Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്ളൂ വന്നു മരിക്കാറുള്ളതിന്റെ മൂന്നിരട്ടി സാധ്യത കോവിഡ് ബാധയേറ്റു മരിക്കാൻ; കോവിഡ് ബാധയേറ്റു ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരിൽ 17 ശതമാനം പേരും മരിക്കുന്നു; കൊറോണയുടെ ഭീകരത വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുകൾ പറയുന്നത്

ഫ്ളൂ വന്നു മരിക്കാറുള്ളതിന്റെ മൂന്നിരട്ടി സാധ്യത കോവിഡ് ബാധയേറ്റു മരിക്കാൻ; കോവിഡ് ബാധയേറ്റു ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരിൽ 17 ശതമാനം പേരും മരിക്കുന്നു; കൊറോണയുടെ ഭീകരത വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുകൾ പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ന്ന് ഏറെ നാളുകൾ കഴിഞ്ഞതുകോണ്ടാകാം, കൊറോണയെ കുറിച്ചുള്ള ഭയം നാട്ടുകാരിൽ കുറഞ്ഞു വരുന്നത്. പഴയതുപോലെ മുൻകരുതലുകൾ എടുക്കാനോ, സാമൂഹിക അകലം പാലിക്കാനോ ഇപ്പോൾ ആളുകൾ തയ്യാറാകുന്നില്ല. എന്നാൽ, അങ്ങനെ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല കൊറോണ എന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്. കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവരിൽ മരണത്തിനുള്ള സാധ്യത ഫ്ളൂ ബാധിച്ചവരേക്കാൾ മൂന്നിരട്ടിയാണെന്നാണ് ഈ പഠന റിപ്പോർട്ട് തെളിയിക്കുന്നത്.

നേരത്തേ ഫ്ളൂവിനൊപ്പം പ്രഹരശേഷിയുള്ള ഒരു രോഗമായിട്ടായിരുന്നു കോവിഡിനെ കണക്കാക്കിയിരുന്നത്. എന്നാൽ, ഈ റിപ്പോർട്ട് പറയുന്നത് ഫ്ളൂവിനേക്കാൾ മാരകമാണ് കോവിഡെന്നാണ്. പ്രായമായവർക്കും ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളവർക്കും ഒഴിച്ച് കാര്യമായ ഭീഷണി ഉയർത്താത്ത ഒന്നാണെന്നാണ് കോവിഡിനെ കുറിച്ചു പരന്നിരിക്കുന്ന തെറ്റിദ്ധാരണ. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി, ഫ്ളൂവിനും കോവിഡിനും കാരണക്കാരാകുന്ന രണ്ട് വൈറസുകളും തമ്മിലുള്ള വ്യത്യാസത്തിന്റെ മുഴുവൻ വിശദാംശങ്ങളും പുറത്തുവന്നിരിക്കുകയാണ് ഈ പഠനത്തിലൂടെ.

ഫ്രാൻസിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത് 89,530 കോവിഡ് രോഗികളിൽ 15,104 പേർ മരണമടഞ്ഞപ്പോൾ, 45,819 ഫ്ളൂ ബാധിതരിൽ 2,640 പേർ മാത്രമാണ് മരണമടഞ്ഞതെന്നാണ്. അതായത് കോവിഡിൽ മരണനിരക്ക് 16.9 ശതമാനം ആയിരിക്കുമ്പോൾ ഫ്ളൂവിന്റെ മരണനിരക്ക് 5.8 ശതമാനം മാത്രമാണ്. 50 വയസ്സിനു പ്രായമുള്ളവരിലും കുട്ടികളിലും കോവിഡ് മൂലമുള്ള മരണനിരക്ക് വളരെ കൂടുതലുമാണ്. ലാൻസറ്റ് റെസ്പിരേറ്ററി മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോർട്ടിൽ പറയുന്നത് കോവിഡ് രോഗികളിൽ ഇന്റൻസീവ് കെയർ ആവശ്യമായി വരുന്നതിനുള്ള സാധ്യത ഫ്ളൂ ബാധിച്ചവരിൽ ഉള്ളതിനേക്കാൾ കൂടുതലാണെന്നാണ്.

കോവിഡ് ബാധിച്ചവരിൽ 16.3 ശതമാനം പേരെ ഇന്റൻസീവ് കെയറിൽ പ്രവേശിപ്പിക്കേണ്ടി വന്നപ്പോൾ ഫ്ളൂ ബാധിച്ചവരിൽ 10.8 ശതമാനം പേരെ മാത്രമാണ് ഇന്റൻസീവ് കെയറിൽ പ്രവേശിപ്പിച്ചത്. അതുപോലെ ഫ്ളൂ ബാധിച്ചവർ ശരാശരി 8 ദിവസം ഇന്റൻസീവ് കെയറിൽ കഴിഞ്ഞപ്പോൾ കോവിഡ് ബാധിതർക്ക് ശരാശരി 15 ദിവസം വരെ ഇന്റൻസീവ് കെയറിൽ കഴിയേണ്ടതായി വന്നു. മാർച്ച് 1 നും ഏപ്രിൽ 30 നും ഇടയിൽ ഫ്രാൻസിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളിലും 2018 ഡിസംബർ 1 നും 2019 ഫെബ്രുവരി 28 നും ഇടയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്ളൂ ബാധിതരിലുമാണ് ഈ പഠനം നടത്തിയത്.

ഈ രണ്ട് രോഗങ്ങളേയും അവയുടെ രോഗകാരികളെയും താരതമ്യം ചെയ്തുകൊണ്ട് ഇതുവരെ നടത്തിയ പഠനങ്ങളിൽ ഏറ്റവും വിപുലമായ പഠനമാണിതെന്ന് ഇതിന് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ഡിജോണിലെ പ്രൊഫസർ കാതറിൻ ക്വാന്റിൻ പറഞ്ഞു. 2018/2019 ലെ ഫ്ളൂ സീസൺ കഴിഞ്ഞ അഞ്ചു വർഷങ്ങളിലേതിനേ അപേക്ഷിച്ച് ഏറ്റവും ഭീകരമായ ഒന്നായിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഫ്ളൂവിന്റെ മൂന്നിരട്ടി മാരകമാണ് കോവിഡ് എന്നത് തികച്ചും ആശങ്കയുണർത്തുന്ന കാര്യമാണ്.

കോവിഡ് രോഗികൾക്ക് കൃത്രിമ ശ്വാസോഛാസം നൽകേണ്ട സാധ്യത, ഫ്ളൂബാധിതരേക്കാൾ ഇരട്ടിയാണെന്നും പഠനത്തിൽ തെളിഞ്ഞു. മാത്രമല്ല, നാലിൽ ഒന്നിലധികം കോവിഡ് രോഗികൾക്ക് ശ്വാസസംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ, ഫ്ളൂ ബാധിതരുടെ കാര്യത്തിൽ ഇത് നാലിൽ ഒന്നു മാത്രമായിരുന്നു. ഇനിയും കോവിഡിനെ ചികിത്സിച്ചു ഭേദമാക്കാൻ ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ തീർച്ചയായും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഈ പഠന റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP