൾപ്പെട്ട സംഘത്തിന്റെ ഇടപെടലായിരുന്നു. പിന്നീട് അഭയ എന്ന ആശ്രയകേന്ദ്രത്തിന്റെ സത്വരമായ പ്രവർത്തനത്തിന് വഴിവച്ചതും അതുതന്നെ. തൊട്ടടുത്തുള്ള പൊലീസ് ക്യാമ്പിൽ മനോരോഗികളായ സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുവെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇടുങ്ങിയ സെല്ലുകൾ, വിസർജ്യങ്ങളുടെ കഠിനമായ ദുർഗന്ധം, തറയെല്ലാം ഇടിഞ്ഞുപൊളിഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നു. ചൊറി പിടിച്ച, ജടപിടിച്ച പെണ്ണുങ്ങൾ വിശക്കുന്നേയെന്ന് അലറി വിളിക്കുന്നു. പലരുടെയും വസ്ത്രങ്ങൾ അലക്കിയിട്ട് കാലമേറെ. പൊലീസ് ക്യാമ്പും മാനസികാരോഗ്യ ആശുപത്രിയും തമ്മിലുള്ള അതിര് ഒരു മതിലാണ്. അതാകട്ടെ, പലേടത്തും ഇടിഞ്ഞിരിക്കുന്നു. ആശുപത്രിയിലെ കാണാൻ കൊള്ളാവുന്നതും ആരോഗ്യമുള്ളവരുമായ സ്ത്രീകളെ രാത്രി പൊലീസ് ക്യാമ്പിലേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു പതിവ്. ആശുപത്രിയിലെ കീഴ് ജീവനക്കാരും പൊലീസുകാരും തമ്മിലുള്ള ഇടപാട്. സുഗതകുമാരിയുടെ ഇടപെടൽ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാക്കി.

നൂറ്റിയമ്പത് വർഷമായി അടഞ്ഞുകിടന്ന മാനസികരോഗാശുപത്രികളുടെ കവാടങ്ങൾ 'അഭയ' കേസ് നൽകി ഹൈക്കോടതിയെക്കൊണ്ട് തുറപ്പിച്ചതാണ് ഏറ്റവും സന്തോഷം നൽകിയ അനുഭവമെന്ന് സുഗതകുമാരി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. നരകമായിരുന്ന കേന്ദ്രങ്ങൾ അതോടെ അത് മനുഷ്യരുടെ ആശുപത്രിയായി. അതുവരെ അത് നരകമായിരുന്നു. ഇപ്പോൾ അതുകൊണ്ട് അവിടെ ആഹാരമുണ്ട്. സ്ത്രീകളെ വിൽക്കുന്നില്ല. അന്തേവാസികൾ മലമൂത്രങ്ങളിൽ കിടക്കുന്നില്ല. ഇതിൽ ഇടപെടാൻ പോയതിന് കുറച്ചൊന്നുമല്ല ശകാരം കിട്ടിയതെന്നും സുഗതകുമാരി പറയുന്നു. ''വൈ ഷുഡ് ലേ മെൻ ഇന്റർഫിയർ?'' എന്നായിരുന്നു അന്നത്തെ ഡോക്ടർമാരുടെയൊക്കെ ചോദ്യം. സമരത്തിൽ കൂടെയുണ്ടായിരുന്നത് കോഴിക്കോട് ഗാന്ധിഗൃഹത്തിലെ ഗാന്ധിയന്മാരും കെ. അജിതയോടൊപ്പമുള്ള നക്‌സലൈറ്റുകളും മാത്രം. മാനസികരോഗികൾക്ക് വോട്ടില്ലാത്തതുകൊണ്ട് മറ്റാർക്കും താത്പര്യമുണ്ടായിരുന്നില്ല.

സ്വപ്നം സർക്കാറിന്റെ ചുവപ്പുനാടയിൽ

എന്നാൽ സുഗതകുമാരിയുടെ ഒരു സ്വപ്നം സർക്കാരിന്റെ ചുവപ്പുനാടയിൽ പൊടിയടിച്ച് അമർന്നിരിപ്പുണ്ട്. ''മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി കേരളത്തിലങ്ങോളമിങ്ങോളം അഞ്ചാറ് കേന്ദ്രങ്ങൾ സർക്കാർ സ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നടന്നില്ല. മതസംഘടനകളും പള്ളികളും ചെയ്യുന്നതുപോലെയല്ല. സർക്കാർ മുൻകൈയെടുത്ത് രൂപവത്കരിച്ച് അതത് സ്ഥലത്തെ വിശ്വാസ്യതയുള്ള സന്നദ്ധസംഘടനകളും പഞ്ചായത്തുകളുമൊക്കെ നടത്തുന്ന ആലയങ്ങൾ. എത്രയോവട്ടം സർക്കാരിന് പ്രോജക്ട് കൊടുത്തു. ഹൈക്കോടതിക്കും കൊടുത്തു. അതുചെയ്യാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഒന്നുംചെയ്തില്ല.

പിന്നീട് സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. കേരളത്തിന്റെ മനസ്സിൽ പ്രകൃതിസംരക്ഷണമെന്ന ആശയത്തെ കുടിയിരുത്തിയ സൈലന്റ് വാലി സമരം.
അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്തെ സുഗതകുമാരിയുടെ ഇടപെടലുകളാണ് സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ചവിട്ടുപടിയായത്.പിന്നെ, ആറന്മുളയിൽ വിമാനത്താവളമുണ്ടാക്കുന്നതിനെതിരേ നടത്തിയ സമരം. കേരളത്തിൽ ആദ്യമായി കോൺഗ്രസ്, സിപിഎം., സിപിഐ., ആർഎസ്എസ്., ബിജെപി., ജനതാദൾ, മറ്റു ചെറുപാർട്ടികൾ എന്നിവയെയൊക്കെ ഒരുമിച്ച് പങ്കെടുപ്പിക്കാൻ സാധിച്ച മാതൃകാസമരമായിരുന്നു അത്. അതുപോലെയൊന്ന് അതുവരെ നടന്നിട്ടില്ല. ഇനി ഉണ്ടാകുമോയെന്നും സംശയമുണ്ടെന്നും സുഗതകുമാരി പിന്നീട് പറയുകയുണ്ടായി.

''എത്രയോ പരിസ്ഥിതി സമരങ്ങളുണ്ടായി. പക്ഷേ, നമ്മൾ വൈകിപ്പോയി. അത്രയ്ക്ക് സുഖത്തിന്റെയും ധൂർത്തിന്റെയും പിറകേ പോയിക്കഴിഞ്ഞിരിക്കുന്നു മലയാളി. അന്തരീക്ഷവായു മലിനമായിക്കൊണ്ടിരിക്കുന്നു. മഹാരോഗങ്ങൾ പടരുന്നു. എന്നിട്ടും ഒരു കൂസലുമില്ല മനുഷ്യന്. എനിക്ക് ഭയമാണ്. ഭാവിയിലെ കുട്ടികളെപ്പറ്റി ആശങ്കയുണ്ട് എന്ന് സമീപകാലത്ത് സുഗതകുമാരി തുറന്നുപറഞ്ഞിരുന്നു.

ജീവിത സാഹാഹ്നത്തിൽ ചില ആഗ്രങ്ങൾകൂടി സുഗതകുമാരി പറഞ്ഞിരുന്നു. ''ഒന്നുകൂടി സൈലന്റ് വാലിയിൽ പോകണമെന്നുണ്ട്. അട്ടപ്പാടിയിലെ കൃഷ്ണവനത്തിൽ പോകണമെന്നുണ്ട്. നടക്കില്ല. എൻ.വി. കൃഷ്ണവാരിയരുടെ പേരിൽ ഞങ്ങൾ അവിടെ നട്ട കാട് ഇപ്പോൾ അതിനിബിഡവനമായി മാറിയിട്ടുണ്ട്. അവിടെനിന്ന് ആദിവാസിപ്പെണ്ണുങ്ങൾ ചിലപ്പോൾ വിളിക്കും. അവിടെ തണ്ണിയിരിക്ക്, കായിരിക്ക്, പഴമിരിക്ക് എന്നൊക്കെ സന്തോഷമായിട്ട് പറയും. പക്ഷേ, കാട്ടിൽപ്പോകാൻ അവർക്ക് പേടി. കാട്ടി (കാട്ടുപോത്ത്) നിന്ന് കണ്ണുരുട്ടുമമ്മാ എന്നുപറയും. അതിന്റെ അർഥം, അത് വലിയ കാടായി എന്നാണ്. അവിടെ ഒരു പുതിയ കാട്ടുറവ ഉണർന്ന് താഴേക്ക് ഒഴുകുന്നുണ്ട്.''

എനിക്കുവേണ്ടി ഒരു ആൽമരം മാത്രം

ഒരാൽമരം. തന്റെ ഓർമയ്ക്ക് ജീവിത സായാഹ്നത്തിൽ അതുമാത്രമേ കൊതിച്ചിരുന്നുള്ളു. ചുവന്ന പഴങ്ങളുണ്ടാകുന്ന ആൽമരം. ഒരുപാട് പക്ഷികൾ അതിൽവരും. തത്തകളൊക്കെവന്ന് പഴങ്ങൾ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുെവക്കരുത്. ആ ആൽമരം എവിടെ നടണമെന്നും സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബർക്കായി അവർ പടുത്തുർത്തിയ 'അഭയ' യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്..'മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയുംവേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം.''

ജീവിച്ചിരുന്നപ്പോൾ ഒരുപാട് ബഹുമതികൾ കിട്ടി, അർഹമല്ലാത്തതുപോലും. ഇനി തനിക്ക് ആദരവിന്റെ ആവശ്യമില്ലെന്ന നിശ്ചയത്തിലാണവർ. കവിതയിലും ജീവിതത്തിലും പുലർത്തിയ അതേ നിർഭയത്വത്തോടെ അവസാനകാലത്തെ അവർ മുഖാമുഖം കാണുന്നു.'ഒരാൾ മരിച്ചാൽ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നത്. ശവപുഷ്പങ്ങൾ. എനിക്കവ വേണ്ട. മരിച്ചവർക്ക് പൂക്കൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്‌നേഹം തരിക. അതുമാത്രംമതി.''

മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയുംവേഗം അവിടെനിന്ന് വീട്ടിൽക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തിൽ ആദ്യംകിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പൊലീസുകാർ ചുറ്റിലുംനിന്ന് ആചാരവെടി മുഴക്കരുത്. ''ശാന്തികവാടത്തിൽനിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട''- സുഗതകുമാരി ഒരിക്കൽ തുറന്നു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP