Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമിത് ഷാ അസമിലേക്ക്; സിറ്റിം​ഗ് എംഎൽഎമാർ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തും; പത്തുപേർ പോയാലും കുഴപ്പമില്ലെന്ന് കോൺ​ഗ്രസും

അമിത് ഷാ അസമിലേക്ക്; സിറ്റിം​ഗ് എംഎൽഎമാർ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തും; പത്തുപേർ പോയാലും കുഴപ്പമില്ലെന്ന് കോൺ​ഗ്രസും

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: പശ്ചിമബംഗാളിൽ ഭരണം പിടിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രധാന ദൗത്യം. എന്നാൽ, അതിനൊപ്പം തന്നെ കോൺ​ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങളും സജീവമാക്കുകയാണ് ബിജെപി. ഇതിന്റെ ഭാ​ഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കോൺ​ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. അമിത് ഷാ ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്ന സംസ്ഥാനം അസമാണ്.

ഡിസംബർ 26നാണ് ഷായുടെ അസം സന്ദർശനം. സർക്കാരിന്റെ ചില പരിപാടികളിലും പാർട്ടി പരിപാടികളിലും ഷാ പങ്കെടുക്കുമെന്ന് ബിജെപി നേതാവ് നുമാൽ മോമിൻ പറഞ്ഞു. ചില കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സിറ്റിങ് എംഎൽഎമാരും മുൻ മന്ത്രിയുമടക്കം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നാണ് മോമിൻ അവകാശപ്പെടുന്നത്. അമിത് ഷാ അസമിലെത്തുന്ന വേദിയിൽ വച്ചാണ് കോൺഗ്രസ് നേതാക്കൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. മുന്മന്ത്രിയും കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയുമായ വനിത നേതാവ് അജന്ത നിയോഗ് അടക്കമുള്ള നേതാക്കൾ ബിജെപിയിലെത്തുമെന്ന സൂചനയാണ് മോമിൻ നൽകുന്നത്.

‘ആദ്യഘട്ടത്തിൽ കോൺഗ്രസിന്റെ മൂന്നോ നാലോ എംഎൽഎമാർ ബിജെപിയിൽ ചേരും. ജനുവരി അവസാനത്തോടെ കൂടുതൽ നേതാക്കളെത്തും. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ കഴിഞ്ഞ് മൂന്നുനാല് വർഷമായി സംസ്ഥാനത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിൽ ആകൃഷ്ടരായാണ് കോൺഗ്രസ് എംഎൽഎമാരെത്തുന്നത്. അസമിലെ ബിജെപി സർക്കാരിൽ ജനം അതീവ സന്തുഷ്ടരാണ്. അസമിന്റെ ചരിത്രത്തിലാദ്യമായി ഞങ്ങൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പൂർത്തിയാക്കിക്കഴിഞ്ഞു’, മോമിൻ പറഞ്ഞു.

മറ്റ് ഏത് പാർട്ടിയിൽനിന്ന് മത്സരിക്കുന്നതിനേക്കാൾ വിജയസാധ്യത ബിജെപിയിൽനിന്നായതു കൊണ്ടാണ് പല പാർട്ടിയിൽനിന്നുള്ളവരും ബിജെപിയിൽ എത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അമിത് ഷാ എത്തിയതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കോൺഗ്രസിന്റെ മുന്മന്ത്രിയും എംഎൽഎയുമായ അജിത് നിയോഗ് പാർട്ടിയിൽ സജീവമായിരുന്നില്ല. കഴിഞ്ഞ ദിവസം അദ്ദേഹം സർബാനന്ദ സോനോവാളുമായും ധനമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുമായും നിർണായക കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അജന്ത നിയോഗ് കോൺഗ്രസിനെ ചതിച്ചെന്നും പക്ഷേ, അത് പാർട്ടിയെ ബാധിക്കില്ലെന്നുമാണ് അസമിലെ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ എംപിയുമായ റിപുൺ ബോറയുടെ പ്രതികരണം.

‘ഇത് അജന്തയിൽനിന്നും പ്രതീക്ഷിച്ചില്ല. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങൾ കാരണം അവർ പാർട്ടിയിലില്ല. വ്യക്തിപരമായ താൽപര്യത്തിന്റെ പുറത്തായിരുന്നു അവർ പാർട്ടിയിലേക്ക് വന്നത്. പക്ഷേ, പാർട്ടി അവരെ ബഹുമാനിച്ചു. കോൺഗ്രസ് പ്രത്യയശാസ്ത്രം മുറുകെ പിടിച്ചതിന്റെ പേരിൽ ഭീകരരാൽ കൊല്ലപ്പെട്ടതാണ് അവരുടെ ഭർത്താവ്. കോൺഗ്രസിൽനിന്നും വ്യതിചലിക്കാൻ അദ്ദേഹം ഒരിക്കലും ഒരുക്കമായിരുന്നില്ല’, റിപുൺ ബോറ പറഞ്ഞു. തരുൺ ഗൊഗോയി സർക്കാർ അജന്തയ്ക്ക് നിരവധി സ്ഥാനമാനങ്ങൾ നൽകിയിരുന്നെന്നും അജന്തയോടൊപ്പം പത്ത് നേതാക്കൾ പോയാൽ പോലും കോൺഗ്രസിനെ ബാധിക്കില്ലെന്നും റിപുൺ കൂട്ടിച്ചേർത്തു.

ബം​ഗാളിൽ ഓപ്പറേഷൻ ലോട്ടസ് പുരോഗമിക്കുമ്പോൾ

അമിത്ഷായുടെ നേതൃത്വത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാൾ പിടിക്കാൻ ഉണ്ടാക്കിയ പ്ലാനിന്റെ ഏറ്റവും പ്രധാനപ്പെട്ടയാണ് തൃണമൂലിൽനിന്ന് നേതാക്കളെ റാഞ്ചിയെടുക്കുന്ന എന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് എംഎൽഎമാർ അടക്കം 7 പ്രമുഖ നേതാക്കളാണ് ബിജെപി വിട്ടത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനത്തിന് തുടക്കമാവുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടത്തുന്ന റാലി, തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ ഉറ്റുനോക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജിയുമായി പിരിഞ്ഞ തൃണമൂൽ നേതാവും മുൻ മന്ത്രിയുമായ സുവേന്ദു അധികാരി റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഉംപുൻ ചുഴലിക്കാറ്റിനേക്കാൾ ശക്തമായ കാറ്റ് ബംഗാളിലെ ഡിഗ മുതൽ ഡാർജിലിങ് വരെ വീശുമെന്ന് സുവേന്ദു അധികാരിയുടെ അനുയായികൾ പറഞ്ഞു. അമിത് ഷായുടെ റാലിക്ക് മുന്നോടിയായി നിരവധി തൃണമൂൽ നേതാക്കളാണ് പാർട്ടിയിൽനിന്നു രാജിവയ്ക്കുന്നത്. ഇന്നലെ രണ്ട് എംഎൽഎമാർ രാജിവച്ചെങ്കിലും അതിലൊരാളായ ജിതേന്ദ്ര തിവാരി തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു.

നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നതിനെ തുടർന്ന് മമത ബാനർജി അടിയന്തിര യോഗം വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിന് പിന്നാലെയാണ് കാന്തി ഉത്തർ മണ്ഡലത്തിലെ എംഎൽഎ ആയ ബനാശ്രീ മൈറ്റിയും തൃണമൂൽ വിട്ടത് .തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെക്കുകയാണെന്നും ഇതോടൊപ്പം തന്നെ ഏൽപ്പിച്ച എല്ലാ പദവികളിൽ നിന്നും കർത്തവ്യങ്ങളിൽ നിന്നും ഒഴിയുകയാണെന്നും ബനാശ്രീ മമതയ്ക്ക് നൽകിയ രാജിക്കത്തിൽ പറയുന്നുണ്ട്. സുവേന്ദു അധികാരിയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. അദ്ദേഹമില്ലാത്ത പാർട്ടിയിൽ താനും നിൽക്കില്ലെന്നും ബനാശ്രീ അറിയിച്ചു. സുവേന്ദു അധികാരിയുടെ തീരുമാനം എന്താണോ അതുതന്നെയാകും തന്റേതുമെന്നും അവർ അറിയിച്ചു.

മെദിനിപ്പൂർ പുർബ ജില്ലയിലെ തൃണമൂൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റ് കൂടിയായിരുന്നു ബനാശ്രീ. 2011ലും 2016ലും കാന്തി ഉത്തറിൽ നിന്നും അവർ വിജയിച്ചിട്ടുണ്ട്. വിജയിച്ച ബനാശ്രീ അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിടെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ തൃണമൂൽ നേതാവാണ് പാർട്ടിയിൽ നിന്നും രാജിവെക്കുന്നത്. തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കുക ലക്ഷ്യമിട്ട് ബിജെപി ദേശീയ നേതാക്കളുടെ വൻനിരയാണ് ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. അമിത് ഷാ മടങ്ങിയ ശേഷം 6 കേന്ദ്ര മന്ത്രിമാരും സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനായി എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP