Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിടിച്ചെടുത്ത ടിപ്പറിന് ചില 'കവടിയാർ' ബന്ധങ്ങൾ; മാധ്യമ പ്രവർത്തകനെ ഇടിച്ചിട്ടത് ലോറിയോ ബൈക്കോ? സ്‌കൂട്ടറിലെ കേടുപാടുകൾ സൂചിപ്പിക്കുന്നത് തട്ടിയത് ടിപ്പറോ എന്ന സംശയം; ഒന്നും അന്വേഷിക്കാതെ കേസ് ഒതുക്കാൻ പൊലീസും; മ്യൂസിയം റോഡിലെ ബഷീറിന്റെ മരണത്തിന് സമാനമായി എസ് വി പ്രദീപിന്റെ അപകടത്തിലും ദുരൂഹത മാത്രം

പിടിച്ചെടുത്ത ടിപ്പറിന് ചില 'കവടിയാർ' ബന്ധങ്ങൾ; മാധ്യമ പ്രവർത്തകനെ ഇടിച്ചിട്ടത് ലോറിയോ ബൈക്കോ? സ്‌കൂട്ടറിലെ കേടുപാടുകൾ സൂചിപ്പിക്കുന്നത് തട്ടിയത് ടിപ്പറോ എന്ന സംശയം; ഒന്നും അന്വേഷിക്കാതെ കേസ് ഒതുക്കാൻ പൊലീസും; മ്യൂസിയം റോഡിലെ ബഷീറിന്റെ മരണത്തിന് സമാനമായി എസ് വി പ്രദീപിന്റെ അപകടത്തിലും ദുരൂഹത മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകട മരണം കൊലപാതകമെന്ന സംശയം സജീവമാകുന്നു. പേരുർക്കട സ്വദേശിയുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. എസ് വി പ്രദീപ് പുറത്തു കൊണ്ടു വന്ന ചില തട്ടിപ്പുകാർക്ക് ഈ ലോറിയുമായി ബന്ധമുണ്ടെന്നാണ് സൂചന. കവടിയാറുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവാദങ്ങളിൽ പെട്ടവരുടെ സൈറ്റിൽ ഇതേ ടിപ്പർ ഉടമയുടെ മറ്റ് വാഹനങ്ങളും ഓടിയിരുന്നു. ആദായ നികുതി വകുപ്പിന്റെ ഇടപെടലോടെ പ്രതിസന്ധിയിലായ ഈ വ്യവസായ പ്രമുഖന് മാധ്യമ പ്രവർത്തകനോട് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. മംഗളം ചാനലുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഇയാൾ ഇടപെട്ടിരുന്നു. അതുകൊണ്ട് തന്നെ പേരൂർക്കടിലെ ടിപ്പർ പ്രദീപിന്റെ മരണത്തിൽ പ്രതിസ്ഥാനത്ത് എത്തുമ്പോൾ അത് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നു.

കവടിയാറിലെ സൈറ്റിൽ നിന്ന് മണ്ണ് നീക്കാനും മറ്റും അപകടമുണ്ടാക്കിയ ടിപ്പറോ അതേ ഉടമയുടെ മറ്റ് ടിപ്പറോ ഉപയോഗിച്ചിരുന്നുവെന്നാതാണ് വസ്തുത. ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇതറിയാം. അവരാണ് മരണത്തിൽ വമ്പൻ ഇടപെടൽ സംശയിക്കുന്നത്. ടിപ്പർ ലോറിക്ക് മുമ്പിൽ പോയ ബൈക്കിലും സംശയങ്ങളുണ്ട്. പ്രദീപ് വാഹനം ഓടിച്ചത് വേഗത കുറച്ചായിരുന്നു. ഈ വണ്ടിയിൽ ടിപ്പർ തട്ടിയാൽ സാമാന്യം നല്ല പ്രശ്‌നങ്ങൾ വണ്ടിക്കുണ്ടാകും. എന്നാൽ പ്രദീപിന്റെ വാഹനത്തിൽ അത്ര വലിയ പ്രശ്‌നമൊന്നുമില്ല. പുറകിലെ ലൈറ്റ് പോലും പൊട്ടിയില്ല. ഈ സാഹചര്യത്തിൽ ലോറിയാണ് ഇടിച്ചതെന്ന വാദം സംശയാസ്പദമാകുകയാണ്. എന്നാൽ പൊലീസ് ഇതിന് അപ്പുറത്തേക്ക് ഒന്നും പരിശോധിക്കുന്നില്ല. ഇതാണ് വിവാദമാകുന്നത്.

പ്രദീപിനെ ബൈക്ക് ഇടിച്ചിടാനുള്ള സാധ്യതയും ഏറെയാണ്. കൈകൊണ്ട് തള്ളിയിടാനും വഴിയുണ്ട്. അങ്ങനെ റോഡിൽ വീണ പ്രദീപിന്റെ ശരീരത്തിൽ കൂടി ലോറി കയറി ഇറങ്ങി പോയെന്ന വിലയിരുത്തലും സജീവമാണ്. ഇപ്പോൾ പൊലീസ് പിടികൂടിയ ആൾ തന്നെയാണോ ലോറി ഓടിച്ചിരുന്നതെന്ന സംശയവും ബാക്കി. എന്നാൽ ഇയാളുടെ കുറ്റസമ്മത മൊഴി അംഗീകരിച്ച് കേസ് ഒതുക്കാനാണ് നീക്കം. അതുണ്ടായാൽ മ്യൂസിയത്തിലെ കെ എം ബഷീറെന്ന മാധ്യമ പ്രവർത്തകന്റെ മരണം പോലെ ഇതും സ്വാഭാവികമായ അപകടമാക്കി മാറ്റാനാകും. എന്നാൽ അതിശക്തമായ ഇടപെടൽ കുടുംബം നടത്തും. സിബിഐ അന്വേഷണമെന്ന ആവശ്യം മുമ്പോട്ട് വയ്ക്കും. തെളിവ് നശിക്കുമുമ്പേ സിബിഐ എത്തിയാൽ സത്യം തെളിയും.

പ്രദീപിന്റെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുണ്ട്. പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും പ്രദീപിന് ഭീഷണിയുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ''മകനെ ചതിച്ചു കൊന്നതാണ്. അവന്റെ തുറന്ന നിലപാടുകൾ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ട്.''- മരിച്ച പ്രദീപിന്റെ അമ്മ വസന്തകുമാരി തേങ്ങലോടെ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിയുണ്ടായിരുന്നതായി സഹോദരി പ്രീജ എസ്. നായരും പറഞ്ഞു. രാത്രി നേമം പൊലീസ് സ്റ്റേഷനിൽ ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ പ്രദീപിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന്റെ മറ്റ് വശങ്ങളിൽ അന്വേഷണം നടക്കുന്നില്ല.

അപകടം നടന്ന കാരയ്ക്കാമണ്ഡപം തുലവിളയ്ക്ക് സമീപത്തെ വിവിധ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്തിയത്. എസ്.വി. പ്രദീപിന്റെ അപകടമരണത്തിൽ ദുരൂഹത ഉയർന്നതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചിരിക്കുന്നത്. ഐജിയുടെ മേൽനോട്ടവുമുണ്ട്. എന്നാൽ പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും അപകട മരണമാണെന്നും പൊലീസ് നിഗമനത്തിലെത്തിയതോടെ നിലവിലെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഭാര്യ ശ്രീജ എസ്.നായർ രംഗത്തു വന്നിട്ടുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കുന്നതിനിടയാക്കിയ ഹണിട്രാപ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി പിൻവലിക്കാൻ സമ്മർദമുണ്ടായിരുന്നതായും പ്രദീപിന്റെ മരണത്തിൽ സംശയമുണ്ടെന്നും ശ്രീജ പറഞ്ഞു.

അന്വേഷണം പ്രദീപിന്റെ സ്‌കൂട്ടറിലിടിച്ച ലോറിയിൽ മാത്രമായി ഒതുങ്ങി. വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ടു നിലവിൽ പ്രദീപ് നിരവധി ഭീഷണികളാണ് നേരിട്ടിരുന്നതെന്നും ഭാര്യ ശ്രീജ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടു വിവിധ കോണുകളിൽനിന്നുയരുന്ന സംശയം തീർക്കാൻ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ശ്രീജ പറയുന്നു. വെള്ളായണിയിൽ പാറപ്പൊടി ഇറക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നും കയ്യേറ്റം ഭയന്നാണു നിർത്താതെ പോയതെന്നുമായിരുന്നു അറസ്റ്റിലായ ലോറി ഡ്രൈവർ പേരൂർക്കട വഴയില സ്വദേശി ജോയി(50) മൊഴി നൽകിയിരുന്നത്.

അപകടത്തിനു മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്നു പള്ളിച്ചലിലേക്കു പോവുകയായിരുന്ന പ്രദീപിന്റെ സ്‌കൂട്ടറിൽ പിന്നാലെ എത്തിയ ലോറി ഇടിക്കുകായിരുന്നു. അപകടത്തിനു തൊട്ടു മുൻപുള്ള സിസിടിവി ദൃശ്യങ്ങളിൽ പ്രദീപിന്റെ സ്‌കൂട്ടർ ഇടതുവശത്തെ ട്രാക്കിലൂടെയും 100 മീറ്ററോളം പിന്നിലായി ലോറി വലതുവശത്തെ ട്രാക്കിലൂടെയും പോകുന്നതു കാണാം. ലോറിക്കു തൊട്ടു മുന്നിലായി മറ്റൊരു ബൈക്കുമുണ്ട്.

വലതു ട്രാക്കിൽനിന്ന് ഇടത്തേക്കു മാറിയാണ് ലോറി സ്‌കൂട്ടറിൽ ഇടിക്കുന്നത്. റോഡിന്റെ മധ്യത്തേക്കു മറിഞ്ഞു വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. അപകടം നടന്നശേഷം ലോറി നിർത്താതെ അതിവേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP