Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എന്റെ തലയ്ക്കു മുകളിൽ ഭൂതക്കണ്ണാടി വെച്ച് വട്ടമിട്ടുപറന്ന് അരിപ്പ വെച്ച് അരിച്ചു നോക്കിയില്ലേ? എന്നിട്ടെന്തായി; എംഎൽഎയായ ശേഷം കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരുതരി മണ്ണ് ഞാൻ വാങ്ങിയിട്ടില്ല: മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം ഇങ്ങനെ

'എന്റെ തലയ്ക്കു മുകളിൽ ഭൂതക്കണ്ണാടി വെച്ച് വട്ടമിട്ടുപറന്ന് അരിപ്പ വെച്ച് അരിച്ചു നോക്കിയില്ലേ? എന്നിട്ടെന്തായി; എംഎൽഎയായ ശേഷം കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരുതരി മണ്ണ് ഞാൻ വാങ്ങിയിട്ടില്ല: മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ വിജയം നേടിയതിന്റെ ആഹ്ലാദത്തിലും ആത്മവിശ്വാസത്തിലുമാണ് പിണറായി സർക്കാർ. ഈ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ് മന്ത്രി കെ ടി ജലീൽ. എന്നാൽ തന്റെ കൈകൾ പൂർണ്ണമായും ശുദ്ധമാണെന്നും എംഎൽഎയായ ശേഷം കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരുതരി മണ്ണ് വാങ്ങിയിട്ടില്ലെന്നും 27 വർഷത്തിനിടെ എന്റെ അകൗണ്ടിലുള്ള പണം നാലേകാൽ ലക്ഷം രൂപ മാത്രമാണെന്നുമാണ് ജലീൽ പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് ജലീൽ അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ.

' എന്റെ തലക്കു മുകളിൽ ഭൂതക്കണ്ണാടി വെച്ച് വട്ടമിട്ടുപറന്ന് അരിപ്പ വെച്ച് അരിച്ചു നോക്കിയില്ലേ? എന്നിട്ട് എന്തായി? ഇ.ഡിയെ വിട്ട് എന്റെ സാമ്പത്തിക വശങ്ങളെല്ലാം അന്വേഷിച്ചല്ലോ. എന്നിട്ടെന്താ സംഭവിച്ചത്? ഇക്കാലമത്രയുമുള്ള അകൗണ്ടുകളും സാമ്പത്തിക സ്രോതസ്സുകളും പരിശോധിച്ചല്ലോ? 19 കൊല്ലം മുമ്പ് ഞാൻ വാങ്ങിയ പത്തൊമ്പതര സെന്റ് സ്ഥലവും, അതിൽ 2200 സ്‌ക്വയർ ഫീറ്റുള്ള സാധാരണ ഒരു വീടുമല്ലാതെ മറ്റൊന്നും എനിക്കോ ഭാര്യക്കോ മക്കൾക്കോ ഇല്ലന്നല്ലേ അന്വേഷണ സംഘം കണ്ടെത്തിയത്. ഞാൻ എംഎ‍ൽഎയായ ശേഷം കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരുതരി മണ്ണ് ഞാൻ വാങ്ങിയിട്ടില്ല. ഒരു ബിസിനസ് ഞാൻ തുടങ്ങിയിട്ടില്ല. ഒരു കച്ചവടത്തിലും ഞാൻ പങ്കാളിയായിട്ടില്ല. എംഎ‍ൽഎ ആകുന്നതിന് മുമ്പ്12 വർഷം ഞാനൊരു കോളേജ് അദ്ധ്യാപകനായിരുന്നു. ഭാര്യ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പളാണ്. ഞങ്ങളുടെ രണ്ടാളുടെയും ഈ ഭൂമുഖത്തുള്ള ആകെയുള്ള സമ്പാദ്യം ഞങ്ങളുടെ ശമ്പളത്തിലെ തുച്ഛമായ ശേഷിപ്പുമാത്രമാണ്.

എന്റെ വീട്ടിൽ ഒരുതരി സ്വർണമില്ല. ഭാര്യയും രണ്ട് പെങ്കുട്ടികളും ഉൾപ്പെടെ മൂന്ന് സ്ത്രീകളുള്ള വീടാണെന്റേത്. എന്റെ ഭാര്യയുടെ കാതിലെ പറ്റ് പോലും ചെമ്പിന്റേതാണ്. മകളുടെ വിവാഹത്തിന് വെറും ആറായിരം രൂപയുടെ മുത്ത് മാലകളായിരുന്നു അവൾക്ക് ആഭരണമായി നൽകിയത്. അത് ധരിച്ചാണ് പുതുപെണ്ണായി ഇറങ്ങിയത്. സാധാരണ മുസ്ലിം കുടുംബങ്ങളിൽ സ്വർണാഭരണമാണ് വിവാഹമൂല്യമായിട്ട് നൽകാറ്. എന്റെ മരുമകൻ മകൾക്ക് നൽകിയത് വിശുദ്ധ ഖുർആന്റെ കോപ്പിയാണ്. അത്രമാത്രം സ്വർണം വേണ്ടെന്നുവെച്ച കുടുംബമാണ് ഞങ്ങളുടേത്. മഞ്ഞ ലോഹമില്ലാതെ ഈ ഭൂമുഖത്ത് ജീവിക്കാൻ പറ്റുമോ എന്ന് ജീവിതത്തിൽ പരീക്ഷിക്കുകയായിരുന്നു. അതിൽ ഇതുവരെയും വിജയിക്കാനായി. ഇനിയുമതിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

അങ്ങനെയുള്ള ഒരു കുടുംബനാഥനെക്കുറിച്ചാണ് ഖുർആന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടത്തിയവനെന്ന് യു.ഡി.എഫും ബിജെപിയും മാധ്യമങ്ങളും ആക്ഷേപിച്ചത്. ഇക്കാലത്തിനിടയിൽ പുറത്ത് നിന്ന് എടുത്തുപറയത്തക്ക ഒരു സംഖ്യ പോലും എന്റെ അകൗണ്ടിലേക്കോ ഭാര്യയുടെ എക്കൗണ്ടിലേക്കോ വന്നിട്ടില്ല. നികുതി അടക്കാത്ത ഒരു രൂപ പോലും എന്റെ കയ്യിലില്ല. ഉണ്ടെങ്കിൽ കണ്ടുകെട്ടട്ടെ. എനിക്കൊരു ഭയവുമില്ല. 27 വർഷത്തിനിടെ എന്റെ അകൗണ്ടിലുള്ള പണം നാലേകാൽ ലക്ഷം രൂപ മാത്രമാണ്. ഇതുകൊണ്ടാണ് മാധ്യമങ്ങൾ വേട്ടയാടിയിട്ടും പഞ്ചപുച്ഛമടക്കി അവർക്കുമുന്നിൽ നിൽക്കുകയോ അവരുടെ ദാക്ഷണ്യത്തിനായി യാചിക്കുകയോ ചെയ്യാതെ സധൈര്യം മുന്നോട്ടുപോയത്. ലോകത്തിലെ എല്ലാ മാധ്യമങ്ങളും ഒരുമിച്ച് എതിർത്താലും സത്യം മറുഭാഗത്താണെങ്കിൽ ആ സത്യത്തിനായിരിക്കും അന്തിമ വിജയമെന്ന് തെളിയിക്കുന്നതാണ് ഞാനുമായി ബന്ധപ്പെട്ട വിവാദങ്ങൾ.

ഒരാൾക്ക് അയാളെ വിശ്വാസമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിക്ക് എന്നെ അറിയാം. മകളുടെ വിവാഹ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഓരോരുത്തരുടെയും വീടുകളിൽ പോയി നോക്കിയാൽ അറിയാല്ലോ അവർ ഏതു തരക്കാരാണെന്ന്. നമുക്ക് നമ്മളിൽ വിശ്വാസമുണ്ടെങ്കിൽ ലോകത്താരെയും ഭയപ്പെടേണ്ടതില്ല. ആരുടെ മുന്നിലും തലകുനിക്കേണ്ടതുമില്ല. എന്റെ ജീവിതത്തിൽ ഞാൻ പഠിച്ച പാഠം അതാണ്.

മാധ്യമങ്ങൾ എന്ത് പറയുന്നുവെന്ന് നോക്കിയല്ല ജനങ്ങൾ തീരുമാനമെടുക്കുന്നത്. മാധ്യമങ്ങൾ പറയുന്നത് അനുസരിച്ച് ജനങ്ങൾ വോട്ടിങ് പാറ്റേൺ തീരുമാനിച്ചിരുന്നെങ്കിൽ ഇടതുപക്ഷത്തിന്റെ പൊടി പോലും കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. ഓരോ അപവാദവാർത്ത പുറത്ത് വരുമ്പോഴും യാഥാർത്ഥ്യം എന്താണെന്ന് ജനങ്ങൾ ചികയുന്നുണ്ട്.

ആ അന്വേഷണത്തിൽ പതിരില്ലെന്ന് ബോധ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വോട്ടിങ് രീതി നിശ്ചയിക്കപ്പെടുന്നത്. ഒരുപാട് മാധ്യമങ്ങൾ ഒരുമിച്ച് നുണക്കഥകൾ പ്രചരിപ്പിച്ചാലും, അടിസ്ഥാനരഹിതമായ വാർത്തകൾക്കായി മാധ്യമസിണ്ടിക്കേറ്റുകൾ ഒരുമിച്ച് പ്രവർത്തിച്ചാലും ഒരുസർക്കാരിനെയോ പാർട്ടിയേയോ മുന്നണിയേയോ ഇല്ലാതാക്കാൻ ആകുമെന്ന പരമ്പരാഗത മാധ്യമ ധാർഷ്ഠ്യമാണ് ഈ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞ് പാളീസായിരിക്കുന്നത്.

കാരണം യാഥാർത്ഥ്യത്തെ പുറത്തുകൊണ്ടു വരുന്നതിൽ സോഷ്യൽമീഡിയ വലിയ പങ്കാണ് വഹിക്കുന്നത്. സോഷ്യൽമീഡിയയുടെ വ്യാപനം കോർപ്പറേറ്റ് മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ കച്ചവട താൽപര്യങ്ങളെ പരാജയപ്പെടുത്തുന്നുവെന്നതാണ് വസ്തുത. മാധ്യമസിണ്ടിക്കേറ്റ് എന്ന് പറയാവുന്ന തരത്തിൽ എല്ലാവരും ഒരുമിച്ച് ഒരേവാർത്തകൾ ഒരേഭാഷയിൽ, വരികൾ പോലും വ്യത്യാസമില്ലാതെ നൽകിയിട്ടും യാതൊരു പോറലും ഇടതുപക്ഷത്തിന് ഏൽപ്പിക്കാൻ കഴിയാത്തത് അതിന്റെ പ്രതിഫലനമാണ്. മാധ്യമങ്ങൾ സ്വയം വിമർശനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'- കെ ടി ജലീൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP