Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനിയൽപ്പം മധുരമാകാം; ഇടത് മുന്നണിയിൽ താരമായി ജോസ് കെ മാണി; കേരള കോൺ​ഗ്രസ് തങ്ങളുടേതൊന്നും തട്ടിപ്പറിക്കില്ലെന്ന തിരിച്ചറിവിലേക്ക് സിപിഐയും എത്തിയതോടെ മധുരം പകുത്ത് പിണറായി വിജയൻ; ചരിത്രവിജയം ആഘോഷിച്ച് സംസ്ഥാനത്തെ ഇടത് നേതാക്കൾ

ഇനിയൽപ്പം മധുരമാകാം; ഇടത് മുന്നണിയിൽ താരമായി ജോസ് കെ മാണി; കേരള കോൺ​ഗ്രസ് തങ്ങളുടേതൊന്നും തട്ടിപ്പറിക്കില്ലെന്ന തിരിച്ചറിവിലേക്ക് സിപിഐയും എത്തിയതോടെ മധുരം പകുത്ത് പിണറായി വിജയൻ; ചരിത്രവിജയം ആഘോഷിച്ച് സംസ്ഥാനത്തെ ഇടത് നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നിൽക്കുമ്പോഴാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. വിസ്മയകരമായ വിജയമാണ് ഇടതുമുന്നണി കരസ്ഥമാക്കിയത്. രാഷ്ട്രീയ പോരാട്ടമായി കണക്കാക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനമാണ് ഇടത് പക്ഷം കാഴ്‌ച്ചവെച്ചത്. അതുകൊണ്ട് തന്നെ തുടർഭരണമെന്ന ലക്ഷ്യം അധികം അകലെയല്ല എന്നാണ് ഇടത് പക്ഷം കണക്കു കൂട്ടുന്നത്. ഈ വിജയത്തോടെ ഇടത് മുന്നണിയിൽ കേരള കോൺ​ഗ്രസ് എം പാർട്ടിയും അതിന്റെ നേതാവ് ജോസ് കെ മാണിയും സർവ്വ സമ്മതരായി മാറി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജോസ് കെ മാണി എത്തിയത് ​ഗുണം ചെയ്തു എന്ന് തുറന്ന് പറഞ്ഞു. ഇപ്പോഴിതാ, ഏകെജി സെന്ററിൽ മധുരം പങ്കുവെച്ച് ഇടത് നേതാക്കൾ വിജയാഘോഷം നടത്തുകയും ചെയ്തിരിക്കുന്നു. ഇനിയൽപ്പം മധുരമാകാം എന്ന ക്യാപ്ഷനോടെയാണ് ജോസ് കെ മാണി അതിന്റെ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

ജോസ് കെ മാണിയുടെ പാർട്ടിയുടെ വരവ് മധ്യതിരുവിതാംകൂറിൽ ഇടത് പക്ഷത്തിന് വലിയ സഹായമായി എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രാജ്യസഭ അംഗത്വം ഉടൻ രാജിവയ്ക്കുമെന്നു ജോസ് കെ.മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സീറ്റ് ആർക്ക് നൽകുമെന്നതു മുന്നണി തീരുമാനിക്കും. മന്ത്രിസഭയിലേക്കില്ലെന്നും അത്തരം വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും ജോസ് കെ.മാണി പാലായിൽ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്തു ജോസ് പക്ഷത്തിനു നേട്ടവും ജോസഫ് വിഭാഗത്തിനു അടിയും കിട്ടി. കെ.എം. മാണിയുടെ തട്ടകമായ പാലാ നഗരസഭയിൽ ജോസ് പക്ഷത്തിന് ആധികാരിക ജയം തന്നെയുണ്ടായി. ഇവിടെ ആദ്യമായി എൽഡിഎഫിനും ഭരണം ലഭിച്ചു. ഇതു തന്നെയാണ് സിപിഎം ആഗ്രഹിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തും കിട്ടണമെന്ന് സിപിഎം മോഹിച്ചു. എന്നാൽ അന്തിമ ഫലത്തിൽ കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും കിട്ടി. എറണാകുളത്തിന്റെ ഗ്രാമ മേഖലയിലും കേരളാ കോൺഗ്രസിനെ മുന്നിൽ നിർത്തി സിപിഎം നുഴഞ്ഞു കയറി.

യുഡിഎഫിൽ നിന്നു കേരള കോൺഗ്രസിന്റെ (എം) പുറത്താക്കലിനു വഴിയൊരുക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തതു യുഡിഎഫിനു കനത്ത തിരിച്ചടിയായി. മത്സരിച്ച 9 സീറ്റിൽ അഞ്ചിലും കേരള കോൺഗ്രസ് (എം) വിജയിച്ചു. ജോസഫ് വിഭാഗത്തിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ജില്ലാ പഞ്ചായത്തിൽ മത്സരിച്ച 9 സീറ്റിൽ രണ്ടിൽ മാത്രം ജയം. പാലാ നഗരസഭയിലും പരാജയം നേരിട്ടു. ഗ്രാമപ്പഞ്ചായത്തുകളിലും പ്രതീക്ഷിച്ചത്ര നേട്ടം കിട്ടിയില്ല.

കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ പാലാ, കടുത്തുരുത്തി മേഖലകളിൽ ഇക്കുറി യുഡിഎഫിനു തിരിച്ചടി നേരിട്ടു. ഇത് ജോസഫിന് തിരിച്ചടിയാണ്. കടുത്തുരുത്തിയിൽ ജോസഫിന്റെ അടുത്ത അനുയായിയാ മോൻസ് ജോസഫാണ് എംഎൽഎ. മോൻസിന് കടുത്ത നാണക്കേടായി തിരിച്ചടി. 6 നഗരസഭകളിലായി ജോസ് വിഭാഗം 15 സീറ്റും ജോസഫ് വിഭാഗം 10 സീറ്റും നേടി. ജോസ് വിഭാഗം 40 സീറ്റിലും ജോസഫ് വിഭാഗം 31 സീറ്റിലുമാണു മത്സരിച്ചത്. ജോസഫിന്റെ ശക്തികേന്ദ്രമായ ഇടുക്കി ജില്ലാ പഞ്ചായത്ത് യുഡിഎഫിനെ കൈവിട്ടതിന്റെ പേരിൽ മുന്നണിയിൽ തന്നെ ഉൾപ്പോരുകളായി. പത്തനംതിട്ടയിലെ വൻ തോൽവി കുത്തഴിഞ്ഞ കോൺഗ്രസ് സംഘടനാ സംവിധാനം വരുത്തിവച്ചതാണെന്ന വിമർശനവും ശക്തമായി.

കേരള കോൺഗ്രസിന്റെ കരുത്തിനെ ഇടതു പക്ഷത്ത് സിപിഐയും അംഗീകരിക്കുകയാണ്. കേരളാ കോൺഗ്രസിന്റെ നേട്ടം കൊണ്ടു മുന്നണിയിൽ തങ്ങൾക്ക് ഒന്നും സംഭവിക്കാനില്ലെന്ന ന്യായത്തിൽ സിപിഐ എത്തുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി താരമായതോടെ മുന്നണിയിലെ രണ്ടാംകക്ഷി ആരെന്ന ചോദ്യത്തെ പുച്ഛിച്ചു തള്ളുകയാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചെയ്തത്. പക്ഷേ അപ്പോഴും നിയമസഭയിലെ പ്രകടനമാകും ഇനി നിർണ്ണായകം. അവിടെ കൂടുതൽ സീറ്റുകളിൽ ജോസ് കെ മാണി ജയിച്ചാൽ സിപിഐ മൂന്നാം കക്ഷിയാകും.

സിപിഐയും കേരള കോൺഗ്രസും മത്സരിക്കുകയും ജയിക്കുകയും ചെയ്ത സീറ്റുകൾ താരതമ്യം ചെയ്താൽ ഈ സംശയം അസ്ഥാനത്താകുമെന്ന് സിപിഐ കേന്ദ്രങ്ങൾ പറഞ്ഞു. ഇതേസമയം, കേരള കോൺഗ്രസിന്റെ മുന്നണിയിലേക്കുള്ള വരവിനെ എതിർത്തു പോന്ന സിപിഐ അവരെ അംഗീകരിക്കുന്നതിലേക്ക് എത്തിച്ചേർന്നു. ജോസ് പക്ഷത്തിന്റെ വരവ് മുന്നണിക്കു ഗുണം ചെയ്തുവെന്നു തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപു തന്നെ കാനം സമ്മതിച്ചിരുന്നു. ഇതാണ് അന്തിമ ഫലത്തിലും കാണുന്നത്.

ജോസിന്റെ രണ്ടില ചൂടിയാണ് ഇടത് പാല നഗരസഭ സിപിഎം പിടിച്ചെടുത്തത്. മുൻ ചെയർമാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവൻ പാലായിൽ തോറ്റു. കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക് മറിയുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നത് കോൺഗ്രസാണ്. പതിനൊന്ന് സീറ്റുകളുണ്ടായിരുന്നു. എന്നാൽ ഇത് മാറുകയാണ്. പത്തനംതിട്ടയിൽ പത്തോളം സീറ്റുകളിൽ ഇടതുപക്ഷം ജയിച്ചു. അഞ്ചിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങുന്നു. പഞ്ചായത്തുകളിലും ഇടതു പക്ഷം മുന്നിലെത്തി. ഇതെല്ലാം കേരളാ കോൺഗ്രസിന്റെ സ്വാധീനമാണ്. ബ്ലോക്കിലും മുൻതൂക്കം നേടി. എന്നാൽ മുൻസിപ്പൽ കോർപ്പറേഷനിൽ യുഡിഎഫ് നില സുഭദ്രമാക്കുകയും ചെയ്തു.

ഇനി യുഡിഎഫുമായി 39 വർഷത്തെ ബന്ധം വിച്ഛേദിച്ച് എൽഡിഎഫിലെത്തി കേരള കോൺഗ്രസിന് (എം) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റും കിട്ടും. 15 സീറ്റാണ് സിപിഎമ്മിനോട് ജോസ് കെ മാണി ചോദിച്ചത്. ഇതിൽ 13 കിട്ടാനും സാധ്യതയുണ്ട്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി (അല്ലെങ്കിൽ കോട്ടയം), കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, പെരുമ്പാവൂർ, പിറവം, ചാലക്കുടി, കുറ്റ്യാടി (അല്ലെങ്കിൽ തിരുവമ്പാടി), ഇരിക്കൂർ (അല്ലെങ്കിൽ പേരാവൂർ) എന്നീ സീറ്റുകൾ കേരള കോൺഗ്രസിനു (എം) നൽകാനാണ് സിപിഎമ്മുമായുള്ള പ്രാഥമിക ചർച്ചയിലെ ധാരണ. പാലായും നൽകും.

കാഞ്ഞിരപ്പള്ളി സീറ്റിൽ തർക്കമുണ്ട്. സിപിഐയുമായി ആശയ വിനിമയം നടത്തി തീരുമാനം എടുക്കും. കോട്ടയം ലോക്‌സഭാ സീറ്റിനൊപ്പം ഇടുക്കിയും കേരളാ കോൺഗ്രസ് സിപിഎമ്മിനോട് ആവശ്യപ്പെടും. ഇത്തരം ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് തെളിയിക്കാൻ തദ്ദേശത്തിലൂടെ ജോസ് കെ മാണിക്ക് കഴിഞ്ഞിരിക്കുന്നു. കേരള കോൺഗ്രസിന്റെ 4 എംഎൽഎമാരിൽ പി.ജെ. ജോസഫ് (തൊടുപുഴ), മോൻസ് ജോസഫ് (കടുത്തുരുത്തി) എന്നിവർ യുഡിഎഫിനൊപ്പമാണ്. അഞ്ചാമത്തെ എംഎൽഎ സി.എഫ്. തോമസ് (ചങ്ങനാശേരി) അന്തരിച്ചു. റോഷി അഗസ്റ്റിനും ജയരാജുമാണ് ജോസ് കെ മാണിക്കൊപ്പമുള്ളത്. ഇടതുപക്ഷത്തുള്ള കേരളാ കോൺഗ്രസുകളെ ജോസ് കെ മാണിക്കൊപ്പം കൊണ്ടു വരാനുള്ള നീക്കവും ഇനി സജീവമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP