Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയ് ശ്രീറാം ഫ്‌ളക്‌സും ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സും ഉയർത്തിയതിനെ വൻഅപരാധമായി കാണുന്നില്ല; ഛത്രപതി ശിവജിയെന്ന മഹാരാജാവ് തീവ്രവാദിയൊന്നുമല്ലല്ലോ ഇത്രയേറെ ഇകഴ്‌ത്തപ്പെടാൻ; സദ്ദാം ഹുസൈനും ലാദനുമൊക്കെ വാഴ്‌ത്തപ്പെട്ടവരായി കവിത രചിച്ചവർക്ക് ശിവജിയെ അംഗീകരിക്കാൻ എന്താണ് മടി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ജയ് ശ്രീറാം ഫ്‌ളക്‌സും ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സും ഉയർത്തിയതിനെ  വൻഅപരാധമായി കാണുന്നില്ല; ഛത്രപതി ശിവജിയെന്ന മഹാരാജാവ് തീവ്രവാദിയൊന്നുമല്ലല്ലോ ഇത്രയേറെ ഇകഴ്‌ത്തപ്പെടാൻ; സദ്ദാം ഹുസൈനും ലാദനുമൊക്കെ വാഴ്‌ത്തപ്പെട്ടവരായി കവിത രചിച്ചവർക്ക് ശിവജിയെ അംഗീകരിക്കാൻ എന്താണ് മടി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

പാലക്കാട് നഗരസഭാ കാര്യാലയത്തിൽ ജയ് ശ്രീറാം എന്ന ഫ്‌ളക്‌സും ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സും വിജയാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയതിനെ വൻ അപരാധമായി കാണുന്നില്ല. ശ്രീരാമൻ എന്നത് ഭാരതീയ സംസ്‌കൃതിയിൽ അലിഞ്ഞുചേർന്നൊരു നാമമാണ് എത്രയൊക്കെ നിഷേധിക്കാൻ ശ്രമിച്ചാലും.പിന്നെ ഛത്രപതി ശിവജിയെന്ന മഹാരാജാവ് തീവ്രവാദിയൊന്നുമല്ലല്ലോ ഇത്രയേറെ ഇകഴ്‌ത്തപ്പെടാൻ? സദ്ദാം ഹുസൈനും ലാദനുമൊക്കെ വാഴ്‌ത്തപ്പെട്ടവരായി കവിത രചിച്ചവർക്ക് ഛത്രപതി ശിവജി യെ അംഗീകരിക്കാൻ എന്താണ് മടി?ഭരണഘടനാ സ്ഥാപനത്തിൽ ജയ്ശ്രീറാം എന്ന് എഴുതിയ ഫ്‌ളക്‌സ് ഉയർത്തിയത് തെറ്റെങ്കിൽ ഒരു ജനാധിപത്യ സർക്കാരിന് എങ്ങനെ ഒരു മതത്തിന്റെ മാത്രം സ്ഥാപനങ്ങളിൽ ഒരു മന്ത്രിയെ നിയമിച്ച് ദേവസ്വം ബോർഡ് വഴി ഭരിക്കാൻ സാധിക്കുന്നു. ? അത് ഭരണഘടനാവിരുദ്ധമല്ലേ?

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുമ്പോൾ സർവ്വകലാശാലാ ആസ്ഥാനത്ത് കയറി ചെഗുവിന്റെ ചിത്രം ആലേഖനം ചെയ്യപ്പെട്ട കൊടികളും ഫ്‌ളക്‌സുകളും ഉയർത്തുന്നത് എത്രയോ വട്ടം കണ്ടിട്ടുണ്ട്. അതെന്താ സർവ്വകലാശാലകൾ ഒരു പാർട്ടിക്ക് മാത്രമായി തീറെഴുതി കൊടുത്തതുകൊണ്ടാണോ? അല്ലല്ലോ! വെറുമൊരു വിജയാഹ്ലാദം മാത്രമായി കാണുന്നതിനാൽ ഇതര വിദ്യാർത്ഥി സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ അതൊരു വിവാദമായി കാണുന്നില്ല.

ഇനി ജയ് ശ്രീറാം വിളി വർഗ്ഗീയമായി തോന്നുന്നവരോട് ഒന്ന് ചോദിക്കട്ടെ? Praise the Lord എന്നും കർത്താവിനു സ്തുതിയെന്നും കേൾക്കുമ്പോൾ നിങ്ങൾ അസഹിഷ്ണുക്കൾ ആവുന്നില്ലല്ലോ. അതുപോലെ അള്ളാഹു അക്‌ബർ എന്നും ഇൻഷാ അള്ളായെന്നും കേൾക്കുമ്പോൾ അതിൽ വർഗ്ഗീയത തോന്നാറില്ലല്ലോ. പിന്നെന്തു കൊണ്ട് ജയ് ശ്രീരാം എന്നതിനോട് മാത്രം ഈ അയിത്തം. ക്രൈസ്തവനു ബൈബിളും ക്രിസ്തുവും എന്നതുപോലെ ഇസ്ലാമിനു ഖുറാനും അള്ളാഹുവും പ്രവാചകനും എന്നതുപോലെ വിശുദ്ധ പ്രതീകമാണ് ശ്രീരാമനും ശ്രീകൃഷ്ണനും രാമായണവും ഗീതയുമൊക്കെ.

കേരളത്തിലെ പഞ്ചായത്ത് കാര്യാലയത്തിനു മുകളിൽ ബൊളിവിയൻ ഹീറോ ചെഗുവേരയെ ആലേഖനം ചെയ്ത കൊടി പാറിക്കുന്നത് ജനാധിപത്യപരമാണെങ്കിൽ ആർഷഭാരതസംസ്‌കൃതിയുടെ നെടുംതൂണായ ശ്രീരാമ ജയ് വിളികളും ഫ്‌ളക്‌സും മഹാരാജാ ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സും പാറിക്കുന്നത് പതിന്മടങ്ങ് ജനാധിപത്യപരമാണ്. ഹേ റാം'' എന്ന ഗാന്ധിമന്ത്രത്തിന്റെ അർഥവ്യാപ്തി മനസ്സിലാക്കിയവർക്ക് ഇതൊന്നും വിവാദവിഷയമാവില്ല. രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഹേ റാം എന്ന വാക്ക് പോലും നാളെ ഒരുപക്ഷേ വർഗ്ഗീയമായി തോന്നിയാൽ അതിനർത്ഥം ഒന്നേയുള്ളൂ :സമർത്ഥമായ കുത്തിത്തിരുപ്പ്.

ജയ് ജയ് ജയ് ശ്രീരാം !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP