Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ല; വ്യക്തമായ ഭൂരിപക്ഷം ഉള്ള സർക്കാരിന്റെ ശുപാർശ തള്ളാൻ അധികാരമില്ല; സമ്മേളനം വിളിച്ചുചേർക്കുന്നതിന് അടിയന്തര സാഹചര്യം ഇല്ലെന്ന വാദവും തെറ്റാണ്; കീഴ് വഴക്കങ്ങൾ ഓർമിപ്പിച്ച് ആരിഫ് മുഹമ്മദ് ഖാന് കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയുടെ കത്ത്; ഗവർണറുടേത് അസാധാരണ നടപടിയെന്ന് സിപിഎമ്മും കോൺഗ്രസും; സ്വാഗതം ചെയ്ത് ബിജെപി

നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ല; വ്യക്തമായ ഭൂരിപക്ഷം ഉള്ള സർക്കാരിന്റെ ശുപാർശ തള്ളാൻ അധികാരമില്ല; സമ്മേളനം വിളിച്ചുചേർക്കുന്നതിന് അടിയന്തര സാഹചര്യം ഇല്ലെന്ന വാദവും തെറ്റാണ്; കീഴ് വഴക്കങ്ങൾ ഓർമിപ്പിച്ച് ആരിഫ് മുഹമ്മദ് ഖാന് കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയുടെ കത്ത്; ഗവർണറുടേത് അസാധാരണ നടപടിയെന്ന് സിപിഎമ്മും കോൺഗ്രസും; സ്വാഗതം ചെയ്ത് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ ചേരാൻ നിശ്ചയിച്ചിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു.ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. മുഖ്യമന്ത്രി നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ല.

നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ തള്ളിക്കളയാൻ ഗവർണർക്ക് അധികാരമില്ല. നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി കത്തയച്ചു.

സമ്മേളനം വിളിച്ച് ചേർക്കുന്നതിന് അടിയന്തര സാഹചര്യം ഇല്ല എന്ന ഗവർണറുടെ വാദം തെറ്റാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ വലിയ ഉത്കണ്ഠയുണ്ട്.

മാത്രമല്ല, ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണ്. സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാധികാരം ഇല്ല.രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീർ സിങും തമ്മിലുള്ള കേസിൽ ( 1975 ) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അത് അനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സർക്കാരിയ കമ്മീഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മീഷൻ ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കുവാൻ മന്ത്രിസഭ ശുപാർശ ചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി

അതേസമയം, പ്രത്യേക നിയമസഭ ചേരുന്നതിന് അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കൃഷിമന്ത്രി വി എസ്.സുനിൽകുമാറുമായി ചർച്ച നടത്തി.

ക്ലിഫ്ഹൗസിലെത്തിയാണ് കൃഷിമന്ത്രി മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഗവർണറുടെ തീരുമാനം വന്നതിനു പിന്നാലെ മന്ത്രിയോട് തലസ്ഥാനത്തെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. പത്തനംതിട്ടയിലായിരുന്ന മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച.

അസാധാരണ നടപടിയെന്ന് വിവിധ നേതാക്കൾ

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ നാളെ നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്നും ജനാധിപത്യവിരുദ്ധമെന്നും ആരോപിച്ച് വിവിധ കക്ഷികൾ.

കർഷകരെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യാനാണ് സമ്മേളനമെന്നായിരുന്നു സർക്കാർ ഗവർണർക്ക് നൽകിയ വിശദീകരണം. എന്നാൽ, പ്രത്യേക നിയമസഭ ചേരുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ അനുമതി നിഷേധിക്കുകയായിരുന്നു. ഗവർണറുടേത് അസാധാരണ നടപടിയാണിതെന്നും കേരള ചരിത്രത്തിൽ തന്നെ ഇതാദ്യമാണെന്നും വിമർശനം ഉയർന്നു.

അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. കേട്ടുകേൾവി പോലും ഇല്ലാത്ത നടപടിയാണിതെന്ന് മന്ത്രി ജി. സുധാകരൻ പ്രതികരിച്ചു. ഗവർണർ കേന്ദ്ര സർക്കാറിന്റെ വക്താവായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതികരിക്കാനുള്ള അവകാശം കേരളത്തിനുണ്ട്. അടിയന്തരാവസ്ഥയുടെ മണമുള്ള തീരുമാനമാണിതെന്നും സുധാകരൻ പറഞഞു.

സഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ അനുമതി നൽകാത്തത് ഗൗരവതരമായ പ്രശ്നമെന്ന് കൃഷിമന്ത്രി വി. എസ് സുനിൽ കുമാർ. അത് ശരിയായ തീരുമാനമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

'സംസ്ഥാനത്ത് തന്നെ അസാധാരണമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ജനം ഇത് മനസ്സിലാക്കണം. ഭരണഘടനയനുസരിച്ച് സഭ കൂടണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടാൽ സാധാരണഗതിയിൽ ഗവർണർ നിഷേധിക്കാൻ പാടില്ലാത്തതതാണ്.എന്ത്കൊണ്ട് നിഷേധിച്ചുവെന്നത് പ്രധാനപ്പെട്ട പ്രശ്നമാണ്. സംസ്ഥാന കാബിനറ്റിന്റെ അവകാശത്തിലാണ് പ്രശ്നമുണ്ടായിരിക്കുന്നത്. ഗുരുതരസാഹചര്യമായതുകൊണ്ട് മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി കൈക്കൊള്ളും', മന്ത്രി അറിയിച്ചു.

നിയമസഭ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.' രാജ്യത്തെ കർഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരേ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണ്. എന്നാൽ അടിയന്തര പ്രധാന്യമില്ലന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്.

കർഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. കേരളത്തിലെ കർഷകരെയും ദോഷകരമായി ബാധിക്കുന്നതാണീ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടാനും കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രമേയം പാസാക്കാനുമുള്ള സർക്കാരിന്റെ തിരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്', ചെന്നിത്തല പറഞ്ഞു.

ഗവർണർ അനുമതി നൽകിയില്ലങ്കിലും എം എൽ എ മാർ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് രമേശ് ചെന്നിത്തല പാർലമെന്ററി കാര്യമന്ത്രി ഏ കെ ബാലനോട് ആവശ്യപ്പെട്ടു.

ഗവർണർ ആദ്യം അനുമതി നിഷേധിച്ചതോടെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തിലായിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നയങ്ങൾക്കെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഒരു മണിക്കൂർ മാത്രം സഭ ചേർന്ന് പ്രമേയം പാസാക്കാനായിരുന്നു തീരുമാനം.

എന്നാൽ സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി നിഷേധിച്ചിരിക്കുന്നത്. സഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്ന നിലപാടായിരുന്നു സർക്കാരിനുള്ളത്.

അതിനിടെ സമ്മേളനം വിളിക്കണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ഒരിക്കൽക്കൂടി ഗവർണർക്ക് കത്ത് നൽകി. മുഖ്യമന്ത്രിയും കൃഷി മന്ത്രിയും ഗവർണർ നേരിൽ കണ്ട് അഭ്യർത്ഥിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകൾ വന്നു. രാജ്ഭവനിൽ നിന്നും അനുമതിൽ ലഭിച്ചാൽ മാത്രമേ നിയമസഭാ സമ്മേളനം ചേരാനാവൂ എന്നതിനാൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. സമ്മേളനത്തിന് ഗവർണർ അനുമതി നൽകാതിരുന്നതോടെ നടക്കില്ല എന്നുറപ്പായി.

രാജ്യമാകെ കർഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മൂന്നു കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കൃഷി നിയമ ഭേദഗതികൾ വോട്ടിനിട്ടു തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേർന്നു ഗവർണർക്കു ശുപാർശ നൽകിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോട്ടിനിട്ടു തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു.

കൃഷി മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 3 നിയമ ഭേദഗതികൾക്കെതിരെയും സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാനും സംസ്ഥാന സർക്കാർ നീക്കമുണ്ട്. ഒരു മണിക്കൂർ മാത്രമാകും സഭാ സമ്മേളനം എന്നായിരുന്നു അറിയിപ്പ്. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുകയും സ്പീക്കറും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സംസാരിക്കുകയുമായിരുന്നു അജണ്ട.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP