Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മുഖ്യമന്ത്രിയുടേത് പാർട്ടി സെക്രട്ടറി പറയേണ്ട വാക്കുകൾ'; 'ഈ ഭാഷയിലുള്ള മറുപടി മാത്രമേ അർഹിക്കുന്നുള്ളൂ'; 'സഖാക്കളെ ചൊടിപ്പിച്ചത് താൻ ഉപയോഗിച്ച വാക്കുകൾ'; ആക്രമണത്തിന്റെ പ്രധാനകാരണം ഒരു സ്ത്രീ പ്രതികരിച്ചു എന്നത്; ഒരു ഖേദവുമില്ലെന്നും ഫാത്തിമ തെഹ്ലിയ

'മുഖ്യമന്ത്രിയുടേത് പാർട്ടി സെക്രട്ടറി പറയേണ്ട വാക്കുകൾ'; 'ഈ ഭാഷയിലുള്ള മറുപടി മാത്രമേ അർഹിക്കുന്നുള്ളൂ'; 'സഖാക്കളെ ചൊടിപ്പിച്ചത് താൻ ഉപയോഗിച്ച വാക്കുകൾ'; ആക്രമണത്തിന്റെ പ്രധാനകാരണം ഒരു സ്ത്രീ പ്രതികരിച്ചു എന്നത്; ഒരു ഖേദവുമില്ലെന്നും ഫാത്തിമ തെഹ്ലിയ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ ഖേദമില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തെഹ്ലിയ. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് ഈ ഭാഷയിലുള്ള മറുപടി മാത്രമേ അർഹിക്കുന്നുള്ളൂ. മുഖ്യമന്ത്രി സ്വന്തം പദവി മറന്നാണ് പ്രവർത്തിക്കുന്നത്. പാർട്ടി സെക്രട്ടറി പറയേണ്ട വാക്കുകളാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നതെന്നും ഫാത്തിമ തെഹ്ലിയ കുറ്റപ്പെടുത്തി.

യുഡിഎഫിനെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഫാത്തിമ തെഹ്ലിയ മറുപടി നൽകിയിരുന്നു. 'യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ..?' എന്ന തലക്കെട്ടിലാണ് ഫാത്തിമ തെഹ്ലിയ തന്റെ വിമർശനം ഫേസ്‌ബുക്കിൽ കുറിച്ചത്. പൊലീസ് ഭരണത്തിലൂടെയും സവർണ സംവരണത്തിലൂടെയും ആർഎസ്എസിന് യോഗിയേക്കാൾ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ എന്നാണ് ഫാത്തിമ കുറിച്ചത്.

ഫാത്തിമ ഉപയോഗിച്ച വാക്കുകളാണ് പലരെയും ചൊടിപ്പിച്ചത്. അതിൽ ഒരു ഖേദവുമില്ലെന്ന് വീണ്ടും വ്യക്തമാക്കുകയാണ് കോഴിക്കോട് ജില്ലാ കോടതിയിൽ അഭിഭാഷക കൂടിയായ ഫാത്തിമ തെഹ്ലിയ. താൻ എന്ന് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തതിനെതിരെ ഒരു വിഭാഗം രൂക്ഷവിമർശനം നടത്തുന്നതിനിടെയാണ് ഫാത്തിമ തെഹ്ലിയയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിനുള്ള കൃത്യമായ മറുപടിയാണ് കുറിച്ചത്. വർഗീയത പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തികച്ചും രാഷ്ട്രീയപരമായാണ് അതിനെതിരെ പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ വലിയ തരത്തിലുള്ള ആക്രമണമാണ് ആ ഫേസ്‌ബുക്ക് പോസ്റ്റിനെച്ചൊല്ലി നടക്കുന്നത്. അത് ആ കുറിപ്പിന് അടിയിലുള്ള കമന്റുകൾ നോക്കിയാൽ മനസ്സിലാകും. മാന്യമായി സംസാരിക്കണമെന്ന് ഉപദേശിക്കുന്നവരുടെ വാക്കുകളും പ്രയോഗങ്ങളും അത്ര നല്ലതല്ല. രാഷ്ട്രീയപരമായല്ല, തികച്ചും വ്യക്തിഹത്യ നടത്തുന്ന തരത്തിലാണ് പ്രതികരണങ്ങൾ. പക്ഷേ അങ്ങനെ തളർത്താൻ നോക്കണ്ട. ഒരു തരത്തിലുള്ള പേടിയും ഇതിനെച്ചൊല്ലിയില്ല.

താൻ ഉപയോഗിച്ച വാക്കുകളാണ് സൈബർ സഖാക്കളെ ചൊടിപ്പിച്ചത്. പക്ഷേ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾക്ക് ഈ ഭാഷയിലുള്ള മറുപടി മാത്രമേ അർഹിക്കുന്നുള്ളൂ. അവർക്ക് ഒരു ധാരണയുണ്ട്, അവർക്ക് എന്തും പറയാമെന്ന്. മുഖ്യമന്ത്രി ഇവിടെ സ്വന്തം പദവി മറന്നാണ് പ്രവർത്തിക്കുന്നത്. പാർട്ടി സെക്രട്ടറി പറയേണ്ട വാക്കുകളാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നത്. പാർട്ടി സെക്രട്ടറി എ. വിജയരാഘവൻ പറയേണ്ട പരാമർശം ഒരു സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല. അതിനെതിരെയാണ് പ്രതികരിച്ചത്.

ഇത്രയേറെ ആക്രമണം ഉണ്ടാകുന്നതിന് പ്രധാനകാരണം ഒരു സ്ത്രീ പ്രതികരിച്ചു എന്നതാണ്. ഇതേ വാക്കുകൾ പുരുഷന്മാർ ഉപയോഗിച്ചാൽ ഇത്ര വലിയ പ്രശ്നുമുണ്ടാകില്ല. ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു വനിത എന്ന നിലയിൽ ആണ് സംസാരിച്ചത്. പാർട്ടിയിൽ നിന്നോ സംഘടനയിൽ നിന്നോ ഒരു എതിർപ്പും ഉണ്ടായിട്ടില്ല. മാത്രമല്ല പല മേഖലയിൽ നിന്നുള്ളവർ, പ്രത്യേകിച്ച് സ്ത്രീകൾ ഇങ്ങനെ പ്രതികരിക്കാൻ കാണിച്ച ആർജവത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

ഇതിനുമുമ്പും ഓൺലൈനായിട്ടും നേരിട്ടും ഒരുപാട് അധിക്ഷേപം നേരിട്ടിട്ടുണ്ട്. കുറേ ആളുകൾ അച്ചടക്കം പഠിപ്പിക്കാനായി വരുന്നുണ്ട്. എന്നാൽ സാധാരണ സൈബർ ആക്രമണങ്ങൾ പോലെ വ്യാജ അക്കൗണ്ടുകളിൽ നിന്നല്ല എന്നതാണ് പ്രത്യേകത. 90 ശതമാനവും ഒറിജിനൽ ഐഡികളിൽ നിന്നാണ് ഇത്തരം പരാമർശങ്ങൾ ഉന്നയിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യത്തെക്കുറിച്ച് പാർട്ടിയുമായി ചർച്ച ചെയ്യുന്നുണ്ട്. ഏത് രൂപത്തിലാണ് മുന്നോട്ട് പോകേണ്ടത് എന്ന് തീരുമാനിക്കുമെന്നും ഫാത്തിമ തെഹ്ലിയ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP